ക്രിസ്തുമസ് സന്ദേശം

christmas

सद्गुरु

നന്മയിലേക്കും കരുണയിലേക്കും സഹനത്തിലേക്കും ക്ഷമയിലേക്കും സമാധാനത്തിലേക്കും ഒക്കെ മറ്റുള്ളവരെ നയിക്കാൻ കഴിയുന്ന ഒരു ചെറിയ നക്ഷത്രമെങ്കിലും നമുക്ക് ആകാൻ കഴിയണം.

ദൈവത്തിന്റെ പുത്രന്‍ മനുഷ്യരൂപത്തില്‍ ജന്മം എടുത്തത് സാധാരാണക്കാരില്‍ ഒരുവളായ മറിയയുടെ ഉദരത്തില്‍, തച്ചനായ ജോസഫിന്റെ മകനായി‍. ഗര്‍ഭിണിയായ ഭാര്യയോടൊപ്പം തന്റെ പട്ടണമായ ബേത്ലെഹേമിലേക്ക് പോകുമ്പോള്‍ അവള്‍ക്ക് പ്രസവവേദനയുണ്ടായി. അല്പം സ്ഥലത്തിനുവേണ്ടി ജോസഫ് വഴിയമ്പലങ്ങളില്‍ അലഞ്ഞു തിരിഞ്ഞു. അവിടെയൊന്നും അവര്‍ക്ക് സ്ഥലം കിട്ടിയില്ല, അവസാനം തന്റെ കുഞ്ഞിനു ജന്മമെടുക്കാനായി ജോസഫ് സ്ഥലം കണ്ടെത്തിയതൊരു പശുത്തൊഴുത്തിലും. പ്രകൃതിയുടെ സൃഷ്ടികര്‍ത്താവായ ദൈവത്തിന്റെ ഏകജാതനായ പുത്രന്‍ മനുഷ്യനായി ജനിച്ചു വീണത് ഒരു കാലിത്തൊഴുത്തില്‍!

ദൈവത്തിന്റെ പുത്രന്‍ ദാവീദിന്റെ ഗോത്രത്തില്‍ ജനിക്കുമെന്ന് പ്രവാചകന്‍‌മാര്‍ നൂറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ പ്രവചിച്ചിരുന്നു. ആ പ്രവചനങ്ങള്‍ തങ്ങളിലൂടെ നിറവേറ്റപ്പെടണമെന്ന് ഓരോ കന്യകയും ആഗ്രഹിച്ചിരുന്നു. ജനങ്ങളുടെ വീണ്ടെടുപ്പ് നായകന്‍ തങ്ങളുടെ ഉദരത്തില്‍ ജന്മം എടുക്കാനായി രാജകന്യകമാള്‍ വരെ കാത്തിരുന്നു. എന്നിട്ടും തന്റെ പുത്രന്റെ മനുഷ്യാവതാര ജന്മത്തിനായി ദൈവം എന്തിന് ഒരു സാധാരണക്കാരില്‍ ഒരുവളായ മറിയ എന്ന കന്യകയെ തിരഞ്ഞെടുത്തു?

ദൈവത്തിന് തന്റെ പദ്ധതികള്‍ എങ്ങനെ നിറവേറ്റപ്പെടണമെന്ന് ഒരു നിശ്ചയം ഉണ്ട്. യോസഫുമായി വിവാഹ നിശ്ചയം കഴിഞ്ഞിരുന്ന മറിയയുടെ അടുത്ത് ഗബ്രിയേല്‍ ദൂതന്‍ ചെന്ന് പറയുന്നു, “നീ ഗര്‍ഭം ധരിച്ച് ഒരു മകനെ പ്രസവിക്കും.”

ഇതുവരെ പുരുഷനെ അറിയാത്ത താനെങ്ങനെ ഗര്‍ഭിണിയാകും എന്ന് മറിയ സംശയം പ്രകടിപ്പിക്കുമ്പോള്‍ ഗബ്രിയേല്‍ പറയുന്നത് പരിശുദ്ധാത്മാവ്, അത്യുന്നതത്തിന്റെ ശക്തി നിന്റെ മേല്‍ നിഴലിടും എന്നാണ്.

മറിയം ദൈവദൂതന് നല്‍കുന്ന മറുപിടിയാണ് ശ്രദ്ധേയമായത്, “ഞാന്‍ കര്‍ത്താവിന്റെ ദാസി, നിന്റെ വാക്കു പോലെ എല്ലാം ഭവിക്കട്ടെ.”
മോശയുടെ ന്യായപ്രമാണം അനുസരിച്ച് വിവാഹം കഴിയാത്ത സ്ത്രീ ഗര്‍ഭിണിയായാല്‍ അവളെ കല്ലെറിഞ്ഞ് കൊല്ലുകയാണ് ചെയ്യുന്നത്. പുരുഷനെ അറിയാത്ത താന്‍ ഗര്‍ഭിണിയായാലുള്ള ശിക്ഷയെപ്പറ്റിയൊന്നും അവള്‍ ചിന്തിക്കുന്നു പോലുമില്ല. ദൈവത്തിനു വേണ്ടി സ്വയം സമര്‍പ്പിക്കുന്ന ഒരുവളെയാണ് നമുക്ക് മറിയയില്‍ ദര്‍ശിക്കാന്‍ കഴിയുന്നത്.

ദൈവത്തിനു വേണ്ടി സ്വയം സമര്‍പ്പിക്കുന്ന ഒരുവളെയാണ് നമുക്ക് മറിയയില്‍ ദര്‍ശിക്കാന്‍ കഴിയുന്നത്

തനിക്ക് വിവാഹം നിശ്ചയിച്ച പെണ്‍കുട്ടി ഗര്‍ഭിണിയാണന്ന് യോസഫ് മനസിലാക്കുകയും അവള്‍ക്ക് ലോകാപവാദം വരാതെ ഗൂഢമായി ഉപേക്ഷിക്കാന്‍ ശ്രമിക്കുകയും ചെയ്യുമ്പോഴാണ് കര്‍ത്താവിന്റെ ദൂതന്‍ അവിടെ പ്രത്യക്ഷനായി മറിയയെ ചേര്‍ത്തുകൊള്‍വാന്‍ ശങ്കിക്കേണ്ട എന്ന് പറയുന്നത്. അതുപോലെ അവന്‍ ചെയ്യുകയും ചെയ്യുന്നു.

യേശുവിന്റെ ജനനം വിദ്വാന്മാർ മനസിലാക്കുന്നത് കിഴക്ക് കണ്ട നക്ഷത്രത്തിന്റെ ശോഭയിൽ നിന്നാണ്. ആ നക്ഷത്രമാണ് വിദ്വാന്മാരെ ഉണ്ണിയേശുവിലേക്ക് വഴികാട്ടിയാവുന്നത്. ശാന്തിയുടേയും സമാധാനത്തിന്റെയും പ്രചാരകനായി ജനിച്ച യേശുവിന്റെ ജനനം ജ്ഞാനികൾ അറിഞ്ഞത് ആ ദിവ്യതാരകത്തിന്റെ ഉദയത്തിലൂടെയായിരുന്നു.

ഇന്ന് നമ്മൾ നക്ഷത്രവിളക്കുകൾ വീടുകളിൽ തൂക്കി ഉണ്ണീയേശുവിന്റെ ജനനത്തിൽ പങ്കാളികൾ ആകുമ്പോൾ ആ നക്ഷത്രത്തിന്റെ ശോഭയിൽ മറ്റുള്ളവർക്ക് വഴികാട്ടികൾ ആകാൻ നമുക്ക് കഴിയുന്നുണ്ടോ? നൂറുകണക്കിനു നക്ഷത്രവിളക്കുകൾ തൂക്കിയാലും, വിപണിയിലെ ഏറ്റവും മുന്തിയ നക്ഷത്രം സ്വന്തമാക്കി അത് തെളിയിച്ചാലും, സ്വയം ഒരു നക്ഷത്രമായി മറ്റുള്ളവർക്ക് വഴികാട്ടിയാവാൻ നമുക്ക് കഴിയുന്നില്ലങ്കിൽ ഈ കൃത്രിമമായ നക്ഷത്രത്തിന്റെ തിളക്കം എന്തിനാണ്?

വലിയ പ്രകാശം ഇല്ലങ്കിലും ഒരു ചെറിയ വെളിച്ചമുള്ള നക്ഷ്ത്രമാവാൻ നമുക്ക് കഴിയേണ്ടേ?

public-domain

കിഴക്ക് ഉദിച്ച ആ നക്ഷത്രത്തിന് വലിയ പ്രകാശം ഉണ്ടായിരുന്നില്ല. പക്ഷേ അതൊരു ദിവ്യതാരകം ആണന്നും അത് എന്തിന്റെയോ പ്രതീകവുമാണന്നും തിരിച്ചറിയാൻ വിദ്വാന്മാർക്ക് കഴിഞ്ഞു.

വലിയ പ്രകാശം ഇല്ലങ്കിലും, നന്മയിലേക്കും കരുണയിലേക്കും സഹനത്തിലേക്കും ക്ഷമയിലേക്കും സമാധാനത്തിലേക്കും ഒക്കെ മറ്റുള്ളവരെ നയിക്കാൻ കഴിയുന്ന ഒരു ചെറിയ നക്ഷത്രമെങ്കിലും നമുക്ക് ആകാൻ കഴിയണം. ചെറിയ ചെറിയ നക്ഷത്രത്തിളക്കങ്ങൾ ചേർന്ന് വലിയ ഒരു പ്രകാശമാവാൻ, ആ പ്രകാശത്തിലൂടെ മറ്റുള്ളവർക്ക് വഴികാട്ടികൾ ആകാന്‍ നമുക്കു കഴിയണം.

തനിക്കും തന്റെ സന്തതി പരമ്പരയ്ക്കും ഭീഷണിയായി ജനിച്ച ‘ഇസ്രായേലിനു രാജാവായി പിറന്നവനെ’ കൊല്ലാനായി ബെത്ത്ലഹേമിലെയും അതിനു ചുറ്റുമുള്ള പ്രദേശങ്ങളിലെയും രണ്ടു വയസിനു താഴെയുള്ള ആൺകുട്ടികളെ ഒക്കെയും ഹൊരോദാവ് കൊന്നൊടുക്കി. രാജാവ് കുഞ്ഞുങ്ങളെ കൊല്ലാൻ കല്പന കൊടുക്കുന്നതിനു മുമ്പുതന്നെ ജോസഫ് മറിയയെയും ഉണ്ണിയേശുവിനയും കൊണ്ട് മിസ്രയീമിലേക്കു പോയിരുന്നു.

നമ്മള്‍ ക്രിസ്തുമസ് ആഘോഷിക്കുമ്പോള്‍ ശ്രദ്ധിക്കാതെപോകുന്ന ഒരു നിലവിളിയുണ്ട്. ഉണ്ണിയേശുവിന്റെ ജീവനുവേണ്ടി സ്വന്തം ജീവന്‍ നല്‍കേണ്ടിവന്ന അനേകം കുഞ്ഞുങ്ങളുടെ നിലവിളി, ‘റാമയില്‍ നിന്ന് ഉയര്‍ന്ന കരച്ചിലും നിലവിളിയും!’

നമ്മുടെ സമൂഹത്തിൽ നിന്ന് ഉയരുന്ന കുഞ്ഞുങ്ങളുടെയും അമ്മമാരുടെയും കരച്ചിലിന്റെ ശബ്ദ്ദം നിങ്ങൾക്ക് കേൾക്കാൻ കഴിയുന്നുണ്ടോ? വിശപ്പിനും പീഡനങ്ങൾക്കും രോഗങ്ങൾക്കും ഒക്കെ ഇരയായി കരയുന്ന കുഞ്ഞുങ്ങളുടെ കരച്ചിൽ. നമ്മൾ ക്രിസ്തുമസ് ആഘോഷിക്കുമ്പോൾ ഒരു നേരത്തെ ആഹാരത്തിന് വഴികാണാതെ അലയുന്ന അനേകം കുഞ്ഞുങ്ങൾ നമ്മുടെ ഇടയിലുണ്ട് എന്ന കാര്യം വിസ്മരിക്കരുത്.

feeding-the-poor

അവർക്കെന്നും ആഘോഷങ്ങൾ അന്യമാണ്. വിശന്നിരുന്നവര്‍ക്ക് ഭക്ഷണം കൊടുത്തവനായ യേശുവിന്റെ ജനനത്തില്‍ ഒരു നേരത്തെ ആഹാരത്തിന് വകയില്ലാതെ അലയുന്നവരുടെ വിശപ്പ് മാറ്റിക്കൊണ്ടല്ലേ നമ്മള്‍ ക്രിസ്തുമസ് ആഘോഷിക്കേണ്ടത്. അടക്കിപ്പിടിച്ച തേങ്ങലുകളുമായി കഴിയുന്ന നമ്മുടെ തൊട്ടടുത്തുള്ളവന്റെ ദു:ഖം കാണാനും അവന്റെ ബുദ്ധിമുട്ടുകൾ കാണാനും നമുക്ക് കഴിയണം. കൂട്ടായ പ്രവർത്തനങ്ങളിലൂടെ അവന്റെ മുഖത്ത് പുഞ്ചിരിവരുത്താൻ നമുക്ക് കഴിയും. സങ്കടപ്പെടുന്നവന്റെ കണ്ണീർ കാണുവാനും അതിൽ നിന്നവന് മോചനം ഉണ്ടാക്കുവാനും നമുക്ക് കഴിയണം.

ഈ വര്‍ഷത്തെ ക്രിസ്തുമസില്‍ 450 കോടിയുടെ മദ്യവില്പനയാണ് പ്രതീക്ഷിക്കപ്പെടുന്നത്. മൂന്നുകോടി ജനങ്ങളുള്ള കേരളത്തില്‍ നിന്നാണ് 450 കോടിയുടെ മദ്യവില്പന പ്രതീക്ഷിക്കുന്നത്. ഒരു കൈയ്യില്‍ ഉണ്ണിയേശുവിനേയും മറുകൈയ്യില്‍ മദ്യം നിറച്ച ഗ്ലാസുമായിട്ടാണോ ഈ പുണ്യദിനം ആഘോഷിക്കേണ്ടത്?
ശരീരം ദൈവത്തിന്റെ ഭവനമാണ്. നമ്മുടെ വീടുകള്‍ക്കുമുന്നില്‍ മറ്റുള്ളവര്‍ കാണാനായി ഒരുക്കുന്ന പുല്‍ക്കൂടുകള്‍ നമ്മടെയുള്ളില്‍ സൃഷ്ടിക്കാന്‍ നമുക്ക് കഴിയുമോ? ക്രിസ്തു ജനിക്കാനായി യോസഫ് പശുത്തൊഴുത്തിനെ ഒരുക്കിയതുപോലെ നമ്മള്‍ക്ക് ഒരു പുല്‍ക്കൂട് ഒരുക്കാന്‍ സാധിക്കണം. ഭവനങ്ങളുടെ മുന്നിലെ പുല്‍ക്കൂടുകളിലല്ല ക്രിസ്തു ജനിക്കേണ്ടത്, നമ്മുടെ ഉള്ളിലാണ്, നമ്മുടെ ഹൃദയങ്ങളിലാണ് ക്രിസ്തു ജനിക്കേണ്ടത്. നമ്മുടെ ഹൃദയങ്ങളെയാണ് ജോസഫ് ഒരുക്കിയതുപോലെ ഒരുക്കേണ്ടത്.

staticflickrജനിച്ച അന്നുമുതല്‍ നമ്മള്‍ ഇന്നുവരെ ക്രിസ്തുമസ് ആഘോഷിച്ചിട്ടും ക്രിസ്തു നമ്മുടെ ഉള്ളില്‍ ജനിക്കാനായി നമ്മള്‍ ഹൃദയങ്ങളെ എന്നെങ്കിലും ഒരുക്കിയിട്ടുണ്ടോ? എന്റെ ഹൃദയത്തില്‍ ക്രിസ്തു ജനിച്ചിട്ടുണ്ട് എന്ന് പറയാന്‍ നമ്മളില്‍ ആര്‍ക്കെങ്കിലും കഴിയുമോ? ഉണ്ണിയേശു ജനിച്ച സ്ഥലം വിദ്വാന്‍‌മാര്‍ക്ക് കാണിക്കാനായി വഴികാട്ടിയ നക്ഷത്രം ആ കാലിത്തൊഴുത്തിനു മുകളില്‍ പ്രകാശിച്ചതുപോലെ നമ്മുടെ ഹൃദയങ്ങളില്‍ ഉണ്ണിയേശു ജനിച്ചാല്‍ നമുക്കു ചുറ്റും ആ ദിവ്യതാരകത്തിന്റെ പ്രകാശം നിറയുമെന്ന് ഉറപ്പാണ്. ഹൃദയങ്ങളില്‍ അടിച്ചുകൂടിയ പകയും വിദ്വേഷവും മാറ്റി, പശുത്തൊട്ടിയില്‍ ഉണ്ണിയേശുവിനെ കിടത്താനായി മറിയയും ജോസഫും വിരിച്ച കീറത്തുണിപോലെ, നമുക്ക് നമ്മുടെ ഹൃദയങ്ങളില്‍ സ്നേഹമെന്ന പട്ടുതുണി വിരിക്കാം. നമ്മുടെ ഹൃദയങ്ങളില്‍ ജനിക്കുന്ന ഉണ്ണിയേശുവിനായി കാത്തിരിക്കാം.

സന്തോഷപൂര്‍ണ്ണമായ ക്രിസ്തുമസിന്റെ എല്ലാവിധമായ മംഗളങ്ങളും നേരുന്നു…

ക്രിസ്തുമസ് സന്ദേശം article courtsey to
https://www.facebook.com/permalink.php?story_fbid=494088254052842&id=494085257386475
http://sujithsumanam.blogspot.in/p/blog-page.html

https://www.publicdomainpictures.netബന്ധപ്പെട്ട പോസ്റ്റുകള്‍


Type in below box in English and press Convert