सद्गुरु

ശ്രദ്ധയില്ലായ്മ (ADD)/ ശ്രദ്ധയില്ലായ്മയും അമിതപ്രസരിപ്പും(ADHD) എന്നീ പ്രശ്നങ്ങൾ കഴിഞ്ഞ കുറെ പതിറ്റാണ്ടുകളായി എത്രയോ കുട്ടികളിൽ കണ്ടുവരുന്നു. ചിലപ്പോൾ മുതിർന്നവരും ഇതിനു വിധേയരായി കാണുന്നുണ്ട്. മേല്‍പ്പറഞ്ഞവ പുതിയ കാലത്തെ രോഗങ്ങളാണോ അതോ അനാവശ്യമായ ശ്രദ്ധയോടെ രോഗങ്ങൾ കണ്ടുപിടിക്കുന്നത് കൊണ്ട് ഉണ്ടാകുന്നതാണോ? സദ്ഗുരു ഇതിനെ പറ്റി എന്ത് പറയുന്നു എന്നു നോക്കാം.

ചോദ്യകർത്താവ്: സദ്ഗുരോ, ശ്രദ്ധ കേന്ദ്രീകരിക്കുവാൻ സാധിക്കാത്തത് എങ്ങിനെ പരിഹരിക്കുവാനാകുമെന്നു വിവരിക്കാമോ?

സദ്ഗുരു: നമ്മുടെ ശരീരവും, മനസ്സും കണക്കിലെടുക്കുമ്പോൾ ഒരേ കഴിവുള്ള രണ്ടു പേരെ കാണാന്‍ സാധിക്കില്ല. ഒരു മനുഷ്യന് ശാരീരികമായും, മാനസികമായും ചെയ്യുവാൻ കഴിയുന്നതെല്ലാം വേറൊരാൾക്ക് സാധിക്കണമെന്നില്ല. അതിനു ഒരു പേര് കൊടുക്കണമെന്നില്ല - 'ശ്രദ്ധ കേന്ദ്രീകരിക്കുവാനുള്ള കഴിവുകേട്' എന്നോ മറ്റോ. നിങ്ങൾ ശ്രദ്ധിക്കേണ്ടത്, നിങ്ങളുടെ കഴിവുകളെ എങ്ങിനെ പൂര്‍ണ്ണമായി ഉപയോഗിക്കാം എന്ന് മാത്രമാണ്. നിങ്ങൾക്കു ശ്രദ്ധ കേന്ദ്രീകരിക്കുവാനാണ് പ്രയാസം. എനിക്ക് ചെറുപ്പത്തിൽ ശ്രദ്ധ മാറ്റുവാനായിരുന്നു പ്രയാസം. ഞാൻ ഒരു കാര്യത്തിൽ ശ്രദ്ധിച്ചാൽ പിന്നെ അതിൽ നിന്നും ശ്രദ്ധ മാറ്റുവാൻ സാധിക്കുകയില്ല. ഞാൻ ഒരേ വസ്തുവിനെ മണിക്കൂറുകളോളം നോക്കിക്കൊണ്ടിരിക്കും. ഞാൻ അങ്ങിനെ നോക്കിക്കൊണ്ടിരിക്കുന്നത് ഒരു പ്രശ്നമായാണ് ആളുകൾ കണ്ടത്.

ശ്രദ്ധക്ക് പ്രത്യേക നിലവാരമൊന്നും ഇല്ല

ഞാൻ ഈ സന്ദർഭം കൃത്യമായി ഓർക്കുന്നു. എന്‍റെ അച്ഛൻ പഠിത്തത്തിൽ മിടുക്കനായിരുന്നു. എന്നാൽ അദ്ദേഹത്തിന് എന്നെപോലെ പഠിത്തത്തിൽ യാതൊരു ശ്രദ്ധയും ഇല്ലാത്ത ഒരു മകനുണ്ടായി. അദ്ദേഹം വളരെ അച്ചടക്കം പാലിക്കുന്ന ആളായിരുന്നു. അതിനാൽ എല്ലാ ദിവസവും വൈകുനേരം 7 മുതൽ 9 വരെ ഞങ്ങൾ എല്ലാവരും പഠിക്കണമെന്ന് നിർബന്ധമായിരുന്നു.

ഞാൻ ഒരു ടെക്സ്റ്റ് ബുക്ക് എടുക്കും - ഏതായാലും എനിക്ക് ഒരു പോലെയായിരുന്നു. ഏതെങ്കിലും ഒരു പേജ് തുറക്കും. ആ പേജിൽ ഒരു ചെറിയ കുത്തോ മറ്റോ ഞാൻ കണ്ട് പിടിക്കും - പേപ്പറിലെ ഒരു പാടായിരിക്കും അത്. ഞാൻ അതിൽ തന്നെ നോക്കിയിരിക്കും. അത് എന്‍റെ ശ്രദ്ധയെ അത്രയും ആകർഷിച്ചതുകൊണ്ട് ആ രണ്ട് മണിക്കൂറും ഞാൻ അത് തന്നെ നോക്കികൊണ്ടിരിക്കും. ഞാൻ ഒരക്ഷരം പോലും വായിച്ചില്ല. പക്ഷെ ഞാൻ തല പൊക്കി നോക്കുകയോ, അവിടെയും ഇവിടെയും നോക്കുകയോ ചെയ്യാറില്ല. എന്തെന്നാൽ ആ ബിന്ദു എന്‍റെ ശ്രദ്ധ മുഴുവനും കീഴടക്കിയിരുന്നു.


നിങ്ങള്‍ക്കു ശ്രദ്ധക്കുറവുണ്ടെന്നു ആരാണ് നിശ്ചയിക്കുന്നത്? അതിനെന്തെങ്കിലും മാനദണ്ഡം ഉണ്ടോ - ഇത്രയും ശ്രദ്ധ നിങ്ങൾക്കുണ്ടായിരിക്കണം എന്നോ, നിങ്ങൾക്ക് ഇത്രയും ശ്രദ്ധ ലഭിക്കണം എന്നോ? അങ്ങിനെ ഒരു നിശ്ചിത മാനദണ്ഡം ഇല്ല. അത് ഉണ്ടാക്കി എടുക്കുന്നതാണ്.

ആ ഒരു ബിന്ദുവിൽ ഒരു ലോകം മുഴുവൻ അടങ്ങിയിട്ടുണ്ട്. എത്രയോ ആളുകൾ അവരുടെ ജീവിതകാലം മുഴുവൻ ഒരു സൂക്ഷ്മ കണികയെയോ, ഒരു ആറ്റത്തിനെയോ മാത്രം ശ്രദ്ധിച്ച് കഴിഞ്ഞു കൂടിയിട്ടുണ്ട്. ഇത്തരത്തിലുള്ള ഒരു ബിന്ദു ഒരു ആറ്റത്തിനേക്കാൾ വലുതാണ്. എനിക്ക് ശ്രദ്ധ കൂടുതലായതു കൊണ്ട് ആളുകൾ വിചാരിച്ചു എനിക്ക് ഭ്രാന്താവുകയാണെന്ന്. അതുകൊണ്ടു നിങ്ങൾ നിങ്ങളെ തന്നെ ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ നിര്‍ണ്ണയിക്കാൻ ശ്രമിക്കരുത്. നിങ്ങള്‍ക്കു ശ്രദ്ധക്കുറവുണ്ടെന്നു ആരാണ് നിശ്ചയിക്കുന്നത്? അതിനെന്തെങ്കിലും മാനദണ്ഡം ഉണ്ടോ - ഇത്രയും ശ്രദ്ധ നിങ്ങൾക്കുണ്ടായിരിക്കണം എന്നോ, നിങ്ങൾക്ക് ഇത്രയും ശ്രദ്ധ ലഭിക്കണം എന്നോ? അങ്ങിനെ ഒരു നിശ്ചിത മാനദണ്ഡം ഇല്ല. അത് ഉണ്ടാക്കി എടുക്കുന്നതാണ്.

അടയാളങ്ങളെ കൊണ്ടു നടക്കരുത്

നമ്മൾ നേരിടേണ്ടി വരുന്ന ഒരു പ്രശനം നമുക്ക് ചെറുപ്പം മുതലേ ലഭിക്കുന്ന ചില അടയാളങ്ങളാണ് - ഒരു തരത്തിൽ നമ്മെ അടയാളപ്പെടുത്തി കഴിഞ്ഞാൽ ജീവിതകാലം മുഴുവനും ആ അടയാളം നാം കൊണ്ടു നടക്കണം. നിങ്ങള്‍ക്ക് അഞ്ച് , ആറ് , ഏഴ് , എട്ട്, പതിനഞ്ച് അല്ലെങ്കിൽ ഇരുപതു വയസ്സുള്ളപ്പോൾ ഉണ്ടാകുന്ന ശ്രദ്ധ ഒരുപോലെ ആയിരിക്കുകയില്ല. ഈ കാലത്ത് എല്ലാവരും മാറിക്കൊണ്ടിരിക്കും. സ്‌കൂളിൽ ആദ്യമായി പോയ ദിവസം നിങ്ങള്‍ക്ക് ഒന്നും തന്നെ മനസ്സിലായിട്ടുണ്ടാകില്ല. എന്നാൽ പിന്നീട് നിങ്ങൾ നന്നായി കാര്യങ്ങൾ ചെയ്യുവാൻ കഴിവുള്ളവനായി തീർന്നിരിക്കും. അതല്ലെങ്കിൽ ഒന്നാമത്തെ ദിവസം നിങ്ങള്‍ക്കെല്ലാം മനസ്സിലായതായി തോന്നി. പക്ഷെ അതിനു ശേഷം ഒരു വര്‍ഷം മുഴുവനും ഒന്നും മനസ്സിലായില്ല.

നമ്മൾ നേരിടേണ്ടി വരുന്ന ഒരു പ്രശനം നമുക്ക് ചെറുപ്പം മുതലേ ലഭിക്കുന്ന ചില ലേബലുകളാണ് - ഒരു തരത്തിൽ നമ്മെ അടയാളപ്പെടുത്തി കഴിഞ്ഞാൽ ജീവിതകാലം മുഴുവനും ആ അടയാളം നാം കൊണ്ടു നടക്കണം.

എല്ലാവർക്കും ഒരുപോലുള്ള ശ്രദ്ധയാണോ ഉണ്ടാകുക? ഒരിക്കലുമല്ല. ക്ലാസ്സിലെന്താണ് നടക്കുന്നതെന്ന് ഞാൻ ഒരിക്കലും ശ്രദ്ധിക്കാറില്ല. കാരണം എനിക്കത് താല്‍പര്യമുണര്‍ത്തുന്നതായി തോന്നിയില്ല. എന്നാൽ മറ്റു പല കാര്യങ്ങളിലും എനിക്ക് ശ്രദ്ധിക്കുവാൻ സാധിക്കുമായിരുന്നു. എനിക്ക് ശ്രദ്ധക്കുറവ് ഉണ്ടായിരുന്നു എന്നാണോ അതിനർത്ഥം? അല്ല; എനിക്ക് അവർ ബോർഡിൽ എഴുതുന്നതിൽ ഒന്നിലും താല്‍പര്യമുണ്ടായിരുന്നില്ല എന്ന് മാത്രം.

അഭിനിവേശമുണ്ടെങ്കിലേ ശ്രദ്ധയുണ്ടാകു

നിങ്ങള്‍ക്ക് ഓർമയില്ലേ, നിങ്ങൾ ചെറുപ്പമായിരുന്നപ്പോൾ, ചില ആളുകളോട് ഒരു പ്രത്യേക ആകർഷണം ഉണ്ടായിരുന്നത്? അവരെക്കുറിച്ച് നിങ്ങൾ പ്രത്യേകമായിട്ടു ചിന്തിക്കേണ്ടിയിരുന്നില്ല; അവർ നിങ്ങളുടെ മനസ്സില്‍ ആക്രമിച്ചു കയറി. ഞാൻ ഈ ഉദാഹരണം എടുത്തത് നിങ്ങളുടെ ശരീരത്തിൽ ഈ ശ്രദ്ധയെ ഉണർത്തുന്ന ഒരു പ്രത്യേക രാസപ്രവർത്തനം ഉണ്ട് എന്നതുകൊണ്ടാണ്. മറ്റു വസ്തുക്കളിൽ ശ്രദ്ധ ഉണ്ടാകുവാൻ കുറച്ചു ശ്രമിക്കണം. പ്രാധാന്യമുള്ളതാണ് എന്ന് നിങ്ങൾക്കു തോന്നുന്ന കാര്യത്തിൽ നിങ്ങള്‍ക്ക് അതീവതാല്‍പര്യം ഉണ്ടാകണം. ആ താല്‍പര്യം ഉണ്ടെങ്കിൽ ശ്രദ്ധയും ഉണ്ടാകും. നിങ്ങള്‍ക്ക് താല്‍പര്യമുള്ള ഒരു വിഷയം കണ്ടുപിടിക്കൂ; ശ്രദ്ധ താനേ വന്നുകൊള്ളും.

നിങ്ങളുടെ മനസ്സിന്‍റെ സ്ഥിതി ഇതുവരെ എന്തുതന്നെ ആയ്രിരുന്നാലും, ഇന്നു മുതൽ അങ്ങിനെ തന്നെ ആയിരിക്കണമെന്നില്ല. മനസ്സിന്‍റെ ചട്ടക്കൂട് മാറ്റുന്നത് വളരെ എളുപ്പമായ കാര്യമാണ്. എന്തെന്നാൽ അതാണ് നിങ്ങളുടെ ഉള്ളിൽ ഉള്ളതിൽ ഏറ്റവും എളുപ്പത്തിൽ വഴങ്ങുന്ന വസ്തു. ശരീരത്തിന്‍റെ ചട്ടക്കൂട് മാറ്റുവാൻ വളരെ പ്രയാസമാണ്. എന്നാൽ അധികം ആളുകളും അവരുടെ മനസ്സിനെ കോൺക്രീറ്റ് പോലെ കട്ടിയുള്ളതാക്കിത്തീർക്കും. നിങ്ങളുടെ തല എങ്ങിനെയാണ് ഉപയോഗിക്കേണ്ടത്? കൂട്ടി മുട്ടുവാൻ മാത്രമാണോ? കോൺക്രീറ്റ് പോലെ ഉറച്ച തല അതിനു മാത്രമേ കൊള്ളുകയുള്ളു. നിങ്ങളുടെ മനസ്സിനെ വഴങ്ങുന്ന രീതിയിൽ നിലനിർത്തണം. മനസ്സ് എത്രത്തോളം വഴങ്ങുന്നതായിരിക്കുന്നുവോ അത്രത്തോളം കൂടുതൽ അതിനെ ഉപയോഗിക്കുവാനും കഴിയും. അതുകൊണ്ട് മറ്റുള്ളവർ നിങ്ങളെ എങ്ങിനെ വേണമെങ്കിലും മുദ്രകുത്തിക്കൊള്ളട്ടെ, നിങ്ങൾ ശ്രമിച്ചാൽ നിങ്ങളുടെ മനസ്സിന്‍റെ ഘടന മാറ്റുവാന്‍ സാധിക്കും.