सद्गुरु

അന്വേഷി: സദ്ഗുരോ, ക്ഷേത്രത്തില്‍ പൂജ നടത്താനായില്ലെങ്കില്‍ അവിടെ പിന്നെ ഞാന്‍ എന്തുചെയ്യും? എന്നെ സംബന്ധിച്ചാണെങ്കില്‍ ക്ഷേത്രമുണ്ടെങ്കില്‍ പൂജയുമുണ്ട്. അതില്ലെങ്കില്‍ ക്ഷേത്രത്തില്‍ എന്നെത്തന്നെ നഷ്ടമാവുമ്പോലെയാണ്.

സദ്ഗുരു: ബാലൂ, നീ എന്നേ നഷ്ടമായി എന്ന് ഞാന്‍ വിചാരിച്ചു. നിന്നെ തിരിച്ചുകിട്ടാനായി നീ ചെയ്യേണ്ടത്, പൂജകളെക്കുറിച്ച് ചിന്തിക്കാതെ അവിടെപോയി വെറുതേയിരിക്കുക. ഞാന്‍ നേരത്തേ പറഞ്ഞതുപോലെ പൂര്‍ണ സമര്‍പണത്തോടെ, പൂര്‍ണ സമര്‍പണമായി അവിടെ ഇരുന്നാല്‍ കിട്ടേണ്ടത് കിട്ടിക്കോളും. എല്ലാ യോഗക്രിയകളും സൃഷ്ടിച്ചിരിക്കുന്നത്, സാധനകള്‍ ഗുരുപാദത്തിലുളള സമര്‍പണമായിട്ടാണ്. അനുഗ്രഹം ലഭിക്കാനായി ക്ഷേത്രത്തിലും ഇതേ അര്‍പണബോധമാണ് വേണ്ടത്. യോഗ പരിശീലനവും ഗുരുപാദത്തിലെ അര്‍പണമായിട്ടാണ് നടത്തുന്നത്. അപ്പോള്‍ മാത്രമാണ് നിങ്ങളുടെ മനസ്സിന്‍റെ വാതിലുകള്‍ തുറക്കുന്നതും നിങ്ങള്‍ സ്വീകരിക്കാന്‍ തയ്യാറാവുന്നതും. നമ്മുടെ സംസ്കാരത്തില്‍ തലകുമ്പിടുന്നതും നമസ്കരിക്കുന്നതുമെല്ലാം ഈ അടിസ്ഥാനത്തിലാണ്. ഉദാഹരണമായി എല്ലാ യോഗാഭ്യാസികളും പ്രഭാതത്തില്‍ ആദ്യം ചെയ്യുന്ന യോഗവിദ്യയായ സൂര്യനമസ്ക്കാരം ശരീരത്തിന്‍റെ സന്തുലിതസ്ഥിതി നിലനിര്‍ത്തുന്നതിനുളള വ്യയാമം മാത്രമല്ല, ഒരു തരത്തില്‍ സമര്‍പണം കൂടിയാണ്. ശരീരത്തെ മുഴുവനായി സമര്‍പിച്ചുകൊണ്ടുളള ഒരു ആരാധനയെന്നതിനുപരി, ആ സമര്‍പണത്തിലൂടെ സൂര്യനും പ്രഭാതത്തിനും എന്താണ് നല്‍കാനുളളതെന്നാല്‍ അതിനെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പുമാണ്. നിങ്ങളെ പൂര്‍ണമായി സമര്‍പിക്കുന്നതിലൂടെ ഏറ്റവും നല്ലതിനെ ഉള്‍ക്കൊള്ളാനാവും.

എന്തെങ്കിലും കാര്യസാധ്യത്തിനായി, ക്ഷേത്രത്തില്‍പോയി ദേവന് എന്തെങ്കിലും സമര്‍പിക്കുന്നതിനേക്കാള്‍ സ്വയം സമര്‍പണമായി ക്ഷേത്രത്തില്‍ പോകുന്നതാണ് ശരിയും അഭികാമ്യവും.

എന്തെങ്കിലും കാര്യസാധ്യത്തിനായി, ക്ഷേത്രത്തില്‍പോയി ദേവന് എന്തെങ്കിലും സമര്‍പിക്കുന്നതിനേക്കാള്‍ സ്വയം സമര്‍പണമായി ക്ഷേത്രത്തില്‍ പോകുന്നതാണ് ശരിയും അഭികാമ്യവും. ക്ഷേത്രത്തില്‍ കയറുന്നതിന് മുന്‍പ് ഒരുവന്‍റെ ശാരീരികവും മാനസികവുമായ സന്തുലിതസ്ഥിതി വീണ്ടെടുക്കാന്‍ ഈ അര്‍പണബോധം സഹായകരമാവും. ഇത്തരം സന്തുലിതാവസ്ഥ ആഗ്രഹിക്കുന്നവര്‍ക്ക് ഏതാനും മിനുട്ടുകള്‍ നീണ്ടുനില്‍ക്കുന്ന ‘നാഡിശുദ്ധി’യിലൂടെ അത് കൈവരിക്കുവാന്‍ ക്ഷേത്രത്തിലുളള ബ്രഹ്മചാരികള്‍ സഹായിക്കും. അതിന്‍റെ ഫലമായി, ക്ഷേത്രത്തിലെ ഊര്‍ജത്തെ സ്വീകരിക്കാന്‍ നിങ്ങള്‍ തയ്യാറാവുന്നു. ധ്യാനലിംഗത്തിന്‍റെ ഊര്‍ജമണ്ഡലത്തിലിരിക്കേണ്ടത് ഒരുവന്‍റെ ആഗ്രഹ പൂര്‍ത്തീകരണത്തിനുളള അപേക്ഷയുമായല്ല. നിങ്ങളുടെ ആഗ്രഹങ്ങള്‍ക്കും നിങ്ങളുടെ ചിന്തകള്‍ക്കുമെല്ലാം പരിധിയുണ്ട്. എന്നാല്‍ ഇവിടെ നിങ്ങള്‍ക്ക് ലഭിക്കാന്‍ സാധ്യതയുളളതിന്‍റെ വലിപ്പം ചിന്താതീതമാണ്. ഈശ്വരനെ നിങ്ങളെക്കാള്‍ ഉയര്‍ന്ന ബുദ്ധിവൈഭവമായാണ് നിങ്ങള്‍ വിശ്വസിക്കുന്നതെങ്കില്‍, സ്വയം സമര്‍പണമായി അവിടെ ഇരുന്ന്, എന്താണ് സംഭവിക്കേണ്ടതെന്ന് നിങ്ങള്‍ തീരുമാനിക്കാതെ, ദൈവത്തിന്‍റെ ഇച്ഛ നിങ്ങളിലൂടെ നിറവേറാന്‍ അനുവദിക്കുക. അതിനാലാണ് അത് പ്രാര്‍ഥനക്കുളള ഒരിടമല്ല എന്ന് ഞാന്‍ പറയുന്നത്. അത് അപേക്ഷിക്കാനോ, അഭിപ്രായം പറയാനോ ഉളള സ്ഥലമല്ല. നിരുപമമായ ആ ബുദ്ധിവൈഭവത്തെ നിങ്ങളിലൂടെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുക, അത്രമാത്രം.