सद्गुरु

സത്യം പറഞ്ഞാല്‍ വേദനിക്കും. ഇക്കാലത്ത് ദേവാലയങ്ങളില്‍ പോകുന്ന ഭൂരിപക്ഷവും ഒരു ശക്തിയുടേയും ആകര്‍ഷണംകൊണ്ടു പോകുന്നവരല്ല. മറിച്ച്, ഭയംകൊണ്ടും ആഗ്രഹംകൊണ്ടും പ്രേരിതരായി പോകുന്നവരാണ്.
ക്ഷേത്രം എന്ന രൂപസങ്കല്പത്തിനു പിന്നില്‍ മഹത്തായ ഒരു ശാസ്ത്രമുണ്ട്.

ചുറ്റുപാടുമുള്ള ഈ ലോകം അറിയാന്‍ നിങ്ങള്‍ ആശ്രയിക്കുന്നത് സ്വന്തം പഞ്ചേന്ദ്രിയങ്ങളെയാണ്.
ആകാശം വിശാലമായ ഒരു കാഴ്ചയാണ്. സൂര്യനും നക്ഷത്രങ്ങളും മറ്റു ഗ്രഹങ്ങളും നിങ്ങളെ ആകര്‍ഷിക്കുന്നു. അവയുടെ സ്ഥാനങ്ങള്‍ എല്ലാം കഴിഞ്ഞ് ശേഷിക്കുന്ന മഹാപ്രപഞ്ചത്തിലെ ശൂന്യത നിങ്ങള്‍ക്ക് അറിയാന്‍ കഴിഞ്ഞിട്ടുണ്ടോ?

രൂപങ്ങള്‍ കൊണ്ട് വേര്‍തിരിക്കപ്പെടാത്ത ആ ശൂന്യതയില്‍ ആനന്ദമായ ഒരു അനുഭവം മറഞ്ഞിരിക്കുന്നുണ്ട്. അത് നിങ്ങള്‍ അറിഞ്ഞ് അനുഭവിക്കാന്‍ വേണ്ടി നിര്‍മ്മിക്കപ്പെട്ട ക്ഷേത്രങ്ങള്‍ സ്വൈരഹര്‍മ്മ്യങ്ങളാണ്. ആ അനുഭവസാക്ഷാല്‍ക്കാരത്തിന് പഞ്ചേന്ദ്രിയങ്ങളുടെ സഹായം പോരാ.

ഈ ഇന്ദ്രിയങ്ങളുടെ ശാസ്ത്രത്തെ അവലംബിച്ച് പ്രപഞ്ചത്തെത്തന്നെ അറിഞ്ഞു എന്ന് മനുഷ്യന്‍ കരുതുന്നത് ഏതിനു തുല്യമാണ് എന്നറിയാമോ? സെന്‍ ഗുരുവിന്‍റെ അടുത്ത് ഒരു വാനരന്‍ വന്നു. തന്നെ ശിഷ്യനായി സ്വീകരിക്കണം എന്ന് അഭ്യര്‍ത്ഥിച്ചു. "മറ്റുള്ളവര്‍ക്കില്ലാത്ത ഒരു പ്രത്യേക കഴിവ് എനിക്കുണ്ട്, ഒരു കുതിപ്പിന് എണ്ണൂറു മരങ്ങള്‍ താണ്ടുവാന്‍ എനിക്കു കഴിയൂം" എന്ന് വീരവാദം മുഴക്കി, വാനരന്‍. അവന്‍റെ കയ്യില്‍ ഒരു കത്തി എടുത്തു കൊടുത്തിട്ട് ഗുരു പറഞ്ഞു.

രൂപങ്ങള്‍ കൊണ്ട് വേര്‍തിരിക്കപ്പെടാത്ത ആ ശൂന്യതയില്‍ ആനന്ദമായ ഒരു അനുഭവം മറഞ്ഞിരിക്കുന്നുണ്ട്. അത് നിങ്ങള്‍ അറിഞ്ഞ് അനുഭവിക്കാന്‍ വേണ്ടി നിര്‍മ്മിക്കപ്പെട്ട ക്ഷേത്രങ്ങള്‍ സ്വൈരഹര്‍മ്മ്യങ്ങളാണ്.

"ഇന്ന് നിനക്ക് എത്ര ദൂരം പോകാന്‍ കഴിയുമോ അത്രയും ദൂരെ പോവുക. എന്നിട്ട് അവിടെ ഈ കത്തി കൊണ്ട് ഒരടയാളമുണ്ടാക്കിയതിനുശേഷം മടങ്ങിവരുക" അപ്പോള്‍ ഞാന്‍ എന്‍റെ തീരുമാനം അറിയിക്കാം"
മണ്ടന്‍ പന്തയം എന്നു കരുതിയ വാനരന്‍ ഗുരുവിനെ അത്ഭുതപ്പെടുത്താന്‍ നിശ്ചയിച്ച് ഏറെ ദൂരം ചാടിക്കടന്നു. ക്ഷീണിച്ചുവെന്നു തോന്നിയപ്പോള്‍ അവിടെ കണ്ട ഒരു മരത്തില്‍ കത്തികൊണ്ട് ഒരടയാളം വെട്ടിയിട്ട് മടങ്ങിവന്നു.

"ഞാന്‍ ഏര്‍പ്പെടുത്തിയ ആ അടയാളം കാണണമെങ്കില്‍ താങ്കള്‍ മാസങ്ങളോളം സഞ്ചരിക്കേണ്ടിവരും" എന്ന് വാനരന്‍ പറഞ്ഞു "അതിന്‍റെയാവശ്യമില്ല" പുഞ്ചിരിയോടെ ഗുരു മൊഴിഞ്ഞു. എന്നിട്ട് താന്‍ ഇരുന്ന പലക ചൂണ്ടിക്കാട്ടി.

വാനരന്‍ നിര്‍മ്മിച്ച അടയാളം ആ പലകയില്‍ അതാ തെളിഞ്ഞു കിടക്കുന്നു!
ബ്രഹ്മാണ്ഡമായ ഈ പ്രപഞ്ചത്തില്‍ മനുഷ്യന്‍ പ്രയാണം ചെയ്യുന്ന ദൂരത്തിന്‍റെ അളവ് അത്രയ്ക്കേ ഉള്ളൂ. ഈ ദൂരങ്ങള്‍ക്കപ്പുറത്തേക്കുള്ള പ്രയാണത്തിനായി നിര്‍മ്മിക്കപ്പെട്ടവയാണ് ക്ഷേത്രങ്ങള്‍.
ലളിതമായി പറഞ്ഞാല്‍, ഒന്നുമില്ലാത്ത ശൂന്യതയില്‍ ഒരു വലിയ വിരിപ്പിട്ടിരിക്കുന്നു എന്ന് കരുതുക. നിങ്ങള്‍ ആ വിരിപ്പിേന്മേലാണ് ചലിച്ചുകൊണ്ടിരിക്കുന്നത്.

ഉന്നത ശക്തിവൈഭവമുള്ളവര്‍ ആ വിരിപ്പില്‍ ശാസ്ത്രീയമായി സൃഷ്ടിച്ച ദ്വാരങ്ങളാണ് ദേവാലയങ്ങള്‍. ആ ദ്വാരങ്ങള്‍ വഴി നിങ്ങള്‍ പുറത്തേക്കു തെറിച്ചു വീണാല്‍ വിരിപ്പിന് അപ്പുറമുള്ള ശൂന്യത അനുഭവിക്കാന്‍ കഴിയും. അളക്കാന്‍ ആവാത്ത ആ ശൂന്യമണ്ഡലമാണ് ശിവന്‍. ആ ശൂന്യത ഒരു രൂപം ധരിക്കുമ്പോള്‍ ആദ്യമേ വരുന്ന രൂപമാണ് ലിംഗം.

ഏതില്‍ നിന്നാണോ രൂപീകൃതമായത്, ആ ശൂന്യതയുടെ രൂപമായശിവനുമായി സംഗമിക്കാനാണ് ആദിയില്‍ ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കപ്പെട്ടത്. അക്കാലത്ത് ആഡംബരങ്ങള്‍ ഏതുമില്ലാതെ ആയിരക്കണക്കിന് ക്ഷേത്രങ്ങള്‍ ഈ ലിംഗങ്ങളുമായി നിര്‍മ്മിക്കപ്പെട്ടു. ആരെയെങ്കിലും ആകര്‍ഷിക്കണം എന്ന ലക്ഷ്യത്തോടെയല്ല അവയെല്ലാം നിര്‍മ്മിക്കപ്പെട്ടതും.

ഏതില്‍ നിന്നാണോ രൂപീകൃതമായത്, ആ ശൂന്യതയുടെ രൂപമായശിവനുമായി സംഗമിക്കാനാണ് ആദിയില്‍ ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കപ്പെട്ടത്.

കാലം കടന്നുപോകെ, മനുഷ്യന്‍റെ താല്പര്യത്തിന് മാറ്റമുണ്ടായി. ഒടുവില്‍ ലഭിക്കുന്ന മുക്തിയേക്കാള്‍ തല്‍ക്കാല ആവശ്യങ്ങള്‍ക്കു പ്രാധാന്യം ഏറി. ആ ആവശ്യങ്ങള്‍ക്ക് ഉതകുന്ന രീതിയില്‍ അവന്‍ രൂപങ്ങള്‍ സൃഷ്ടിക്കാന്‍ തുടങ്ങി.

ക്ഷേത്രനിര്‍മ്മാണത്തിന്‍റെ അടിസ്ഥാനശാസ്ത്രം അറിഞ്ഞിരുന്ന മനുഷ്യന്‍ തന്‍റെ വിവിധ ആവശ്യങ്ങളെ മുന്‍നിര്‍ത്തി് ശക്തിക്ക് ഒരു ദൈവം, സമ്പത്തിനൊരു ദൈവം, വിദ്യ നല്‍കാന്‍ ഒരു ദൈവം, സംരക്ഷിച്ച് കാക്കാന്‍ ഒരു ദൈവം എന്നിങ്ങനെ പല ദൈവങ്ങളെ സങ്കല്‍പ്പിച്ചു ക്ഷേത്രങ്ങള്‍ നിര്‍മ്മിച്ചു.
എന്നാല്‍ ഇന്നത്തെ അവസ്ഥയെന്താണ്? ക്ഷേത്രദര്‍ശനം നടത്തുന്നവരില്‍ ഭൂരിപക്ഷം ആളുകള്‍ക്കും അവിടെ ഉറഞ്ഞിരിക്കുന്ന ശക്തിവൈഭവം അറിയാനുള്ള കഴിവില്ല. അല്ലെങ്കില്‍ അതിനുള്ള അറിവില്ല. ഏതാണ് ശക്തികേന്ദ്രമായ ക്ഷേത്രം, ഏതാണ് വെറും കെട്ടിടം എന്ന് വേര്‍തിരിച്ചറിയാന്‍ പോലും അവര്‍ക്കു സാധിക്കുന്നില്ല.

മഹായോഗികളാല്‍ നിര്‍മ്മിക്കപ്പെട്ട ശക്തിക്ഷേത്രങ്ങളില്‍ പലതും ഇന്ന് ആരും അറിയാതെ, നശിച്ചുകൊണ്ടിരിക്കുന്നത് ഈ തിരിച്ചറിവ് ഇല്ലാത്തതിനാലാണ്.

നിങ്ങളെ വികാരാധീനനാക്കുന്ന, തന്ത്രം അറിയാവുന്ന ദേവാലയങ്ങളിലേക്കു നിങ്ങള്‍ ആകര്‍ഷിക്കപ്പെടുന്നു. നേട്ടങ്ങള്‍ വര്‍ഷിക്കുന്ന ദേവാലയങ്ങള്‍ എന്നു വിളംബരം ചെയ്യപ്പെടുന്നവ പ്രസിദ്ധിയാര്‍ജിക്കുന്നു. എന്നാല്‍ പ്രസിദ്ധിയുള്ളതുകൊണ്ടുമാത്രം ഒരു ക്ഷേത്രം ശക്തിസ്ഥലമാകണമെന്നില്ല.

ഈ പ്രപഞ്ചമാകെ കാണപ്പെടുന്നതെല്ലാംതന്നെ ശൂന്യതയിലെ ഒരു മഹാവിസ്ഫോടനത്തില്‍നിന്നും ചിതറിതെറിച്ചവയാണ് എന്നു ശാസ്ത്രഗവേഷണങ്ങള്‍ കണ്ടുപിടിച്ചിരിക്കുന്നു. ശൂന്യതയില്‍നിന്നും രൂപംകൊണ്ടവയെല്ലാം ആ ശൂന്യതയില്‍തന്നെ വിലയം പ്രാപിക്കുന്നു എന്ന് അനുഭവിച്ചുണരാന്‍ നിര്‍മ്മിക്കപ്പെട്ടവയാണ്, യഥാര്‍ത്ഥ ദേവാലയങ്ങള്‍.