सद्गुरु

പത്രധര്‍മ്മം, വ്യാജഗുരുക്കന്മാര്‍, ന്യൂനപക്ഷ സമുദായങ്ങളുടെ മേലുള്ള സമ്മര്‍ദ്ദം എന്നിവയെക്കുറിച്ച് സദ്‌ഗുരു തന്‍റെ സ്വതചിത്തമായ ശൈലിയില്‍ ന്യൂഡല്‍ഹിയിലെ പത്രമാധ്യമങ്ങളോടു സംസാരിക്കുന്നു...

ചോദ്യം: പത്രമാധ്യമങ്ങള്‍ വഴിവിട്ടുപോകരുത് എന്നെങ്ങനെയാണ് മനസ്സിലാക്കികൊടുക്കുക?

സദ്‌ഗുരു : മാധ്യമങ്ങള്‍ എന്നു പറയുമ്പോള്‍ അതൊരു കച്ചവടം കൂടിയാണല്ലോ. അതേസമയം മാധ്യമ പ്രവര്‍ത്തനം നൂറു ശതമാനം കച്ചവടമാക്കുന്നത് ശരിയല്ല. ഒരു ജനാധിപത്യ സംവിധാനത്തില്‍ പത്രങ്ങള്‍ക്ക് പ്രധാനപ്പെട്ട ഒരു പങ്ക് വഹിക്കാനുണ്ട്. അതുകൊണ്ടുതന്നെയാണ് ചില പ്രത്യേക ആനുകൂല്യങ്ങള്‍ അവര്‍ക്ക് നല്‍കപ്പെട്ടിരിക്കുന്നതും. വാര്‍ത്തകളെ കച്ചവടം മാത്രമായി കാണുന്നത് മാധ്യമ ധര്‍മ്മത്തിനെതിരാണ്. എല്ലാത്തിനും ഒരു ധര്‍മ്മമുണ്ടല്ലോ. പത്ര മാധ്യമങ്ങള്‍ക്ക് വളരെയേറെ ശക്തിയുണ്ട്. ജനാധിപത്യത്തെ ശക്തിപ്പെടുത്താനുള്ളതാണ് വാര്‍ത്താ മാധ്യമങ്ങള്‍. ജനാധിപത്യത്തിന് വഴിതെറ്റുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടതും പത്രങ്ങളാണ്. എന്നാല്‍ മാധ്യമങ്ങള്‍ക്കു തന്നെ വഴിതെറ്റുമ്പോള്‍.... നിഷ്പക്ഷത അവലംബിക്കുന്നതിനു പകരം അവര്‍ പക്ഷം പിടിക്കാന്‍ തുടങ്ങുമ്പോള്‍... ധര്‍മ്മത്തിനെതിരായി പ്രവര്‍ത്തിക്കുക എന്ന സ്ഥിതിവിശേഷം നിലവില്‍ വരും. പത്രങ്ങള്‍ വാര്‍ത്തകള്‍ റിപ്പോര്‍ട്ടു ചെയ്യണം. അതിനെകുറിച്ച് വിധി എഴുതേണ്ടത് ജനങ്ങളാണ്. ആരുടെയെങ്കിലുമൊക്കെ അഭിപ്രായത്തിനോടു യോജിച്ചുകൊണ്ടല്ല ജനങ്ങള്‍ തീരുമാനമെടുക്കേണ്ടത്. പൊതുജനത്തിന് സ്വതന്ത്രമായ പശ്ചാത്തലത്തില്‍ സ്വന്തം തീരുമാനങ്ങളിലെത്താനുള്ള സാഹചര്യങ്ങള്‍ എപ്പോഴും ഉണ്ടാക്കി കൊടുക്കണം.

വാര്‍ത്തകളെ കച്ചവടം മാത്രമായി കാണുന്നത് മാധ്യമ ധര്‍മ്മത്തിനെതിരാണ്. എല്ലാത്തിനും ഒരു ധര്‍മ്മമുണ്ടല്ലോ. പത്ര മാധ്യമങ്ങള്‍ക്ക് വളരെയേറെ ശക്തിയുണ്ട്. ജനാധിപത്യത്തെ ശക്തിപ്പെടുത്താനുള്ളതാണ് വാര്‍ത്താ മാധ്യമങ്ങള്‍.

വ്യാജ ഗുരുക്കന്മാരെക്കുറിച്ച്

ചോദ്യം: വ്യാജ ഗുരുക്കന്മാരേയും വ്യാജ മതനേതാക്കന്മാരേയും കുറിച്ച് വ്യാപകവും നിശിതവുമായ ആരോപണങ്ങളും വിമര്‍ശനങ്ങളും ഉയരുന്ന കാലം. പി.കെ. തുടങ്ങിയ ചലച്ചിത്രങ്ങള്‍ അത് പരസ്യമായി പറയുന്നു. അങ്ങനെയുള്ള ആള്‍ദൈവങ്ങളേയും അവരുടെ പ്രവര്‍ത്തനങ്ങളേയും കുറിച്ച് അങ്ങേക്കെന്താണ് പറയാനുള്ളത്?

സദ്‌ഗുരു : മാധ്യമങ്ങള്‍ രൂപപ്പെടുത്തിയിട്ടുള്ള ഒരു വാക്കാണ് “ആള്‍ ദൈവങ്ങള്‍.” ആരും സ്വയം അങ്ങനെ വിശേഷിപ്പിക്കാറില്ല. നിങ്ങള്‍ പറഞ്ഞ പടം ഞാന്‍ കണ്ടിട്ടില്ല, എന്നാല്‍ അതിനെപറ്റി പൊതുവെ പലതും കേള്‍ക്കാനിടയായിട്ടുണ്ട്. അഴിമതി നിറഞ്ഞതാണീ ലോകം, പോലീസിലും, രാഷ്ട്രീയത്തിലും, കഷ്ടകാലത്തിന് മത നേതാക്കന്മാര്‍ക്കിടയിലും അത് പടര്‍ന്നു പിടിച്ചിരിക്കുന്നു. നാടിനെ സംബന്ധിച്ചിടത്തോളം സത്യസന്ധത, വിവേകം തുടങ്ങിയവ അനുദിനം ക്ഷയിച്ചുകൊണ്ടിരിക്കയാണ്. മുന്തിയ കാറോടിക്കുന്ന ഒരാള്‍ ഒരു പക്ഷെ തെരുവില്‍ ചുവന്ന വിളക്കു കണ്ട് തന്‍റെ വാഹനം നിര്‍ത്തിയേക്കാം. എന്നാല്‍ ഒരു മൊപ്പെഡ് ഓടിക്കുന്നയാള്‍ അത് ഗൗനിക്കാതെ ഓടിച്ചുപോകുന്നതായി കാണാം. അതായിരിക്കുന്നു സാമാന്യ മനോഭാവം, അഴിമതി ആരംഭിക്കുന്നതും, വളരുന്നതും നമ്മുടെ വീടുകളില്‍തന്നെയാണ്.

മഹത്തായ സാമൂഹ്യസേവനം നിര്‍വഹിക്കുന്ന നിരവധി ആദ്ധ്യാത്മിക നേതാക്കന്‍മാര്‍ നമ്മുടെ നാട്ടിലുണ്ട്. മാറി മാറി വന്ന ഭരണങ്ങളുടെ ഭാഗത്തുനിന്നും വീഴ്ചകള്‍ ഉണ്ടായിട്ടും ജനങ്ങള്‍ക്കു പിടിച്ചു നില്‍ക്കാന്‍ സാധിച്ചു. അതിനു കാരണക്കാര്‍ ഇവിടത്തെ ആദ്ധ്യാത്മിക നേതാക്കന്മാരാണ്. അതിന് അവരെ അഭിനന്ദിക്കുകതന്നെ വേണം. ഈ കൂട്ടത്തില്‍ ചൂഷണം ലക്ഷ്യമാക്കിയിട്ടുള്ള ചെറിയൊരു വിഭാഗമുണ്ട്. എണ്ണത്തില്‍ കുറവാണ്, എന്നാലും ജനവിശ്വാസമാര്‍ജിക്കാന്‍ അവര്‍ക്കു സാധിച്ചിരിക്കുന്നു. ഒരു ശുദ്ധീകരണം നിശ്ചയമായും നമ്മള്‍ നടത്തേണ്ടതുണ്ട്. ശിക്ഷിക്കപ്പെടേണ്ടവര്‍ ശിക്ഷിക്കപ്പെടുകതന്നെ വേണം. സത്യം സര്‍വജന ക്ഷേമത്തിലേക്കെത്തിക്കുന്നതായിരിക്കണം.

ന്യൂനപക്ഷ സമുദായങ്ങളുടെ നില

ചോദ്യം: ഘര്‍വാപസി, പള്ളികള്‍ക്കു നേരെയുള്ള ആക്രമണങ്ങള്‍, ഇതെല്ലാം കാണിക്കുന്നത്, ന്യൂനപക്ഷ സമുദായങ്ങളുടെ നില അപകടത്തിലാണെന്നാണൊ? എന്താണ് അങ്ങയുടെ അഭിപ്രായം?

സദ്‌ഗുരു : അവിടവിടെ ഒറ്റപ്പെട്ട് അനിഷ്ട സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടാകാം. എന്നാലും പൊതുവെ പറഞ്ഞാല്‍ ഇന്ത്യയിലെ സ്ഥിതി സമാധാനത്തോടു കൂടിയതാണ്; പ്രത്യേകിച്ച് നിയമ സമ്മര്‍ദ്ദങ്ങളൊന്നും ഇല്ലാതെതന്നെ. അതിനു പ്രധാന കാരണം ഇവിടത്തെ ജനങ്ങളാണ്, സമാധാനത്തോടെ പ്രശ്നങ്ങള്‍ നേരിടുക എന്നുള്ളതവരുടെ സഹജമായ പ്രകൃതമാണ്. ഒരു ചെറിയ ഗ്രാമത്തില്‍ എന്തെങ്കിലും അനിഷ്ട സംഭവമുണ്ടായാല്‍, അതറിഞ്ഞ് പോലീസു വന്നെത്താന്‍ ചുരുങ്ങിയത് രണ്ടു മണിക്കൂറെങ്കിലുമെടുക്കും. എങ്കിലും ജനങ്ങള്‍ പൊതുവേ ശാന്തരായിരിക്കും. ആ സ്ഥിതി തുടരുമെന്നുതന്നെ ആശിക്കാം. നൂറുകോടി ജനങ്ങളെ പോലീസ് സേനകൊണ്ടും അവരുടെ ആയുധങ്ങള്‍ കൊണ്ടും അടക്കി നിര്‍ത്താനൊന്നും ആവില്ല.

പുറമെ പറയുന്നത്ര വൈരവും വിദ്വേഷവുമൊന്നും ഇവിടെയില്ല. എവിടെയായാലും, അനിഷ്ട സംഭവങ്ങളുണ്ടാകുന്നതിനുള്ള പ്രധാന കാരണം സദാ നിയമലംഘനം നടത്തുന്ന ഒരുകൂട്ടം ചട്ടമ്പികളാണ്. ഒരു മതവും അത് പ്രോത്സാഹിപ്പിക്കുന്നില്ല, അതിന് തിരികൊളുത്തുന്നുമില്ല. നാട്ടിലുണ്ടാകുന്ന കലാപങ്ങള്‍ക്ക് മതത്തിന്‍റെ നിറം കൊടുക്കുന്നത് തെറ്റാണ്. ഇവിടെ നടക്കുന്ന അക്രമങ്ങള്‍ ഭയാനകമാണ്. പക്ഷെ അതിനെ ഏതെങ്കിലും ഒരു മതത്തിന്‍റെ പ്രവണതയായി കാണരുത്. അത് വിഭാഗിയത സൃഷ്ടിക്കാനെ കാരണമാകൂ. ഒരു സ്ത്രീ ബലാത്സംഗം ചെയ്യപ്പെടുന്നു. ആ പ്രശ്നം സ്ത്രീപുരുഷ ഭേദത്തിന്‍റേതാണ്. അതിനെ ഏതെങ്കിലും മതത്തിന്‍റെ തലയില്‍ വെച്ചുകെട്ടുന്നത് ബുദ്ധിശൂന്യതയാണ്. മനുഷ്യന്‍ മനുഷ്യനോടു കാണിക്കുന്ന അതിക്രമത്തിനുമേല്‍ മതത്തിന്‍റെ മുദ്രകുത്തുന്നത് ലജ്ജാവഹമാണ്. പള്ളിക്കുനേരെയുള്ള കുറ്റകൃത്യങ്ങള്‍ പരിശോധിച്ചാല്‍, മതത്തിനെതിരെയുള്ള അസഹിഷ്ണുതയോ വൈരാഗ്യമൊ അല്ല അതിനു പുറകിലുണ്ടായിരുന്നത് എന്നത് മനസ്സിലാക്കാന്‍ കഴിയും, അതു വ്യക്തിവൈരാഗ്യത്തിന്‍റെ പേരിലായിരുന്നു. അതു മറച്ചുവച്ച് ആക്രമണത്തെ മാത്രം ഊതിപ്പെരുപ്പിച്ചു കാണിക്കുന്നത് ശരിയായ പ്രവണതയല്ല.

സമുദായികവും, വര്‍ഗീയവും, മതപരമായ പൊട്ടിത്തെറികളും, കൂട്ടക്കൊലകളും അന്തരാഷ്ട്രവേദിയില്‍ ഇന്ത്യയെ ഒറ്റപ്പെടുത്താനായി മനഃപൂര്‍വ്വം പെരുപ്പിച്ചു കാണിക്കുന്നു. ഇന്ത്യ, ലോകത്തിലെ ഏറ്റവും ഭയാനകമായ ദേശമായി ചിത്രീകരിക്കപ്പെടുന്നു

വര്‍ഗീയ ലഹളകള്‍ക്കു പുറകില്‍ അധികവും കാണുന്നത് രാഷ്ട്രീയ താല്‍പര്യങ്ങളാണ്. അപൂര്‍വമായേ മതപരമായ കാരണങ്ങള്‍ കാണൂ. സമുദായികവും, വര്‍ഗീയവും, മതപരമായ പൊട്ടിത്തെറികളും, കൂട്ടക്കൊലകളും അന്തരാഷ്ട്രവേദിയില്‍ ഇന്ത്യയെ ഒറ്റപ്പെടുത്താനായി മനഃപൂര്‍വ്വം പെരുപ്പിച്ചു കാണിക്കുന്നു. ഇന്ത്യ, ലോകത്തിലെ ഏറ്റവും ഭയാനകമായ ദേശമായി ചിത്രീകരിക്കപ്പെടുന്നു. ഇന്ത്യയില്‍ ഒരു ന്യൂനപക്ഷവും അപകടാവസ്ഥയിലല്ല. ഇവിടെ എല്ലാവര്‍ക്കും ഒരുപോലെയുള്ള പൗരാവകാശങ്ങളുണ്ട്. ഇന്ത്യയിലെ പൊതു സമൂഹത്തില്‍ ഭൂരിപക്ഷവും മതസൗഹാര്‍ദ്ദം പുലര്‍ത്തുന്നവരാണ്. ഒരാളും ഞാന്‍ ഇന്ന മതക്കാരനാണെന്നു പറഞ്ഞ് ഇവിടെ മാറിനില്‍ക്കാറില്ല, മാറ്റി നിര്‍ത്താറുമില്ല.

ന്യൂനപക്ഷ സമുദായം, ഭൂരിപക്ഷ സമുദായം, ഇതെല്ലാം രാഷ്ട്രീയപാര്‍ട്ടികള്‍ നട്ടുനനച്ചു വളര്‍ത്തിയ പടുവൃക്ഷങ്ങങ്ങളാണ്. അവശത അനുഭവിക്കുന്നവര്‍ക്ക്, ഏതു വിധത്തിലുള്ളതായാലും, വിദ്യാഭ്യാസപരമായും ആരോഗ്യപരമായും ഉള്ള സൌജന്യ സൗകര്യങ്ങളും, ജോലി നേടാനുള്ള അവസരങ്ങളും നല്‍കണം. അതുവഴി ജാതി മത ലിംഗ ഭേദമെന്യേ, എല്ലാ ഭാരതീയര്‍ക്കുമുള്ള ഉന്നമനത്തിനായി വഴിയൊരുക്കണം.

https://upload.wikimedia.org/wikipedia/commons/5/55/News-media-standards.jpg