അതു പോരേ? ശരീരത്തിന്‍റെ കാഴ്ചപ്പാടില്‍നിന്നു നോക്കിയാല്‍ അതു ധാരാളം. എന്നാല്‍, ഭൗതികതയ്ക്കപ്പുറമുള്ള ഒരു തലം –കൂടി ഈ വിശിഷ്ടയന്ത്രത്തില്‍ ഉള്‍ച്ചേര്‍ന്നിട്ടുണ്ട്. ഈ തലം ജീവിതത്തിന്‍റെ സ്രോതസ്സ് തന്നെയാകുന്നു. ഈ തലമാണു നമ്മളെ യഥാര്‍ഥത്തില്‍ നമ്മളാക്കുന്നത്. ജീവിതവും ജീവല്‍സ്രോതസ്സും വേറിട്ടറിയണം. ഓരോ ജീവിയിലും, ഓരോ ചെടിയിലും, ഓരോ വിത്തിലും ഈ ജീവല്‍സ്രോതസ്സ് പ്രവര്‍ത്തനനിരതമാണ്. മനുഷ്യജീവിയിലാകട്ടെ ഈ ജീവല്‍സ്രോതസ്സ് ഉല്‍ക്കൃഷ്ടമാംവിധം പ്രകടമത്രേ.

ഇതുകൊണ്ടാണ് കുറെക്കഴിയുമ്പോള്‍, ശരീരം വെച്ചുനീട്ടുന്ന കഴിവുകളും അനുഗ്രഹങ്ങളുമെല്ലാം വളരെ പെട്ടെന്ന് അപ്രസക്തവും നിസ്സാരവുമായി മാറുന്നത്. ഇതുകൊണ്ടാണ് മനുഷ്യര്‍ സദാനേരവും ശാരീരികവും ശരീരത്തിനതീതവുമായ തലവുമായുള്ള സംഘര്‍ഷത്തില്‍ ജീവിക്കുന്നത്. ശരീരത്തിന്‍റെ നിര്‍ബന്ധങ്ങളുണ്ടെങ്കിലും നാം കേവലം ശരീരമല്ലെന്നും അതിനതീതമായ ഒരു തലമുണ്ടെന്നുമുള്ള ബോധം നിങ്ങള്‍ക്കുണ്ട്.

മനുഷ്യനില്‍ രണ്ടു മൗലികപ്രേരണകളുണ്ട്. പലരും ഇവയെ പരസ്പരവിരുദ്ധമായി കാണുന്നു. സ്വയം സംരക്ഷിക്കാനുള്ള പ്രേരണയാണ് ഇതിലൊന്ന്. അതു നിങ്ങളുടെ സുരക്ഷിതത്വത്തിനായി ചുറ്റും മതിലുകള്‍ കെട്ടി ഉയര്‍ത്തുന്നു. വികസിക്കുവാനും, അപരിമേയമാകാനുള്ള ചിരപ്രേരണയാണു മറ്റൊന്ന്. ഈ രണ്ടു പ്രേരണകള്‍ - സംരക്ഷിക്കാനും വികസിക്കാനുമുള്ള പ്രേരണകള്‍- പരസ്പരം എതിര്‍ക്കുന്ന ശക്തികളല്ല. അങ്ങനെയാണെന്നു തോന്നാമെങ്കിലും, ജീവിതത്തിന്‍റെ രണ്ടുവശങ്ങളുമായി ബന്ധപ്പെട്ടവയാണവ. ഒരു ശക്തി ഈ ഭൂമിയില്‍ നിങ്ങളുടെ വേരാഴ്ത്താന്‍ സഹായിക്കുന്നു. മറ്റേതു നിങ്ങളെ അതീതമായതിലേക്കു കൊണ്ടുപോകുന്നു. സ്വയം രക്ഷിക്കാനുള്ള വാസന വാസ്തവത്തില്‍ ഭൗതിക ശരീരത്തിന്‍റെ തലത്തില്‍ ഒതുക്കി നിര്‍ത്തേണ്ടതാണ്. ഈ രണ്ടു പ്രേരണകളെയും വേര്‍തിരിച്ചു കാണാനുള്ള അവബോധം നിങ്ങള്‍ക്കുണ്ടെങ്കില്‍, യാതൊരു വൈരുധ്യവും സംഘര്‍ഷവുമില്ല. പക്ഷേ ഭൗതിക തലത്തിനോടു മാത്രം നിങ്ങള്‍ താദാത്മ്യം പ്രാപിച്ചിരിക്കുകയാണെങ്കില്‍, സംയോജിച്ചു പ്രവര്‍ത്തിക്കാന്‍ കഴിയാതെ പോവുകയും അതു സംഘര്‍ഷത്തിനു ഹേതുവാകുകയും ചെയ്യുന്നു.

ഈ അജ്ഞതയില്‍ നിന്നാണു മനുഷ്യവര്‍ഗത്തിലെ ഭൗതികതയും ആത്മീയതയും തമ്മിലുള്ള സര്‍വ സംഘര്‍ഷങ്ങളും ഉടലെടുക്കുന്നത്. 'ആത്മീയത' എന്ന പദം കൊണ്ട് ഭൗതികതയ്ക്കപ്പുറമുള്ള ഒരു തലത്തെയാണ് അര്‍ഥമാക്കുക. ഭൗതികതയുടെ പരിമിതികളെ ഉല്ലംഘിക്കാനുള്ള ആഗ്രഹം മനുഷ്യനു സഹജമാണ്. അത് അത്യന്തം സ്വാഭാവികവുമാണ്. അതിരുകളില്‍ തളച്ചിടപ്പെട്ട മനുഷ്യശരീരത്തില്‍ നിന്ന് അതിരുകളില്ലാത്ത ജീവല്‍സ്രോതസ്സിലേക്കുള്ള യാത്ര- ഇതത്രേ ആത്മീയപ്രക്രിയയുടെ അടിസ്ഥാനം.

ഇന്നു സ്വയരക്ഷയ്ക്കായി നിര്‍മിക്കുന്ന ചുമരുകളാണ് നാളെ സ്വയം ബന്ധിതമാകാനുള്ളവയാകുന്നത്. ജീവിതത്തില്‍ സുരക്ഷിതത്വത്തിനായി സൃഷ്ടിക്കുന്ന അതിര്‍വരമ്പുകള്‍ പിന്നീടു തടസ്സങ്ങളായി പരിണമിക്കാം. 'ചുമരിനെ ഇഷ്ടപ്പെടാത്ത എന്തോ ഒന്ന് എവിടെയോ ഉണ്ട്' എന്ന റോബര്‍ട്ട് ഫ്രോസ്റ്റിന്‍റെ വരികള്‍ ഈ അഗാധസത്യമാണ് ഉള്‍ക്കൊള്ളുന്നത്.

സ്വയരക്ഷയുടെ വാസന നിങ്ങളോടു സദാ പറയുന്ന ഒരു കാര്യമുണ്ട്. 'ചുമരുകള്‍ പണിതില്ലെങ്കില്‍ യാതൊരു സുരക്ഷിതത്വവുമില്ല'. അങ്ങനെ അബോധമായിത്തന്നെ നിങ്ങള്‍ ഈ ചുമരുകള്‍ കെട്ടിപ്പൊക്കാന്‍ തുടങ്ങുന്നു. പിന്നീടു നിങ്ങള്‍ക്കുതന്നെ അതൊരു പ്രശ്‌നമാകുന്നു. ഇത് അന്തമില്ലാത്ത ഒരു വിഷമവൃത്തമാണ്. പക്ഷേ സൃഷ്ടി അതീതത്തിലേക്കുള്ള വാതിലുകള്‍ നിങ്ങള്‍ക്കായി തുറന്നു തരാന്‍ മടിക്കുന്നില്ല. സൃഷ്ടിയുടെ സന്നദ്ധതയില്ലായ്മയല്ല, നിങ്ങളുടെ പ്രശ്‌നം. ചുറ്റും സ്വയം കെട്ടിയുയര്‍ത്തിയ പ്രതിരോധത്തിന്‍റെ ചുമരുകളാണു നിങ്ങള്‍ക്കു പ്രശ്‌നം.

അതു കൊണ്ടാണു യോഗശാസ്ത്രം ദൈവത്തെപ്പറ്റി ഒന്നും പറയാതിരിക്കുന്നത്. അത് ആത്മാവിനെപ്പറ്റിയോ സ്വര്‍ഗത്തെപ്പറ്റിയോ ഒന്നും പറയുന്നില്ല. അത്തരത്തിലുള്ള ചര്‍ച്ച ആളുകളെ ഭാവനാലോകത്ത് എത്തിച്ചുകളയും. നിങ്ങള്‍തന്നെ പണിതുയര്‍ത്തിയ വിഘ്‌നങ്ങളെപ്പറ്റി മാത്രമേ യോഗ സംസാരിക്കുന്നുള്ളൂ. കാരണം ഈ വിഘ്‌നങ്ങളെ മാത്രമാണു ശ്രദ്ധിക്കാനുള്ളത്. സ്രഷ്ടാവ്, നിങ്ങളുടെ ശ്രദ്ധയ്ക്കു വേണ്ടി ഒന്നും ചെയ്യുന്നില്ല. നിങ്ങളെ വരിഞ്ഞുമുറുക്കിയിരിക്കുന്ന കയറുകളും, തടസ്സപ്പെടുത്തുന്ന ഭിത്തികളും നൂറുശതമാനവും നിങ്ങളുടെ മാത്രം സൃഷ്ടിയാകുന്നു. ഇവയെ അഴിച്ചുകളയുകയും പൊളിച്ചുകളയുകയും മാത്രമേ നിങ്ങള്‍ ചെയ്യേണ്ടതുള്ളൂ. വാഴ്‌വുമായി നിങ്ങള്‍ ഒന്നും ചെയ്യേണ്ടതില്ല. നിങ്ങള്‍ സൃഷ്ടിച്ചെടുത്ത അസ്തിത്വവുമായി മാത്രമാണു നിങ്ങള്‍ക്കു പ്രവര്‍ത്തിക്കാനുള്ളത്.

ഇതിനെ ഗുരുത്വാകര്‍ഷണവും അനുഗ്രഹവുമായി താരതമ്യപ്പെടുത്താം. ഗുരുത്വാകര്‍ഷണശക്തി മനുഷ്യന്‍റെ സ്വയം പരിരക്ഷയ്ക്കുള്ള അടിസ്ഥാനവാസനയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ ഭൂമിയുമായി നമ്മള്‍ ബന്ധപ്പെട്ടുനില്ക്കുന്നതു ഗുരുത്വാകര്‍ഷണംകൊണ്ടാണല്ലോ. ഈവിധമൊരു ശരീരം ഉണ്ടായതുതന്നെ ആ ശക്തി കാരണമാകുന്നു. ഗുരുത്വാകര്‍ഷണം നിങ്ങളെ മണ്ണിലേക്കു പിടിച്ചുതാഴ്ത്തുന്നു. അതേ സമയം അനുഗ്രഹം നിങ്ങളെ പിടിച്ചുയര്‍ത്താന്‍ ശ്രമിക്കുന്നു. അസ്തിത്വത്തിന്‍റെ ഭൗതികശക്തികളില്‍നിന്നു മോചിപ്പിക്കപ്പെടുന്ന നിമിഷം, കൃപ - അനുഗ്രഹം - നിങ്ങളുടെ ജീവിതത്തില്‍ പൊട്ടിവിടരും.

ഗുരുത്വാകര്‍ഷണം സക്രിയമായിരിക്കുന്നതുപോലെ, കൃപയും സദാ സജീവമാണ്. നിങ്ങള്‍ അതു സ്വീകരിക്കാന്‍ സജ്ജമാകണമെന്നു മാത്രം. ഗുരുത്വാകര്‍ഷണ ശക്തിയുടെ കാര്യത്തില്‍, നിങ്ങള്‍ക്കു തീരുമാനിക്കാനൊന്നുമില്ല നിങ്ങള്‍ അതിന്‍റെ സ്വാധീനത്തിലാണ്.

നിങ്ങള്‍ ഭൗതികതയുമായി ഗാഢമായ താദാത്മ്യം പ്രാപിച്ചുകഴിയുമ്പോള്‍, പിന്നെ നിങ്ങള്‍ക്കു ഗുരുത്വാകര്‍ഷണം മാത്രമേ അറിയാനുണ്ടാവുകയുള്ളൂ. എന്നാല്‍ കൃപയുടെ കാര്യത്തില്‍ നിങ്ങള്‍ അതു കൈയേല്ക്കാന്‍ സ്വയം സജ്ജമാകണം. ഏതു തരത്തിലുള്ള ആത്മീയപരിശീലനമാണു നിങ്ങള്‍ നടത്തുന്നതെങ്കിലും, ആത്യന്തികമായി അനുഗ്രഹത്തിനും കൃപയ്ക്കും നിങ്ങളെ അര്‍ഹരാക്കിത്തീര്‍ക്കുകയാണ് അവയുടെ ലക്ഷ്യം.

കൃപയ്ക്കു നിങ്ങള്‍ ലഭ്യരാവുമ്പോള്‍, പൊടുന്നനെ ജീവിതത്തിന് ഇന്ദ്രജാലസമാനമായ അവസ്ഥ സംജാതമാവും. സൈക്കിള്‍ ചവിട്ടാന്‍ അറിയാവുന്ന ഒരാള്‍ നിങ്ങള്‍ മാത്രമാണെങ്കില്‍, മറ്റുള്ളവരുടെ കണ്ണില്‍ അതൊരു മാജിക് തന്നെയായിരിക്കില്ലേ! കൃപയും അതേപോലെയത്രേ. മറ്റുള്ളവര്‍ കരുതും നിങ്ങള്‍ ഒരത്ഭുതംതന്നെയാണല്ലോ എന്ന്. പക്ഷേ, നിങ്ങള്‍ക്കറിയാം ജീവിതത്തിന്‍റെ ഒരു പുതിയ തലത്തെ നിങ്ങള്‍ സ്വാഗതം ചെയ്യാന്‍ തുടങ്ങിയതാണെന്ന്. ഈ സാധ്യതയാകട്ടെ എല്ലാവര്‍ക്കും ലഭ്യമാണുതാനും.