മെയ് പൊരുള്‍ നായനാര്‍

00000000_XXX_1853-e

സദ്ഗുരു: ദക്ഷിണഭാരതത്തിലെ സമ്പല്‍സമൃദ്ധമായൊരു നഗരാധിപതിയായിരുന്നു മെയ്‌പൊരുള്‍ നായനാര്‍. അയല്‍ നാട്ടുരാജാവായ മുത്തുനാഥന് ഇങ്ങേരുടെ പേര് കേള്‍ക്കുന്നതേ കലിയായിരുന്നു. ഒരിക്കല്‍ നായനാരുടെ നഗരം കീഴടക്കാനും ശ്രമിച്ചു. പക്ഷേ പരാജയപ്പെട്ടു. കുറെ പടയാളികള്‍ കൊല്ലപ്പെട്ടത് മെച്ചം! മെയ്‌പ്പൊരുള്‍ നായനാരെ യുദ്ധത്തില്‍ കൊല്ലാനാവില്ലെങ്കില്‍ തന്ത്രത്തിലൂടെ വകവരുത്തണമെന്നായി പിന്നത്തെ ചിന്ത.

ഒരു ശിവഭക്തനായി വേഷം മാറിയ മുത്തുനാഥന്‍ നായനാരുടെ കൊട്ടാരത്തിലെത്തി. ദേഹമാസകലം ഭസ്മം പൂശി ശൈവസന്യാസിയെന്ന് സ്വയം പരിചയപ്പെടുത്തിയ മുത്തുനാഥന്‍ രാജാവിനെ കണ്ട് തന്‍റെ അദ്ധ്യാത്മിക ചിന്തകള്‍ പങ്കുവെക്കാനുള്ള അനുമതി ചോദിച്ചു. മഹാശിവഭക്തനായ നായനാര്‍, തന്നെക്കാണാന്‍ വരുന്ന ശൈവഭക്തരെ ഒരു കാരണവശാലും തടയേണ്ടതില്ല എന്നൊരു നിയമവും വെച്ചിരുന്നു. ഭക്തന്മാര്‍ മുത്തുനാഥന് നല്ല ഭക്ഷണങ്ങളും കുപ്പായങ്ങളും നല്‍കി രാജാവിന്‍റെ സ്വകാര്യ അറയിലേക്ക് പറഞ്ഞു വിട്ടു. അവിടെ രാജാവും രാജ്ഞിയും വിശ്രമത്തിലായിരുന്നു. തനിക്ക് രാജാവിനോട് മാത്രമായിട്ടാണ് സംസാരിക്കേണ്ടത്, കളളസന്യാസിയായ മുത്തുനാഥന്‍ പറഞ്ഞു. രാജ്ഞി മുറി വിട്ടിറങ്ങി. അകത്ത് മുത്തുനാഥനും മെയ്‌പ്പൊരുളും മാത്രം.

രാജാവ് തനിക്ക് അരികില്‍ എത്തിയതും മുത്തുനാഥന്‍ അരയില്‍ ഒളിപ്പിച്ച കഠാര വലിച്ചൂരി രാജാവിന്‍റെ മുതുകത്ത് കുത്തി. ആഴമേറിയ ഒരു മുറിവുമായി, രക്തത്തില്‍ കുളിച്ച്, രാജാവ് വേദന കൊണ്ട് കരഞ്ഞു. ശബ്ദം കേട്ട് കാവല്‍ഭടന്മാര്‍ ഓടി വന്നു. അകത്തെ കാഴ്ച കണ്ട് ഞെട്ടിയ അവര്‍ മുത്തുനാഥനെ കൊല്ലാനായി ആയുധങ്ങള്‍ എടുത്തു. എന്നാല്‍ ഭസ്മധാരിയായ മുത്തുനാഥനെ നോക്കിയപ്പോള്‍ രാജാവ് ഭടന്മാരോട് ഇങ്ങനെ പറഞ്ഞു. 'ഇയാള്‍ ശിവഭക്തനാണ്. ദേഹത്ത് ഭസ്മം പൂശിയിരിക്കുന്നത് കണ്ടില്ലേ. ഇയാളെ കൊല്ലേണ്ട. വിട്ടേക്ക്. നഗരാതിര്‍ത്തിയുടെ വെളിയില്‍ കൊണ്ടാക്കിയേക്കൂ. തിരിച്ച് പോയ്‌ക്കോട്ടെ' കാവല്‍ ഭടന്മാര്‍ പക്ഷേ കോപം കൊണ്ട് വിറയ്ക്കുകയായിരുന്നു. എന്നാലും രാജകല്പന ധിക്കരിക്കാന്‍ വയ്യ. അയാളെ അവര്‍ വിട്ടയച്ചു.

മെയ്‌പ്പൊരുള്‍ നായനാരുടെ ഭക്തിയില്‍ പ്രസന്നനായ ശിവന്‍ അദ്ദേഹത്തിന് മുമ്പില്‍ പ്രത്യക്ഷപ്പെട്ടു. ദേഹവിയോഗത്തിന്‍റെ അവസാന നിമിഷങ്ങളില്‍ ഭക്തനെ അനുഗ്രഹിച്ചു.

കണ്ണപ്പ നായനാര്‍

00000000_XXX_1852-e

സദ്ഗുരു: വില്ലാളി വീരനായ “തിണ്ണന്‍” ഒരുനാള്‍ നായാട്ടിനിറങ്ങി. വനാന്തരത്തിലൂടെ പോകവെ കാനനക്ഷേത്രം കണ്ടു. ശിവലിംഗമായിരുന്നു പ്രതിഷ്ഠ. തിണ്ണനും ഒരു ശിവഭക്തനായിരുന്നു. ഭഗവാന് എന്തെങ്കിലും സമര്‍പ്പിക്കണമെന്ന് അയാള്‍ക്കു തോന്നി. എന്താണു നല്‍കേണ്ടത് എന്നൊന്നും വലിയ നിശ്ചയമില്ല. വേട്ടയാടി കിട്ടിയ മാംസം ഉണ്ടായിരുന്നു കയ്യില്‍. അത് ശിവലിംഗത്തില്‍ അര്‍പ്പിച്ച് തിണ്ണന്‍ തിരിച്ചു പോയി, സന്തോഷത്തോടെ ശിവന്‍ ആ പ്രസാദം സ്വീകരിച്ചു.

ദൂരെയെങ്ങോ പാര്‍ത്തിരുന്ന ഒരു ബ്രാഹ്മണനായിരുന്നു ആ ക്ഷേത്രത്തിലെ പൂജാരി. ശിവഭക്തനാണെങ്കിലും പ്രായാധിക്യം മൂലം പൂജാരിക്ക് ദീര്‍ഘയാത്ര ചെയ്ത് കാനനക്ഷേത്രത്തിലെത്താന്‍ പ്രയാസമായിരുന്നു. അതിനാല്‍ രണ്ടാഴ്ച്ച കൂടുംതോറും ചെല്ലുകയായിരുന്നു പതിവ്. പതിവു പോലെ ബ്രാഹ്മണന്‍ അതിരാവിലെ വന്നപ്പോള്‍ ശിവലിംഗത്തിന് മേല്‍ മാംസം കിടക്കുന്നത് കണ്ട് സ്തംഭിച്ചു പോയി. ഏതോ കാട്ടുമൃഗത്തിന്‍റെ പണിയാവുമെന്ന് കരുതി എല്ലാം തൂത്തു വൃത്തിയാക്കി. പൂജകള്‍ നടത്തി തിരിച്ചു പോയി. പിറ്റേന്ന് തിണ്ണന്‍ തന്‍റെ മാംസദാനവുമായി വന്നു. പൂജാവിധികളൊന്നും അറിയാത്തതുകൊണ്ട് ലിംഗത്തിന് മുമ്പിലിരുന്ന് തന്‍റെ ദുഃഖങ്ങളൊക്കെ പറഞ്ഞു. പിന്നെ അതൊരു പതിവായി. ഒരു ദിവസം ശിവലിംഗം ഒന്നു കഴുകണമെന്ന് തോന്നി. വെള്ളം ശേഖരിക്കാന്‍ പാത്രങ്ങളൊന്നും ഇല്ലായിരുന്നതു കൊണ്ട്, അടുത്തുള്ള കാട്ടരുവിയില്‍ നിന്ന് വായില്‍ വെള്ളം നിറച്ച് ശിവലിംഗത്തിനുമേല്‍ തുപ്പുകയാണുണ്ടായത്.

പിറ്റേന്ന് ബ്രാഹ്മണന്‍ വന്നപ്പോള്‍, ശിവലിംഗത്തിനുമേല്‍ മാംസത്തിന് പുറമെ വെളളവും കണ്ടു. അതൊരിക്കലും ഒരു മൃഗം ചെയ്തതാവില്ല, തീര്‍ച്ചയായും മനുഷ്യവേല തന്നെ! അന്നും പൂജാരി അതൊക്കെ വൃത്തിയാക്കി. ശിവലിംഗ ശുദ്ധിക്കായുള്ള മന്ത്രങ്ങള്‍ ചൊല്ലി, പൂജകള്‍ നടത്തി. പിന്നീടും ശിവലിംഗം അപ്രകാരം തന്നെ അശുദ്ധമായി കിടക്കുന്നത് കണ്ടു. ഒരു ദിവസം, പൂജാരി മനസ്സു നൊന്ത് ശിവനോട് പ്രാര്‍ത്ഥിച്ചു. ' ഹേ പ്രഭോ, എങ്ങനെയാണ് അങ്ങേയ്ക്ക് ഈ അപമാനം സഹിക്കാനാവുന്നത്.?'

'പൂജാരി, നിങ്ങള്‍ അപമാനമെന്ന് പറയുന്നത്, മറ്റൊരു ഭക്തന്‍ എനിക്കര്‍പ്പിച്ച പ്രസാദമാണ്.' ശിവന്‍ അരുളി. 'അവന്‍റെ ഭക്തിക്കു മുന്നില്‍, അവന്‍ സമര്‍പ്പിക്കുന്ന ഹവിസ്സുകള്‍ സ്വീകരിക്കാന്‍ ഞാന്‍ വിവശനാണ്. അവന്‍റെ ഭക്തിയുടെ ആഴം കാണണമെന്നുണ്ടെങ്കില്‍ താങ്കള്‍ എവിടെയെങ്കിലും ഒളിഞ്ഞിരുന്ന് കാത്തിരിക്കൂ. വൈകാതെ അവന്‍ ഇവിടെ എത്തും'.

ബ്രാഹ്മണന്‍ കുറ്റിച്ചെടികള്‍ക്കിടയില്‍ മറഞ്ഞ് ഇരുന്നു. തിണ്ണന്‍ മാംസബലിയുമായി വന്നു. പക്ഷേ ഇന്ന് ശിവന്‍ തന്‍റെ ബലി സ്വീകരിക്കാതിരിക്കുന്നത് കണ്ട് അവന്‍ അമ്പരന്നു. എന്തു തെറ്റാണ് തന്‍റെ ഭാഗത്തു നിന്നുണ്ടായത് എന്നറിയാതെ വിഷമിച്ചു. ശിവലിംഗത്തിലേക്ക് സൂക്ഷിച്ച് നോക്കിയപ്പോള്‍ വലതു നേത്രത്തില്‍ നിന്ന് രക്തം ജ്വലിക്കുന്നതാണ് കണ്ടത്. രക്തശ്രാവം തടയാനായി അയാള്‍ പച്ച മരുന്നുകള്‍ പറിച്ചെടുത്ത് കണ്ണില്‍ വെച്ചു, എന്നാല്‍ രക്തസ്രാവം കൂടിയതേയുള്ളൂ. എന്നാലിനി, സ്വന്തം കണ്ണ് ശിവലിംഗത്തിന് നല്‍കാമെന്നുറച്ചു. തന്‍റെ അരപ്പട്ടയില്‍ കരുതിയിരുന്ന കത്തിയെടുത്ത്, വലതുകണ്ണ് ചൂഴ്‌ന്നെടുത്തു, ശിവലിംഗത്തില്‍ വെച്ച് കൊടുത്തു. അതില്‍ നിന്നുള്ള രക്തമൊലിപ്പ് നിന്നു. തിണ്ണന് ആശ്വാസമായി. പക്ഷേ അപ്പോഴുണ്ട് ഇടത് കണ്ണില്‍ നിന്നും രക്തം ഒലിക്കാന്‍ തുടങ്ങിയിട്ട്. ഒടുവില്‍ തന്‍റെ ഇടത് കണ്ണും അറുത്തെടുത്ത് നല്‍കാമെന്ന് നിശ്ചയിച്ചു. പക്ഷേ ശിവലിംഗത്തില്‍ അത് കൃത്യസ്ഥാനത്ത് വെക്കാന്‍ തനിക്കു പിന്നെ കണ്ണു കാണില്ലല്ലോ! അതുകൊണ്ട് ആദ്യം ശിവലിംഗത്തില്‍ ഇടതുകണ്ണിന്‍റെ സ്ഥാനത്ത് തന്‍റെ ഇടതുകാല്‍ അടയാളത്തിനായി വച്ചു. പിന്നെ കണ്ണ് ചൂഴ്‌ന്നെടുത്തു. അവന്‍റെ തീവ്രമായ ഭക്തി പ്രകടനം കണ്ട് ശിവന്‍ ഉടനടി തിണ്ണനു മുന്നില്‍ ആവിര്‍ഭവിച്ചു. അവന്‍റെ കണ്ണുകള്‍ തിരിച്ചു നല്‍കി. ഭഗവാനു വേണ്ടി ഇരു കണ്ണുകളും നല്‍കിയ ഭക്തനായതു കൊണ്ട് കണ്ണപ്പ നായനാര്‍ എന്ന പേരും കിട്ടി. കണ്ണുകള്‍ നല്‍കിയതുകൊണ്ട് കണ്ണപ്പന്‍, ശിവഭക്തന്‍ എന്നതിന്‍റെ സൂചകമായി നായനാര്‍.