സ്ഥായിയായ സന്തോഷവും പരമമായ സംയോഗവും എന്ന അവസ്ഥ പ്രാപിക്കുന്നതിനു പല മാര്‍ഗങ്ങളുണ്ട്. പക്ഷേ, അവയെ സന്തുലിതമായും സംയോജിതമായും മാത്രമേ സമീപിക്കാവൂ എന്നതു പ്രധാനമാണ്. ഈ വ്യത്യസ്ത മാര്‍ഗങ്ങള്‍ തമ്മില്‍ വാസ്തവത്തില്‍ ഒരു ഉച്ചനീചത്വ വിഭജനമില്ല. യോഗ, അക്കാര്യത്തില്‍ പൂര്‍ണമായും നിഷ്പക്ഷമാണ്. അടിസ്ഥാനപരമായി നിങ്ങള്‍ ആരാണ് എന്നതിന്‍റെ എല്ലാ വശവും ഉപയോഗപ്പെടുത്തി, അതു നിങ്ങളെ അന്തിമലക്ഷ്യത്തില്‍ എത്തിക്കുന്നു.

നിങ്ങളുടെ ഇപ്പോഴത്തെ ധാരണയില്‍, ഒരളവുവരെ നിങ്ങള്‍ എന്നതു നിങ്ങളുടെ ശരീരം തന്നെയാണ്. പരിണാമപ്രക്രിയ ത്വരിതപ്പെടുത്താനായി ശരീരത്തെ ഉപയോഗപ്പെടുത്തുന്നതിനു ഹഠയോഗ എന്നു പറയുന്നു.'ഹ' എന്നത് സൂര്യനെയും 'ഠ' എന്നത് ചന്ദ്രനെയും സൂചിപ്പിക്കുന്നു. മനുഷ്യശരീരസംവിധാനത്തില്‍ ഈ രണ്ടു തലങ്ങള്‍ തമ്മിലുള്ള സമീകരണം നേടിയടുക്കുന്ന ശാസ്ത്രമാണ് ഹഠയോഗ.

ശരീരത്തിന് അതിന്‍റേതായ നിലപാടും പ്രതിരോധങ്ങളും സ്വാഭാവിക ഗുണവിശേഷങ്ങളുമുണ്ട്. 'നാളെ മുതല്‍ രാവിലെ അഞ്ചു മണിക്ക് ഉണരും. എന്നിട്ടു നടക്കാന്‍ പോകും' എന്നു നിങ്ങള്‍ തീരുമാനിച്ച് അലാറവും സജ്ജമാക്കിയെന്നിരിക്കട്ടെ. രാവിലെ ബെല്ലടിക്കും, നിങ്ങള്‍ ഒന്നനങ്ങും; പക്ഷേ, ശരീരം പറയും: 'മിണ്ടാതെ കിടന്നുറങ്ങ്!' അങ്ങനെയാണു പലപ്പോഴും. ഹഠയോഗ ശരീരത്തെ ചില അച്ചടക്കങ്ങള്‍ക്കു വഴിപ്പെടുത്താനും ശരീരത്തെ ശുദ്ധീകരിക്കാനും ഉയര്‍ന്ന ഊര്‍ജതലങ്ങള്‍ക്കും മഹത്തായ സാധ്യതകള്‍ക്കും വേണ്ടി സജ്ജമാക്കാനുമുള്ള രീതിയാണ്.

ഹഠയോഗ ശരീരത്തെ ചില അച്ചടക്കങ്ങള്‍ക്കു വഴിപ്പെടുത്താനും ശരീരത്തെ ശുദ്ധീകരിക്കാനും ഉയര്‍ന്ന ഊര്‍ജതലങ്ങള്‍ക്കും മഹത്തായ സാധ്യതകള്‍ക്കും വേണ്ടി സജ്ജമാക്കാനുമുള്ള രീതിയാണ്.

ഹഠയോഗ കേവലം അഭ്യാസങ്ങളല്ല. ശരീരത്തിന്‍റെ പ്രവര്‍ത്തനത്തെക്കുറിച്ചു മനസ്സിലാക്കാനും, സവിശേഷമായ ഒരു പരിതസ്ഥിതി സൃഷ്ടിച്ചു ചില പ്രത്യേക ശാരീരിക ക്രമീകരണത്തിലൂടെ നിങ്ങളുടെ ഊര്‍ജത്തെ ഒരു നിശ്ചിത മാര്‍ഗത്തിലേക്കു തന്നെ തിരിച്ചുവിടാനുമാണ്, ഹഠയോഗ ശ്രമിക്കുന്നത്. വ്യത്യസ്ത ആസനങ്ങളുടെയും യോഗമുറകളുടെയും ലക്ഷ്യം ഇതാണ്. നിങ്ങളുടെതന്നെ ആ ഉന്നതപ്രകൃതിയെ പ്രാപിക്കുന്നതിന് ഉതകുന്നതത്രേ യോഗാസനങ്ങള്‍. നിങ്ങളുടെ ആന്തരിക ജ്യാമിതിയെ ബാഹ്യപ്രപഞ്ചത്തിന്‍റെ ജ്യാമിതിയുമായി സമീകരിക്കുന്ന ശാസ്ത്രമാണത്.

ലളിതമായി പറഞ്ഞാല്‍, കുറെക്കാലമായി നമുക്കറിയാവുന്ന ഒരാള്‍ ഇരിക്കുന്ന രീതിയില്‍ നിന്ന് അയാള്‍ക്ക് എന്തു സംഭവിക്കുന്നു എന്ന് ഏറക്കുറെ കൃത്യമായി അറിയാന്‍ സാധിക്കും. സ്വയം നിരീക്ഷിച്ചാല്‍ തന്നെ ഇതു മനസ്സിലാക്കാം. ദേഷ്യമുള്ളപ്പോള്‍ നിങ്ങള്‍ ഇരിക്കുന്ന രീതിയിലല്ല സന്തോഷമുള്ളപ്പോള്‍ ഇരിക്കുക, അതുപോലെയല്ല കുറച്ചു വിഷാദത്തിലാണെങ്കില്‍ നിങ്ങളുടെ ഇരിപ്പ്. ഓരോ മാനസികാവസ്ഥയ്ക്കും അവബോധത്തിന്‍റെ ഓരോ തലത്തിനും, അല്ലെങ്കില്‍ ശരീരത്തിന്‍റെ തന്നെ ഓരോ അവസ്ഥയ്ക്കും അനുസരിച്ച് ഓരോ ശൈലിയുണ്ട് ശരീരത്തിന്. ഈ ആശയത്തെ തിരിച്ചു പ്രയോഗിക്കുന്നതാണ് യോഗാസനങ്ങളുടെ ശാസ്ത്രം. ബോധപൂര്‍വം ശരീരത്തെ വിവിധനിലകളില്‍ വിന്യസിച്ചു നിങ്ങളുടെ അവബോധം ഉയര്‍ത്താന്‍ സാധിക്കും.

ശരീരത്തിനു നിങ്ങളുടെ ആത്മീയവളര്‍ച്ചയ്ക്കുള്ള ഉപകരണമാകാന്‍ സാധിക്കും, അതിനു തടസ്സമാകാനും സാധിക്കും. നിങ്ങളുടെ ശരീരത്തിന്‍റെ ഏതെങ്കിലും അവയവത്തിന്, കൈയ്‌ക്കോ കാലിനോ പിടലിക്കോ വേദനയുണ്ടെന്നു കരുതുക. ആ വേദന കഠിനമാണെങ്കില്‍, ഉന്നതമായ മറ്റൊന്നിനും വേണ്ടി ആഗ്രഹിക്കുക സാധ്യമല്ല. കാരണം വേദനയ്ക്കാണ് അപ്പോള്‍ നിങ്ങളുടെ ജീവിതത്തില്‍ മുഖ്യസ്ഥാനം. നടുവേദനയുള്ളപ്പോള്‍ നിങ്ങള്‍ക്കു ലോകത്തിലെ ഏറ്റവും വലിയ പ്രശ്‌നം നടുവേദന തന്നെയാണ്. മറ്റുള്ളവര്‍ക്ക് അതു മനസ്സിലാവുകയില്ല; പക്ഷേ നിങ്ങള്‍ക്ക് അതുതന്നെയാണ് ഏറ്റവും വലിയ പ്രശ്‌നം. ദൈവം പ്രത്യക്ഷപ്പെട്ടാലും നടുവേദന മാറ്റിത്തരാനേ നിങ്ങള്‍ ആവശ്യപ്പെടുകയുള്ളൂ. മറ്റൊന്നും അപ്പോള്‍ ആവശ്യപ്പെടില്ല. കാരണം ശരീരത്തിന് അത്രയാണ് സ്വാധീനം. അതുപ്രവര്‍ത്തിക്കേണ്ടവിധം പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍, ജീവിതത്തിന്‍റെ മറ്റെല്ലാ ആഗ്രഹങ്ങളെയും അപഹരിക്കാന്‍ അതിനു സാധിക്കും. ശരീരത്തിനു വേദന വന്നുകഴിഞ്ഞാല്‍ നിങ്ങളുടെ മറ്റ് ആഗ്രഹങ്ങളെല്ലാം പോയിമറയുന്നു. വേദന അനുഭവിക്കുമ്പോഴും അതീതതലത്തെ അന്വേഷിക്കാനുള്ള ശേഷി പലര്‍ക്കുമില്ല.

നട്ടെല്ലിനു ക്ഷതമേറ്റ അനേകം പേര്‍ ലളിതമായ യോഗാസനം ശീലിച്ചു വേദനയില്‍നിന്നു മോചനം നേടിയിട്ടുണ്ട്. ശസ്ത്രക്രിയ വേണമെന്നു ഡോക്ടര്‍മാര്‍ വിധിച്ച എത്രയോ കേസുകളില്‍ അതൊഴിവാക്കാന്‍ സാധിച്ചിട്ടുണ്ട്. പിന്നീടൊരിക്കലും ഞരമ്പുരോഗവിദഗ്ധന്‍റെ അടുത്തു പോകേണ്ട ആവശ്യമില്ലാത്ത തരത്തില്‍ നട്ടെല്ലിന്‍റെ ആരോഗ്യം വീണ്ടെടുക്കാന്‍ സാധിക്കും. നട്ടെല്ലു മാത്രമല്ല, നിങ്ങള്‍ തന്നെ കൂടുതല്‍ വഴക്കമുള്ളയാളായി മാറും. ഈ വഴക്കം വന്നുകഴിയുമ്പോള്‍ നിങ്ങള്‍ക്കു ശ്രദ്ധിക്കാനുള്ള സന്നദ്ധതയുണ്ടാകും. മറ്റൊരാള്‍ സംസാരിക്കുന്നതു കേള്‍ക്കാനുള്ള കഴിവല്ല അത്. ജീവിതത്തെ ശ്രദ്ധിക്കാനുള്ള സന്നദ്ധതയാണത്. ശ്രദ്ധിക്കാന്‍ പഠിക്കുക എന്നതത്രേ ബുദ്ധിപൂര്‍വമുള്ള ജീവിതത്തിന്‍റെ കാതല്‍.

ശരീരം ഒരു വിഘ്‌നമാകുന്നില്ല എന്ന് ഉറപ്പുവരുത്താനായി കുറച്ചു പരിശ്രമവും സമയവും നീക്കിവെക്കുകയെന്നതു വളരെ പ്രധാനം. വേദനയനുഭവിക്കുന്ന ശരീരം തടസ്സമാകാം, നിര്‍ബന്ധങ്ങളുള്ള ശരീരവും തടസ്സമാകാം. ദാഹം, വിശപ്പ്, കാമം തുടങ്ങിയ സാധാരണ ചോദനകള്‍ നിര്‍ബന്ധങ്ങളായി മാറിക്കഴിയുമ്പോള്‍, പിന്നെ ശരീരത്തിന്‍റെ ഭൗതികതയ്ക്കപ്പുറത്തേക്കു നോക്കാന്‍ കഴിയില്ല. ഭൗതിക ശരീരമെന്നതു നിങ്ങളുടെ ഒരു ഭാഗം മാത്രമാണെന്ന പരമാര്‍ഥം വളരെ എളുപ്പം മറന്നുപോകാം. അതു നിങ്ങളുടെ സമഗ്രതയാകരുത്. ഭൗതികശരീരത്തെ അതിന്‍റെ സഹജാവസ്ഥയില്‍ എത്തിക്കുവാന്‍ യോഗാസനങ്ങള്‍ സഹായിക്കുന്നു.

ധ്യാനത്തിന്‍റെ ആഴങ്ങളിലേക്കിറങ്ങുമ്പോള്‍, നിങ്ങളുടെ ഊര്‍ജം മുകളിലേക്കുയരുന്നു. അത് അനുഭവത്തിന്‍റെ ഉത്കൃഷ്ട തലങ്ങള്‍ തുറന്നുതരുന്നു. അക്കാരണത്താല്‍ത്തന്നെ ഉടലിന്‍റെ നാളികകള്‍ ഇതിനനുകൂലമായി വര്‍ത്തിക്കേണ്ടതുണ്ട്. ധ്യാനത്തിന്‍റെ തീവ്രതയിലേക്കു പ്രവേശിക്കുന്നതിനു മുന്‍പു ശരീരത്തെ പാകപ്പെടുത്തുകയെന്നതു വളരെ പ്രധാനമാകുന്നു. ഊര്‍ജത്തിന്‍റെ മുകളിലേക്കുള്ള ഈ കുതിപ്പിനെ കൈകാര്യം ചെയ്യാന്‍ ശരീരത്തെ സജ്ജമാക്കുകയാണ് ഹഠയോഗ ചെയ്യുന്നത്.

ധ്യാനത്തിന്‍റെ തീവ്രതയിലേക്കു പ്രവേശിക്കുന്നതിനു മുന്‍പു ശരീരത്തെ പാകപ്പെടുത്തുകയെന്നതു വളരെ പ്രധാനമാകുന്നു. ഊര്‍ജത്തിന്‍റെ മുകളിലേക്കുള്ള ഈ കുതിപ്പിനെ കൈകാര്യം ചെയ്യാന്‍ ശരീരത്തെ സജ്ജമാക്കുകയാണ് ഹഠയോഗ ചെയ്യുന്നത്.

പലര്‍ക്കും ആത്മീയവളര്‍ച്ച പ്രശ്‌നഭരിതവും വേദനാജനകമാകുന്നതിന്‍റെ കാരണം ഈ തയ്യാറെടുപ്പു നടന്നിട്ടില്ലാത്തതാകുന്നു. നിര്‍ഭാഗ്യവശാല്‍ അധികം മനുഷ്യരും ചെയ്യുന്നതു ബാഹ്യസന്ദര്‍ഭങ്ങള്‍കൊണ്ടു കരുപ്പിടിപ്പിക്കപ്പെടാന്‍ സ്വയം അനുവദിക്കുകയാണ്. വളര്‍ച്ച വേദനാപൂര്‍ണമായേ സംഭവിക്കൂ എന്ന വിശ്വാസം ഇന്നു പ്രബലമാണ്. എന്നാല്‍ അത് ആനന്ദപൂര്‍ണമായും സംഭവിക്കാം; ശരീരവും മനസ്സും മുന്‍കൂട്ടി സജ്ജമായിട്ടുണ്ടെങ്കില്‍. ആസനങ്ങള്‍ക്കു നിങ്ങളെ വളര്‍ച്ചക്കു വേണ്ട ഉറച്ച അടിത്തറ പാകി പരിവര്‍ത്തനത്തിനു സജ്ജരാക്കാന്‍ സാധിക്കും.

ഇന്ന് ആളുകള്‍ പരിശീലിക്കുന്ന ഹഠയോഗ അതിന്‍റെ പൂര്‍ണമായ ആഴത്തിലും വ്യാപ്തിയിലും ഉള്ളതല്ല. ഇന്നുകാണുന്ന 'സ്റ്റുഡിയോ യോഗ' ആ ശാസ്ത്രത്തിന്‍റെ ഭൗതികതലം മാത്രമാണ്. അതിന്‍റെ ഭൗതികവശം മാത്രം പഠിക്കുന്നതു ചാപിള്ളയെ കിട്ടുന്നതു പോലെയാണ്. പ്രയോജനമില്ലെന്നു മാത്രമല്ല, അതൊരു ദുരന്തവും കൂടിയാകുന്നു. അതിനെയൊരു സജീവപ്രക്രിയയായി അറിയണമെങ്കില്‍, യോഗയുടെ മറ്റു വശങ്ങള്‍ കൂടി ഉള്‍ച്ചേരുന്ന വിധം അത് അറിയേണ്ടതുണ്ട്.

തലകുത്തിനില്‍ക്കുകയെന്നതോ, ശ്വാസം പിടിച്ചുവെക്കുകയെന്നതോ അല്ല ഹഠയോഗ. അത് എങ്ങനെ അനുഷ്ഠിക്കപ്പെടുന്നു എന്നതിലാണ് വ്യത്യാസം. രണ്ടു ദിവസത്തെ ഒരു പരിശീലനമായി ഞാന്‍ ഹഠയോഗ പഠിപ്പിച്ചിരുന്നു. പങ്കെടുക്കുന്നവര്‍ക്ക് ആനന്ദാതിരേകം ഉണ്ടാകുമായിരുന്നു. കണ്ണില്‍ അവര്‍ക്ക് ആനന്ദാശ്രുക്കള്‍ നിറഞ്ഞിരുന്നു. ഇതെല്ലാം ആസനമുറകള്‍ പരിശീലിക്കുന്നതു വഴി മാത്രം. ഇതെന്തുകൊണ്ട് എപ്പോഴും സംഭവിക്കുന്നില്ല? കാരണം ഹഠയോഗ പരിശീലിക്കുകയെന്നത് ഒരു ലക്ഷ്യമായിത്തീര്‍ന്നുപോകുന്നു. വാസ്തവത്തില്‍ അതൊരു സജ്ജീകരിക്കല്‍ സമ്പ്രദായം മാത്രമാകുന്നു. ഇന്നു ലോകത്തില്‍ അനേകം പേര്‍ക്കു ഹഠയോഗ ശാന്തിയും ആരോഗ്യവും പ്രദാനം ചെയ്യുമ്പോള്‍, മറ്റനേകം പേര്‍ക്ക് അതൊരു വേദനാജനകമായ അഭ്യാസമാണ്. ആരോഗ്യവും സമാധാനവും മാത്രം അന്വേഷിക്കുന്നവര്‍ക്ക് ഇതു ധാരാളം മതിയാകും. എന്നാല്‍ യോഗയെ ആത്മപരിവര്‍ത്തനം നടക്കാനും പഞ്ചേന്ദ്രിയങ്ങള്‍ക്കപ്പുറമുള്ള ഗ്രഹണ - സ്വീകരണ ശേഷി ആര്‍ജിക്കാനുമുള്ള ഉപകരണമായി നിങ്ങള്‍ പരിഗണിക്കുമ്പോള്‍, ഹഠയോഗയെ അതിന്‍റെ ശാസ്ത്രീയരൂപത്തില്‍ത്തന്നെ സമീപിക്കേണ്ടതുണ്ട്.