सद्गुरु

പരിതസ്ഥിതികള്‍ എങ്ങനെ ആയിരുന്നാലും അചഞ്ചലനായി നിന്ന് ഉള്ളിന്റെയുള്ളില്‍ സമാധാനവും ആനന്ദവും അനുഭവിക്കുന്നവനു മാത്രമേ മറ്റുള്ളവരെ സഹായിക്കാന്‍ സാധിക്കുകയുള്ളൂ.

 

സദ്‌ഗുരു : നിങ്ങള്‍ക്കാഗ്രഹമില്ലെങ്കില്‍ ഈ ലേഖനത്തിന്റെ അടുത്ത വരിയിലേക്കു നിങ്ങളുടെ ശ്രദ്ധ തിരിക്കാന്‍ നിങ്ങള്‍ക്കു സാധിക്കുകയില്ല. എന്തിന്! നിങ്ങള്‍ക്കാഗ്രഹമില്ലെങ്കില്‍ നില്ക്കാന്‍ പറ്റില്ല, നടക്കാന്‍ പറ്റില്ല, ഭക്ഷണം കഴിക്കാന്‍ പറ്റില്ല. ആഗ്രഹമുള്ളതു കൊണ്ടാണു കഴിക്കുന്നതെന്നാരു പറഞ്ഞു? വിശപ്പിനു വേണ്ടിയാണ് കഴിക്കുന്നത് എന്നു നിങ്ങള്‍ വാദിച്ചേക്കാം.

നല്ല വിശപ്പുള്ള സമയത്ത് ഒരു ബന്ധുഗൃഹത്തില്‍ നിങ്ങള്‍ പോയി എന്നു വിചാരിക്കുക. തൂശനിലയിട്ട് രുചികരമായ വിഭവങ്ങള്‍ നിങ്ങള്ക്കായി വിളമ്പിവയ്ക്കുന്നു. നിങ്ങള്‍ ആദ്യത്തെ ഉരുള വായിലേക്കു നീട്ടുമ്പോള്‍ അവിടെയുള്ള ഒരാള്‍ നിങ്ങളെ അപമാനിക്കുന്ന രീതിയില്‍ സംസാരിക്കുന്നു. പിന്നെ നിങ്ങള്‍ക്ക് കഴിക്കാന്‍ തോന്നുമോ? വിശപ്പു മാറിയില്ല, പക്ഷേ കഴിക്കാന്‍ സാധിക്കുന്നുമില്ല, എന്തുകൊണ്ട്? ആഹാരം കഴിക്കാനുള്ള ആഗ്രഹം ഇല്ലാതായി, അത്രതന്നെ.

ആഗ്രഹത്തിനു വേണ്ടി പ്രവൃത്തിക്കാതെ ആവശ്യത്തിനു വേണ്ടി പ്രവൃത്തിച്ചാലും അതു പൂര്‍ണ്ണ സംതൃപ്തി തരില്ല.

ആഗ്രഹത്തിനു വേണ്ടി പ്രവൃത്തിക്കാതെ ആവശ്യത്തിനു വേണ്ടി പ്രവൃത്തിച്ചാലും അതു പൂര്‍ണ്ണ സംതൃപ്തി തരില്ല. നിങ്ങളുടെ അടിസ്ഥാന പ്രകൃതം തന്നെ സന്തോഷവാനായിരിക്കുക എന്നുള്ളതാണ്. നിങ്ങളായിട്ടു വരുത്തിത്തീര്‍ക്കുന്ന ദു:ഖങ്ങള്‍ കാരണം സന്തോഷം ഇല്ലാതെ പോവുകയാണ്. സന്തോഷവനായിരിക്കണമെങ്കില്‍ ആദ്യം നിങ്ങള്‍ സ്വാര്‍ത്ഥനായിരിക്കണം. സ്വാര്‍ത്ഥതയില്‍ ഒട്ടും പിശുക്കുകാണിക്കാന്‍ പാടില്ല. ശരിക്കും ഒരു സ്വാര്‍ത്ഥനായിട്ടു തന്നെ ഇരിക്കുക.

ഒരിക്കല്‍ ശങ്കരന്‍ പിള്ളയുടെ മകന് പനി പിടിച്ചു. ഡോക്ടര്‍ വന്നു നോക്കിയിട്ട് പറഞ്ഞു, "ഇതു പകരുന്ന പനിയാണ്. ഇത്രയും സമയം കൊണ്ടുതന്നെ നിങ്ങളുടെ മകന്‍ എത്ര പേര്ക്കാണാവോ പനി പകര്‍ന്നു കൊടുത്തത്! ഇനി സുഖം പ്രാപിക്കുംവരെ സ്കൂളില്‍ വിടണ്ട", ഇങ്ങനെ ഉപദേശിച്ചിട്ട് മരുന്നുകള്‍ കൊടുത്തു. ചില ദിവസങ്ങളുടെ ചികിത്സയ്ക്കു ശേഷം ശങ്കരന്‍ പി‍ള്ളയുടെ മകനു പനി മാറി സുഖമായി. ഡോക്ടര്‍ ശങ്കരന്‍ പിള്ളയ്ക്കു ബില്ലു കൊടുത്തു. അതില്‍ കാണിച്ചിരുന്ന തുക കണ്ട് ശങ്കരന്‍ പിള്ള ബഹളം വയ്ക്കാന്‍ തുടങ്ങി. ഡോക്ടര്‍ വിശദീകരിച്ചു. "ഒമ്പതു പ്രാവശ്യം ഞാന്‍ നിങ്ങളുടെ വീട്ടിലേക്കു വന്ന് ഇന്‍ജക്ഷന്‍ തന്നിരിക്കുന്നു. അതും വളരെ വിലകൂടിയ മരുന്നുകളാണ് ഉപയോഗിച്ചത്."

പക്ഷേ ശങ്കരന്‍ പിള്ള ദേഷ്യപ്പെട്ടു. ''നിങ്ങളെന്താ കളിയാക്കുകയാണോ എന്റെ‍ മകന്‍ നാടു മുഴുവന്‍ പനി പകര്‍ന്നു കൊടുത്തതുകൊണ്ടല്ലേ നിങ്ങളുടെ ബിസ്സിനസ്സ് ഇത്ര നന്നായത്! എന്നിട്ട് എന്തിനാണ് എന്നോടു പണം ചോദിക്കുന്നത്. ന്യായമായി പറഞ്ഞാല്‍ നിങ്ങളല്ലേ എനിക്ക് പണം തരേണ്ടത്?"

ഇങ്ങനെ എന്തു കാര്യമായാലും അതില്‍ ലാഭം ഉണ്ടോ, എങ്ങനെയെങ്കിലും ലോകത്തുള്ള ധനമെല്ലാം കവര്‍ന്നു പോക്കറ്റിലാക്കാന്‍ സാധിക്കുമോ എന്നൊക്കെ ആഗ്രഹിച്ചു കൊണ്ടാണ് പലരും അലഞ്ഞു നടക്കുന്നത്. അത്തരത്തിലുള്ള സ്വാര്‍ത്ഥതയല്ല ഞാനുദ്ദേശിക്കുന്നത്. ഞാന്‍ പറയുന്ന സ്വാര്‍ത്ഥ ഇതിലും വലുതാണ്. ഈ കുപ്പായം എന്റേതാണ്, ഈ ഗൃഹം എന്റേതാണ്, എന്നുള്ള ചെറിയ സ്വാര്‍ത്ഥതകളെ വിട്ടു കളയൂ. ഈ ഗ്രാമം എന്റേതാണ്, ഈ നാട് എന്റേതാണ്, ഈ പ്രപഞ്ചം മുഴുവനും എന്റേതാണ് എന്നു പറഞ്ഞ് എല്ലാം സ്വന്തമാക്കിക്കൊള്ളുക.

നിങ്ങള്‍ ഒരു തുന്നല്‍ക്കാരനാകട്ടെ, ഒരു ഓട്ടോറിക്ഷാ ഡ്രൈവര്‍ ആകട്ടെ, ഓപ്പറേഷന്‍ ചെയ്യുന്ന ഡോക്ടര്‍ ആകട്ടെ, പച്ചക്കറി വില്പ്പനക്കാരന്‍ ആകട്ടെ, കമ്പ്യൂട്ടര്‍ എക്സ്പേര്‍ട് ആകട്ടെ. ഈ ലോകം തന്നെ നിങ്ങളുടേതാണെന്നു വിചാരിച്ച് താല്‍പര്യപൂര്‍വ്വം സ്വന്തമാക്കിക്കഴിഞ്ഞാല്‍ അതിലുള്ള ജനങ്ങളെല്ലാം നിങ്ങളുടെ ബന്ധുക്കളായേക്കുമല്ലോ. അതിനുശേഷം അവര്‍ക്കു വേണ്ടി നിങ്ങള്‍ എന്തു ചെയ്താലും ഏതു രീതിയിലാണ് ചെയ്യുക? സ്നേഹത്തോടുകൂടി സമര്‍പ്പണ മനോഭാവത്തോടുകൂടി ചെയ്യും, അല്ലേ? അപ്പോള്‍ അങ്ങനെ സ്നേഹത്തോടുകൂടി ചെയ്യുമ്പോള്‍ അതിന്റെ നിലവാരം നന്നായിരിക്കും. പിന്നീട് നിങ്ങള്‍ക്കു ലഭിക്കുന്ന പ്രതിഫലം നിങ്ങള്‍ നിഷേധിച്ചാലും അത് നിങ്ങളുടെ പാദങ്ങളില്‍ വന്നു വീഴും അല്ലേ?

എപ്പോഴും നൂറു ശതമാനം നിയന്ത്രണത്തോടുകൂടി, സന്തോഷത്തോടുകൂടി പ്രവര്‍ത്തിക്കുക. പ്രതിഫലം കിട്ടുന്നതാണു സന്തോഷം എന്നു കരുതാതെ, ചെയ്യുന്ന പ്രവൃത്തികള്‍ താല്പര്യപൂര്‍വ്വം ചെയ്യുക. ആദ്യത്തെ പ്രാവശ്യം വിജയം കൈവരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ വീണ്ടും ഒരു സന്ദര്ഭം കിട്ടിയതായി കരുതിക്കൊള്ളുക. വീണ്ടും പൂര്‍ണ്ണമായി ഉള്‍ക്കൊണ്ടുകൊണ്ട് പ്രവര്‍ത്തിക്കുക. സന്തോഷം ലഭ്യമാകും, വേദന ഇല്ലാതാകും.

ആലോചിച്ചു നോക്കൂ. എപ്പോഴാണു നിങ്ങളുടെ കഴിവു മുഴുവനായും പുറത്തുവരുന്നത്? നിങ്ങള്‍ സന്തോഷവാനായിരിക്കുമ്പോഴാണോ, അതോ വിഷമത്തിലും ദു:ഖത്തിലും മുഴുകിയിരിക്കുമ്പോഴാണോ? താല്‍പര്യപൂര്‍വ്വം സന്തോഷത്തോടുകൂടി ജോലി ചെയ്താല്‍ അതില്‍ വിജയം ലഭിക്കാതിരിക്കില്ല. നിങ്ങള്‍ മാത്രം സന്തോഷമായിരുന്നാല്‍ പോരാ, നിങ്ങള്‍ മുഖാന്തിരം നിങ്ങളിരിക്കുന്ന സ്ഥലത്തുള്ള മറ്റുള്ളവരും സന്തോഷം അനുഭവിക്കാന്‍ ഇടവരണം. നിങ്ങളുടെ അരികിലുള്ളവര്‍ നിങ്ങളെ സന്തോഷത്തോടുകൂടി സ്വീകരിക്കേണ്ടതുമുണ്ട്.

കാട്ടില്‍ ഒരു സിംഹം കാലുകള്‍ നീട്ടിവീശി അഹങ്കാരത്തോടുകൂടി നടന്നുപോവുകയായിരുന്നു. അപ്പോള്‍ ആ വഴിക്കു പോയ്ക്കൊണ്ടിരുന്ന ഒരു മുയല്ക്കുഞ്ഞിനെ കയറിപ്പിടിച്ച്, "ടേയ്, പറയ്! ഈ കാട്ടില്‍ ആരാണ് രാജാവ്എന്നു ചോദിച്ചു. മുയല്ക്കുഞ്ഞു ഭയന്നു വിറച്ചുകൊണ്ട്, "സംശയമെന്ത്! താങ്കള്‍ തന്നെ" എന്നു മറുപടി പറഞ്ഞു. സന്തോഷവാനായ സിംഹം മുയല്ക്കുകഞ്ഞിനെ വിട്ടിട്ട് ആ വഴി പൊയ്ക്കൊണ്ടിരുന്ന ഒരു കുറുനരിയെ പിടിച്ചു നിര്‍ത്തി ചോദ്യം ആവര്‍ത്തിച്ചു. കുറുനരിയും പേടിച്ചു വിറച്ച് "നേതാവേ, എന്ത് സംശയം? നിങ്ങളല്ലാതെ വേറെ ആരാണിവിടത്തെ രാജാവ്" എന്നു പറഞ്ഞു. പിന്നീട് വഴിയില്‍ കണ്ട മൃഗങ്ങളോടെല്ലാം ഈ ചോദ്യം ചോദിച്ചപ്പോള്‍ അവയൊക്കെ സിംഹത്തിന്റെ മുന്നില്‍ മുട്ടുകുത്തി നിന്ന് "താങ്കള്‍ തന്നെയാണ് രാജാവ്" എന്നു ഭയത്തോടുകൂടി പറഞ്ഞു.

സിംഹവും അഭിമാനപൂര്വ്വം നടന്നു. അവിടെ ഒരു ആന വഴിയരുകിലെ വൃക്ഷത്തില്‍ നി‍ന്നും ഇലകള്‍ അടര്‍ത്തിക്കൊണ്ടു സിംഹത്തെ വകവയ്ക്കാതെ നിന്നു. സിംഹം ആനയുടെ മുന്നില്‍ ചെന്നു നിന്നിട്ട്, "എടാ മണ്ടാ, ആരാണീ കാട്ടിലെ രാജാവ്? പറയൂ" എന്ന് ഗര്ജ്ജിച്ചു. ആന ഒന്നു തലചരിച്ച് തുമ്പിക്കൈകൊണ്ട് സിംഹത്തെ കോരിയെടുത്തു നിലത്തെറിഞ്ഞു. സിംഹത്തിന്റെു നടുവൊടിഞ്ഞു പോയി. "ഞാനിപ്പോള്‍ എന്തു ചോദിച്ചു? എന്തിനാ നീയിങ്ങനെ ചെയ്തത്? വായകൊണ്ടു പറഞ്ഞാല്‍ പോരായിരുന്നില്ലേ?" വേദനകൊണ്ട് പുളഞ്ഞ സിംഹം മെല്ലെ ചോദിച്ചു.

"നിനക്കിനി ഇക്കാര്യത്തില്‍ സംശയമേ വരാന്‍ പാടില്ല, കേട്ടല്ലോ." എന്ന് ആന പറഞ്ഞു. ചുറ്റുമുള്ളവര്‍ നിങ്ങളെ സന്തോഷപൂര്‍വ്വം സ്വീകരിക്കാതിരുന്നാല്‍, സിംഹത്തിനു കിട്ടിയ അനുഭവം തന്നെ നിങ്ങള്‍ക്കും കിട്ടും. ഇങ്ങനെ വേറെ ആരെങ്കിലും നിങ്ങളെ പാഠം പഠിപ്പിക്കുന്നതിനുമുമ്പ് നിങ്ങളുടെ ജീവിതത്തെ നിങ്ങള്‍ തന്നെ സുന്ദരമാക്കാന്‍ പഠിച്ചു കൊള്ളുക. ഏതു പ്രവൃത്തി ചെയ്താലും പൂര്‍ണതാല്പര്യത്തോടുകൂടി ചെയ്യുക.


നിങ്ങളുടെ അടിസ്ഥാന പ്രകൃതം തന്നെ സന്തോഷവാനായിരിക്കുക എന്നുള്ളതാണ്. നിങ്ങളായിട്ടു വരുത്തിത്തീര്‍ക്കുന്ന ദു:ഖങ്ങള്‍ കാരണം സന്തോഷം ഇല്ലാതെ പോവുകയാണ്.

സാമൂഹ്യ സേവനം നടത്താന്‍ ഏതാണ് നല്ല വഴി?

ഒരു ഉപകരണം നല്ലതായിരുന്നാല്‍ മാത്രമേ അതിനെ പൂര്‍ണമായും പ്രയോജനപ്പെടുത്താന്‍ പറ്റുകയുള്ളൂ. നിങ്ങളുടെ സ്ഥിതിയും അതുതന്നെയാണ്. പരിതസ്ഥിതികള്‍ എങ്ങനെ ആയിരുന്നാലും അചഞ്ചലനായി നിന്ന് ഉള്ളിന്റെയുള്ളില്‍ സമാധാനവും ആനന്ദവും അനുഭവിക്കുന്നവനു മാത്രമേ മറ്റുള്ളവരെ സഹായിക്കാന്‍ സാധിക്കുകയുള്ളൂ.

സമൂഹത്തെ ശ്രദ്ധിക്കുവാന്‍ പോകുന്നതിനു മുമ്പ് നിങ്ങള്‍ നിങ്ങളെത്തന്നെ ആദ്യം ശ്രദ്ധിക്കുക. ശാന്തിയും സന്തോഷവും നിങ്ങള്‍ അനുഭവിക്കുന്നു എന്നു മനസ്സിലായാല്‍, നിങ്ങളാണ് സാമൂഹ്യസേവനം നടത്താന്‍ പറ്റിയ ആള്‍. പിന്നെ, നിങ്ങളുടെ കഴിവിനനുസൃതമായി നിങ്ങളുടെ ചുറ്റിലുമുള്ളവര്ക്ക് ആവശ്യമുള്ളത് സന്തോഷത്തോടുകൂടി ചെയ്തു കൊടുക്കുക.

https://c7.staticflickr.com/4/3673/9462010382_17fae55849_c.jpg