सद्गुरु

സാധാരണ അന്ധവിശ്വാസങ്ങളെന്നു കരുതപ്പെടുന്ന പല ആചാരങ്ങള്‍ക്കും പിന്നില്‍ യുക്തിക്കധിഷ്ടിതമായ വിശദീകരണങ്ങളുണ്ട്. നൂറ്റാണ്ടുകളുടെ പഴക്കമുള്ള, മുതു മുത്തശ്ശന്മാര്‍ മുതല്‍ തെറ്റാതെ ആചരിച്ചു വന്നിട്ടുള്ള ചില വിശ്വാസങ്ങള്‍ക്കു പിന്നില്‍, മതപരമായ അര്‍ത്ഥമില്ലാത്ത കെട്ടുകഥകളല്ല, മറിച്ച് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ള വസ്തുതകളാണുള്ളത്. എങ്ങിനെ ഉറങ്ങണം, എങ്ങിനെ ഉണരണം, ഇതു സംബന്ധിച്ചുള്ള ചില അന്ധവിശ്വാസങ്ങളെക്കുറിച്ചുള്ള നമ്മുടെ സംശയങ്ങളിലേക്ക്:

ഭാരതീയ സംസ്‌കാരം അവിശ്വസനീയമാംവിധം സങ്കീര്‍ണവും അത്യന്തം അമ്പരപ്പുളവാക്കുന്നതുമാണ്‌. എങ്കിലും ഈ ഗഹനതക്കുപിന്നില്‍ ആയിരക്കണക്കിനു വര്‍ഷങ്ങളുടെ പിന്‍ബലമുള്ള ശാസ്‌ത്രീയ അടിത്തറയുണ്ട്. ഈ സംസ്‌കാരത്തിന്റെ വൈവിദ്ധ്യമാര്‍ന്ന ഘടകങ്ങളുടെ അടിസ്ഥാനത്തെപ്പറ്റിയും എങ്ങിനെ ഓരോ സൂക്ഷ്‌മാശങ്ങളും മനുഷ്യന്റെ സത്വരവും ആത്യന്തികവുമായ നന്മക്കുവേണ്ടി പ്രയോജനപ്പെടുത്തുന്നു എന്നും സദ്ഗുരു വിശദമായി പരിശോധിക്കുന്നു.

തല വടക്കോട്ടു വച്ചു കിടക്കരുത്‌ :

ഭാരതത്തിലുടനീളം പൊതുവെ പറഞ്ഞുകേള്‍ക്കാറുള്ള ഒരു വസ്തുതയാണ് – ഉറങ്ങുമ്പോള്‍ തല വടക്കോട്ടുവച്ച്‌ കിടക്കരുതെന്ന്. എന്തുകൊണ്ടാണിത്?

തല വടക്കോട്ടുവച്ച്‌ അഞ്ചാറുമണിക്കൂര്‍ കിടന്നാല്‍ ഈ കാന്തശക്തി മൂലം തലച്ചോറില്‍ രക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കും.

സദ്‌ഗുരു : നമുക്കാദ്യം മരുഷ്യശരീരത്തിന്റെ ഘടന പരിശോധിക്കാം. നിങ്ങളുടെ ഹൃദയം ഘടിപ്പിച്ചിരിക്കുന്നത്‌ ശരീരത്തിന്റെ ഒത്ത മദ്ധ്യത്തിലല്ല, മറിച്ച്‌ ഉയരത്തിന്റെ മുക്കാല്‍ ഭാഗം മുകളിലാണ്‌, കാരണം രക്തം ഗുരുത്വാകര്‍ഷണത്തിനെതിരായി മുകളിലേക്ക്‌ പമ്പുചെയ്‌ത്‌ കയറ്റുന്നത്‌ താഴേക്ക്‌ അയക്കുന്നതിലും പ്രയാസമാണ്‌. മുകളിലേക്കു പോകുന്ന രക്തധമനികള്‍ താഴേക്കുള്ളവയേക്കാള്‍ സാമാന്യേന നേര്‍ത്തതാണ്‌ . അവ തലച്ചോറിലേക്ക്‌ എത്തുമ്പോള്‍ ഒരുതുള്ളി അധികം പോലും രക്തം വഹിക്കാന്‍ കഴിയാത്തവിധം തലമുടി പോലെ നേര്‍ത്തതായിരിക്കും. ഇനി അഥവാ ഒരു തുള്ളി രക്തം അധികം ചെന്നാല്‍, ആ സമ്മര്‍ദ്ദം സഹിക്കാന്‍ കഴിയാതെ തലച്ചോറിനുള്ളില്‍ വിങ്ങിപ്പൊട്ടലുണ്ടായി രക്തപ്രവാഹം ഉണ്ടാകും.

ഒരു നല്ല ശതമാനം ആളുകള്‍ക്ക്‌ തലച്ചോറില്‍ രക്തപ്രവാഹം ഉണ്ടാകാറുണ്ട്. ഇതു പക്ഷേ, സാധാരഗതിയില്‍ അത്ര അപകടമുണ്ടാക്കാറില്ല – ചെറിയ തകരാറുകള്‍ വന്നേക്കാം. ചിലപ്പോള്‍ അല്പം ബുദ്ധിമാന്ദ്യം വരെ സംഭവിച്ചേക്കാം. പ്രത്യേകിച്ചും മുപ്പത്തിയഞ്ചു വയസ്സിനുശേഷം അതിശ്രദ്ധ പുലര്‍ത്തിയില്ലെങ്കില്‍ ആര്‍ക്കും കാലക്രമേണ ബുദ്ധിശക്തി കുറയാറുണ്ട്. അതിനുശേഷം നിങ്ങള്‍ കാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നത്‌ ഓര്‍മ്മശക്തി കൊണ്ടാണ്‌, ബുദ്ധിശക്തി കൊണ്ടല്ല.

വടക്കോട്ടു തല വയ്ക്കുമ്പോള്‍ എന്താണ്‌ സംഭവിക്കുന്നത്‌? രക്തസംബന്ധമായ വിളര്‍ച്ച പോലുള്ള എന്തെങ്കിലും അസുഖം ഉണ്ടെങ്കില്‍ ഡോക്ടര്‍ നല്‍കുന്ന മരുന്ന് ഇരുമ്പുസത്താണ്‌. ഇരുമ്പ്‌ രക്തത്തിലെ ഒരു പ്രധാന ഘടകമാണ്‌. ഭൂമിയിലെ കാന്തികപ്രഭാവത്തെക്കുറിച്ച്‌ കേട്ടിട്ടുണ്ടാകുമല്ലോ. ഭൂമിയിലെ പല പ്രക്രിയകളും കൃത്യമായി പ്രവര്‍ത്തിക്കുന്നത്‌ ഈ കാന്തികവലയം മൂലമാണ്‌. അത്രയ്ക്ക്‌ പ്രബലമാണ്‌ ഈ ഗ്രഹത്തിലെ കാന്തശക്തി. ശരീരം നിശ്ചലമായി കിടക്കുമ്പോള്‍ പെട്ടെന്ന് രക്തസമ്മര്‍ദ്ദം കുറയുന്നതായി നിങ്ങള്‍ക്ക്‌ അനുഭവപ്പെടും. ശരീരം ഈ ക്രമീകരണം നടത്തിയില്ലെങ്കില്‍, പഴയ അളവില്‍ത്തന്നെ രക്തം പമ്പുചെയ്‌തുകൊണ്ടിരുന്നാല്‍, തലച്ചോറിലേക്ക്‌ ആവശ്യത്തില്‍ കൂടുതല്‍ രക്തം ചെല്ലുകയും പ്രശ്നമുണ്ടാക്കുകയും ചെയ്യും. തല വടക്കോട്ടുവച്ച്‌ അഞ്ചാറുമണിക്കൂര്‍ കിടന്നാല്‍ ഈ കാന്തശക്തി മൂലം തലച്ചോറില്‍ രക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കും. പ്രായക്കൂടുതലും ധമനികള്‍ക്ക്‌ ബലക്കുറവും ഉള്ളവര്‍ക്ക്‌ തലച്ചോറില്‍ രക്തപ്രവാഹവും പക്ഷാഘാതവും ഉണ്ടായേക്കാം. അതല്ല, ശരീരം ശക്തമാണെന്നും രക്തപ്രവാഹം ഉണ്ടായില്ലെന്നും ഇരിക്കട്ടെ, എന്നാല്‍ തന്നെ നിങ്ങള്‍ ഉറക്കത്തില്‍ നിന്നുണരുന്നത്‌ കലുഷിതമായ മനസ്സോടെയായിരിക്കും, കാരണം ആവശ്യത്തിലധികം രക്തപ്രവാഹം തലച്ചോറിലേക്ക്‌ ഉണ്ടായിട്ടുണ്ടാകും. നിങ്ങള്‍ ഉത്തരഭൂഖണ്ഡത്തിലാണെങ്കില്‍ ഇതാണ്‌ സംഭവിക്കുക. തല വടക്കോട്ടൊഴിച്ച്‌ വേറെ ഏതുവശത്തേക്കു വച്ചാലും കുഴപ്പമില്ല. ദക്ഷിണഭൂഖണ്ഡത്തിലാണെങ്കില്‍ തല തെക്കോട്ടു വയ്ക്കരുത്‌.

കിടക്കയുടെ വശം :

ശരീരശാസ്‌ത്രത്തില്‍ ഹൃദയം ഒരു പ്രധാനപ്പെട്ട അവയവമാണ്‌ – ശരീരത്തിന്റെ എല്ലാ ഭാഗത്തേക്കും ജീവന്‍ എത്തിക്കുന്ന പമ്പ്‌. കൃത്യമായ പ്രവര്‍ത്തനത്തിലൂടെ ശരീരത്തെ ജീവസ്സുറ്റതാക്കി നിലനിര്‍ത്തുന്ന ഈ യന്ത്രം ഘടിപ്പിച്ചിരിക്കുന്നത്‌ ഇടതുവശത്താണ്‌. ഭാരതീയസംസ്‌കാരം പറയുന്നത്‌ വലത്തോട്ടുതിരിഞ്ഞു വേണം കിടക്ക വിട്ടെഴുനേല്‌ക്കാന്‍ എന്നാണ്. വിശ്രമിക്കുന്ന അവസ്ഥയില്‍ ശരീരത്തിന്റെ പ്രവൃത്തികള്‍ വളരെ സാവധാനത്തിലായിരിക്കും. എഴുനേല്‍ക്കുമ്പോള്‍ പെട്ടെന്ന് അവയവങ്ങള്‍ ഉണര്‍ന്ന് പ്രവര്‍ത്തനം ആരംഭിക്കും. അതുകൊണ്ട് വലത്തോട്ട് തിരിഞ്ഞിട്ടു വേണം എഴുന്നേല്‌ക്കാന്‍. അല്ലാതെ ഇടത്തോട്ട്തിരിഞ്ഞ്‌ പെട്ടെന്നെഴുന്നേറ്റാല്‍ ഹൃദയത്തിന്‌ അധിക സമ്മര്‍ദ്ദം അനുഭവിക്കേണ്ടിവരും.

കുറെയധികം ഞരമ്പുകള്‍ ഒന്നിച്ചുചേരുന്ന ഇടമാണ്‌ ഉള്ളംകൈകള്‍. കൈകള്‍ കൂട്ടിത്തിരുമ്മുമ്പോള്‍ നിങ്ങളുടെ സിരാപടലങ്ങള്‍ ഉണരുകയും ശരീരം പ്രവര്‍ത്തനനിരതമാകുകയും ചെയ്യും.

കണി കാണേണ്ടത്‌ :

എഴുന്നേല്‍ക്കുന്നതിനുമുന്‍പ്‌ കൈകള്‍ കൂട്ടിത്തിരുമ്മകയും അതിനുശേഷം കണ്ണുകളില്‍ വയ്ക്കുകയും ചെയ്യണമെന്ന് ആചാരം പറയുന്നു. അങ്ങിനെ ചെയ്‌താല്‍ ദൈവത്തിനെ കാണാമത്രേ! ദൈവത്തിനെ കാണലെല്ലാം സാങ്കല്പികം. ഇതിന്റെ പിന്നില്‍ ശാസ്ത്രീയതയുണ്ട്. കുറെയധികം ഞരമ്പുകള്‍ ഒന്നിച്ചുചേരുന്ന ഇടമാണ്‌ ഉള്ളംകൈകള്‍. കൈകള്‍ കൂട്ടിത്തിരുമ്മുമ്പോള്‍ നിങ്ങളുടെ സിരാപടലങ്ങള്‍ ഉണരുകയും ശരീരം പ്രവര്‍ത്തനനിരതമാകുകയും ചെയ്യും. രാവിലെ ഉണര്‍ന്നെണീക്കുമ്പോള്‍ ഉറക്കച്ചടവും മന്ദതയും അനുഭവപ്പെടുന്നുവെങ്കില്‍ ഇതു പരീക്ഷിക്കുക. ശരീരം പൂര്‍ണ്ണമായും ഉണരും. നിമിഷനേരം കൊണ്ട് നിങ്ങളുടെ കണ്ണും ബോധവുമായി ബന്ധപ്പെട്ട എല്ലാ ഞരമ്പുകളും ഉണര്‍ന്നുവരും. ശരീരം ചലിക്കാന്‍ തുടങ്ങുന്നതിനു മുന്‍പ്‌ നിങ്ങളുടെ ബോധമണ്ഡലവും ചലനാത്മകമാകേണ്ടതാണ്‌. അതാണ്‌ ഇതിന്റെ ഉദ്ദേശം.

Photo credit to : https://pixabay.com/en/baby-girl-sleep-child-toddler-1151346/