ചോദ്യം: യോഗചര്യയിലൂടെ മനസ്സിനെ മറികടക്കാന്‍ എങ്ങിനെ കഴിയും?

സദ്ഗുരു: യോഗമുറകളെല്ലാം മനസ്സിന്‍റെ പരിമിതികളെ മറികടക്കാനുള്ളതാണ്. നിങ്ങള്‍ മനസ്സിന്‍റെ അധീനതയിലായിരിക്കുന്നിടത്തോളം ഭൂതകാലമാണ് നിങ്ങളെ ഭരിക്കുക; എന്തെന്നാല്‍ മനസ്സ് കഴിഞ്ഞു പോയ സംഭവങ്ങളുടെ ശേഖരമാണ്. മനസ്സില്‍ക്കൂടി മാത്രമാണ് ജീവിതത്തെ വീക്ഷിക്കുന്നതെങ്കില്‍, നിങ്ങളുടെ ഭാവി ഭൂതകാലത്തിന്‍റെ ആവര്‍ത്തനം മാത്രമായിരിക്കും; അതില്‍ കൂടുതലുമാവില്ല, കുറവുമാവില്ല. ഈ ലോകം തന്നെ അതിനൊരു ഉദാഹരണമല്ലേ? ശാസ്ത്രവും സാങ്കേതികവിദ്യയും അതുപോലുള്ള മറ്റനേകം സാധ്യതകളും എത്രയെത്ര അവസരങ്ങളാണ് നമുക്ക് മുന്‍പില്‍ തുറന്നിട്ടിരിക്കുന്നത്‌! പക്ഷേ നമ്മളിപ്പോഴും ചരിത്രത്തില്‍ ജീര്‍ണിച്ച സംഭവങ്ങള്‍ തന്നെ വീണ്ടും ആവര്‍ത്തിക്കുകയല്ലേ?

മുന്‍കര്‍മ്മങ്ങളുടെ സമാഹാരമല്ല പ്രശ്നം. പുതിയ കര്‍മ്മങ്ങളുടെ ശേഖരണം ഉണ്ടാകാതിരിക്കാന്‍ പഠിക്കണം. അതാണ് ഏറ്റവും മുഖ്യം.

സ്വന്തം ജീവിതത്തിലേക്കൊന്നു സൂക്ഷിച്ചു നോക്കിയാല്‍ നിങ്ങള്‍ക്കു കാണാം ഈ ആവര്‍ത്തനം. കാരണം, മനസ്സിന്‍റെ ഭാജകസ്ഫടികം(ക്രിസ്റ്റല്‍) മാത്രമാണ് നിങ്ങളുടെ വഴികാട്ടി. അതില്‍ നിന്ന് ഭൂതകാലത്തെക്കുറിച്ച് അനുമാനങ്ങള്‍ ലഭിക്കുന്നു. അവയില്‍ ഉറച്ചു നിന്നുകൊണ്ടു മാത്രമാണ് നിങ്ങള്‍ അവനവനെ നയിക്കുക! ഭൂതം അഥവാ ഗതകാലം നിങ്ങളുടെ മനസ്സില്‍ മാത്രമേയുള്ളൂ. ക്രിയാത്മകമായ മനസ്സാണ് ഭൂതകാലത്തിന്‍റെ കാവലാള്‍! മനസ്സിലുള്ള ശേഖരം നശിച്ചെന്നു കരുതൂ; അങ്ങനെയൊരവസ്ഥയില്‍ നിങ്ങളുടെ ഭൂതകാലം നിലനില്‍ക്കുമോ? പിന്നെ ഭൂതമില്ല, വര്‍ത്തമാനകാലം മാത്രമേയുള്ളൂ. പക്ഷേ, വര്‍ത്തമാനകാലം മാത്രമാണ് സത്യം! ഭൂതകാലം മനസ്സില്‍ മാത്രം നിലനില്‍ക്കുന്നതാണ്. വേറൊരു തരത്തില്‍ പറഞ്ഞാല്‍, മനസ്സു കര്‍മ്മമാണ്‌. മനസ്സിനെ മറികടന്നാല്‍, ഒറ്റയടിക്ക് കാര്‍മികബന്ധനത്തില്‍ നിന്ന് സ്വയമൊഴിയാന്‍ കഴിയും. കര്‍മങ്ങളെ ഓരോന്നായി പരിഹരിക്കുവാന്‍ ശ്രമിച്ചാല്‍ കോടിക്കണക്കിനു കൊല്ലങ്ങള്‍ വേണ്ടി വരും. പഴയ കര്‍മ്മങ്ങള്‍ പരിഹരിക്കുന്നതിനോടൊപ്പം പുതിയ കര്‍മ്മങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നുണ്ട്. മുന്‍കര്‍മ്മങ്ങളുടെ സമാഹാരമല്ല പ്രശ്നം. പുതിയ കര്‍മ്മങ്ങളുടെ ശേഖരണം ഉണ്ടാകാതിരിക്കാന്‍ പഠിക്കണം. അതാണ് ഏറ്റവും മുഖ്യം. പഴയതെല്ലാം സ്വയം ഇല്ലാതായിക്കൊള്ളും; അതിനായി നിങ്ങള്‍ ഒന്നും ചെയ്യേണ്ടതില്ല. അടിസ്ഥാനപരമായ കാര്യം പുതിയത് സൃഷ്ടിക്കാതിരിക്കാന്‍ പഠിക്കുക എന്നതാണ്. അങ്ങനെയെങ്കില്‍, പഴയതിനെ വിട്ടുകളയാന്‍ വളരെ എളുപ്പമാണ്.

മനസ്സിന്‍റെ അതിരുകളെ അവഗണിക്കാനായാല്‍ നിങ്ങള്‍ക്ക് കാര്‍മികബന്ധനത്തേയും പൂര്‍ണമായി മറികടക്കാം. അതിനായി നിങ്ങള്‍ പ്രത്യേകിച്ചൊന്നും ചെയ്യേണ്ടതില്ല; എന്തെന്നാല്‍ കര്‍മങ്ങളുമായി ഇടപെടുകയെന്നാല്‍, വാസ്തവത്തില്‍ ഇല്ലാത്ത ഒന്നുമായി വിളയാടുക എന്നാണ്. അതാകട്ടെ, മനസ്സ് ഒരുക്കുന്ന ഒരു കെണിയാണ്‌ താനും. വാസ്തവത്തില്‍ ഭൂതകാലം എന്നൊന്നില്ല. പക്ഷേ, ആ ശൂന്യതയോടാണ് നിങ്ങള്‍ ഇടപെടുന്നത്. അതു സത്യമാണ് എന്ന തരത്തിലാണ് നിങ്ങള്‍ പെരുമാറുന്നത്. ഇതാണ് മായ! മനസ്സാണ് അതിന്‍റെ ഭൂമിക! മനസ്സിനെ ജയിച്ചാല്‍; ഒറ്റയടിക്ക് എല്ലാത്തിനേയും മറികടക്കാം.

മനസ്സിനെ മറികടക്കാനുള്ള മാര്‍ഗം കണ്ടുപിടിക്കുക എന്നതാണ് എല്ലാ ആത്മീയശാസ്ത്രങ്ങളുടേയും ലക്ഷ്യം. മനസ്സിന്‍റെ പരിമിതികള്‍ക്കപ്പുറത്തുള്ള ജീവിതത്തെ വീക്ഷിക്കാനാണ് അവ പരിശ്രമിക്കുന്നത്.