सद्गुरु

ആത്മീയത എന്തുകൊണ്ടാണ് ജീവിതനിഷേധിയും അന്യലോകങ്ങളുമായി ബന്ധപ്പെട്ടതുമായിരിക്കുന്നത് എന്നു പലപ്പോഴും ആളുകള്‍ എന്നോടു ചോദിച്ചിട്ടുണ്ട്. എന്തുകൊണ്ടാണ് ആളുകള്‍ അങ്ങനെ ചോദിക്കുന്നത്?

ഒന്നുകില്‍ ആത്മീയത അല്ലെങ്കില്‍ ഭൗതികത ഇവയില്‍ ഏതെങ്കിലും ഒന്നുമാത്രം തെരഞ്ഞെടുക്കേണ്ടതുണ്ടോ എന്നതാണ് ചോദ്യം. നമുക്ക് എന്തുകൊണ്ട് രണ്ടും ആസ്വദിച്ചുകൂടാ? നിങ്ങളെ കൊന്നാലും അവയെ രണ്ടിനെയും വേര്‍പെടുത്താന്‍ കഴിയില്ല. നിങ്ങളുടെ ബോധത്തില്‍ അതിനനുസരിച്ച് വികാസമുണ്ടായാല്‍ അവയെ വേര്‍പെടുത്താന്‍ കഴിയും. അതുമറ്റൊരു കാര്യം. നൂറുശതമാനം ഭൗതികവാദിയായി ആരെങ്കിലുമുണ്ടോ? അതുപോലെ നൂറുശതമാനം ആത്മീയവാദിയായി ആരെങ്കിലുമുണ്ടോ? അങ്ങനെയൊന്നുമില്ല. നിങ്ങള്‍ എത്ര ആത്മീയവാദിയായാലും ശരീരത്തെ നിങ്ങളോടൊപ്പം കൂട്ടേണ്ടിവരും. അതിനു ഭക്ഷണം നല്‍കണം. കുളിക്കണം വസ്ത്രംധരിക്കണം. അതായത് നിങ്ങള്‍ അപ്പോഴും ഭൗതികവാദിതന്നെ. നിങ്ങളുടെ അസ്തിത്വത്തെ ഉപേക്ഷിച്ച് വെറും ശരീരവുമായി ജീവിക്കാനാകുമോ അതുമില്ല നിങ്ങള്‍ അപ്പോഴും ആത്മീയതയില്‍ തന്നെ.

വ്യത്യാസം ഇതുമാത്രമാണ്. ചിലര്‍ അവരുടെ ജീവിതത്തിലെ എല്ലാ കാര്യങ്ങള്‍ക്കുവേണ്ടിയും യാചിക്കുന്നു. അതേസമയം മറ്റുള്ളവര്‍ എല്ലാം തനിയെ സമ്പാദിക്കുന്നു. സുഖം സന്തോഷം സമാധാനം എന്നിങ്ങനെ അവരുടെ ജീവിതത്തിന് അത്യന്താപേക്ഷിതമായ കാര്യങ്ങള്‍ക്കുവേണ്ടിയാണ് മറ്റുള്ളവരോടു യാചിക്കുന്നത്. ഭക്ഷണം മാത്രം അവര്‍ സ്വയം സമ്പാദിക്കുന്നു. ബാക്കിയൊക്കെ യാചിച്ചാലേ ലഭിക്കൂ. മറ്റൊരു തരം ആള്‍ക്കാര്‍ അവര്‍ക്കുവേണ്ട സ്നേഹം, സമാധാനം, സന്തോഷം ഇവയൊക്കെ സ്വയമേവ നേടുന്നു. അവര്‍ ഭക്ഷണത്തിനുവേണ്ടി മാത്രമാണു യാചിക്കുന്നത്. അയാള്‍ക്ക് ആഹാരം കൂടി സമ്പാദിക്കണമെന്നുണ്ടെങ്കില്‍ അതത്ര വലിയ കാര്യമൊന്നുമല്ല. പക്ഷേ അയാള്‍ കരുതുന്നത് അതിന് അത്ര പ്രാധാന്യമൊന്നുമില്ല എന്നാണ് അതിനാല്‍ അയാള്‍ അതിനു വേണ്ടി യാചിക്കുന്നു. ഇതുമാത്രമാണ് ഒരു ലൗകികനും ത്യാഗിയായ സന്യാസിയും തമ്മിലുള്ള വ്യത്യാസം.


നിങ്ങള്‍ എന്തൊക്കെയോ കാര്യങ്ങള്‍ ചെയ്യുന്നുവെന്നു നിങ്ങള്‍ വിശ്വസിക്കുന്നു. എന്നാല്‍ മരണസമയമെത്തുമ്പോള്‍ നിങ്ങള്‍ സ്വയം ജീവിതത്തിലേക്കു തിരിഞ്ഞുനോക്കുന്നു. അപ്പോഴാണ് ബോധ്യം വരുന്നത് ചെയ്തുകൊണ്ടിരുന്നതൊക്കെ അതിജീവനത്തിനുള്ള ജടിലമായ പല കാര്യങ്ങള്‍ മാത്രമാണെന്ന്.

ഇങ്ങനെയൊക്കെയാണെങ്കിലും ഭൂരിപക്ഷം മനുഷ്യരും എന്താണു ചെയ്യുന്നത്? ഉണ്ണുന്നു, ഉറങ്ങുന്നു, പ്രത്യുല്പാദനം നടത്തുന്നു, മരിക്കുന്നു. നിങ്ങള്‍ എന്തൊക്കെയോ കാര്യങ്ങള്‍ ചെയ്യുന്നുവെന്നു നിങ്ങള്‍ വിശ്വസിക്കുന്നു. എന്നാല്‍ മരണസമയമെത്തുമ്പോള്‍ നിങ്ങള്‍ സ്വയം ജീവിതത്തിലേക്കു തിരിഞ്ഞുനോക്കുന്നു. അപ്പോഴാണ് ബോധ്യം വരുന്നത് ചെയ്തുകൊണ്ടിരുന്നതൊക്കെ അതിജീവനത്തിനുള്ള ജടിലമായ പല കാര്യങ്ങള്‍ മാത്രമാണെന്ന്. ജീവിതത്തിലെ വെറും സാധാരണ പ്രക്രിയകള്‍. അവ പുഴുവും കീടങ്ങളും പട്ടിയും പൂച്ചയും പക്ഷികളുമൊക്കെ ചെയ്യുന്നവതന്നെ. മനുഷ്യര്‍ക്ക് അവ കൂടുതല്‍ പ്രയാസകരമായിത്തീരുന്നു. മരണസമയത്ത് അവര്‍ക്കു ചുറ്റുമുള്ള സകലതും വേദനാകരമായി അവര്‍ക്ക് അനുഭവപ്പെടുന്നു. നിര്‍ഭാഗ്യവശാല്‍ വയസ്സുചെല്ലുന്തോറും അധികംപേരും വിവേകമുള്ളവരാകുന്നതിനു പകരം വ്രണിതരാകുന്നു. നിങ്ങള്‍ക്കു ചുറ്റുമുള്ള ഭൗതികകാര്യങ്ങള്‍ നിങ്ങള്‍ ആസ്വദിക്കരുതെന്നു ഞാന്‍ പറയുന്നില്ല. ശരീരത്തിലെ ലൈംഗികത നല്ലതാണ്; പഴ്സിലെ പണം നല്ലതാണ്. പക്ഷേ അവ നിങ്ങളുടെ മനസ്സിലേക്കു പ്രവേശിക്കുന്നതു മാത്രമാണു കുഴപ്പം.