സദ്ഗുരു: സമൂഹത്തില്‍ ചിലരുടെ ശ്രമം വിവാഹമെന്ന സമ്പ്രദായത്തെ പാടെ ഉന്മൂലനം ചെയ്യാനാണ്‌. അതിനുള്ള പ്രധാന കാരണം, വിവാഹമെന്ന ആചാരത്തെ നമ്മള്‍ വളരെയധികം ദുരുപയോഗപ്പെടുത്തുന്നു എന്നതാണ്‌. വിവാഹത്തെ എതിര്‍ക്കുന്നവര്‍ പറയുന്നു അതൊരു ബന്ധനമാണെന്ന്‍. അവര്‍ക്ക്‌ വേണ്ടത്‌ കെട്ടുപാടുകളൊന്നുമില്ലാത്ത ബന്ധങ്ങളാണ്‌. ഇഷ്‌ടമുള്ള ഇണയോടൊപ്പം ഇഷ്‌ടമുള്ളിടത്തോളം കാലം ഒരുമിച്ചു ജീവിക്കാനുള്ള സ്വാതന്ത്ര്യമാണ്‌ അവരുടെ ആവശ്യം.

പ്രശ്‌നം വിവാഹമെന്ന വ്യവസ്ഥയുടേതല്ല, ഇണങ്ങിച്ചേര്‍ന്നു പോകാനുള്ള മനുഷ്യന്റെ വൈമനസ്യം കൊണ്ടാണ്‌ ബന്ധങ്ങളുടെ വില കെട്ടുപോകുന്നത്‌.

ഉചിതമായ പരിഹാരങ്ങള്‍ ഇല്ലാതെ, എതിര്‍പ്പുകൊണ്ട്‌ മാത്രം പ്രയോജനമൊന്നുമില്ല. ഈ പുതിയ പ്രവണത ആധുനീകതയുടെയല്ല, ഇത് അഹംഭാവത്തിന്റെ പ്രദര്‍ശനമാണ്. അഹംഭാവത്തിന് അങ്ങനെയൊരു പ്രവണതയുണ്ട്‌, നിലവിലുള്ളതിനെ തകര്‍ക്കുക, പുതുതായൊന്ന്‍ ചമയ്ക്കുക. ഏറ്റവും വലിയ പ്രശ്നമെന്താണെന്നു വച്ചാല്‍, ഈ പുതുമയുമായി പത്തുകൊല്ലം പിന്നിട്ടാല്‍, സ്വാഭാവികമായും അതും പഴമയായിത്തീരും; ക്രമേണ ആ ഒരു സ്ഥിതിവിശേഷം മാറ്റിയെടുക്കാന്‍ പ്രയാസവുമാകും.

വിവാഹം കഴിക്കാതെ ഒരുമിച്ചുകഴിയുന്നവരുടെ ഇടയിലും കലഹങ്ങള്‍ സര്‍വസാധാരണമാണ്‌. അതു കൊണ്ട് പ്രശ്‌നം വിവാഹമെന്ന വ്യവസ്ഥയുടേതല്ല, ഇണങ്ങിച്ചേര്‍ന്നു പോകാനുള്ള മനുഷ്യന്റെ വൈമനസ്യം കൊണ്ടാണ്‌ ബന്ധങ്ങളുടെ വില കെട്ടുപോകുന്നത്‌.

എന്റെ അഭിപ്രായത്തില്‍ വിവാഹം എന്ന സമ്പ്രദായം ഇന്നത്തെ സാഹചര്യത്തില്‍ തീര്‍ത്തും വേണ്ടെന്നു വെയ്ക്കുന്നത്‌ വലിയ ബുദ്ധിമോശമാകും, കാരണം നല്ലൊരു ബദല്‍ സംവിധാനം നമ്മള്‍ ഇനിയും കണ്ടെത്തിയിട്ടില്ല. നമ്മള്‍ നമ്മുടെതന്നെ സൌകര്യത്തിനു വേണ്ടി എത്രയോ കാലം മുമ്പേ രൂപപ്പെടുത്തിയതാണിത്‌. കൂടുതല്‍ മെച്ചപ്പെട്ട ഒരു രീതി മെനഞ്ഞെടുക്കാന്‍ ഇതുവരെയായും നമുക്ക്‌ സാധിച്ചിട്ടുമില്ല. ചില പരീക്ഷണങ്ങള്‍ നടന്നിട്ടില്ല എന്നു പറയാന്‍ പറ്റില്ല. ഒന്നും വേണ്ടത്ര ഫലപ്രാപ്‌തി നേടിയില്ല എന്നതാണ്‌ വാസ്‌തവം. വിവാഹം കഴിക്കാതെ സ്വതന്ത്രരായി ഒരുമിച്ചു കഴിയുന്നവര്‍ക്കിടയിലും വേണ്ടത്ര പ്രശ്‌നങ്ങളുണ്ട്‌- ചേര്‍ന്നു പോകുന്നതിലുള്ള ബുദ്ധിമുട്ട്‌, സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ നേടാനുള്ള വെമ്പല്‍, തെറ്റിദ്ധാരണ, അസൂയ അങ്ങനെ പലതും. ജീവിതയാഥാര്‍ത്ഥ്യം എന്നുപറയുന്നത്‌ ഇതല്ലെ? ഇതെല്ലാം മുന്‍കൂട്ടി കണ്ടുകൊണ്ടുതന്നെയാണ്‌ വിവാഹം എന്ന ആചാരവും നിലവില്‍ വന്നത്‌.

നിബന്ധനകള്‍ക്കൊന്നും വിധേയമല്ലാത്ത, പരസ്‌പരം പ്രതിബന്ധതയില്ലാത്ത ബന്ധങ്ങള്‍ പങ്കാളികളില്‍ അരക്ഷിതാബോധം സൃഷ്‌ടിക്കും. ആ ഒരവസ്ഥയ്ക്ക്‌ വിവാഹം വലിയൊരു പ്രതിവിധിയാണ്‌. വഴിതെറ്റിപ്പോയാലും വലിയൊരു പരിധിവരെ വീണ്ടും ഒപ്പം ചേര്‍ന്നു പോകാനാവും. പരസ്‌പരബന്ധത്തെ പ്രതിയുള്ള പ്രതിബദ്ധത, ജീവിതത്തിന്‍റെ വ്യതിചലനത്തില്‍ കുറെയൊക്കെ നിയന്ത്രണം കൊണ്ടുവരുത്തുവാന്‍ സഹായിക്കും.

സുരക്ഷിതമല്ലാത്ത, സുദൃഢമല്ലാത്ത ബന്ധങ്ങള്‍ പാശ്ചാത്യ സമൂഹങ്ങളില്‍ സൃഷ്‌ടിക്കുന്ന പ്രശ്‌നങ്ങള്‍ വളരെ ഗുരുതരമാണ്‌. തീരെ കെട്ടുറപ്പില്ലാത്ത ബന്ധങ്ങള്‍ എപ്പോഴാണ്‌ ശിഥിലമാവുക എന്ന ആധിയാണ്‌ മിക്കവരുടെയും മനസ്സില്‍. പലരും, അവനവനു യോജിക്കാത്ത പലതിനും ഇറങ്ങി പുറപ്പെടുന്നത്‌ ആധുനികതയുടെ പേരിലാണ്‌. ജീവിതത്തില്‍ പ്രതിസന്ധികളുണ്ടാവുമ്പോള്‍ അവയെ വിവേകപൂര്‍വം നേരിടാനുള്ള മനക്കരുത്ത്‌ അധികപേര്‍ക്കും ഇല്ല.

അതേ സമയം, നിസ്സഹായതയുടെ പേരില്‍ ഇഷ്‌ടമില്ലാത്തൊരു ബന്ധത്തില്‍ അള്ളിപ്പിടിച്ചു നില്‍ക്കുക - അതും പലവിധത്തില്‍ ദോഷം ചെയ്യും. ജീവിതത്തിലെ അനിശ്ചിതാവസ്ഥ ആരേയും ക്രമേണ വിഷാദാവസ്ഥയിലെത്തിച്ചുകളയും. മനുഷ്യമനസ്സിലെ വികാരങ്ങള്‍ അത്യന്തം സങ്കീര്‍ണമാണ്‌. അവയെ കടിഞ്ഞാണഴിച്ചുവിട്ടാല്‍ മാനസികവിഭ്രാന്തിയിലേക്കാണ്‌ നയിക്കുക. ഒരു പരിധിവരെ ആളുകള്‍ക്ക്‌ നില തെറ്റാതെ കഴിഞ്ഞുകൂടാന്‍ സാധിച്ചുവെന്നു വരാം. എന്നാല്‍ ഭൂരിപക്ഷവും സമനില തെറ്റി വീഴുന്നതാണ്‌ കാണാറുള്ളത്‌. വികാരങ്ങളെ നിയന്ത്രിക്കാനും, അവക്ക്‌ ദിശാബോധം നല്‍കാനും ഓരോ വ്യക്തിയും ശ്രദ്ധിക്കേണ്ടതാണ്‌.

ഈവക പ്രശ്‌നങ്ങളെ കുറെയെങ്കിലും പരിഹരിക്കാന്‍ വേണ്ടിയാണ്‌ നമ്മുടെ പൂര്‍വികര്‍ വിവാഹമെന്ന സമ്പ്രദായം ചിട്ടപ്പെടുത്തിയിട്ടുള്ളത്‌. എന്നാല്‍ കാലപ്രവാഹത്തില്‍ അതിന്റെ പവിത്രതയും നഷ്‌ടപ്പെട്ടു എന്നത്‌ ഖേദകരം തന്നെ. അതിന്റെ ഫലമായി ഇന്ന്‍ ക്ലേശങ്ങള്‍ അനുഭവിക്കുന്നത്‌ സ്‌ത്രീകള്‍ മാത്രമല്ല, പുരുഷന്‍മാരും അവരുടേതായ രീതിയില്‍ ക്ലേശം അനുഭവിക്കുന്നുണ്ട്‌. പ്രശ്നങ്ങള്‍ തുറന്നു പറയുന്നതില്‍, പുരുഷന്‍മാരേക്കാള്‍ മുമ്പില്‍ സ്‌ത്രീകളാണെന്നു മാത്രം.

ഒരിക്കല്‍ സ്‌ത്രീ സ്വാതന്ത്ര്യത്തെ സംബന്ധിച്ചുള്ള ഒരു ചര്‍ച്ചാവേദിയില്‍ ഒരു തികഞ്ഞ സ്‌ത്രീസ്വാതന്ത്ര്യവാദി വളരെ വികാരതീവ്രതയോടെ പ്രസംഗിക്കുകയായിരുന്നു. കാലാകാലങ്ങളായി സ്‌ത്രീ സമൂഹം അനുഭവിച്ചുവരുന്ന യാതനകളെക്കുറിച്ചാണ്‌ അവര്‍ പറഞ്ഞു കൊണ്ടിരുന്നത്‌. സദസ്സില്‍ മുന്‍നിരയിലായി ഉയരം കുറഞ്ഞ, വലിയ വ്യക്തിവൈശിഷ്ട്യമൊന്നുമില്ലാത്ത ഒരു പുരുഷന്‍ ഇരുന്നിരുന്നു. വനിതാനേതാവിന്റെ പ്രസംഗത്തിനിടയില്‍ അയാള്‍ കൈപൊക്കി. അയാള്‍ക്കും എന്തോ പറയാനുണ്ടായിരുന്നു. വേദിയിലെ നേതാവ്‌ അവജ്ഞയോടെ ചോദിച്ചു,
"എന്തു വേണം?”
"എനിക്കൊരു സംഗതി ഇവിടെ അറിയിക്കാനുണ്ട്‌."
"പറഞ്ഞോളു.” നേതാവിന്‌ അക്ഷമ.
"സ്‌ത്രീകള്‍ യാതനകള്‍ സഹിച്ചിട്ടുണ്ടാവാം,” അയാള്‍ പറഞ്ഞു, ``പക്ഷെ അവര്‍ ഞങ്ങളെപ്പോലെ നിശ്ശബ്‌ദം സഹിച്ചിട്ടില്ല, അതാണ്‌ സത്യം!”

വിവാഹമെന്ന ആചാരത്തിന്റെ ദോഷങ്ങള്‍ സ്‌ത്രീകളെപോലെത്തന്നെ പുരുഷന്‍മാരും അനുഭവിക്കുന്നുണ്ട്‌; പക്ഷെ ആ വേദനകള്‍ ഒരു മുടക്കുമുതലാക്കുവാന്‍ അവര്‍ക്കു സാധിക്കുന്നില്ല. "എന്റെ ഭാര്യ എന്നെ പീഢിപ്പിക്കുന്നു” എന്നു ആവലാതിപ്പെടാന്‍ സാധാരണ ഒരു പുരുഷനും തയ്യാറാവുന്നില്ല. അത്‌ തന്റെ പൌരുഷത്തിനൊരു കളങ്കമാകുമെന്നാണ്‌ പുരുഷന്റെ ഭയം. അങ്ങനെയൊരു ഭയം സ്‌ത്രീകളുടെ പക്ഷത്തില്ലാത്തതുകൊണ്ട്‌ കാര്യങ്ങള്‍ തുറന്നു പറയാന്‍ അവര്‍ക്കു ശങ്കയുമില്ല.

സ്‌ത്രീയും പുരുഷനും വിവാഹത്തെ ഒരുപോലെ ദുരുപയോഗപ്പെടുത്തുന്നു എന്നതാണ്‌ യാഥാര്‍ത്ഥ്യം. അങ്ങനെ ഒരു നിലയിലെത്തിക്കഴിഞ്ഞാല്‍, സ്വാഭാവികമായും പലരും ചിന്തിക്കാന്‍ തുടങ്ങും, "ഈ ബന്ധം എന്തിനിങ്ങനെ അനാവശ്യമായി നീട്ടിക്കൊണ്ടുപോകണം? ഇതു കൊണ്ട് രണ്ടുപേര്‍ക്കും ബുദ്ധിമുട്ടുകള്‍ മാത്രമല്ലേയുള്ളു?”

മികച്ച ഒരു ബദല്‍ സംവിധാനം ഉണ്ടാകുന്നതുവരെ നിലവിലുള്ള ഒരു വ്യവസ്ഥിതിയേയും മാറ്റാന്‍ ശ്രമിക്കരുത്‌ എന്നേ ഞാന്‍ പറയുകയുള്ളു. ചിലര്‍ മാനസികമായി വളരെ ഉയര്‍ന്ന നിലയിലെത്തിയവരായിരിക്കും. ഒന്നിനെക്കുറിച്ചും വിശേഷിച്ചൊരു മമതയുമില്ലാതെ നിസ്സംഗരായി ജീവിക്കുവാന്‍ സാധിക്കുന്നവര്‍. എന്നാല്‍ ഭൂരിപക്ഷം പേര്‍ക്കും അത്‌ സാദ്ധ്യമല്ല. അതുകൊണ്ടാണ്‌ നമ്മുടെ പാരമ്പര്യത്തില്‍ വിവാഹത്തിന്‌ ഇത്രയും പ്രധാന്യം നല്‍കിയിരിക്കുന്നത്‌. അത്‌ ബന്ധങ്ങളെ സുഭദ്രമാക്കുന്നു. ദമ്പതികള്‍ തമ്മില്‍ പ്രതിബദ്ധത ഉണ്ടാക്കുന്നു. ഒരു ഭാരതീയനെ സംബന്ധിച്ചിടത്തോളം വിവാഹബന്ധം ഒരായുഷ്‌കാലം മുഴുവന്‍ നീണ്ടു നില്‍ക്കുന്നതാണ്‌. അതിന്‌ അതിന്റേതായ പവിത്രതയുണ്ട്‌, അന്തസ്സുണ്ട്. അര്‍ത്ഥമുണ്ട്‌.

ഒരു ഭാരതീയനെ സംബന്ധിച്ചിടത്തോളം വിവാഹബന്ധം ഒരായുഷ്‌കാലം മുഴുവന്‍ നീണ്ടു നില്‍ക്കുന്നതാണ്‌. അതിന്‌ അതിന്റേതായ പവിത്രതയുണ്ട്‌, അന്തസ്സുണ്ട്. അര്‍ത്ഥമുണ്ട്‌.

പക്ഷെ ദൌര്‍ഭാഗ്യമെന്നു പറയട്ടെ, അതിനേയും സമൂഹം ചൂഷണം ചെയ്യാനും, ദുരുപയോഗം ചെയ്യാനും തുടങ്ങിയിരിക്കുന്നു. എന്തിനും രണ്ടു വശമുണ്ട് ഗുണവും ദോഷവും. ഏതു വേണമെന്നു നിശ്ചയിക്കേണ്ടത്‌ നമ്മളാണ്‌. കുറ്റമറ്റതായി ഒരു വ്യവസ്ഥയുമില്ല. കുറ്റങ്ങളെ കണ്ടറിഞ്ഞ്‌ ഒഴിവാക്കാം, ഗുണങ്ങളെ തിരഞ്ഞെടുത്ത്‌ സ്വന്തം ജീവിതത്തെ മെച്ചപ്പെടുത്താനായി പ്രയോജനപ്പെടുത്തുകയുമാകാം.

ഒരുമിച്ചു ജീവിക്കുന്നത്‌ വിവാഹം കഴിച്ചിട്ടു വേണോ, അല്ലാതെ വേണോ? അത്തരത്തിലുള്ള തീരുമാനങ്ങള്‍ വ്യക്തിപരമായതാണ്‌. പൊതുവായി കൃത്യമായൊരു വിധിനിര്‍ണയം സാദ്ധ്യമല്ല. ജീവിതം മുഴുവന്‍ അനിശ്ചിതാവസ്ഥയില്‍ കഴിയുക - സാധാരണ ഒരാള്‍ക്ക്‌ അതിനുള്ള മനഃക്കരുത്തുണ്ടാവുകയില്ല. അതവരെ ഭ്രാന്തു പിടിപ്പിക്കും. പടിഞ്ഞാറന്‍ നാടുകളില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതും അതാണ്‌. ജീവിതത്തിലെ അനിശ്ചിതത്വം നേരിടാനാവാതെ മനസ്സിന്റെ സ്ഥിരത നഷ്‌ടപ്പെടുന്നവര്‍ അവിടെ എത്രയെത്രയാണ്‌!

സാമ്പത്തികമായി, ശാരീരികമായി, സാമൂഹ്യപരമായി.... എങ്ങും എവിടെയും അനിശ്ചിതാവസ്ഥ. അങ്ങനെ കലുഷിതമായ ഒരു സമൂഹത്തില്‍ സ്വന്തം മനസ്സിന്റെ സ്ഥിരതയെങ്കിലും സൂക്ഷിക്കാന്‍ സാധിച്ചാല്‍, അത്‌ ഏറ്റവും വലിയ അനുഗ്രഹമാവില്ലേ? അതിനേറ്റവും ആവശ്യം വൈകാരികമായ സ്വസ്ഥതയാണ്‌. അതു നിങ്ങള്‍ക്കു വേണ്ട എന്നു തോന്നുന്നുവെങ്കില്‍ വേണ്ട. പക്ഷെ വേണം എന്നുതന്നെയാണ് ഭൂരിപക്ഷംപേരും പറയുക.

pastor john's sermon blog