सद्गुरु

കര്‍മ്മത്തിനു ജീവിതത്തിലുള്ള സ്വാധീനത്തെപ്പറ്റി സദ്ഗുരു സംസാരിക്കുന്നു.

ചോദ്യകര്‍ത്താവ്: അങ്ങു പറഞ്ഞു, മനുഷ്യര്‍ക്ക് ശരീരം, മനസ്സ്, വികാരം, ഊര്‍ജ്ജം എന്നിങ്ങനെ നാലു വശങ്ങള്‍ ഉണ്ടെന്ന്. അങ്ങയുടെ അഭിപ്രായത്തില്‍, ഈ നാലു വശങ്ങളില്‍ കര്‍മ്മഫലത്തിന് എന്തു സ്വാധീനമാണ് ഉള്ളത്? നമ്മള്‍ ജീവിതത്തില്‍ ഏതു നിലയിലാണെന്നതില്‍ കര്‍മ്മത്തിന്‍റെ സ്വാധീനം ഉണ്ടാകില്ലേ? ഇതൊക്കെ നമുക്ക് എങ്ങിനെ പ്രയോജനപ്പെടുത്താം?

സദ്ഗുരു: കര്‍മ്മം എന്നാല്‍ പ്രവൃത്തി എന്നാണ് അര്‍ത്ഥം. നമ്മള്‍ സംസാരിക്കുന്നത് നിങ്ങളുടെ പ്രവൃത്തിയെക്കുറിച്ചാണ്. പ്രവൃത്തിയെക്കുറിച്ചു പറയുമ്പോള്‍, നിങ്ങള്‍ പ്രവൃത്തി നാലു വിധത്തില്‍ ചെയ്യുന്നു. നിങ്ങള്‍ക്ക് നിങ്ങളുടെ ശരീരംകൊണ്ട് പ്രവൃത്തി ചെയ്യാം, നിങ്ങള്‍ക്ക് മനസ്സുകൊണ്ട് പ്രവൃത്തി ചെയ്യാം, വികാരംകൊണ്ട് പ്രവൃത്തി ചെയ്യാം, ഊര്‍ജ്ജംകൊണ്ടും പ്രവൃത്തി ചെയ്യാം. ഈ നാലു തലങ്ങളിലും പ്രവൃത്തികള്‍ തുടര്‍ച്ചയായി നടന്നുകൊണ്ടിരിക്കുന്നു. ഇവയില്‍ ചിലത് നിങ്ങള്‍ ബോധപൂര്‍വ്വം ചെയ്യുന്നതാണ്; ഒരു വലിയ പങ്ക് ബോധപൂര്‍വ്വമല്ലാതെ സംഭവിക്കുന്നു, അല്ലേ? ഈ നാലു തലങ്ങളില്‍കൂടി നിങ്ങള്‍ ചെയ്യുന്ന ഓരോ പ്രവൃത്തിയുടെയും മുദ്രകള്‍ നിങ്ങളുടെ മനസ്സില്‍ പതിഞ്ഞ് ഒരു അവശിഷ്ടമായി എപ്പോഴും കിടക്കുന്നു. ഇങ്ങനെ പതിയുന്ന മുദ്രകള്‍ കുന്നുകൂടി കാലക്രമേണ അവയുടേതായ പ്രവണതകള്‍ വളര്‍ത്തുന്നു.

ഏതു വിധത്തിലുള്ള പ്രവര്‍ത്തിയാണോ നിങ്ങള്‍ നിങ്ങളുടെ മനസ്സിലൂടെയും, വികാരങ്ങളിലൂടെയും, ശരീരത്തിലൂടെയും, ഊര്‍ജ്ജത്തിലൂടെയും നിര്‍വ്വഹിക്കുന്നത് അതിനനുസരിച്ച് നിങ്ങള്‍ നിങ്ങളുടെ സോഫ്റ്റ്‌വെയര്‍ ബോധപൂര്‍വ്വമല്ലാതെ എഴുതുകയാണ്.

ഇത് സോഫ്റ്റ്‌വെയര്‍ പോലെയാണ്. ഏതു വിധത്തിലുള്ള പ്രവര്‍ത്തിയാണോ നിങ്ങള്‍ നിങ്ങളുടെ മനസ്സിലൂടെയും, വികാരങ്ങളിലൂടെയും, ശരീരത്തിലൂടെയും, ഊര്‍ജ്ജത്തിലൂടെയും നിര്‍വ്വഹിക്കുന്നത് അതിനനുസരിച്ച് നിങ്ങള്‍ നിങ്ങളുടെ സോഫ്റ്റ്‌വെയര്‍ ബോധപൂര്‍വ്വമല്ലാതെ എഴുതുകയാണ്. ഏതു വിധത്തിലുള്ള സോഫ്റ്റ്‌വെയര്‍ ആണോ നിങ്ങള്‍ എഴുതിയത്, അതനുസരിച്ചാണ് ഈ മുഴുവന്‍ ഘടനയും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഒരിക്കല്‍ നിങ്ങള്‍ ഒരുതരത്തിലുള്ള സോഫ്റ്റ്‌വെയര്‍ എഴുതിയാല്‍, പിന്നെ മുഴുവന്‍ അംഗഘടനയും അങ്ങനെ മാത്രമേ പ്രവര്‍ത്തിക്കുകയുള്ളൂ, അല്ലേ? ഇതെഴുതിയത് മറ്റൊരു വ്യാപ്തിയൊ, പരിമാണമോ, ശക്തിയോ അല്ല, ഇത് നിങ്ങള്‍തന്നെ എഴുതിയതാണ്. പക്ഷേ കൂടുതല്‍ ഭാഗവും നിങ്ങള്‍ ബോധപൂര്‍വ്വമല്ലാതെ എഴുതിയതുകൊണ്ട്, നിങ്ങളാണ് അത് ചെയ്തതെന്ന് നിങ്ങള്‍ക്കു വിശ്വസിക്കാന്‍ കഴിയുന്നില്ല. ഉദാഹരണമായി, നിങ്ങള്‍ ഒരു മലയുടെ മുകളില്‍ കയറി, തിരിച്ചിറങ്ങുന്വോള്‍ നിങ്ങള്‍ ഒരു ചെറിയ കല്ലില്‍ തട്ടി. ആ ചെറിയ കല്ല് ഇളകി താഴേക്ക് ഉരുണ്ട് സാവധാനത്തില്‍ അതൊരു വലിയ ഹിമഗിരിയായിമാറി. അതൊരു ഗ്രാമത്തെ മുഴുവനും തുടച്ചു നീക്കി. ഇപ്പോള്‍ നിങ്ങള്‍ക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല, നിങ്ങളാണത് ചെയ്തതെന്ന്, അല്ലേ? നിങ്ങള്‍ക്ക് വിശ്വസിക്കാന്‍ കഴിയാത്തത് എന്തുകൊണ്ടെന്നാല്‍, നിങ്ങള്‍ ഒരേ ഒരു ചെറിയ കല്ലു മാത്രമെ ഇളക്കിയുള്ളൂ, പക്ഷേ താഴേക്കുരുണ്ടപ്പോള്‍ അതിനു ശക്തി കൂടി.

നിങ്ങള്‍ എന്തുതന്നെ ചെയ്താലും;, ശരീരത്തിന്‍റെയോ മനസ്സിന്‍റെയോ, വികാരങ്ങളുടെയോ, ഊര്‍ജ്ജത്തിന്‍റയോ തലത്തില്‍ എന്തുതന്നെ ചെയ്താലും, അത് അംഗഘടനയില്‍ രേഖപ്പെടുത്തപ്പെടുന്നു. ഇത്, നിങ്ങളില്‍ വളരുന്ന പല പ്രവണതകളുടെയും ആധാരമായിത്തീരുന്നു. നിങ്ങള്‍ ശേഖരിച്ച കര്‍മ്മത്തിന്‍റെ അളവും തരവും അനുസരിച്ച്, നിങ്ങളുടെ കര്‍മ്മഫലങ്ങള്‍ക്കനുസരിച്ച്, നിങ്ങളില്‍ ഒരുതരം പ്രവണത വികസിക്കുന്നു. ഈ പ്രവണതയനുസരിച്ച് നിങ്ങള്‍ ചില പ്രത്യേക ദിശകളിലേക്ക് നീങ്ങുകയും, ചില പ്രത്യേകതരം ജീവിതത്തെ നിങ്ങളിലേക്ക് ആകര്‍ഷിക്കുകയും ചെയ്യുന്നു. നിരന്തരമായി അസന്തുഷ്ടകരമായ കാര്യങ്ങള്‍ നിങ്ങളുടെ ജീവിതത്തിലേക്ക് ആകര്‍ഷിക്കുന്നതായി നിങ്ങള്‍ കാണുന്നുവെങ്കില്‍, യാതൊരു കാരണവുമില്ലാതെ നിങ്ങള്‍ എല്ലാ തെറ്റായ ആളുകളെ കണ്ടുമുട്ടുകയും, തെറ്റായ സാഹചര്യങ്ങളില്‍ എത്തിപ്പെടുകയും ചെയ്യുന്നുവെങ്കില്‍, നിങ്ങള്‍ ആദ്യമായും പ്രധാനമായും ചെയ്യേണ്ട കാര്യം ഇതാണ് - ഒരു ചുവടു പുറകിലേക്ക് വയ്ക്കുക, ഇരുന്ന് ധ്യാനനിമഗ്നനാകുക. എന്നിട്ട്, നിങ്ങള്‍ക്കുള്ളില്‍ നിങ്ങള്‍ ഏതെല്ലാം സോഫ്റ്റ് വെയര്‍ ബോധപൂര്‍വ്വമല്ലാതെ എഴുതിയോ, അതെല്ലാം എങ്ങനെ തിരുത്തിയെഴുതാമെന്നു നോക്കുക. അതു വളരെ പ്രധാനമാണ്.