സദ്ഗുരു : ഒരുതരത്തിൽ പറഞ്ഞാൽ മണിപൂരം സ്വാധിഷ്ഠാനത്തിന്‍റെയും മൂലാധാരത്തിന്‍റെയും ഫലമായുള്ളതാണ്. അതു പരിപാലനത്തിനുള്ള കേന്ദ്രമാണ്. സ്വാധിഷ്ഠാനവും മൂലാധാരവും ചേർന്നാണ് ജീവൻ സൃഷ്ടിക്കുന്നത് - ശരീരത്തിന്‍റെ അടിസ്ഥാനവും, പുനരുജ്ജീവനവും സാധ്യമാകുന്നത് ഇതു രണ്ടുമാണ്. മണിപൂരം അതിനെ പരിപാലിക്കുക മാത്രമേ ചെയ്യുന്നുള്ളൂ. നിങ്ങൾ ഉത്പാദിപ്പിക്കുന്നതെന്തും ശരിയായ വിധത്തിൽ പരിപാലിച്ചില്ലെങ്കിൽ കുറച്ചു കാലത്തിനുള്ളിൽ നഷ്ടപ്പെടും എന്നുള്ളതു കൊണ്ട് ഇതു വളരെ പ്രധാനപ്പെട്ട ഒരു കർമ്മമാണ്. ഒരു തോട്ടം എത്ര സുന്ദരമാണെങ്കിലും ഒരു മാസം അതിനെ ആരും പരിപാലിച്ചില്ലെങ്കിൽ പിന്നെ അതിനെ തോട്ടം എന്നു വിളിക്കുവാൻ സാധ്യമല്ല. പരിപാലനം വളരെ പ്രധാനപെട്ടതാണ്. ആ അർത്ഥത്തിൽ മണിപൂരം വളരെ അത്യാവശ്യമായതാണ്.

മണിപൂരത്തിന്‍റെ ചലനം

എഴുപത്തി രണ്ടായിരം നാഡികള്‍ കൂട്ടിമുട്ടുകയും വീണ്ടും വിവിധ തരത്തിൽ വിതരണം ചെയ്യപ്പെടുകയും ചെയ്യുന്ന ഒരേ ഒരു സ്ഥലം മണിപൂരമാണ്. അതിനാൽ തന്‍റെ മണിപൂരത്തെ ഒരാൾക്ക് വിവിധ തരത്തിൽ സ്ഥാനം മാറ്റുവാൻ സാധ്യമാണ്. എല്ലാ ചക്രങ്ങളെയും ചലിപ്പിക്കുക സാധ്യമാണ്. എന്നാൽ മണിപൂരത്തിനു പ്രത്യേകിച്ചും കൂടുതൽ ചലനാത്മകത ഉണ്ട്.

ആയോധന കലകൾ അഭ്യസിക്കുന്നവർക്കു മണിപൂരത്തിനെ ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേക്ക് നീക്കുവാൻ സാധിക്കുന്നത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. മണിപൂരത്തിന്‍റെ സ്ഥാനം മാറ്റുന്നതിനായി ആയോധനകല ചലനത്തിൽ നിന്നും നിശ്ചലതയിലേക്കു നീങ്ങണം. യാതൊരു ചലനവും ഇല്ലാത്ത ഒരിടത്തേക്ക് നിങ്ങളുടെ ആയോധനകലയുടെ ശക്തമായ ചലനങ്ങളെല്ലാം എത്തിച്ചേരണം. ശരീരവ്യൂഹത്തിൽ ചലനങ്ങൾ ഇല്ലാതായാൽ മണിപൂരത്തിനെ ചലിപ്പിക്കുവാനുള്ള കഴിവ് വളരെ മെച്ചപ്പെടും. ചില വിദൂര പൂർവ ദേശങ്ങളിലെ സിനിമകളിൽ പ്രായമായ ഒരാൾ ഒരിടത്തിരുന്നുകൊണ്ട് 'ഹൂ' എന്നൊരു ശബ്ദമുണ്ടാക്കുമ്പോൾ, ചുറ്റുമുള്ളവരെല്ലാം മറിഞ്ഞു വീഴുന്നത് നിങ്ങൾ കണ്ടിട്ടുണ്ടാകും. മണിപൂരം ചലിപ്പിക്കുവാനുള്ള കഴിയുന്നതിലൂടെ നിങ്ങള്‍ക്കു വ്യത്യസ്തമായ ഒരു ശക്തിയാണ് കൈവരുന്നത്.

ആയോധന കലകൾ അഭ്യസിക്കുന്നവർക്കു മണിപൂരത്തിനെ ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേക്ക് നീക്കുവാൻ സാധിക്കുന്നത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. മണിപൂരത്തിന്‍റെ സ്ഥാനം മാറ്റുന്നതിനായി ആയോധനകല ചലനത്തിൽ നിന്നും നിശ്ചലതയിലേക്കു നീങ്ങണം.

വിദൂര പൂർവ ദേശങ്ങളിലെ ആയോധന കലകളിൽ മണിപൂരത്തിനെ പല തരത്തിൽ തുടർച്ചയായി മർദിക്കുന്നത് സാധാരണയായി കാണാം. ഈ കലകൾ പരിശീലിക്കുന്ന ആളുകൾ ദിവസവും വയറ്റിൽ നൂറിലധികം തവണ ഇടിക്കുന്നു. അത് സുസ്ഥിരമാകുന്നതിനായി ശക്തിപ്പെടുത്തുവാനാണ് ഇപ്രകാരം ചെയ്യുന്നത്. അതു വേണ്ട വിധത്തിൽ സ്ഥിരത നേടിക്കഴിയുമ്പോൾ, അതിനെ എവിടേക്കു വേണമെങ്കിലും മാറ്റുവാൻ സാധിക്കും. നിങ്ങളുടെ മണിപൂരം അഥവാ നിങ്ങളുടെ ശരീരത്തിന്‍റെ പരിപാലന കേന്ദ്രം പൊക്കിളിന്‍റെ സ്ഥാനത്തു നിന്നും മാറ്റുന്നത് ശരീരത്തിനേൽക്കുന്ന അടി, ചതവ് എന്നിവയെ കൂടുതൽ ഫലപ്രദമായി നേരിടുവാൻ സഹായിക്കും; അത്തരം ആഘാതങ്ങൾ മറികടക്കുവാനും സഹായിക്കും. നിങ്ങളുടെ ഊർജത്തെ ചലിപ്പിക്കുവാനുള്ള അസാമാന്യമായ കഴിവും പ്രദാനം ചെയ്യും. ആയോധന കലകളിൽ സാമർഥ്യമുള്ളവർ മണിപൂരത്തിനെ നിയന്ത്രിക്കുന്നതിനെ പറ്റിയുള്ള അവിശ്വസനീയമായ കഥകൾ പ്രചാരത്തിലുണ്ട്.

മണിപൂരത്തിനെ അതിന്‍റെ സ്വാഭാവികമായ സ്ഥാനത്തു നിന്നും മാറ്റുമ്പോൾ നിങ്ങളുടെ ശരീരത്തിനെ തീർത്തും ചലന രഹിതമായി നിലനിർത്തേണ്ടത് അത്യാവശ്യമാണ്. - അപ്രകാരം ചെയ്തില്ലെങ്കിൽ നിങ്ങള്‍ക്ക് അധിക കാലം നിലനിൽക്കുവാൻ സാധിക്കുകയില്ല. മുപ്പത്തഞ്ചോ, മുപ്പത്താറോ വയസ്സിനപ്പുറം പോകുവാൻ സാധിക്കുകയില്ല. ആ സമയത്ത് എന്തെങ്കിലും ചലനം സംഭവിക്കുകയാണെങ്കിൽ നിങ്ങളുടെ പരിപാലന കേന്ദ്രം ആകെ തകർന്നു പോകും. അപ്രകാരം ഒരു തകർച്ച സംഭവിച്ചാൽ നിങ്ങൾ അജ്ഞാതമായ കാരണങ്ങളാൽ മരണമടയും; പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെ തന്നെ അതു സംഭവിക്കും. നിങ്ങള്‍ക്ക് എന്താണ് സംഭവിച്ചത് എന്ന് ആർക്കും കണ്ടു പിടിക്കുവാൻ സാധിക്കുകയില്ല.

ശബ്ദത്തിന്‍റെ വ്യാപനം

ആയോധനകലകൾ അഭ്യസിക്കുന്ന ആളുകൾക്ക് വേണ്ടത് ശാരീരിക ശക്തിയാണ്. എന്നാൽ ആത്മീയ പാതയിലുള്ള ആളുകൾ മണിപൂര സാധന ചെയ്യുമ്പോൾ ശബ്ദത്തെയാണ് മണിപൂരത്തിലേക്കു കൊണ്ട് വരുന്നത്. മണിപൂരത്തിലേക്കു ഏതു ശബ്ദം കൊണ്ട് വന്നാലും അത് ശരീരം മുഴുവനായി വ്യാപിക്കും. ഉദാഹരണത്തിന് ' ശിവ ' എന്നോ ' ശംഭോ ' എന്നോ ഉള്ള ശബ്ദം നിങ്ങളുടെ തന്നെ ഒരു ഭാഗമാക്കണമെന്നു നിങ്ങൾ ആഗ്രഹിക്കുന്നു എന്നു വയ്ക്കുക. നിങ്ങൾ ആ ശബ്ദം ഉപയോഗിച്ച് മണിപൂര സാധന ചെയ്യുകയാണെങ്കിൽ അത് ശരീരം മുഴുവനും വ്യാപിക്കും; നിങ്ങളുടെ ശരീരത്തിൽ ആ ശബ്ദം മാറ്റൊലി കൊള്ളുകയും ചെയ്യും.

എന്നാൽ ആത്മീയ പാതയിലുള്ള ആളുകൾ മണിപൂര സാധന ചെയ്യുമ്പോൾ ശബ്ദത്തെയാണ് മണിപൂരത്തിലേക്കു കൊണ്ട് വരുന്നത്. മണിപൂരത്തിലേക്കു ഏതു ശബ്ദം കൊണ്ട് വന്നാലും അത് ശരീരം മുഴുവനായി വ്യാപിക്കും.

പളനി സ്വാമിയുടെ കാര്യത്തിൽ സംഭവിച്ചത് ഇതാണ്. അദ്ദേഹത്തെ ജനങ്ങൾ പളനി സ്വാമി എന്ന് വിളിക്കുന്നതിനൊരു കാരണമുണ്ട് - അവർ അദ്ദേഹത്തെ പളനി മലയുടെ സമീപത്തു വളരെ വിചിത്രമായ ഭാവങ്ങളിൽ കാണാറുണ്ടായിരുന്നു. യാതൊന്നും ചെയ്യാതെ ഒരിടത്തിരുന്നാൽ പോലും ആളുകൾ അദ്ദേഹത്തിന് ചുറ്റും കൂടുമായിരുന്നു. ഇതു ക്ഷേത്രത്തിലെ പൂജാരികൾക്കു ഇഷ്ടപ്പെട്ടില്ല. രാവിലെ മുതൽ രാത്രി വരെ ക്ഷേത്രത്തിലെ കർമ്മങ്ങളും ചുമതലകളും നിർവ്വഹിക്കുന്ന അവരെ അവഗണിച്ച്, യാതൊന്നും ചെയ്യാതെ ഇരിക്കുന്ന അദ്ദേഹത്തിനടുത്തു ആളുകൾ കൂടുന്നതും, അദ്ദേഹത്തിനായി ഭിക്ഷ നൽകുന്നതും ആണ് അവരെ ചൊടിപ്പിച്ചത്. അദ്ദേഹത്തിനെതിരെ എന്തെങ്കിലും കണ്ടുപിടിക്കണമെന്ന് അവർ നിശ്ചയിച്ചു.

ഒരു ദിവസം അവർ അദ്ദേഹത്തിനെതിരെ ഒരു കുറ്റം കണ്ടുപിടിച്ചു - രാവിലെ ശോധന നടത്തുന്ന സമയത്ത് അദ്ദേഹം 'ശംഭോ' എന്നു പറയുന്നുണ്ട്; അതു ശരിയല്ല. തെളിച്ചു പറഞ്ഞാൽ ശോധന നടത്തുന്ന സമയത്ത് ' ശംഭോ' എന്നു പറയുവാൻ പാടില്ല. അദ്ദേഹത്തിനെ ഗ്രാമ പഞ്ചായത്തിന്‍റെ മുൻപിൽ ഹാജരാക്കി; ദൈവത്തിന്‍റെ നാമം അശുദ്ധമാക്കി എന്നതായിരുന്നു അദ്ദേഹത്തിനെതിരെയുള്ള കുറ്റം. അറിവില്ലാത്ത ആ ന്യായാധിപന്മാരുടെ മുൻപിൽ അദ്ദേഹം കണ്ണടച്ച്, നിശബ്ദനായി ഇരുന്നു. 'ശംഭോ' എന്ന ശബ്ദം അവിടമെങ്ങും മുഴങ്ങി. അതോടെ അവരുടെ കുറ്റാരോപണവും, വിചാരണ ചെയ്യുവാനുള്ള ശ്രമവും അവസാനിച്ചു. ഈ സംഭവത്തോടെ കൂടുതൽ ആളുകൾ അദ്ദേഹത്തിന് ചുറ്റും കൂടുവാൻ തുടങ്ങി. ഇത് ഇഷ്ടപ്പെടാതിരുന്ന അദ്ദേഹം അവിടം വിട്ടു പോകുകയും ചെയ്തു.

നിങ്ങൾ ഒരു ശബ്ദം മണിപൂരത്തിലേക്കു മാറ്റിയാൽ അത് നിങ്ങളുടെ ശരീരം മുഴുവനും വ്യാപിക്കും. അതോടെ ശരീരം മുഴുവനും ആ ശബ്ദം മാറ്റൊലി കൊള്ളുകയും ചെയ്യും. വായ കൊണ്ട് ആ ശബ്ദം ഉച്ചരിക്കുമ്പോൾ അതിനെ 'ജപം' എന്ന് പറയും. ഹൃദയം കൊണ്ട് അത് ഉച്ചരിക്കുകയാണെങ്കിൽ അതിനെ 'തപം' എന്നു പറയും. മണിപൂരത്തിലേക്കു കൊണ്ടു വന്നാൽ അതിനെ ' അജപം ' എന്ന് വിളിക്കും. നിങ്ങൾ ജപിക്കാതെ തന്നെ, വായ തുറക്കാതെ തന്നെ, സ്വരനാളപാളികൾ ഉപയോഗിക്കാതെ തന്നെ നിങ്ങളുടെ ശരീരത്തിൽ ആ ശബ്ദം മുഴങ്ങിക്കൊണ്ടിരിക്കും എന്നാണ് അതിനർത്ഥം.

മൂലാധാരം, സ്വാധിഷ്ഠാനം, മണിപൂരം എന്നീ മൂന്ന് ചക്രങ്ങളാണ് ശരീരത്തിന്‍റെ ഭൗതികഘടന പല വിധത്തിലും തീരുമാനിക്കുന്നത്. മറ്റു നാലു ചക്രങ്ങളും വേറെ തരത്തിലുള്ളതാണ്. ഒരാൾക്ക് ശാരീരികമായും, മാനസികമായും, വികാരപരമായും, നല്ല ഊർജത്തോടെ ജീവിക്കണമെങ്കിലും, അയാളുടെ കഴിവുകൾ വികസിപ്പിക്കണമെങ്കിലും, മൂലാധാരം, സ്വാധിഷ്ഠാനം, മണിപൂരം എന്നിവ അത്യാവശ്യമാണ്. ഇവയുടെ മാറ്റത്തിലൂടെയും, വിവിധ തരത്തിൽ ചേർക്കുന്നതിലൂടെയും പല വിധത്തിലുള്ള യോഗ അധ്യാപന കേന്ദ്രങ്ങൾ ഉയർന്നു വന്നിട്ടുണ്ട്.