सद्गुरु

ജീവശാസ്ത്രജ്ഞര്‍ പ്രേമത്തേയും കെമിസ്ട്രിയേയും പറ്റി സംസാരിക്കുന്നത് തികച്ചും വേറൊരു തലത്തിലാണ്. പ്രകൃതിയിലെ പ്രവര്‍ത്തനങ്ങളെ സാമാന്യമായി നിരീക്ഷിച്ചാല്‍ മനസ്സിലാവും എല്ലാ ലക്ഷ്യമാകുന്നത് പ്രത്യുല്‍പാദനമാണ് എന്ന്. അതല്ലാതെ മറ്റൊന്നുമില്ല.

നിങ്ങളുടെ സന്തോഷത്തിനുവേണ്ടിയല്ല പൂക്കള്‍ വിടരുന്നത് – നിങ്ങള്‍ അങ്ങനെ കരുതുന്നുണ്ടാകും, കവികള്‍ അങ്ങനെ ഭാവനചെയ്യുന്നുണ്ടാകും, എന്നാല്‍ സത്യത്തില്‍ പൂക്കള്‍ വിടരുന്നത് പരാഗണം നടക്കാന്‍ വേണ്ടിയാണ്. അങ്ങനെ വിത്തുകളുണ്ടാകുന്നു. അതുവഴി അവയുടെ വംശം പെരുകുന്നു. ആ ഒരു താല്‍പര്യം മാത്രമാണ് വിടര്‍ന്ന പൂവിനുള്ളത്.

ജൈവശാസ്ത്രജ്ഞന്‍റെ ചിന്തയിലെ സ്നേഹം സന്താനോല്‍പാദനത്തിനുള്ള ഒരുപാധി മാത്രമാണ്. വംശം നിലനില്‍ക്കാന്‍ പ്രകൃതി കണ്ടെത്തിയിട്ടുള്ള ഒരു സൂത്രമാണിത്. പ്രകൃതി സ്വന്തം നിലനില്‍പ്പിനുവേണ്ടി അനുസ്യൂതം നടത്തുന്ന ഒരു ശ്രമം. അതു തന്നെയാണ് മായ. പ്രകൃതിക്ക് സ്വന്തം നിലനില്‍പിന്‍റെ ഭദ്രതക്കുവേണ്ടി സ്വതസിദ്ധമായ ഒരു സംവിധാനമുണ്ട്. ആരും ഒന്നും ചെയ്യേണ്ടതില്ല, പ്രപഞ്ച സ്രഷ്ടാവിന്‍റെ ഇടപെടലും അവിടെ ആവശ്യമില്ല അതാണ് സൃഷ്ടിയുടെ സൗന്ദര്യം. സ്രഷ്ടാവിനും കൂടി അതില്‍ പ്രസക്തിയില്ല. എല്ലാ സ്വാഭാവികമായും നടക്കുന്നു. അതാണ് മായയുടെ സ്വഭാവം.

ശരീരചിന്ത മനസ്സില്‍ ശക്തി പ്രാപിച്ചിട്ടുണ്ട് എങ്കില്‍ അതിന്‍റെ അര്‍ത്ഥം നിങ്ങളുടെ മനസ്സിലേക്ക് യഥാര്‍ത്ഥ പ്രേമം കടന്നുവന്നിട്ടില്ല എന്നാണ്. അതുകൊണ്ടാണ് യഥാര്‍ത്ഥ ഭക്തന്മാര്‍ക്ക് ശരീരചിന്തയില്ലാതാവുന്നത്.

എന്നാല്‍ നമ്മള്‍ സ്നേഹം എന്നുപറയുന്നത് മറ്റൊന്നിനെ കുറിച്ചാണ്. ശരിയായ പ്രേമം മനസ്സില്‍ അങ്കുരിച്ചുകഴിഞ്ഞാല്‍, പിന്നെ സ്വന്തം ശരീരവും ജീവിതവും തന്നേയും ഏറ്റവും അപ്രസക്തമായിത്തീരുന്നു. ശരീരചിന്ത മനസ്സില്‍ ശക്തി പ്രാപിച്ചിട്ടുണ്ട് എങ്കില്‍ അതിന്‍റെ അര്‍ത്ഥം നിങ്ങളുടെ മനസ്സിലേക്ക് യഥാര്‍ത്ഥ പ്രേമം കടന്നുവന്നിട്ടില്ല എന്നാണ്. അതുകൊണ്ടാണ് യഥാര്‍ത്ഥ ഭക്തന്മാര്‍ക്ക് ശരീരചിന്തയില്ലാതാവുന്നത്. തനിക്ക് ഒരുടലുണ്ട് എന്ന ബോധമേ അവര്‍ക്ക് നഷ്ടപ്പെടുന്നു. ഏതുനേരവും ദേഹമുപേക്ഷിച്ച് തന്‍റെ പ്രേമഭാജനവുമായി വിലയം പ്രാപിക്കാന്‍ അവര്‍ തയ്യാറാവുന്നു. ഈ സ്നേഹം മായയുമായി നിങ്ങളെ ബന്ധിച്ചു നിര്‍ത്തുന്നില്ല, എല്ലാ ബന്ധങ്ങളില്‍നിന്നും മോചിപ്പിക്കുകയാണ് ചെയ്യുന്നത്.

പ്രണയം അതെന്താണ്?

സദ്ഗുരു: ചെറുപ്പക്കാരായ കാമുകീ കാമുകന്‍മാര്‍ക്കിടയിലുള്ള വൈകാരികമായൊരു ബന്ധം ഇതാണ് സാമാന്യ ജനങ്ങള്‍ക്കിടയില്‍ പ്രണയത്തെകുറിച്ചുള്ള ധാരണ. അത് തികച്ചും ശരിയാണെന്നു പറയാന്‍ വയ്യ. പ്രണയം അയല്‍വക്കത്തെ പെണ്‍കുട്ടിയോട് മാത്രമോ? അയല്‍ക്കാരി പെണ്‍കിടാവ് നിങ്ങളുടെ കണ്‍മുമ്പില്‍ ഒരപ്സരസ്സായി കാണപ്പെടുന്നു. അതിനുകാരണം, നിങ്ങളുടെ ബുദ്ധിയെ നിങ്ങളുടെ തന്നെ ഹാര്‍മോണുകള്‍ തട്ടികൊണ്ടുപോയിരിക്കുന്നു എന്നതാണ്. അങ്ങനെയല്ലായിരുന്നുവെങ്കില്‍ ഈ പ്രപഞ്ചത്തിലെ ഓരോ വസ്തുവിനോടും നിങ്ങള്‍ക്ക് പ്രണയം തോന്നുമായിരുന്നു. പ്രണയം ആഴമുള്ള ഒരു വികാരമാണ്, എന്‍റേത് എന്ന തോന്നലാണ്. എന്തിന് ഒരാളോടുമാത്രമായി പ്രണയം തോന്നണം. ഈ ലോകം മുഴുവന്‍ നിങ്ങളാല്‍ സ്നേഹിക്കപ്പെടാനായി കാത്തു നില്‍ക്കുകയല്ലേ?

സ്ത്രീ പുരുഷന്‍ എന്ന ലിംഗഭേദത്തോടെ എപ്പോഴും എല്ലാ കാര്യങ്ങളേയും സമീപിക്കുക അത് വലിയൊരു പ്രശ്നമാണ്. അത് നമ്മള്‍ കഴിയുന്നത്ര ഒഴിവാക്കേണ്ടതാണ്. ഇന്നത്തെ ലോകത്തില്‍ "ബന്ധം" എന്ന വാക്ക് പറയുമ്പോഴേക്കും തന്നെ അത് സ്ത്രീപുരുഷ ബന്ധമായി മാത്രമാണ് സമൂഹം കാണുന്നത്. മറ്റൊരു തരത്തിലുള്ള ബന്ധത്തെ കുറിച്ച് ചിന്തിക്കാനാവാത്ത അവസ്ഥ. ചിലപ്പോഴെങ്കിലും അവിടെ ഒരു സ്ത്രീയും ഒരു പുരുഷനും ഉണ്ടായിക്കൊള്ളണമെന്നില്ല. എങ്കിലും ജനം സങ്കല്‍പ്പിച്ചുണ്ടാക്കിക്കൊള്ളും. എന്തായാലും ഈ കാലത്ത് ബന്ധമെന്നു പറഞ്ഞാല്‍ രണ്ടുടലുകള്‍ തമ്മിലുള്ള ബന്ധം എന്നാണ് സാമാന്യ അര്‍ത്ഥം.

എന്നാല്‍ ഏതാനും വര്‍ഷങ്ങള്‍ മുമ്പുവരെ "എനിക്കൊരു ബന്ധമുണ്ട്" എന്ന് ഒരാള്‍ പറഞ്ഞാല്‍ അതിന് കുറച്ചധികം അര്‍ത്ഥമുണ്ടായിരുന്നു. അമ്മയോടും അച്ഛനോടും സഹോദരീ സഹോദരന്മാരോടും ബന്ധുക്കളോടുമൊക്കെയുള്ള ബന്ധം. അതിനുപുറമേ സൗഹൃദ ബന്ധങ്ങളും ധാരാളം, എന്നാല്‍ ഇന്ന് പ്രേരിതമായിട്ടുള്ള അഭിനിവേശം എന്ന അര്‍ത്ഥം മാത്രമേയുള്ളൂ. നമ്മുടെ ഭാവന അത്രത്തോളം ശുഷ്കരമായിരിക്കുന്നു.

ശാരീരികാവശ്യങ്ങളെ മാറ്റിനിര്‍ത്തികൊണ്ടുതന്നെ നമുക്ക് ദൃഢമായ നല്ല ബന്ധങ്ങള്‍ സ്ഥാപിക്കാന്‍ സാധിക്കും.

സ്ത്രീപുരുഷന്‍ എന്ന വേര്‍തിരിവുകൂടാതെ മനുഷ്യനെ മനുഷ്യരായിമാത്രം കാണാന്‍ നമ്മള്‍ ശീലിക്കേണ്ടിയിരിക്കുന്നു. ഇത് സ്ത്രീ ഇത് പുരുഷന്‍ എന്നു വേര്‍തിരിച്ച് ഒരു പ്രത്യേകതരം ബന്ധത്തിനുമാത്രമേ ആവശ്യമുള്ളൂ. ഓരോ തവണ ഒരാള്‍ മുന്നില്‍ വരുമ്പോഴും അയാളുടെ അല്ലെങ്കില്‍ അവളുടെ ശരീരം അടിമുടി നോക്കി ഇയാള്‍ പുരുഷന്‍ ഇവള്‍ സ്ത്രീ എന്ന് വേര്‍തിരിവു നടത്തുന്നത് അറിവില്ലായ്മ മാത്രമാണ്. പ്രത്യേകം ശരീരഭാഗമാണ് നിങ്ങളുടെ ശ്രദ്ധക്ക് വിധേയമാകുന്നത് എങ്കില്‍, ഇനി മുതല്‍ ആ ശ്രദ്ധ തലച്ചോറിലേക്കു തിരിയട്ടെ. ജനനേന്ദ്രിയത്തെ വെറുതെ വിട്ടേക്കൂ.

പ്രപഞ്ചത്തിന്‍റെ കാതല്‍ പ്രേമമാണെന്നാണ് പൊതുവെ എല്ലാവരും ഉറക്കെപറയുന്ന ഒരാശയം. പ്രപഞ്ചത്തിന്‍റെ കാതല്‍ പ്രേമമല്ല. സ്നേഹം എന്നത് കേവലം മാനുഷികമായൊരു വികാരമാണ്. അത് ഒരു മനുഷ്യന്‍റെ ആവശ്യമാണ്. രണ്ടു മനുഷ്യര്‍ പരസ്പരം ആ ആവശ്യം നിറവേറ്റുന്നു. നിങ്ങളുടെ മൊത്തം വികാരങ്ങളിലെ മാധുര്യമാണ്. ആ ഒരു ഭാവത്തെയാണ് നിങ്ങള്‍ സ്നേഹം എന്ന് പറയുന്നത് കഷ്ടമെന്നു പറയട്ടെ, ഈ മധുരഭാവം ഒരാള്‍ക്കു മാത്രമായി നീക്കിവെക്കപ്പെട്ടിരിക്കുകയാണ്. അതിന് പ്രതിഫലമായി പ്രതീക്ഷിക്കുന്നതോ.....പ്രത്യേക തരത്തിലുള്ള ശാരീരിക ആനന്ദവും. അത് കിട്ടില്ല എന്നുണ്ടെങ്കില്‍ സ്നേഹം കൊടുക്കാനും ഒരാള്‍ തയ്യാറാവുന്നില്ല.

ശാരീരികാവശ്യങ്ങളെ മാറ്റിനിര്‍ത്തികൊണ്ടുതന്നെ നമുക്ക് ദൃഢമായ നല്ല ബന്ധങ്ങള്‍ സ്ഥാപിക്കാന്‍ സാധിക്കും. എന്‍റെ കാര്യം പറയാം. ലക്ഷകണക്കിനാളുകളുമായി ഞാന്‍ സ്നേഹബന്ധം പുലര്‍ത്തുന്നുണ്ട്. അവര്‍ക്ക് എന്നോട് സ്നേഹമുണ്ടോ ഇല്ലയോ എന്നത് എനിക്കു വിഷയമല്ല. എന്‍റെ സ്നേഹം എനിക്കു തിരിച്ചുകിട്ടുന്നുണ്ടോ എന്നതിനെ പറ്റിയും ഞാന്‍ ചിന്തിക്കാറില്ല. എന്നാലും ഞാന്‍ എല്ലാവരുമായി അഗാധ പ്രേമത്തിലാണ്. ഞാന്‍ കാണാത്തവരും അറിയാത്തവരും അതില്‍ പെടുന്നു. എന്നെ സംബന്ധിച്ചിടത്തോളം സ്നേഹം മറ്റുള്ളവരുടെ കാര്യമല്ല സ്നേഹം ഞാന്‍ തന്നെയാണ്. എന്‍റെ സ്വത്വമാണ്.