सद्गुरु

പാശ്ചാത്യരാജ്യങ്ങളില്‍ പതിവുള്ള സംഭവമാണ്, ഇഷ്‌ടമുള്ള ഒരു പങ്കാളിയെ തെരഞ്ഞെടുക്കുന്നു, ഇഷ്‌ടമുള്ളിടത്തോളം കാലം ഒരുമിച്ചു ജീവിക്കുന്നു, മതി എന്നു തോന്നുമ്പോള്‍ വേര്‍പിരിയുന്നു. നിയമപരമായി അസാധുവായ ഒരു താല്‍ക്കാലിക ബന്ധം.

സദ്ഗുരു: പലര്‍ക്കും വിവാഹമെന്ന പ്രസ്ഥാനത്തില്‍ വിശ്വാസമോ താല്‍പര്യമോ ഇല്ല. ഇത് പാശ്ചാത്യരാജ്യങ്ങളില്‍ വളരെ പ്രചാരമുള്ള ഒരു സമ്പ്രദായമായിരിക്കുന്നു, അവര്‍ ഇഷ്‌ടമുള്ള ഒരുപങ്കാളിയെ തെരഞ്ഞെടുക്കുന്നു, ഇഷ്‌ടമുള്ളിടത്തോളം കാലം ഒരുമിച്ചു ജീവിക്കുന്നു, മതി എന്നു തോന്നുമ്പോള്‍ വേര്‍പിരിയുന്നു. ആ ജീവിത്തില്‍ നിയമത്തിന്‌ പങ്കില്ല.

ആദ്യം നമ്മള്‍ മനസ്സിലാക്കേണ്ടത്‌, വിവാഹം എന്നാല്‍ അടിസ്ഥാനപരമായി എന്താണ്‌ എന്നാണ്‌. എങ്ങനെയാണ്‌ അത്‌ സമൂഹത്തില്‍ വേരുറപ്പിച്ചത്‌? അല്ലെങ്കില്‍ ജീവിതം പങ്കുവെക്കുന്നത്‌ എതിര്‍ലിംഗത്തില്‍പെട്ട ഒരു വ്യക്തിയുമായിട്ടാവണം എന്ന്‍ നമ്മള്‍ ആഗ്രഹിക്കുന്നത്‌ എന്തുകൊണ്ടാണ്‌? അതിനു കാരണം പ്രകൃതിയുടെ ഒരു സൂത്രപ്പണിയാണെന്നേ പറയാനാവൂ. സൃഷ്‌ടികര്‍മ്മം അവിരാമം തുടര്‍ന്നുപോകണം, അതുകൊണ്ട് പ്രകൃതിതന്നെ മനുഷ്യനില്‍ ഇങ്ങനെയൊരു ആന്തരികചോദനയുണ്ടാക്കുന്നു. സ്വാഭാവികമായും ജീവജാലങ്ങള്‍ എതിര്‍ലിംഗത്തിലേക്ക്‌ ആകൃഷ്‌ടരാവുന്നു.

സൃഷ്‌ടികര്‍മ്മം അവിരാമം തുടര്‍ന്നുപോകണം, അതുകൊണ്ട് പ്രകൃതിതന്നെ മനുഷ്യനില്‍ ഇങ്ങനെയൊരു ആന്തരികചോദനയുണ്ടാക്കുന്നു.

പുരുഷനും സ്‌ത്രീയും തമ്മിലുള്ള വൈരുദ്ധ്യം കേവലം ശാരീരികം മാത്രമാണ്‌. മറ്റൊരു കാര്യത്തിലും അവര്‍ ഭിന്നരല്ല. എന്നാല്‍ നമ്മളൊ, ഈ വൈരുദ്ധ്യത്തെ വലിയൊരു സംഭവമായി കാണുന്നു. വംശം നിലനിര്‍ത്താനായി പ്രകൃതി ബോധപൂര്‍വ്വം ഉണ്ടാക്കിത്തീര്‍ത്ത ഒരേര്‍പ്പാടാണിത്‌. ഈ ഉള്‍പ്രേരണ ഓരോ മനുഷ്യനിലും ജന്മനാ ഉള്ളതാണ്‌. മൃഗങ്ങളിലുള്ളതിനേക്കാള്‍ മനുഷ്യനില്‍ അത്‌ കൂടുതല്‍ തീവ്രവും ശക്തവുമാണ്‌. മാത്രമല്ല മനുഷ്യന്‌ മൃഗങ്ങളേക്കാള്‍ ബുദ്ധിയും വിവേകവും കൂടുകയും ചെയ്യും. വിശേഷബുദ്ധിയുള്ള മനുഷ്യന്‍ തങ്ങളുടെ ലൈംഗികതക്ക്‌ വ്യവസ്ഥാപിതമായ രൂപഭാവങ്ങള്‍ നല്‍കി. അതാണ്‌ വിവാഹം.

ലൈംഗീകതയുടെ ആവശ്യവും ലക്ഷ്യവും സന്താനോല്‍പത്തിയാണ്‌. കുഞ്ഞുങ്ങളെ പ്രസവിച്ചു വേണ്ടതുപോലെ വളര്‍ത്തി വലുതാക്കണമെങ്കില്‍ അതിനു തക്കതായ അന്തരീക്ഷം വേണം. ആത്മാര്‍ത്ഥതയുള്ള, കര്‍ത്തവ്യബോധമുള്ള മാതാപിതാക്കള്‍ ഉണ്ടായിരിക്കണം. അത്‌ മനസ്സില്‍ കണ്ടുകൊണ്ടാണ്‌ നമ്മുടെ പൂര്‍വികന്മാര്‍ വിവാഹമെന്ന സമ്പ്രദായം രൂപപ്പെടുത്തിയിട്ടുള്ളത്‌. വിവാഹം മനുഷ്യന്റെ ലൈഗിംകചോദനയെ തൃപ്‌തിപ്പെടുത്തുന്നു, അതോടൊപ്പം ഭാവിതലമുറയെ വളര്‍ത്തിയെടുക്കാനുള്ള ചുതലയും അവരില്‍ നിക്ഷിപ്‌തമാകുന്നു. സുഭദ്രമായൊരന്തരീക്ഷത്തില്‍ വളര്‍ന്നു വലുതാവാന്‍ കുട്ടികള്‍ക്കും അവസരം ലഭിക്കുന്നു.

വിവാഹം മനുഷ്യന്റെ ലൈഗിംകചോദനയെ തൃപ്‌തിപ്പെടുത്തുന്നു, അതോടൊപ്പം ഭാവിതലമുറയെ വളര്‍ത്തിയെടുക്കാനുള്ള ചുതലയും അവരില്‍ നിക്ഷിപ്‌തമാകുന്നു.

വാസ്‌തവം പറഞ്ഞാല്‍ ലൈംഗിക തൃഷ്‌ണ കേവലം ശാരീരികമായ ഒരാവശ്യം മാത്രമാണ്‌. അതാണെങ്കില്‍ ഏറെക്കാലം നമ്മളില്‍ സജീവമായിരിക്കുകയുമില്ല. ജീവിതത്തിന്റെ ഒരു പ്രത്യേക കാലയളവില്‍ മാത്രമേ അത്‌ ശക്തമായിരിക്കൂ. പിന്നെ പതുക്കെ പതുക്കെ അതില്ലാതാവുന്നു. എന്നാല്‍ എങ്ങനേയോ മനുഷ്യമനസ്സില്‍ മറിച്ചൊരു ചിന്ത സ്ഥാനമുറപ്പിച്ചിരിക്കുന്നു സ്‌ത്രീപുരുഷബന്ധത്തില്‍ ലൈംഗികതക്ക്‌ അമിതമായ പ്രാധാന്യം, അതില്ലെങ്കില്‍ ജീവിതം ശൂന്യമെന്ന തോന്നല്‍. അതുകൊണ്ടാകാം, മറ്റെല്ലാ അര്‍ത്ഥത്തിലും സുന്ദരമായ ദാമ്പത്യത്തില്‍, കാമത്തിന്റെ അഭാവം പാളിച്ചകള്‍ വരുത്തി തീര്‍ക്കുന്നത്‌. ഇണചേരാന്‍ ഒരു സ്‌ത്രീ/പുരുഷന്‍ കൂടെയില്ലെങ്കില്‍ ജീവിതം അര്‍ത്ഥശൂന്യമെന്ന വിചാരം.

യഥാര്‍ത്ഥത്തില്‍ അങ്ങനെയൊരു തോന്നലിന്റെ ആവശ്യമില്ല. അത്‌ സമൂഹം നിങ്ങളുടെ മനസ്സില്‍ പതിച്ചുചേര്‍ത്ത ഒരു ധാരണയാണ്‌. സമൂഹം അടിച്ചേല്‍പിച്ചിട്ടുള്ള ഈ വക ധാരണകള്‍ക്കപ്പുറത്തേക്കു കടന്നുചിന്തിക്കാന്‍ നമ്മളോരോരുത്തരും തയ്യാറാവണം. സ്വഛന്ദം പ്രവര്‍ത്തിക്കാന്‍ നമ്മുടെ വിവേകത്തിന്‌ നമ്മള്‍ ബോധപുര്‍വ്വം വഴിയൊരുക്കി കൊടുക്കണം.

Photo credit :https://pixabay.com/en/lovers-pair-love-sunset-romance-1259124/