सद्गुरु

ചോദ്യ കർത്താവ് : സദ്ഗുരോ, നമ്മെളെന്തിനാണ് കോടിക്കണക്കിനു ഡോളർ ചിലവാക്കി മറ്റു ഗ്രഹങ്ങളിൽ ജീവനുണ്ടോ എന്ന് പരിശോധിക്കുകയും അതെ സമയം അതിലിരട്ടി ചിലവാക്കി ഈ ലോകത്തെ ജീവൻ നശിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നത് ? എന്താണ് നമ്മുടെ കുഴപ്പം?

സദ്ഗുരു : നമ്മുടെ കുഴപ്പം ഇതാണ്. ശാരീരികമായി നമ്മൾ അളവില്ലാത്ത വികാസം തേടുകയാണ്. നിങ്ങൾക്ക് ചന്ദ്രനിൽ എത്തണം; പക്ഷെ നിങ്ങൾ കാളകളെ അടിച്ചോടിച്ചുകൊണ്ട് , കാള വണ്ടിയിലാണ് പോകാൻ ശ്രമിക്കുന്നത്. . കാളകളെ അടിച്ചു കൊല്ലാം; പക്ഷെ ഇതല്ല ചന്ദ്രനിലെത്താനുള്ള വഴി. ഇതാണ് നമ്മുടെ പ്രധാന പ്രശ്നം.

മനുഷ്യൻ എന്നും ഇപ്പോളുള്ളതിനേക്കാൾ മെച്ചപ്പെടുവാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. പണമാണ് അവനു വലുതെങ്കിൽ, അവൻ കുറച്ചു കൂടി പണത്തിനു ശ്രമിക്കുന്നു. അവനു അധികാരമാണ് ഉള്ളതെങ്കിൽ , കൂടുതൽ അധികാരം നേടുവാൻ ശ്രമിക്കുന്നു. സ്നേഹമാണെങ്കിൽ കൂടുതൽ സ്നേഹം തേടുന്നു. ഇപ്പോഴുള്ളതുകൊണ്ട് തൃപ്തിപ്പെടാത്ത എന്തോ ഒന്ന് അവനിലുള്ളിലുണ്ട്. നിങ്ങൾക്കറിയാവുന്ന വഴി ഉപയോഗിച്ച് കുറച്ചു കൂടി മെച്ചപ്പെടുവാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. പക്ഷെ നിങ്ങളുടെ ബോധം ഉപയോഗിച്ച് നോക്കുകയാണെങ്കിൽ നിങ്ങൾ പണമോ, സ്വത്തോ, സ്നേഹമോ, അധികാരമോ ഒന്നുമല്ല തേടുന്നതെന്നു നിങ്ങള്‍ക്ക് മനസ്സിലാകും. നിങ്ങൾ തേടുന്നത് വികാസമാണ്. എത്ര വികാസം കൊണ്ട് നിങ്ങൾ തൃപ്തരാകും? ഇപ്രകാരം ചിന്തിച്ചാൽ , പരിമിതികളില്ലാത്ത വികാസമാണ് നിങ്ങൾ കാംക്ഷിക്കുന്നതെന്നു കാണാം. അനന്തമായ വികാസമാണ് ഓരോ മനുഷ്യനും വേണ്ടത്. പക്ഷെ ഇപ്പോൾ, നാം ശ്രമിച്ചുകൊണ്ടിരിക്കുന്നത് തവണകളായുള്ള വിജയങ്ങളിലൂടെ ലോകത്തെ പിടിച്ചടക്കി അപരിമേയമായതിലേക്കെത്തുവാനാണ്. - അതല്ലെങ്കിൽ ഷോപ്പിങ്ങിലൂടെ!!. വികാസത്തിനുള്ള ത്വര പലേ മാർഗ്ഗങ്ങളും പരീക്ഷിച്ചു നോക്കുന്നുണ്ട് ; പക്ഷെ അവയെല്ലാം ശാരീരികം മാത്രമാണ്.

എല്ലാ രാജ്യങ്ങളും വളർച്ചാനിരക്കിനെക്കുറിച്ച് മാത്രമാണ് സംസാരിക്കുന്നത്. അതായത് എല്ലാ ആളുകളും കൂടുതൽ സാധനങ്ങൾ വാങ്ങിക്കണം, കൂടുതൽ ഉപയോഗിക്കണം. പക്ഷെ ഈ ' കൂടുതൽ' എവിടെയാണുള്ളത്? അതുകൊണ്ടാണ് ആളുകൾ വേറെ ഒരു ഗ്രഹം കൂടി പിടിച്ചെടുക്കുവാൻ ശ്രമിക്കുന്നത്.

ഈ ശാരീരിക തലം വളരെ വലുതാണെന്ന് നിങ്ങൾക്ക്തോന്നാം. എന്നാൽ വാസ്തവത്തിൽ അത് വളരെ സങ്കുചിതമായ ഒരു മേഖലയാണ്. ഇന്ന് നമ്മുടെ സാമ്പത്തിക മേഖല ഇപ്രകാരമാണ് പടുത്തുയർത്തിയിട്ടുള്ളത്; കൂടുതൽ, അതിലും കൂടുതൽ, വീണ്ടും അതിലും കൂടുതൽ എന്ന് മാത്രമാണ് ചിന്തിക്കുന്നത്. എല്ലാ രാജ്യങ്ങളും വളർച്ചാനിരക്കിനെക്കുറിച്ച് മാത്രമാണ് സംസാരിക്കുന്നത്. അതായത് എല്ലാ ആളുകളും കൂടുതൽ സാധനങ്ങൾ വാങ്ങിക്കണം, കൂടുതൽ ഉപയോഗിക്കണം. പക്ഷെ ഈ ' കൂടുതൽ' എവിടെയാണുള്ളത്? അതുകൊണ്ടാണ് ആളുകൾ വേറെ ഒരു ഗ്രഹം കൂടി പിടിച്ചെടുക്കുവാൻ ശ്രമിക്കുന്നത്. പക്ഷെ നാം ആ ഗ്രഹവും കുറച്ചു കാലത്തിനുള്ളിൽ തന്നെ നശിപ്പിച്ചു കളയും.

നമ്മുടെ അതിശയകരമായ ഭൂമി

അദ്ഭുതകരമായ ഒരു ഗ്രഹമാണ് ഈ ഭൂമി; ഇതിൽ ഒന്നും രണ്ടുമല്ല കോടിക്കണക്കിനു ജീവിതങ്ങളാണ് വളർന്നു വന്നിട്ടുള്ളത്. ജീവികളുടെ ഈ വൈവിധ്യം - മൃഗങ്ങൾ, പക്ഷികൾ, ഷട്പദങ്ങൾ, പുഴുക്കൾ, ചെടികൾ, സൂക്ഷ്മാണുക്കൾ എന്നിവയെല്ലാം തന്നെ നമ്മെ അത്ഭുതപരതന്ത്രരാക്കും. നാം ദശലക്ഷക്കണക്കിനു ജീവികളെ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും, ഇന്നും, ഓരോ വർഷവും, പതിനായിരത്തിൽ പരം പുതിയ ജീവജാതികൾ കണ്ട് പിടിക്കപെടുന്നുണ്ട്. പക്ഷെ നമ്മുടെ വിചാരം വേറെ എവിടെയെങ്കിലുമാണെങ്കിൽ കാര്യങ്ങൾ മെച്ചമായിരിക്കും എന്നാണ്.

വികാസത്തിനുള്ള മോഹം ഒരു നിർബന്ധ ബുദ്ധിയാണ്. വികാസത്തിനുള്ള വേറെ മാർഗ്ഗങ്ങളൊന്നും നാം കണ്ട് പിടിച്ചിട്ടില്ലാത്തതുകൊണ്ട്, നാം സ്വാഭാവികമായും വിചാരിക്കുന്നത് ഈ ഭൂമിയിലുള്ള പ്രകൃതി വിഭവങ്ങളെ ചൂഷണം ചെയ്താലാണ് വികാസം സാധ്യമാകുക എന്നാണ്. ദൗർഭാഗ്യവശാൽ ഇതാണ് ശാസ്ത്രം ഇന്ന് നമ്മെ പഠിപ്പിച്ചിട്ടുള്ളത്. ഏതെങ്കിലും മേഖലയിൽ ശാസ്ത്ര പഠനം നടക്കുന്നുണ്ടെങ്കിൽ, അത് ഒരു കണ്ട് പിടുത്തത്തിൽ എത്തിയാലുടൻ അതിനെ ചൂഷണം ചെയ്യുവാനുള്ള വഴിയായിരിക്കും അവർ അന്വേഷിക്കുക. നാം ഈ ഭൂമിയെയും, സമുദ്രത്തെയും ചൂഷണം ചെയ്തു കഴിഞ്ഞു; എന്നിട്ടിപ്പോൾ അതിനപ്പുറമുള്ള എന്തെങ്കിലും ചൂഷണം ചെയ്യുവാൻ ശ്രമിക്കുകയാണ്. ജീവിതമെന്നാൽ നമുക്ക് ചൂഷണമായി മാറിയിരിക്കുന്നു. ഇന്ന് സൂക്ഷ്മ ജീവികളിൽ നിന്നും പ്രോട്ടീന്‍ ഉണ്ടാക്കുന്നുണ്ട്. പാവം ബാക്ടീരിയകളെ പോലും നാം വെറുതെ വിട്ടില്ല!

ചുരുക്കത്തിൽ ഇന്ന് എല്ലാ ജീവികൾക്കും സംരക്ഷണം ആവശ്യമാണ് എന്ന ഒരു സ്ഥിതിയിലേക്ക് നാം എത്തി ചേർന്നിരിക്കുന്നു. കടുവയെപ്പോലുള്ള ഒരു ക്രൂര മൃഗത്തിന് പോലും സംരക്ഷണം വേണം!

ചുരുക്കത്തിൽ ഇന്ന് എല്ലാ ജീവികൾക്കും സംരക്ഷണം ആവശ്യമാണ് എന്ന ഒരു സ്ഥിതിയിലേക്ക് നാം എത്തി ചേർന്നിരിക്കുന്നു. കടുവയെപ്പോലുള്ള ഒരു ക്രൂര മൃഗത്തിന് പോലും സംരക്ഷണം വേണം! കടുവ എന്ന പേര് കേൾക്കുമ്പോൾ തന്നെ നമുക്ക് പേടി തോന്നേണ്ടതാണ്; പക്ഷെ ഇന്ന് ആ പാവം ജീവിക്കും വേണം സംരക്ഷണം.

നമുക്ക് പറ്റാവുന്നതിന്‍റെ പരമാവധി വസ്തുക്കൾ നാം ഇവിടെ ചൂഷണം ചെയ്തു കഴിഞ്ഞു; ഇവിടെയുള്ളത് അവസാനിക്കുവാൻ പോകുകയാണെന്ന് നമുക്ക് അറിയാം; അതുകൊണ്ടാണ് നമ്മുടെ ആളുകൾ ചൂഷണം ചെയ്യുന്നതിനായി വേറൊരു ഗ്രഹം തേടുന്നത്. അത്തരമൊരു ഗ്രഹം കണ്ടുപിടിച്ചാൽ ഉടനെ തന്നെ – എന്‍റെ ആഗ്രഹം അത് ഒരിക്കലും സംഭവിക്കല്ലേ എന്നാണു - രാഷ്ട്രങ്ങൾ തമ്മിൽ അവിടെ വച്ച് യുദ്ധം തുടങ്ങുമെന്നുള്ള കാര്യം നമുക്ക് ഊഹിക്കാവുന്നതേ ഉള്ളു. ഒരു സിനിമ എടുക്കുമ്പോൾ പോലും നാം "സ്റ്റാർസ്" എന്ന് പറയുമ്പോഴേക്കും അവർ "വാർസ്" എന്ന് പറഞ്ഞു കഴിഞ്ഞിരിക്കും!

പരിസ്ഥിതിയുടെ അന്ധകാര യുഗം

നാം കരുതിക്കൂട്ടി ഇത്തരം ചൂഷണം നടത്തുന്നതല്ല; നാം അതിനു നിർബന്ധിതരാകുകയാണ്. ഇതിനുള്ള ഏക പരിഹാരം അറിവാണ്. അറിവോടും, ബോധത്തോടും കൂടി മനുഷ്യൻ പ്രവർത്തിക്കുവാൻ തുടങ്ങിയാൽ ഈ നിര്‍ബന്ധബുദ്ധി നമ്മെ കീഴ്പ്പെടുത്തുകയില്ല. അതോടെ നാം അത്യാവശ്യമുള്ളതു മാത്രമേ ചെയ്യുകയുള്ളൂ - അതിൽ കൂടുതലും ഇല്ല, കുറവും ഇല്ല. നാം അങ്ങിനെ ചെയ്തില്ലെങ്കിൽ ഇപ്പോൾ വളർന്നു കൊണ്ടിരിക്കുന്ന പാരിസ്ഥിതിക വിപത്തിനു ഇരയാകുന്ന ആദ്യത്തെ രാഷ്ട്രങ്ങളിൽ ഒന്ന് ഇന്ത്യയാകും. ഇപ്പോൾ തന്നെ ഇന്ത്യയിലെ നദികൾ വളരെ ഗുരുതരമായ അവസ്ഥയെ നേരിട്ടുകൊണ്ടിരിക്കുകയാണ്. നമ്മുടെ നദികളിൽ ഇന്നത്തെ നിരക്കിൽ നീരൊഴുക്ക് കുറഞ്ഞു കൊണ്ടിരുന്നാൽ, ഇരുപതു വർഷത്തിനുള്ളിൽ അവയെല്ലാം മഴക്കാലത്ത്‌ മാത്രം ഒഴുകുന്നവയായി മാറും. ഇപ്പോൾ തന്നെ ഭൂരിഭാഗം നദികളും പല മാസങ്ങളിലും സമുദ്രത്തിൽ എത്തുന്നില്ല. ഈ കുറവ് രാജ്യത്താകമാനം കാണാവുന്നതാണ്.

കുടിവെള്ളത്തിന്‍റെ ലഭ്യതയുടെ കണക്ക് എടുക്കുകയാണെൻകിൽ 1947 ൽ ലഭ്യമായിരുന്നതിന്‍റെ ഇരുപത്തഞ്ചു ശതമാനം മാത്രമേ ഇന്ന് ലഭ്യമാകുന്നുള്ളു. 2050 ആകുമ്പോഴേക്കും 18% മാത്രമേ ഉണ്ടാകുകയുള്ളൂ എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കുപ്പി വെള്ളത്തിൽ കുളിക്കാൻ പഠിക്കേണ്ട സമയം വന്നിരിക്കുന്നു. - ഒരു കുപ്പി വെള്ളം കൊണ്ട് കുളിക്കുവാൻ പഠിക്കണം! ഇത് വളരെ ഗൗരവതരമായ ഒരു അവസ്ഥയാണ്. തെരുവില്‍ ജീവിക്കുന്നവർക്ക് കുടിക്കുവാൻ വെള്ളം കിട്ടുന്നില്ലെങ്കിൽ, നമ്മുടെ ജീവിതം സുരക്ഷിതവും സ്വസ്ഥവുമാകുമെന്ന് വിചാരിക്കുന്നത് വിഢിത്തമാണ്.

നദികളെ കുറിച്ചുള്ള അവബോധം വളർത്തുക

നാം നിർബന്ധമായും ചെയ്യേണ്ട ഒരുകാര്യം നദിയുടെ ഇരുവശത്തുമായി ഒരു കിലോമീറ്റര്‍ വീതിയിലെങ്കിലും, നദിക്ക് ജലം പ്രദാനം ചെയ്യുന്ന ഒരു സംഭരണ സ്ഥലമായി മാറ്റണം. സർക്കാർ വക ഭൂമിയാണെങ്കിൽ അവിടെ വനവത്കരണം നടത്തണം. സ്വകാര്യഭൂമിയാണെങ്കിൽ കർഷകരെ സാധാരണ വിളകളിൽ നിന്നും മാറി ഫല വൃക്ഷങ്ങളെ ആശ്രയിച്ചുള്ള കൃഷി ചെയ്യുവാൻ പ്രേരിപ്പിക്കണം. വൃക്ഷതൈകൾ സൗജന്യമായി നൽകുകയും മരങ്ങളിൽ നിന്നും ആദായം കിട്ടി തുടങ്ങുന്നത് വരെയുള്ള ആദ്യത്തെ കുറച്ചു വർഷങ്ങളിൽ ധനസഹായം നൽകുകയും ചെയ്യണം. ഇതുമൂലം കർഷകരുടെ വരുമാനത്തിൽ ഗണ്യമായ വർധന ഉണ്ടാകുന്നതാണ്. വേണ്ടത്ര മരങ്ങൾ ഉണ്ട് എന്ന് ഉറപ്പാക്കുവാൻ വേണ്ടതെല്ലാം നമ്മൾ ചെയ്യണം. ഒരു കാര്യം നമ്മൾ മനസ്സിലാക്കണം; സാധാരണക്കാരുടെ വിശ്വാസം ജലം ഉള്ളതുകൊണ്ടാണ് മരങ്ങൾ വളരുന്നത് എന്നാണ്. എന്നാൽ വാസ്തവത്തിൽ മരങ്ങൾ ഉള്ളത് കൊണ്ടാണ് ജലം ലഭ്യമാകുന്നത്. ഈ പദ്ധതി ഞാൻ മുൻപോട്ടുവച്ച് തുടങ്ങിയിട്ട് പത്തോളം വർഷമായി. ഇന്ന് മദ്ധ്യപ്രദേശിലേയും മഹാരാഷ്ട്രയിലെയും സർക്കാരുകൾ ഈ ആശയം ഗൗരവമായി എടുത്തിട്ടുണ്ട്.

അനേകായിരം വർഷങ്ങളായി നദികള്‍ നമ്മെ ആശ്ലേഷിക്കുകയും പോഷിപ്പിക്കുകയും ചെയ്തു. ഇന്നിപ്പോൾ അവയെ നാം തിരിച്ചു ആശ്ലേഷിക്കുകയും പോഷിപ്പിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു.

കർഷകർ ഉപജീവനമാര്‍ഗ്ഗത്തിനാണ് ജോലിയെടുക്കുന്നത്. സംഭവിച്ചു കൊണ്ടിരിക്കുന്ന പാരിസ്ഥിതിക ആഘാതത്തെ കുറിച്ച് അവർക്ക് ഒന്നും അറിയുകയില്ല, അതുകൊണ്ട് നാം രാജ്യവ്യാപകമായി ഒരു പരിപാടി ആസൂത്രണം ചെയ്ത്, ഇപ്രകാരം ചെയ്യേണ്ടത് അത്യാവശ്യമാണെന്ന് ജനങ്ങളെ മനസ്സിലാക്കി കൊടുക്കുകയും അതിനു ശേഷം അതിനായുള്ള പദ്ധതികൾ നടപ്പാക്കുവാനുള്ള തീരുമാനങ്ങൾ എടുക്കുകയും വേണം. ഇതിനായി ഞാൻ “നദികളെ രക്ഷിക്കൂ” എന്ന പേരിൽ ഒരു പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. പതിനാറു സംസ്ഥാനങ്ങളിലൂടെ കടന്നു പോയി കന്യാകുമാരി മുതൽ ഹിമാലയം വരെ 7000 കിലോമീറ്റര്‍ ദൂരം, ഞാന്‍ യാത്ര ചെയ്യുന്നു. ആളുകളിൽ ഇതിനെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുവാനായി പലേപരിപാടികളും ഈ റാലി കടന്നു പോകുന്ന വിവിധ സ്ഥലങ്ങളിൽ സംഘടിപ്പിക്കുന്നുണ്ട്. ഭൂരിഭാഗം സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർ ഇതിൽ പങ്കെടുക്കുവാനുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഈ റാലിയുടെ അവസാനം നമ്മുടെ നദികളെ പുനരുജ്ജീവിപ്പിക്കുവാനുള്ള ഒരു സമഗ്ര പരിപാടിയുടെ രൂപ രേഖ സർക്കാരിന് സമർപ്പിക്കുന്നതാണ്.

നമ്മുടെ ജീവിത കാലത്തുതന്നെ ഈ നദികൾ വറ്റിപ്പോകുകയാണെങ്കിൽ, നമുക്ക് നമ്മുടെ കുട്ടികളുടെ ഭാവിയിൽ ശ്രദ്ധയില്ല എന്ന സന്ദേശമാണ് നാം നൽകുന്നത്. അനേകായിരം വർഷങ്ങളായി നദികള്‍ നമ്മെ ആശ്ലേഷിക്കുകയും പോഷിപ്പിക്കുകയും ചെയ്തു. ഇന്നിപ്പോൾ അവയെ നാം തിരിച്ചു ആശ്ലേഷിക്കുകയും പോഷിപ്പിക്കുകയും ചെയ്യേണ്ട സമയമായിരിക്കുന്നു. നമ്മുടെ രാജ്യത്തിന്‍റെ മഹത്വം നമ്മുടെ മഹത്തായ നദികളെ ആശ്രയിച്ചാണിരിക്കുന്നത്. നമുക്ക് ഇത് സംഭവ്യമാക്കാം!

കുറിപ്പ് : സദ്ഗുരു നിങ്ങളുടെ നഗരത്തിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കുവാൻ എത്തുന്ന സമയവും, ഈ രാജ്യ വ്യാപകമായ പരിപാടിയിൽ താങ്കൾക്ക് എങ്ങിനെ പങ്കുചേരാം എന്നും അറിയുന്നതിനായി RallyForRivers.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക