അന്വേഷി: ഈ പര്‍വ്വതങ്ങളിലൂടെ ചുറ്റി സഞ്ചരിക്കുമ്പോള്‍ ഞാന്‍ എന്‍റെ കുടുംബത്തെയും എല്ലാറ്റിനെയും എന്നെത്തന്നെയും മറക്കുന്നു. എന്തുകൊണ്ടാണിതു സംഭവിക്കുന്നത് സദ്ഗുരു?

സദ്ഗുരു: (ചിരിച്ചുകൊണ്ട്) നിങ്ങളുടെ കുടുംബത്തോടു തന്നെ ചോദിക്കണം. നിങ്ങള്‍ ഈ ചോദ്യം കേട്ടല്ലോ? ഇദ്ദേഹം ഹിമാലയത്തിലൂടെ സഞ്ചരിക്കുമ്പോള്‍, സ്വയം മറക്കുന്നു. കുടുംബത്തെയും എല്ലാറ്റിനെയും, ആ 'എല്ലാം' എന്തായാലും ശരി.

ജീവിതത്തില്‍ അറിഞ്ഞിട്ടുള്ള എല്ലാ നിസ്സാരകാര്യങ്ങളും നിങ്ങള്‍ മറന്നു. നിങ്ങള്‍ മറക്കണം. കാരണം, ഈ പര്‍വ്വതങ്ങള്‍ അത്ര ഹര്‍ഷദായകമാണ്. നിങ്ങള്‍ ഹിമാലയത്തിലേക്കു വരുന്നതു തന്നെ അതില്‍ മുഴുകാനാണ്. അല്ലാതെ അതു കണ്ടിട്ട് അഭിപ്രായം പറയാനല്ല, 'ശരി, ഇതു മനോഹരമാണ്, അതു മനോഹരമാണ്' എന്നു പറയാനല്ല. വെറുതെ അവയെ നോക്കി, അതില്‍ ആമഗ്നരായി, ആനന്ദബാഷ്പം പൊഴിച്ച്, പര്‍വ്വതങ്ങളിള്‍ ഉന്മത്തരാകുന്നതിനാണ്. അതിനാണ് നിങ്ങള്‍ ഇവിടെ വന്നത്, പര്‍വ്വതങ്ങളെക്കുറിച്ചു ഭംഗിവാക്കുകള്‍ പറഞ്ഞു മടങ്ങാനല്ല. നിങ്ങള്‍ അവയിലേക്കു നോക്കി, 'ഹായ്, വളരെ മനോഹരം' എന്നു പറഞ്ഞാല്‍ നിങ്ങള്‍ ഒന്നും കണ്ടില്ല എന്നാണര്‍ത്ഥം.

ജീവിതത്തില്‍ അറിഞ്ഞിട്ടുള്ള എല്ലാ നിസ്സാരകാര്യങ്ങളും നിങ്ങള്‍ മറന്നു. നിങ്ങള്‍ മറക്കണം. കാരണം, ഈ പര്‍വ്വതങ്ങള്‍ അത്ര ഹര്‍ഷദായകമാണ്. നിങ്ങള്‍ ഹിമാലയത്തിലേക്കു വരുന്നതു തന്നെ അതില്‍ മുഴുകാനാണ്.

ഒരിക്കല്‍ ഇങ്ങനെ സംഭവിച്ചു. വൈകുന്നേരങ്ങളില്‍ 'ലാവോസു' നടക്കാനിറങ്ങാറുണ്ടായിരുന്നു. ഒരു ദിവസം അദ്ദേഹത്തിന്‍റെ അടുത്ത സുഹൃത്ത് വന്നു പറഞ്ഞു, 'എവിടെ നിന്നോ ഒരു മഹാനായ പ്രൊഫസര്‍ വന്നെത്തിയിട്ടുണ്ട്, അദ്ദേഹത്തിന് നിങ്ങളോടൊപ്പം നടക്കാന്‍ വരണമെന്നുണ്ട്.' ലാവോസു പറഞ്ഞു, 'ഒരേ ഒരു നിബന്ധനയേയുള്ളൂ, അയാള്‍ സംസാരിക്കാന്‍ പാടില്ല. ഞാന്‍ നടക്കുമ്പോള്‍, മിണ്ടാന്‍ പാടില്ല. അതു സമ്മതമാണെങ്കില്‍ മാത്രം, അദ്ദേഹം വന്നോട്ടെ. അല്ലെങ്കില്‍ അയാള്‍ എന്നോടൊപ്പം നടക്കേണ്ടതില്ല.'

അദ്ദേഹത്തിന്‍റെ സുഹൃത്ത്, പ്രൊഫസറോട് ഇക്കാര്യം പറഞ്ഞു, 'താങ്കള്‍ സംസാരിക്കരുത്. നിശ്ശബ്ദമായി വേണം അദ്ദേഹത്തോടൊപ്പം സഞ്ചരിക്കുവാന്‍.' അദ്ദേഹം സമ്മതിച്ചു. രണ്ടുപേരും ലവോസുവിനു സമീപം വന്നു.

അവര്‍ ഒരുമിച്ചു നടക്കാന്‍ തുടങ്ങി. അങ്ങനെ മനോഹരമായ സൂര്യാസ്തമയത്തിനു നേരെ നടക്കാനിടയായി. പ്രൊഫസര്‍ അതുനോക്കി, എന്നിട്ട് ലാവോസുവിനെയും നോക്കി. ലാവോസു നടക്കുകയായിരുന്നു, ഒരു ഭാവവ്യത്യാസവുമില്ലാതെ.

പ്രൊഫസര്‍ ചുറ്റും നോക്കി. ആരോടെങ്കിലും എന്തെങ്കിലും പറയണം. അദ്ദേഹം പറഞ്ഞു, 'അതു മനോഹരമായിരിക്കുന്നു, അല്ലേ?' അക്കാലത്ത് 'വൗ' എന്നു പറയാന്‍ അവര്‍ക്കറിയാമായിരുന്നില്ല. (ചിരി) അതു അടുത്തകാലത്തുണ്ടായ ~ഒരു പ്രയോഗമാണ്.

ലാവോസു പെട്ടെന്നു തിരിഞ്ഞ് സ്ഥലംവിട്ടു. സുഹൃത്ത് പരിഭ്രമിച്ച് ലാവോസുവിനു പിന്നാലെ ഓടി. 'എന്തു സംഭവിച്ചു? എന്തു സംഭവിച്ചു?' 'നിങ്ങളുടെ സുഹൃത്ത് കൂടുതല്‍ സംസാരിക്കുന്നു!' ലാവോസു പറഞ്ഞു.

സുഹൃത്ത് പറഞ്ഞു, 'ഇതെന്താണ്? സൂര്യാസ്തമയം മനോഹരമായിരിക്കുന്നു' എന്നല്ലേ അദ്ദേഹം പറഞ്ഞുള്ളൂ. ലാവോസു പറഞ്ഞു, 'അല്ല, അദ്ദേഹം കൂടുതല്‍ സംസാരിക്കുന്നു. അദ്ദേഹത്തിനറിയാന്‍ പാടില്ലാത്ത, അദ്ദേഹത്തിനനുഭവമില്ലാത്ത, അദ്ദേഹത്തെ സ്പര്‍ശിക്കാത്ത കാര്യങ്ങളെക്കുറിച്ചു കൂടുതല്‍ സംസാരിക്കുന്നു. സംഭവിക്കുന്ന കാര്യങ്ങള്‍ കണ്ടിട്ടല്ല അദ്ദേഹം ഹര്‍ഷപുളകിതനാകുന്നത്, വെറുതെ സംസാരിക്കുകയാണ്. ഞാന്‍ അയാളോടൊപ്പം നടക്കാന്‍ ആഗ്രഹിക്കുന്നില്ല' എന്നു പറഞ്ഞ് അദ്ദേഹം ദൂരേക്കു നടന്നുപോയി.

അതിനാല്‍ നിങ്ങള്‍ ഹിമാലയത്തിലേക്കു വരുന്നത് 'ഹായ്, മനോഹരമായിരിക്കുന്നു' എന്നോ? 'വൗ' എന്നോ പറയാനല്ല. നിങ്ങള്‍ സ്വയം തകര്‍ന്ന് ഇല്ലാതാകുകയും, പര്‍വ്വതങ്ങള്‍ കണ്ട് ഉന്മത്തരാകുകയും വേണം. കാരണം അവ അത്രയേറെ മതിമറപ്പിക്കുന്നവയാണ്. നിങ്ങളുടെ ഭംഗിവാക്കുകള്‍ കേള്‍ക്കാനല്ല അവ അവിടെയുള്ളത്. നിങ്ങള്‍ അവയിലേക്കു നോക്കിയാല്‍ സ്വയം പൊട്ടിവിരിയണം. നിങ്ങളുടെ കുടുംബം ആവിയായിപ്പോകണം. എല്ലാമെല്ലാം ആവിയാകണം. നിങ്ങള്‍ വെറുതെ പൊട്ടിത്തുറക്കണം.

അതുവളരെ വലുതാണ്. വളരെ ബൃഹത്താണ്. വലിപ്പത്തില്‍ മാത്രമല്ല, പലതരത്തിലും ഇപ്പോള്‍ നിങ്ങള്‍ക്കു മനസ്സിലാക്കാന്‍ പറ്റാത്തതാണ്. നിങ്ങള്‍ പര്‍വ്വതങ്ങളെ അനുഭവിക്കുവാന്‍ വഴിയൊരുക്കുക.