सद्गुरु

നാമെല്ലാവരും നമ്മുടെ നദികളെ വരണ്ടുണങ്ങാനും അവയുടെ വഴി തെറ്റാനും കാരണമായിരിക്കുന്നു. നാം നമ്മുടെ പരമമായ സ്രോതസ്സ് കണ്ടെത്തുമോ? അല്ലെങ്കില്‍ നമുക്ക് വഴി തെറ്റിപ്പോകുമോ? സദ്ഗുരു ചോദിക്കുന്നു.

"വീരശൈവ " എന്ന വാക്കിന്‍റെ അർഥം വളരെ ധൈര്യവാനായ ഒരു ശിവ ഭക്തൻ എന്നാണ്. വീരശൈവരുടെ തത്വശാസ്ത്രത്തിൽ ധാരാളമായി ഉപയോഗിക്കുന്ന പദങ്ങളാണ് നദികളും സമുദ്രവും. ശിവനെ സമുദ്രത്തോടും സാധാരണ ജനങ്ങളെ നദികളോടുമാണ് ഉപമിക്കുന്നത്. അവർ പറയുവാൻ ശ്രമിക്കുന്നത് ഇതാണ് - നൈസർഗികമായ എല്ലാ നദികളും സമുദ്രത്തിലേക്കാണ് ഒഴുകുന്നത്. അതിനു മുൻപ് അവ കുറെ ചുറ്റി തിരിയുമെന്നു മാത്രം.

പക്ഷെ നമ്മുടെ തലമുറ തെളിയിക്കാന്‍ ശ്രമിക്കുന്നത് നദികൾ സമുദ്രത്തിൽ എത്തണമെന്നില്ല എന്നാണ്. അവ വഴിക്കു വച്ച് വറ്റിപ്പോയിക്കോട്ടെ. നമ്മൾ അത്തരത്തിൽ ചിന്തിക്കുന്ന ഒരു തലമുറയാണ്. മനുഷ്യരുടെ ജീവിത രീതിയുടെ ഫലമായിട്ടാണ് നദികൾ വരണ്ടുപോകുന്നത്. ഇത് സംഭവിക്കുന്നത് നമ്മളിൽ ബഹുഭൂരിഭാഗം പേരും നമ്മുടെ ജീവിതത്തിന്‍റെ ശരിയായ രീതി മറന്നു പോയതിനാലാണ്.

പക്ഷെ നമ്മുടെ തലമുറ തെളിയിക്കാന്‍ ശ്രമിക്കുന്നത് നദികൾ സമുദ്രത്തിൽ എത്തണമെന്നില്ല എന്നാണ്. അവ വഴിക്കു വച്ച് വറ്റിപ്പോയിക്കോട്ടെ. നമ്മൾ അത്തരത്തിൽ ചിന്തിക്കുന്ന ഒരു തലമുറയാണ്.

സമുദ്രത്തിലെത്താത്ത ഒരേഒരു നദിയെ നമ്മുടെ രാജ്യത്തുണ്ടായിരുന്നുള്ളു - രാജസ്ഥാനിലെ ലവനാവതി ആയിരുന്നു അത്. അത് മരുഭൂമിയിൽ വച്ച് വറ്റി പോകുമായിരുന്നു. പക്ഷെ ഇന്ന് ചുരുങ്ങിയത് കുറച്ചു മാസത്തേക്കെങ്കിലും സമുദ്രത്തിലെത്താത്ത വളരെ അധികം നദികളും, ഒരിക്കലും സമുദ്രത്തിലെത്താത്ത നദികളും നാം സൃഷ്ടിച്ചിട്ടുണ്ട്. ഈ ലോകത്തിലെ ഏറ്റവും അപകടകരമായ അവസ്ഥയിലുള്ള നദികളാണ് ഗംഗയും, സിന്ധു നദിയും. ഇന്ന് കാവേരി നദി അമ്പതു കൊല്ലം മുന്‍പുണ്ടായിരുന്നതിന്‍റെ നാല്പതു ശതമാനം മാത്രമേ ഉള്ളൂ. കഴിഞ്ഞ തവണത്തെ ഉജ്ജയിനിയിലെ കുംഭമേളക്ക് - നർമദാ നദിയിൽ നിന്നും ജലം പമ്പ് ചെയ്തിട്ടാണ് ക്ഷിപ്ര നദിയിൽ എത്തിച്ചത്. ചെറിയ നദികൾ വലിയ നദികളിൽ പോലും എത്തുന്നില്ല; വഴിയിൽ വച്ച് തന്നെ അവ വറ്റിപോകുന്നു. അമരാവതി പോലുള്ള നദികൾ 'അനശ്വരം' ആണത്രേ! അവിടെ മുഴുവനും പാറ മാത്രമാകുമ്പോൾ അത് 'അനശ്വരം' ആകുമായിരിക്കും!!

ഇത് നമ്മുടെ നദികളുടെ മാത്രം കാര്യമല്ല. നമ്മുടെ സ്വഭാവത്തിന്‍റെ കാര്യമാണ്. നാം നമ്മുടെ അന്തിമമായ ലക്ഷ്യത്തിലെത്തുമോ അതോ ഇടക്ക് വച്ച് വഴിതെറ്റിപ്പോകുമോ? എത്ര കാലമായി നമ്മൾ ഇങ്ങിനെ വഴി തെറ്റി പോയിട്ട്? പ്രകൃതിയിൽ നിന്നും നമ്മൾ എത്രത്തോളം മാറിപ്പോകുന്നുവോ, അത്രത്തോളം നമ്മുടെ പ്രകൃതവും വഴി തെറ്റിപ്പോകും. മറിച്ചായാലും ശരി തന്നെയാണ് - നമ്മുടെ സ്വന്തം പ്രകൃതത്തിൽ നിന്നും എത്രത്തോളം നാം അകന്നു പോകുന്നുവോ, അത്രത്തോളം തന്നെ നാം പ്രകൃതിയോടും, നമുക്ക് ചുറ്റുമുള്ള മറ്റു ജീവികളോടും അടുപ്പമില്ലാത്തവരായി തീരുന്നു.

ജലം ഒരു വില്പന ചരക്കല്ല; അത് ജീവന്‍ സൃഷ്ടിക്കുന്ന വസ്തുവാണ്. മനുഷ്യ ശരീരത്തിന്‍റെ 72% ജലമാണ്. നാം ഒരു ജലാശയം തന്നെയാണ്. ഈ ലോകത്ത് നമുക്ക് ഏറ്റവും കൂടുതൽ അടുപ്പമുള്ള ജലാശയങ്ങൾ നദികളാണ്. ആയിരക്കണക്കിന് വര്‍ഷങ്ങളായി ഈ നദികള്‍ നമ്മെ ആശ്ലേഷിക്കുകയും പോഷിപ്പിക്കുകയും ചെയ്തു. നാം നദികളെ തിരിച്ച് ആശ്ലേഷിക്കുകയും പോഷിപ്പിക്കുകയും ചെയ്യേണ്ട സമയമായിരിക്കുന്നു.

നമ്മുടെ സ്വന്തം പ്രകൃതത്തിൽ നിന്നും എത്രത്തോളം നാം അകന്നു പോകുന്നുവോ, അത്രത്തോളം തന്നെ നാം പ്രകൃതിയോടും, നമുക്ക് ചുറ്റുമുള്ള മറ്റു ജീവികളോടും അടുപ്പമില്ലാത്തവരായി തീരുന്നു.

ഈ നദികൾ നമ്മുടെ ജീവിതകാലത്ത് തന്നെ വറ്റിപ്പോകുകയാണെങ്കിൽ നമ്മുടെ കുട്ടികളുടെ ഭാവിയെ കുറിച്ച് നമുക്ക് യാതൊരു താല്പര്യവും ഇല്ല എന്നതിന്‍റെ വ്യക്തമായ പ്രസ്താവനയാണ് അത്. നമ്മുടെ നദികളെ രക്ഷിക്കുന്നതിന് അടിയന്തിരമായി ചെയ്യേണ്ട ചില കാര്യങ്ങൾ ഉണ്ട് എന്ന കാര്യം നമ്മൾ ഈ രാജ്യത്തെ ഓരോരുത്തരെയും അറിയിക്കണം. നദികളെ എങ്ങിനെ ചൂഷണം ചെയ്യണം എന്നതിൽ നിന്നും മാറി അവയെ എങ്ങിനെ പുനരുജ്ജീവിപ്പിക്കണം എന്ന ചിന്തയിലേക്ക് നാം നിശ്ചയമായും മാറണം.

ഇതിനുള്ള എളുപ്പമാർഗം, നദികളുടെ ഇരു കരകളിലും ചുരുങ്ങിയത് ഒരു കിലോമീറ്റർ വീതിയിൽ മരങ്ങൾ വച്ച് പിടിപ്പിക്കണം - പോഷക നദികളാണെങ്കിൽ അര കിലോമീറ്റർ വീതിയിൽ. സാധാരണ മനുഷ്യരുടെ വിചാരം ജലമുള്ളതു കൊണ്ടാണ് മരങ്ങൾ വളരുന്നത് എന്നാണ്. പക്ഷെ അങ്ങിനെയല്ല. മരങ്ങളുള്ളത് കൊണ്ടാണ് ജലം ലഭ്യമാകുന്നത്. മരങ്ങളില്ലാതായാൽ കുറച്ചു കാലത്തിനുള്ളിൽ നദികളും ഇല്ലാതാകും. സർക്കാർ ഭൂമിയാണെങ്കിൽ കാട്ടു മരങ്ങൾ വച്ച് പിടിപ്പിക്കണം. സ്വകാര്യ വ്യക്തികളുടെ ഭൂമിയാണെങ്കിൽ സാധാരണ വിളകളില്‍ നിന്നും മാറി, മരങ്ങളിൽ അധിഷ്ഠിതമായ കൃഷികളിലേക്കു മാറണം. ഇത് കർഷകർക്കും കാര്യമായ സാമ്പത്തിക നേട്ടം ഉണ്ടാക്കും; അവരുടെ വരുമാനം അഞ്ചു കൊല്ലം കൊണ്ട് ഇന്നത്തേതിന്‍റെ ഇരട്ടിയായി മാറും. നിർബന്ധമായി ചെയ്യിക്കാവുന്ന ഒരു പദ്ധതിയായി ഇത് നടപ്പാക്കുകയാണെങ്കിൽ, പത്തോ പതിനഞ്ചോ വർഷത്തിനുള്ളിൽ നമ്മുടെ നദികളിൽ ഇരുപത്തഞ്ചു ശതമാനത്തോളം അധികം ജലം ഉണ്ടാകുമെന്നു നമുക്ക് കാണുവാൻ സാധിക്കും.

കുറിപ്പ് : സദ്ഗുരു നിങ്ങളുടെ നഗരത്തിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കുവാൻ എത്തുന്ന സമയവും, ഈ രാജ്യവ്യാപകമായ പരിപാടിയിൽ താങ്കള്‍ക്ക് എങ്ങനെ പങ്കെടുക്കാം എന്നും അറിയുന്നതിനായി RallyForRivers.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക