അക്കാമഹാദേവി

AkkaMahadevi_lowres

സദ്ഗുരു: ഒരു ശിവ ഭക്തയായിരുന്നു അക്കാമഹാദേവി. ബാല്യത്തില്‍ തന്നെ ശിവാര്‍പ്പണം ചെയ്ത മനസ്സ്. കൗമാരം കടന്ന് യൗവ്വനത്തിലെത്തിയപ്പോള്‍ ശിവനെ പതിയായിട്ടും കാണാന്‍ തുടങ്ങി. അതീവ സുന്ദരിയായിരുന്ന അക്കാമഹാദേവിയെ ഒരുനാള്‍ ഒരു രാജാവ് കാണാനിട വന്നു. ആ കണ്ടുമുട്ടല്‍ വിവാഹത്തില്‍ കലാശിച്ചു. എന്നാല്‍ അക്കയുടെ മനസ്സും ബോധവും ശിവനെ ഭര്‍ത്താവായി എന്നോ വരിച്ചു കഴിഞ്ഞിരുന്നു. ഏതാനും വര്‍ഷങ്ങള്‍ നീണ്ട അസ്വസ്ഥമായ ദാമ്പത്യത്തിനൊടുവില്‍ രാജാവ് അവളെ സഭയില്‍ വിളിച്ച് വരുത്തി വിശ്വാസവഞ്ചനയുടെ കുറ്റം ചുമത്തി.

'ഹേ മഠയാ! അതിനു ഞാന്‍ നിങ്ങളുടെ ഭാര്യയേ ആയിരുന്നില്ല. 'അക്കാ മഹാദേവി പ്രതികരിച്ചു.' വിവാഹത്തെ സാമൂഹ്യാചാരത്തിന്‍റെ ധൈര്യത്തിലാവും അങ്ങനെ തോന്നുന്നത്. പക്ഷേ അത് സത്യമല്ല. എന്നിലുള്ളതെല്ലാം ഞാന്‍ എന്നേ മറ്റൊരാള്‍ക്ക് നല്‍കി കഴിഞ്ഞു!'

ഇത്രയും കേട്ടതോടെ രാജാവിന് അരിശം വന്നു, 'നിങ്ങള്‍ക്കുള്ളതെല്ലാം എന്‍റെ ദാനമല്ലേ? ആഭരണങ്ങള്‍, വസ്ത്രങ്ങള്‍, സകലതും പിന്നെങ്ങനെ നിന്‍റെ ജീവിതം മറ്റൊരുത്തന്‍റേതാവും?' അങ്ങനെ രാജസഭാമധ്യത്തില്‍ വെച്ച് അക്കാമാഹാദേവി, 18 വയസ്സു പ്രായമുള്ള ആ യുവതി തന്‍റെ ഉടയാടകള്‍ അഴിച്ച് തിരിച്ചു നല്‍കി. നഗ്നയായി കൊട്ടാരം വിട്ടിറങ്ങി. വസ്ത്രങ്ങള്‍ അഴിച്ച് മാറ്റിക്കൊണ്ട്. അവര്‍ അഴിച്ച് കളഞ്ഞത് തന്‍റെ തന്നെ അഹംഭാവത്തെ ആയിരുന്നു. ശിവ ഭക്തിയില്‍ അങ്ങേയറ്റത്തെ വൈരാഗ്യ കാവ്യങ്ങള്‍ രചിച്ചത് ആ യുവതിയായിരുന്നു. ശിവാര്‍പ്പിതമായ മനസ്സുകൊണ്ട് അവര്‍ ദേവനോട് സദാ യാചിച്ചത് ഇങ്ങനെയായിരുന്നു.

'എന്‍റെ ശിവനേ....എന്‍റെ വഴിയേ അന്നമൊന്നും വരരുതേ. നിന്‍റെ ഭാഗമായി തീരുവാനുളള എന്‍റെ കാത്തിരിപ്പും അക്ഷമയും എന്‍റെ ദേഹത്തിനും തോന്നേണമോ. ഞാന്‍ വല്ലതും കഴിച്ചാല്‍ ശരീരം അതില്‍ തൃപ്തിയടയും. എന്‍റെ ആത്മവ്യഥകള്‍ അത് അറിയാതെ പോവും. അതുകൊണ്ട് അന്നമേതും എന്‍റെ വഴിയേ വരാതിരിക്കട്ടെ. വന്നാലും എന്‍റെ കൈകളില്‍ നിന്നും അവ വായിലേക്ക് ഉയരും മുമ്പ് നിലം പതിച്ചിടട്ടേ. നിലത്തു വീണാലും, ഈ വിഡ്ഢിയായ ഞാന്‍ അതെടുക്കും മുമ്പ് ഒരു നായ വന്ന് അത് കടിച്ചെടുത്ത് ഓടി മറഞ്ഞിടട്ടേ….' അക്കാമഹാദേവിയുടെ പ്രാര്‍ത്ഥന ഇപ്രകാരമായിരുന്നു.

പൂസലര്‍

Poosalar_lowres

ദക്ഷിണേന്ത്യയിലെ ഒരു യോഗിയായിരുന്നു പൂസലര്‍. അവിടുത്തെ നാട്ടുരാജാവ് ഒരു വലിയ ശിവ ക്ഷേത്രം പണിയുന്നുണ്ടായിരുന്നു. വര്‍ഷങ്ങള്‍ നീണ്ട നിര്‍മ്മാണത്തിനൊടുവില്‍ അത് ഏതാണ്ട് പൂര്‍ത്തിയായിരുന്നു. രാജാവിന്‍റെ ചിരകാലസ്വപ്നമായിരുന്ന ശിവക്ഷേത്രം തുറക്കും മുമ്പ്, ഒരു നാള്‍ സാക്ഷാല്‍ ശിവന്‍ തന്നെ സ്വപ്നത്തില്‍ നേരിട്ട് വന്നു. 'എനിക്ക് താങ്കളുടെ ശിവ ക്ഷേത്രത്തിന്‍റെ ഉദ്ഘാടന വേളയില്‍ അവിടെ വരാന്‍ പറ്റില്ല. കാരണം ഇതേ പട്ടണത്തില്‍ താമസിക്കുന്ന പൂസലര്‍ മറ്റൊരു ദേവാലയം പണിതിരിക്കുന്നു. എനിക്കവിടെ പോവണം. അതും നാളെത്തന്നെയാണ് തുറക്കപ്പെടുന്നത്.'

ഉറക്കത്തില്‍ രാജാവ് ഞെട്ടിയുണര്‍ന്നു. വര്‍ഷങ്ങള്‍ നീണ്ട പ്രയത്‌നം, പണച്ചെലവ്, ഒടുവില്‍ ശിവന്‍ തന്നെ പറയുന്നു ശിവാലയത്തിലേക്ക് വരാനാവില്ലെന്ന്. പട്ടണവാസിയായ ഏതോ പൂസലരുടെ അമ്പലത്തിലേക്ക് പോവുകയാണെന്ന്. ആരാണാവോ ഈ പൂസലര്‍. ഞാനറിയാത്ത ഒരു പുതിയ ശിവ ക്ഷേത്രം ഈ പട്ടണത്തിലുണ്ടോ? രാജാവ് ആളെക്കുറിച്ച് അന്വേഷിക്കാന്‍ ഭടന്‍മാരെ വിട്ടു.

ഒരുപാട് അനേഷണങ്ങള്‍ക്കൊടുവില്‍ ആളെ കണ്ടെത്തി. ഒരു ചെരുപ്പുകുത്തിയാണ്. കുടിലിലാണു താമസം. രാജാവ് അവന്‍റെ അടുക്കലെത്തി. എവിടെയാ നീ പണിത ശിവ ക്ഷേത്രം? ശിവന്‍ പറയുന്നു നിന്‍റെ ക്ഷേത്രത്തിലേക്കാണ് അദ്ദേഹം വരുന്നതെന്ന്. എന്നിട്ട് അമ്പലമെവിടെ? 'ഞാന്‍ പണിത അമ്പലം എന്‍റെ ഹൃദയത്തിനുള്ളിലാണ് രാജന്‍'. പൂസലര്‍ വിനയത്തോടെ പറഞ്ഞു.

കല്ലുകള്‍ ഓരോന്നായി എടുത്തു വെച്ചു കൊണ്ട്, അയാള്‍ പതുക്കെ തന്‍റെ മനസ്സില്‍ ഒരു ശിവ ക്ഷേത്രം നിര്‍മ്മിക്കുകയായിരുന്നു. നിഷ്‌ക്കാമ ഭക്തിയോടെ ഹൃദയത്തില്‍ പണിത ശിവ ക്ഷേത്രമാണ് പണം ചെലവിട്ട് മണ്ണിലും മരത്തിലും പടുതുയര്‍ത്തിയ ക്ഷേത്രത്തേക്കാള്‍ വലിയ യാഥാര്‍ത്ഥ്യം.

സദാശിവ ബ്രഹ്മേന്ദ്ര

SadashivaBrahmendra_lowres

ദക്ഷിണേന്ത്യയില്‍ ജീവിച്ചിരുന്ന ഒരു യോഗിയായിരുന്നു സദാശിവബ്രഹ്മേന്ദ. ശരീര ബോധം അറ്റുപോയ മനസ്സായതുകൊണ്ട് അദ്ദേഹം ഒരു നിരാകായന്‍ ആയിരുന്നുവെന്നു പറയാം. നഗ്നതാബോധമൊന്നും ഇല്ലാത്തതിനാല്‍ ഉടുതുണിയും പതിവില്ലായിരുന്നു. സ്വത്തു വകകളൊന്നും കൈവശമില്ലാത്തതു കൊണ്ടാവാം, അദ്ദേഹത്തിന് അതിരുകളും ഒരു പ്രശ്‌നമല്ലായിരുന്നു. ഒരു ദിവസം കാവേരി നദിക്കരയിലുള്ള രാജ്യോദ്യാനത്തിലേക്ക് നടന്നു കയറി. രാജാവ് രാജ്ഞീ സമേതനായി വിശ്രമത്തിലായിരുന്നു. സ്ത്രീകളുടെ മുന്നില്‍ നഗ്നനായി നടന്നു വരുന്ന യോഗിയെ കണ്ട് രാജാവും അമ്പരന്നു. സദാശിവ ബ്രഹ്മേന്ദ്രനാകട്ടെ ആണ്‍ പെണ്‍ ലിംഗഭേദചിന്തയും ഇല്ലാതായിക്കഴിഞ്ഞവനായിരുന്നു.

'എന്‍റെ പത്‌നിയ്ക്കു മുമ്പാകെ ഒന്നും ഉടുക്കാതെ കടന്നു വന്ന ഈ ആഭാസന്‍ ആരാണ്?',. രാജാവ് കോപത്തോടെ ചോദിച്ചു. 'ഭടന്മാരെ ആ തെമ്മാടി ആരെന്ന് നോക്കൂ' അദ്ദേഹം ആജ്ഞാപിച്ചു. ഭടന്മാര്‍ യോഗിക്ക് പിറകേ ഓടി. യോഗി യാതൊന്നും അറിയാത്ത പോലെ മെല്ലെ നടന്നു. ഭടന്മാര്‍ക്ക് സഹികെട്ടു. ഒരുവന്‍ ഉടവാള്‍ ഊരി ആഞ്ഞുവീശി. യോഗിയുടെ വലതു കൈ അറ്റു നിലം പതിച്ചു. എന്നിട്ടും അങ്ങേര്‍ അതൊന്നും അറിഞ്ഞതേയില്ല. പിന്നേയും നടത്തം തുടര്‍ന്നു.

ഭടന്മാര്‍ ഒന്നു ഭയന്നു. ഇതൊരു സാധാരണ മനുഷ്യനല്ലെന്ന് ബോധ്യം വന്നു. കൈ അറ്റിട്ടും യാതൊരു കുലുക്കവും ഇല്ലാതെ നടക്കുന്നവന്‍! സാഷ്ടാംഗപ്രണാമം നടത്തി മാപ്പിരക്കി. ഉദ്യാനത്തിലേക്ക് തിരിച്ച് കൊണ്ടു വന്നു. അദ്ദേഹം ശിഷ്ടകാലം അവിടെ കഴിച്ച് കൂട്ടി. കാലമാകവെ ശരീരവും അവിടെ തന്നെ ഉപേക്ഷിച്ചിട്ട് പോയി.