सद्गुरु

ഇന്നത്തെ യുവജനങ്ങള്‍ നമ്മളേക്കാള്‍ വലിയ ആദര്‍ശവാദികളാണ്‌. ഉണര്‍വും, ഉന്മേഷവും, ഉത്സാഹവും ഉള്ളവരാണ്. സ്വപ്‌നങ്ങള്‍ സാക്ഷാത്‌ക്കരിക്കാനുള്ള വീറും വാശിയുമുള്ളവരാണ്‌. ലോകത്തെ മുന്നോട്ടു നയിക്കാനുള്ള ബാദ്ധ്യത യുവതലമുറയെ ഏല്‍പിക്കുകയാണെങ്കില്‍, തീര്‍ച്ചയായും ഈ ലോകത്തെ, ഇന്നത്തെ ഗതിയില്‍ നിന്നു മാറ്റി, നന്മയുടെ പാതയിലേയ്ക്ക് നയിക്കാന്‍ അവര്‍ക്കു സാധ്യമാകും.

ഇന്ത്യയും ഐക്യരാഷ്‌ട്ര സഭയും ഈ അടുത്ത കാലത്ത്‌ ശിശുദിനം ആഘോഷിക്കുകയുണ്ടായി. ഈ അവസരത്തില്‍ ഇന്ത്യയിലെ വളരുന്ന തലമുറയ്ക്കും, ലോകമെമ്പാടുമുള്ള യുവജനങ്ങള്‍ക്കും വേണ്ടി സദ്‌ഗുരു വിശേഷാല്‍ ഒരു സന്ദേശം നല്‍കുകയുണ്ടായി. ഒരു സന്ദേശം എന്നതിനേക്കാളുപരി, ഒരുണര്‍ത്തുപാട്ടായി അത്‌ നിങ്ങളുടെ ഉള്ളിന്റെ ഉള്ളിലേക്ക്‌ പെയ്‌തിറങ്ങട്ടെ.

ഈ ലോകത്തില്‍ ക്രിയാത്മകമായി എന്തെങ്കിലും സംഭവിക്കണമെങ്കില്‍, അതിന്‌ മുന്‍കൈ എടുക്കേണ്ടത്‌ ചെറുപ്പക്കാര്‍തന്നെയാണ്‌. അതേസമയം ലോകത്തിലുണ്ടാകുന്ന പല കുഴപ്പങ്ങള്‍ക്കു കാരണവും അവര്‍ തന്നെയാണെന്നു കാണാം..

സദ്‌ഗുരു :- എന്തുകൊണ്ടും മുതിര്‍ന്നവരേക്കാള്‍ കൂടുതല്‍ ഉണര്‍വും, ഉന്മേഷവും ഉത്സാഹവും ഉള്ളവരാണ്‌ യുവജനങ്ങള്‍. അവര്‍ നമ്മളേക്കാള്‍ വലിയ ആദര്‍ശവാദികളാണ്‌. സ്വപ്‌നങ്ങള്‍ സാക്ഷാത്‌ക്കരിക്കാനുള്ള വീറും വാശിയുമുള്ളവരാണ്‌. ലോകത്തെ മുന്നോട്ടു നയിക്കാനുള്ള ബാദ്ധ്യത യുവതലമുറയെ ഏല്‍പിക്കുകയാണെങ്കില്‍, തീര്‍ച്ചയായും ഈ ലോകം കൂടുതല്‍ നല്ലൊരിടമായിത്തീരും. ജീവിതം കൂടുതല്‍ സമാധാനപൂര്‍ണവും സന്തുഷ്‌ടവുമാകുമെന്ന കാര്യത്തില്‍ സംശയം വേണ്ട. മുതിര്‍ന്നവരേക്കാള്‍ കൂടുതല്‍ ഊര്‍ജ്ജസ്വലരാണ് യുവജനങ്ങള്‍. അതുകൊണ്ടുതന്നെ അവര്‍ എന്തുകാര്യം ചെയ്യുമ്പോഴും അതിന്‌ വേണ്ടതിനേക്കാള്‍ ലേശം ഓജസ്സു കൂടുതലായിരിക്കും. ഈ ലോകത്തില്‍ ക്രിയാത്മകമായി എന്തെങ്കിലും സംഭവിക്കണമെങ്കില്‍, അതിന്‌ മുന്‍കൈ എടുക്കേണ്ടത്‌ ചെറുപ്പക്കാര്‍തന്നെയാണ്‌. അതേസമയം ലോകത്തിലുണ്ടാകുന്ന പല കുഴപ്പങ്ങള്‍ക്കു കാരണവും അവര്‍ തന്നെയാണെന്നു കാണാം.

വാസ്‌തവത്തില്‍ ഈ ലോകത്തെ കൈപിടിച്ചു നടത്തേണ്ടത്‌ ചെറിയ കുട്ടികളാണ്‌, കാരണം ജീവിതത്തിനോട്‌ ഏറ്റവും തൊട്ടുനില്‍ക്കുന്നത്‌ അവരാണ്‌. നമ്മള്‍ ചെയ്യുന്നതെന്തും മനുഷ്യരാശിയുടെ സമഗ്രമായ നന്മയെ മുന്നില്‍ കണ്ടുകൊണ്ടാണല്ലൊ. നമ്മുടെ കുഞ്ഞുങ്ങളെ നോക്കൂ, നിശ്ചയമായും അവര്‍ നമ്മളേക്കാള്‍ സന്തോഷവാന്‍മാരല്ലേ? അതുകൊണ്ടാണ്‌ ഞാന്‍ പറഞ്ഞത്‌, ജീവിതത്തെ സംബന്ധിച്ച കാര്യങ്ങളില്‍ നമ്മള്‍ ഉപദേശം നേടേണ്ടത്‌ കുട്ടികളോടാണെന്ന്. നമ്മള്‍ പലപ്പോഴും പലവിധ വികാരങ്ങള്‍ക്ക്‌ അടിമപ്പെട്ടു പോകുന്നു. അനാവശ്യമായ ചിന്തകള്‍ നമ്മുടെ മനസ്സിന്റെ താളം തെറ്റിക്കുന്നു. എന്നാല്‍ കുഞ്ഞുങ്ങളുടെ കാര്യം അങ്ങിനെയല്ല. അവര്‍ ജീവിതത്തെ കാണുന്നത്‌ കലര്‍പ്പുകളൊന്നും കൂടാതെയാണ്‌. നമ്മള്‍ കുട്ടികളെ പഠിപ്പിക്കുന്നതിനു പകരം, അവരെക്കണ്ടു പഠിക്കാന്‍ സ്വയം പരിശ്രമിച്ചിരുന്നുവെങ്കില്‍ എത്ര നന്നായേനെ ! എങ്കില്‍ ഈ ലോകം കൂടുതല്‍ സുന്ദരവും സന്തോഷഭരിതവുമായിത്തീരുമെന്നതിന്‌ സംശയമില്ല.
ഓരോ വ്യക്തിയിലും അവന്റെ അല്ലെങ്കില്‍ അവളുടെ ജീവചൈതന്യം ഉച്ചസ്ഥായിയിലെത്തിനില്‍ക്കുന്നത്‌ അവരുടെ യൌവനകാലത്താണ്‌. നിറഞ്ഞുനില്‍ക്കുന്ന ഈ ഊര്‍ജത്തെ ശരിയായ ദിശയിലേക്ക്‌ തിരിച്ചുവിടേണ്ടതുണ്ട്‌. അതിനുവേണ്ട പ്രചോദനവും പ്രോത്സാഹനവും, മാര്‍ഗനിര്‍ദ്ദേശവും ശരിയായ സമയത്ത്‌ ശരിയായ രീതിയില്‍ അവര്‍ക്ക്‌ ലഭിച്ചിരിക്കണം. അതില്ലെങ്കില്‍ ആ ഊര്‍ജം മുഴുവന്‍ പാഴായിപ്പോകാനാണ്‌ സാദ്ധ്യത. മാത്രമല്ല, വ്യക്തിക്കും സമൂഹത്തിനും ദോഷകരമായ മാര്‍ഗത്തിലേക്ക്‌ അതു ചെന്നെത്തിച്ചേരാനും കാരണമാകാനിടയുണ്ട്‌.

മുതിര്‍ന്നവര്‍ പലപ്പോഴും യൌവനകാലത്തെ നോക്കികാണുന്നത്‌, തെറ്റുകുറ്റങ്ങളുടെയും താളപ്പിഴകളുടേയും, അര്‍ത്ഥമില്ലാത്ത ആസക്തികളുടേയും കുറെ വര്‍ഷങ്ങളായിട്ടാണ്‌. പലരും കരുതുന്നത്‌ ചികിത്സിച്ചു നേരെയാക്കേണ്ടുന്ന ഒരു ദുരവസ്ഥയാണ്‌ യൌവനം എന്നാണ്‌. വാസ്‌തവത്തില്‍ ചികിത്സയുടെ ആവശ്യം ജീവിതത്തില്‍നിന്നും ഒഴിഞ്ഞുമാറി നിസ്സംഗഭാവത്തില്‍ നില്‍ക്കുന്നവര്‍ക്കാണ്‌. ജീവിതത്തെ സ്‌നേഹിക്കുന്നവര്‍ ഓരോ നിമിഷവും അതാസ്വദിച്ചുകൊണ്ട്‌ ജീവിക്കുന്നു.

സ്‌കൂളുകളില്‍ നിന്നും കോളേജുകളില്‍ നിന്നും കുട്ടികള്‍ നേടുന്ന അറിവ്‌, എവിടെനിന്നു വേണമെങ്കിലും നേടാവുന്നതേയുള്ളു.

നമ്മുടെ വിദ്യാഭ്യാസ രീതിയുടെ കാര്യം: :- അവിടെ നടക്കുന്നത്‌ കേവലം വിവരശേഖരണമല്ലാതെ മറ്റെന്താണ്‌? ശരിയായ പ്രചോദനവും, പ്രോത്സാസഹനവുമുണ്ടെങ്കില്‍ മാത്രമേ ഏതൊരാള്‍ക്കും അവനവന്റെ ചുറ്റുപാടുകളില്‍ നിന്നും ഒരു പടിയെങ്കിലും ഉയരാനാവു. സ്‌കൂളുകളില്‍ നിന്നും കോളേജുകളില്‍ നിന്നും കുട്ടികള്‍ നേടുന്ന അറിവ്‌, എവിടെനിന്നു വേണമെങ്കിലും നേടാവുന്നതേയുള്ളു. അതിന്‌ ഒരു സ്‌കൂളും അദ്ധ്യാപകനും നിര്‍ബന്ധമായും ഉണ്ടായിരിക്കണമെന്നില്ല.

ശരിയായ, ശുദ്ധമായ അറിവു നേടുകയെന്നത്‌ വളര്‍ന്നുവരുന്ന ഓരോ കുഞ്ഞിന്റേയും ജന്മാവകാശമാണ്‌. അത്‌ പകര്‍ന്നുകൊടുക്കാനുള്ള ഒരേയൊരു ഉപാധി അവന്റെ ക്ലാസ്‌ ടീച്ചറാണെന്നു പറയാനാവില്ല. ഒരു ടീച്ചറേക്കാള്‍ കൂടുതല്‍ ഫലപ്രദമായി പുസ്‌തകങ്ങള്‍ക്കോ, ഇന്റര്‍നെറ്റിനോ അത്‌ സാധിച്ചേക്കും. കൂടുതല്‍ അറിയാനും വളരാനും കുട്ടിക്ക്‌ ടീച്ചര്‍ പ്രേരണയും പ്രചോദനവും നല്‍കണം. അപ്പോള്‍ മാത്രമേ, ആ ടീച്ചര്‍ ആ കുട്ടിയുടെ ജീവിതത്തില്‍ പ്രധാനപ്പെട്ട ഒരു പങ്കു വഹിച്ചിരിക്കുന്നു എന്നു പറയാനാവൂ. ഈ ഒരു കര്‍ത്തവ്യത്തെകുറിച്ചുള്ള ബോധം ഓരോ അദ്ധ്യാപകന്റേയും മനസ്സില്‍ എപ്പോഴുമുണ്ടായിരിക്കണം. ടീച്ചര്‍മാരാരും കുട്ടികള്‍ക്ക്‌ കേവലം വിവരങ്ങള്‍ എത്തിച്ചുകൊടുക്കുന്ന ഒരു യന്ത്രമാകരുത്‌. അവരേക്കാള്‍ നന്നായി ഈ കാര്യം നിര്‍വഹിക്കാന്‍ പ്രാപ്‌തിയുള്ള നിരവധി ഉപാധികളും ഉപകരണങ്ങളും ഇന്ന് നമുക്കുചുറ്റുമുണ്ട്‌. മാത്രമല്ല, മനുഷ്യനാകുമ്പോള്‍ തെറ്റുകള്‍ സംഭവിക്കാനുള്ള സാദ്ധ്യതകളും ഏറെയാണ്‌. വിവരാധിഷ്‌ഠിതമായ ഇന്നത്തെ വിദ്യാഭ്യാസസമ്പ്രദായം നമ്മുടെ സമൂഹത്തിന്‌ വളരെയധികം ദോഷം ചെയ്‌തിട്ടുണ്ട്‌. ജീവിതത്തില്‍ ഏറ്റവുമധികം ഉണര്‍വും ഉത്സാഹവും തെളിഞ്ഞു നില്‍ക്കുന്ന ഒരു പിടി വര്‍ഷങ്ങള്‍, നമ്മള്‍ ക്ലാസ്സു മുറികള്‍ക്കകത്ത്‌ ഒതുങ്ങിയിരുന്ന് പാഴാക്കിക്കളയുകയാണ്‌. അമ്പിളിമാമനെവരെ എത്തിപ്പിടിക്കാനുള്ള കരുത്തും ആവേശവും തുളുമ്പി നില്‍ക്കുന്ന പ്രായം ശരിയായ രീതിയിലുള്ള പ്രചോദനവും, മാര്‍ഗനിര്‍ദേശവും ലഭിക്കാതെ മുരടിച്ചുപോകുന്നതാണ്‌ നാം അധികവും കാണുന്നത്‌.

ഒരു തൈച്ചെടി നട്ടു വളര്‍ത്തുന്നതുപോലെയാണത്‌ – അത്‌ വളര്‍ന്നു വലുതായി കായ്ക്കണമെങ്കില്‍, അതിനെ ശ്രദ്ധാപൂര്‍വ്വം ശുശ്രൂഷിക്കുകതന്നെ വേണം. കുട്ടികളുടെ കാര്യത്തില്‍ ഇതേ ശ്രദ്ധതന്നെ മുതിര്‍ന്നവര്‍ കാണിക്കേണ്ടതുണ്ട്‌. എങ്കില്‍ മാത്രമേ, അവരില്‍ സഹജമായിട്ടുള്ള വാസനകള്‍ പൂര്‍ണമായും വികസിച്ച്‌ പുഷ്‌പിക്കുകയുള്ളു. കുട്ടികളുടെ കാര്യത്തില്‍, മുതിര്‍ന്നവര്‍ വേണ്ടത്ര ശ്രദ്ധയും താല്‍പര്യവും കാണിക്കുന്നില്ല എന്നു പറയാതെ വയ്യ – അതിനുള്ള കാരണങ്ങള്‍ പലതാവാം, എന്തായാലും അത്‌ അവരുടെ വളര്‍ച്ചയെ ദോഷകരമായി ബാധിക്കുന്നുവെന്നതിനു സംശയമില്ല. കുട്ടികള്‍ക്ക്‌ ഒരു ദിശാബോധം ഇല്ലാതെവരുന്നു. എന്താണ്‌ ചെയ്യേണ്ടത്‌, എങ്ങോട്ടാണ്‌ തിരിയേണ്ടതെന്നറിയാതെ അവര്‍ ഏതെങ്കിലുമൊരു വഴിയിലേക്ക്‌ കാലെടുത്തുവെയ്ക്കുന്നു. ദീര്‍ഘവീക്ഷണം എന്നത്‌ പൊതുവേ സമൂഹത്തിനും നഷ്‌ടപ്പെട്ടിരിക്കുന്ന കാലം, ഭാവിയെക്കുറിച്ച്‌ ആര്‍ക്കും കൃത്യമായ സങ്കല്‍പങ്ങളൊന്നുമില്ല. ഞൊടിയിടയില്‍ കൈക്കലാക്കാനാവുന്ന സുഖങ്ങളും നേട്ടങ്ങളും മാത്രമാണ്‌ എല്ലാവരുടേയും ലക്ഷ്യം. കുട്ടികളും സ്വാഭാവികമായും ആ കൂട്ടത്തില്‍ ചേര്‍ന്നുപോകുന്നു.

ഞൊടിയിടയില്‍ കൈക്കലാക്കാനാവുന്ന സുഖങ്ങളും നേട്ടങ്ങളും മാത്രമാണ്‌ എല്ലാവരുടേയും ലക്ഷ്യം. കുട്ടികളും സ്വാഭാവികമായും ആ കൂട്ടത്തില്‍ ചേര്‍ന്നുപോകുന്നു.

വളരെ വളരെ പ്രധാനപ്പെട്ട ഒരു സംഗതി നമ്മളോരോരുത്തരും ഓര്‍മവെക്കേണ്ടതുണ്ട്‌. അതില്‍ കുട്ടികലെന്നും മുതിര്‍ന്നവരെന്നുമുള്ള വ്യത്യാസമില്ല – നമ്മള്‍ ഓരോരുത്തരും ഒരു വ്യക്തിയായിരിക്കെത്തന്നെ മഹത്തായ മാനവരാശിയുടെ ഒരു ഭാഗം കൂടിയാണ്‌. അവനവനില്‍ മാത്രമായി ചുരുണ്ടുകൂടാനുള്ളതല്ല നമ്മുടെ വ്യക്തിത്വം. അത്‌ ചുറ്റുമുള്ള സമൂഹത്തിലേക്കും അതിനപ്പുറത്തുള്ള ലോകത്തിലേക്കും കവിഞ്ഞൊഴുകണം. എങ്ങിനെയാണ്‌ ഇത്‌ സാധിക്കേണ്ടത്‌? അതിനുള്ള വഴി, ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായങ്ങളൊന്നും തന്നെ നമുക്കു കാണിച്ചുതരുന്നില്ല. അവനവന്റെ മാത്രം വളര്‍ച്ചയും നിലനില്‍പും – ആധുനിക വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് കുട്ടികള്‍ പഠിക്കുന്നത്‌ അതിനുള്ള ചിട്ടവട്ടങ്ങള്‍ മാത്രമാണ്‌. സ്വന്തം സുഖങ്ങളും സൌകര്യങ്ങളും വര്‍ദ്ധിപ്പിക്കാനുള്ള മാര്‍ഗങ്ങളും ഉപാധികളുമാണ്‌ ആധുനികശാസ്‌ത്രം നമ്മുടെ മുമ്പില്‍ അവതരിപ്പിക്കുന്നത്‌. നമ്മുടെ സുഖഭോഗസാദ്ധ്യതകള്‍ വിപുലീകരിക്കാനും, താല്‍പര്യങ്ങള്‍ സംരക്ഷിക്കാനുമായി ഈ ഭൂമിയെ മാത്രമല്ലെ, അതിലുള്ള സകലതിനേയും നമ്മള്‍ ചൂഷണം ചെയ്യുന്നു. സഹജീവികളെപോലും നമ്മള്‍ വെറുതെ വിടുന്നില്ല. സ്വന്തം സുഖവും സന്തോഷവും സുരക്ഷിതത്വവും മാത്രമായിരിക്കുന്നു നമ്മുടെ ലക്ഷ്യം. ഈ ഒരു മനോഭാവത്തിന്റെ വളര്‍ച്ചക്ക്‌ ആധുനിക വിദ്യാഭ്യാസ സമ്പ്രദായവും വലിയൊരു കാരണം തന്നെയാണ്‌.

സമയവും, ഊര്‍ജവും, സാദ്ധ്യതകളുമൊക്കെ നാം ചിലവഴിക്കുന്നത്‌ ശാസ്‌ത്രീയവും സാങ്കേതികവുമായ വിവരങ്ങള്‍ ശേഖരിക്കാനും പ്രചരിപ്പിക്കാനും വേണ്ടിയാണ്‌. ആ അറിവാണ്‌ പരമമായ അറിവ്‌ എന്ന തെറ്റിദ്ധാരണയും നമുക്കുണ്ട്‌. അതു പൊളിച്ചെഴുതേണ്ടിയിരിക്കുന്നു. യുവമനസ്സുകള്‍ക്ക്‌ ഉയരാന്‍ ആവശ്യമായ പ്രേരണയും പ്രചോദനവും പകര്‍ന്നു നല്‍കാന്‍ തീര്‍ച്ചയായും സമയം കണ്ടെത്തണം. സമയം മാത്രം പോരാ, നമ്മുടെ കരുത്തിന്റേയും കഴിവിന്റേയും വലിയൊരു ഭാഗം കൂടി നമ്മുടെ കുഞ്ഞുങ്ങള്‍ക്കായി നീക്കിവെക്കാന്‍ നമ്മള്‍ തയ്യാറാകണം. നമുക്ക്‌ സാധിക്കാതെ പോയത്‌ അവരിലൂടെ നമുക്ക്‌ സാക്ഷാത്‌ക്കരിക്കാം –
കൂടുതല്‍ സുന്ദരമായ, സുഖകരമായ ഒരു ലോകം അതല്ലേ, നമ്മുടെ ഓരോരുത്തരുടേയും സ്വപ്‌നം!

Photo credit to : https://pixabay.com/en/sunset-silhouette-party-youth-812158/