സദ്ഗുരു : ഭീംറാവു റാംജി അംബേദ്‌കര്‍, ഇന്ത്യയില്‍ ഏറ്റവും അടിച്ചമര്‍ത്തപ്പെട്ട ജനങ്ങള്‍ക്ക്‌ അവകാശങ്ങളും ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള സാഹചര്യവും നേടിക്കൊടുത്ത ദാര്‍ശനികനായ നേതാവ്. നൂറ്റാണ്ടുകളായി അടിച്ചമര്‍ത്തപ്പെട്ട ദളിതരെ സമൂഹത്തിന്‍റെ മുന്‍നിരയിലേക്കു കൊണ്ടു വരാനും, ഏറ്റവും കുറഞ്ഞത്‌ നിയമപരമായെങ്കിലും തുല്യത സ്ഥാപിക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. എന്നിരുന്നാലും ഇന്നത്തെ സാമൂഹിക സാഹചര്യങ്ങള്‍ ഒരുപാടു മാറ്റങ്ങള്‍ ആവശ്യപ്പെടുന്നു. ഉജ്ജ്വലമായ ഒരു ജീവിതം നയിക്കാന്‍ വംശ പാരമ്പര്യം ആവശ്യമില്ലെന്നതിന്‍റെ ഒരു ഉത്തമോദാഹരണമാണ് അദ്ദേഹം. നമ്മുടെ ജനാധിപത്യ വ്യവസ്ഥ നമുക്കു തന്നതിന് നാം ഈ ധിഷണാശാലിയോടു കടപ്പെട്ടിരിക്കുന്നു. ഒരു ദീര്‍ഘദര്‍ശിയും മനുഷ്യ സ്നേഹിയുമായ അദ്ദേഹം പറഞ്ഞു, “ ജനാധിപത്യം രാജ്യഭരണത്തിനായുള്ള ഒരു ചട്ടക്കൂടു മാത്രമല്ല, മറിച്ച് നമുക്കു ചുറ്റുമുള്ള മനുഷ്യരെ ബഹുമാനത്തോടെ നോക്കിക്കാണുന്ന ഒരു മനോഭാവം കൂടിയാണ്”. രാഷ്ട്രീയപരമായി നാം ജനാധിപത്യം പിന്തുടരുന്നുണ്ടെങ്കിലും ഇവിടെ പൂര്‍ണമായും ജനാധിപത്യം നിലവില്‍ വന്നിട്ടില്ല. സാമൂഹികമായ ജനാധിപത്യം എന്ന അംബേദ്‌കറിന്‍റെ സ്വപ്നം ഇതു വരെ വിജയം കണ്ടിട്ടില്ല. എവിടെ ജനിച്ചു എന്നതിലുപരി കഴിവും കഠിനാധ്വാനവും ഒരാളെ വിജയത്തിലേക്കു നയിക്കുന്ന ഒരു സമൂഹിക വ്യവസ്ഥ നിര്‍മ്മിക്കുകയെന്നത് ഇന്നത്തെ യുവതലമുറയുടെ ചുമതലയാണ്. ഒരു രാജ്യം എന്ന നമ്മുടെ അഭിലാഷങ്ങള്‍ക്ക് രൂപം നല്‍കിയ ബി.ആര്‍. അംബേദ്‌കര്‍, ആ ഉജ്ജ്വലനായ മനുഷ്യനു മുന്നില്‍ നാം വണങ്ങുന്നു.