ഇന്ത്യയുടെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ നദികള്‍ക്കായി സദ്ഗുരു ഒരു യാത്ര നടത്തി. നദികളുടെ ഊര്‍ജ്ജസ്വലത വീണ്ടെടുക്കാന്‍ ആവിഷ്‌ക്കരിച്ച പദ്ധതിയുടെ കരടുരൂപം 2017, ഒക്‌ടോബര്‍ 3-ാംതിയ്യതി അദ്ദേഹം കേന്ദ്രഗവണ്‍മെന്റിനു സമര്‍പ്പിച്ചു. അത് ബഹുമുഖമായൊരു സമീപനമാണ്.

സദ്ഗുരു:- മലകളും, നദികളും, കാടുകളുമായുള്ള എന്‍റെ ബന്ധം, അത് തുടങ്ങുന്നത് ഞാന്‍ നന്നേ കുട്ടിയായിരിക്കുമ്പോള്‍ മുതല്‍ക്കാണ്. അത് പ്രകൃതിയേയും, പ്രകൃതിവിഭവങ്ങളേയും കണ്ട് ആസ്വദിക്കുക എന്ന സാമാന്യശീലമായിരുന്നില്ല. അത് എന്നെ സംബന്ധിച്ചിടത്തോളം അസാധാരണമായ ഒരനുഭൂതിയായിരുന്നു. അതെല്ലാം എന്‍റെ തന്നെ ഒരു ഭാഗമാണെന്ന തിരിച്ചറിവ്. നാല് ട്രക്ട്യൂബുകളും ഏതാനും മുളകളും കൂട്ടിക്കെട്ടി ഒരു ചങ്ങാടമുണ്ടാക്കി ഞാന്‍ കാവേരിയിലൂടെ തുഴഞ്ഞുപോയിട്ടുണ്ട്, തനിയെ പതിമൂന്നുദിവസത്തോളം എന്‍റെ കണ്‍മുന്നില്‍ എന്നേക്കാള്‍ വലുതായ ഒരു ജീവചൈതന്യമായി കാവേരി തെളിഞ്ഞുണര്‍ന്നു. എന്നേയും നിങ്ങളേയും പോലെയുള്ളവര്‍ ഈ ഭൂമിയില്‍ വന്നുപോകുന്നവര്‍ മാത്രം. എന്നാല്‍ നദികളോ? കോടാനുകോടി വര്‍ഷങ്ങളായി അവ ഒഴുകിക്കൊണ്ടിരിക്കുകയാണ്. നമ്മുടെ സങ്കല്‍പങ്ങള്‍ക്കൊക്കെ അതീതമായ വിധത്തില്‍ അവ ഈ ഭൂമിയിലെ ജീവചൈതന്യത്തെ സംരക്ഷിച്ചുകൊണ്ടിരിക്കുന്നു. എന്നെ സംബന്ധിച്ചിടത്തോളം നദി പ്രകൃതിയിലെ ഒരു വിഭവം മാത്രമല്ല. മഹത്തായ ഒരു ജൈവപ്രതിഭാസമാണ്. നമ്മുടെ ശരീരത്തിന്‍റെ പ്രകൃതമനുസരിച്ച് അക്ഷരാര്‍ത്ഥത്തില്‍ തന്നെ നാലില്‍ മൂന്നുഭാഗവും വെള്ളമാണ്. അതുകൊണ്ടുതന്നെ വെള്ളം കേവലം ഒരു പദാര്‍ത്ഥമല്ല. നമ്മുടെ ജീവന്‍റെ ആധാരം തന്നെയാണ്. നമ്മുടെ ഉള്ളില്‍തന്നെയുള്ള ഈ വെള്ളത്തെ പ്രതി നമുക്കെത്ര മാത്രം മമതയുണ്ട്. എന്നാല്‍ പുറത്ത് ഒഴുകിക്കൊണ്ടിരിക്കുന്ന വെള്ളത്തെ നമ്മള്‍ വ്യത്യസ്തമായി കരുതുന്നതെന്തുകൊണ്ടാണ്?

കഴിഞ്ഞ ഇരുപത്തിയഞ്ചു വര്‍ഷമായി ഞാന്‍ വളരെയധികം ഉത്കണ്ഠയോടെ ശ്രദ്ധിച്ചുകൊണ്ടിരിക്കുന്ന ഒരു സംഗതി, ഭാരതത്തില്‍ ഉടനീളം ഒഴുകികൊണ്ടിരിക്കുന്നു നദികള്‍, ഒന്നൊന്നായി ഇല്ലാതാവുകയാണ്.

കഴിഞ്ഞ ഇരുപത്തിയഞ്ചു വര്‍ഷമായി ഞാന്‍ വളരെയധികം ഉത്കണ്ഠയോടെ ശ്രദ്ധിച്ചുകൊണ്ടിരിക്കുന്ന ഒരു സംഗതി, ഭാരതത്തില്‍ ഉടനീളം ഒഴുകികൊണ്ടിരിക്കുന്ന നദികള്‍, ഒന്നൊന്നായി ഇല്ലാതാവുകയാണ്. ഒഴുക്ക് ഒരു കൊല്ലം കൂടിയും, അടുത്തകൊല്ലം കുറഞ്ഞും എന്ന രീതിയില്‍ മാറി മാറി വരികയല്ല. ക്രമേണ ഇല്ലാതാവുക തന്നെയാണ്. കഴിഞ്ഞയാണ്ടില്‍ ഈ കുറവ് അപകടകരമായ അളവിലായിരുന്നു. പെട്ടെന്നുള്ളൊരു കൂപ്പുകുത്തല്‍. നമ്മുടെ ആയുഷ്‌ക്കാലത്തില്‍ തന്നെ ഇങ്ങനെ നദികള്‍ വറ്റി വരണ്ട് ഇല്ലാതായാല്‍ അതിന് ഒരേയൊരു അര്‍ത്ഥമേയുള്ളൂ. നമുക്ക് നമ്മുടെ ഭാവിതലമുറയുടെ കാര്യത്തില്‍ തീരെ താല്പര്യമില്ല. ഈ ഭൂമിയില്‍ ഇനിയുണ്ടാകാന്‍ പോകുന്ന തലമുറകളെപറ്റിയും നമുക്ക് ശ്രദ്ധയില്ല.

ഞാനൊരു ശാസ്ത്രജ്ഞനല്ല. എന്‍റെ ഉത്കണ്ഠ വേണ്ടവിധം പ്രകടമാക്കാനുള്ള ശാസ്ത്രീയജ്ഞാനമൊ, പദസമ്പത്തൊ എനിക്കില്ല. എന്നാല്‍ എന്‍റെ ലളിതമായ നിരീക്ഷണത്തിലൂടെ, നദികള്‍ ഉണങ്ങി വറ്റിപോകാനുള്ള രണ്ടു കാരണങ്ങള്‍ എനിക്കു കണ്ടെത്താനായി. ഒന്ന് സസ്യജാലകങ്ങളുടെ അഭാവം. രണ്ടാമത്തേത് ഭൂഗര്‍ഭജലത്തിന്‍റെ അതിരുകടന്ന ചൂഷണം. വേണ്ടത്ര സസ്യസമൃദ്ധിയില്ലെങ്കില്‍, പ്രത്യേകിച്ചും ഉഷ്ണ മേഖലാ പ്രദേശങ്ങളില്‍, മണ്ണ് പെട്ടെന്ന് മണലായി രൂപാന്തരപ്പെടും. മണ്ണും പുഴയും പരസ്പരം ഗാഢമായി ബന്ധിക്കപ്പെട്ടിരിക്കുന്നു. നമ്മള്‍ നമ്മുടെ മണ്ണിനെ കാത്തുസൂക്ഷിച്ചില്ലെങ്കില്‍, അത് പുഴകളുടെ നാശത്തിനും സ്വാഭാവികമായി കാരണമാകും. ഇതാണ് ഇന്ന് നമുക്കു ചുറ്റും സംഭവിച്ചുകൊണ്ടിരിക്കുന്നത്. നമ്മുടെ ജലസ്രോതസ്സുകള്‍ ഇല്ലാതാവുന്നു. അതോടൊപ്പം മണ്ണിന്‍റെ വളക്കൂറും നഷ്ടമായി വരുന്നു.

നമ്മുടെ നാടിന്‍റെ ഏറ്റവും മഹത്തായ നേട്ടമെന്താണെന്നൊ? ഈ നാട്ടിലെ കര്‍ഷകര്‍ക്ക് നമ്മുടെ 130 കോടി ജനങ്ങള്‍ക്കു വേണ്ടിയുള്ള ഭക്ഷണം ഉത്പാദിപ്പിക്കാന്‍ സാധിക്കുന്നു! അതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങളില്ല, ശാസ്ത്രജ്ഞാനവുമില്ല. ഉള്ളത് പരമ്പരാഗതമായി കൈവന്നിട്ടുള്ള പ്രായോഗിക ജ്ഞാനം മാത്രം. എന്നാല്‍ മണ്ണില്‍ സ്വാഭാവികമായുള്ള ജൈവഘടകങ്ങള്‍ ഇല്ലാതാവുന്നതും, ജലദൗര്‍ലഭ്യവും അവരെ വല്ലാത്തൊരു ദുരവസ്ഥയിലേക്കു തള്ളിനീക്കുകയാണ്. അതിന്‍റെ ഫലമൊ? കര്‍ഷകരുടെ ആത്മഹത്യ ഒരു സാധാരണ പത്രവാര്‍ത്തയായിത്തീര്‍ന്നിരിക്കുന്നു. വേണ്ടത്ര വെള്ളം കിട്ടാത്ത ചുറ്റുപാടില്‍, വളക്കൂറില്ലാത്ത മണ്ണില്‍ നിങ്ങളോ ഞാനോ കൃഷിചെയ്യാനായി നിര്‍ബന്ധിതരായാല്‍ നമ്മുടെ അവസ്ഥയും ഇതുതന്നെയാകുമെന്ന കാര്യത്തില്‍ സംശയം വേണ്ട. നമുക്കാവശ്യമുള്ള ഭക്ഷണം ഉല്‍പ്പാദിപ്പിച്ച് നമ്മുടെ ആരോഗ്യത്തെ പുഷ്ടിപ്പെടുത്തുന്ന കര്‍ഷകര്‍, പലപ്പോഴും സ്വയം പട്ടിണികിടക്കുന്നവരാണ്. അവരുടെ മക്കളും ആവശ്യത്തിനു ഭക്ഷണം കിട്ടാതെ അനാരോഗ്യവാന്മാരായി വളരുന്നു. നമുക്കായി ഭക്ഷണം ഉല്പാദിപ്പിക്കുന്നവര്‍ സ്വയം വിശന്നു വലയുകയും, ആത്മഹത്യയിലേക്കു നടന്നടുക്കുകയും ചെയ്യുന്ന ചുറ്റുപാടില്‍ എങ്ങനെയാണ് നമുക്ക് തല ഉയര്‍ത്തി നടക്കാനാവുക? ഏറ്റവും ലജ്ജാകരമായൊരു വസ്തുതയാണിത്. ലജ്ജകൊണ്ട് എന്‍റെ തലകുനിഞ്ഞുപോകുന്നു. കാരണം, എന്തുകൊണ്ടോ ഈ പ്രശ്‌നത്തെ വേണ്ടവിധം കൈകാര്യം ചെയ്യാന്‍ നമുക്കു സാധിച്ചിട്ടില്ല. ഈ നാട്ടിലെ ജനസംഖ്യയില്‍ ഭൂരിപക്ഷവും കൃഷികൊണ്ട് ഉപജീവനം കഴിക്കുന്നവരാണ് എന്ന യാഥാര്‍ത്ഥ്യം നമ്മള്‍ മറന്നുകൂട. അളവറ്റ ജ്ഞാനത്തിന്‍റെ ഉറവിടമാണ് ഓരോ കൃഷിക്കാരനും, കാരണം, എണ്ണായിരം മുതല്‍ പന്തീരായിരം വര്‍ഷം വരെ നീളുന്ന ഒരു കാര്‍ഷിക പാരമ്പര്യത്തിന്‍റെ കണ്ണികളാണവര്‍. ഒരു കാര്‍ഷികസംസ്‌കാരം സ്വതസിദ്ധമായി അവരുടെ ഉള്ളിലുണ്ട്. വെറും കഠിനാദ്ധ്വാനം മാത്രമല്ല കര്‍ഷകന്‍റെ ഉപാധി. നമ്മള്‍ കാണാതെ പോകുന്ന പലപല നാട്ടറിവുകളും കൂടി അവന്‍റെ സഹായത്തിനുണ്ട്. കര്‍ഷകരില്‍ 15% മാത്രമേ തങ്ങളുടെ മക്കളും ഈ പ്രവൃത്തിചെയ്യണമെന്ന് ആഗ്രഹിക്കുന്നുള്ളു. അവര്‍ക്കതിനുവേണ്ട മെച്ചപ്പെട്ട സാഹചര്യങ്ങള്‍ ഒരുക്കേണ്ടത് നമ്മുടെ കടമയാണ്. അവര്‍ക്ക് സഹജമായി കിട്ടിയിട്ടുള്ള പാരമ്പര്യജ്ഞാനത്തെ കാത്തു രക്ഷിക്കാന്‍ ശ്രദ്ധിച്ചില്ല എങ്കില്‍ അത് എന്നെന്നേക്കുമായി നഷ്ടമാവും. ഇവരുടെ അനുഭവജ്ഞാനമുപയോഗിച്ച് മണ്ണിനെ നമുക്ക് പരിപോഷിപ്പിക്കാം. സാദ്ധ്യമായ വഴികളിലൂടെയൊക്കെ ഭൂമിയിലെ പച്ചപുതപ്പിച്ചുകൊണ്ട് ജലസ്രോതസ്സുകളെ സംരക്ഷിക്കാം. ആധുനികവും, അനുയോജ്യവുമായ സാങ്കേതിക വിദ്യകളുപയോഗിച്ച് വെള്ളത്തിന്‍റെ ഉപയോഗത്തെ ക്രമീകരിക്കാം. ഇതൊക്കെയാണ് ഇനിയുള്ള വഴിയില്‍ നമ്മള്‍ ചെയ്യേണ്ടതായിട്ടുള്ളത്. ഞങ്ങള്‍ക്കു നിര്‍ദേശിക്കാനുള്ള പരിഹാരം ഇതാണ്. എല്ലാ നദികളുടേയും ഇരുകരകളിലായി ഒരു കിലോമീറ്റര്‍ വീതിയിലെങ്കിലും വൃക്ഷങ്ങള്‍ നട്ടു വളര്‍ത്തുക.. ഭൂമിക്കൊരു പച്ചമേലാപ്പ്, ചെറിയ പുഴകളാണെങ്കില്‍ അത് അഞ്ഞൂറു മീറ്റര്‍ വീതിയിലൊതുക്കാം. ഭൂമിക്ക് തീക്ഷ്ണമായ വെയിലില്‍നിന്നും രക്ഷനേടാനായി ഒരു പുതപ്പാവശ്യമാണ്. എങ്കിലേ മണ്ണിലെ ജീവഘടകങ്ങള്‍ വളര്‍ന്നു പുഷ്ടി പ്രാപിക്കൂ. അങ്ങനെയുള്ള മണ്ണില്‍ കൂടുതല്‍ അളവില്‍ കൂടുതല്‍ കാലത്തേക്ക് ഈര്‍പ്പം നിലനില്‍ക്കും. അവിടെനിന്നും ഊര്‍ന്നിറങ്ങി ജലം നദികളിലും ചെന്നെത്തും. സര്‍ക്കാരിന്‍റെ ഉടമസ്ഥതയിലുള്ള ഭൂമികളില്‍ നിശ്ചയമായും വനങ്ങള്‍ വളര്‍ത്തിയെടുക്കണം. കര്‍ഷകരുടെ സ്വന്തമായ കൃഷിയിടങ്ങളില്‍ സാധാരണ വിളകളില്‍നിന്നും മാറി വൃക്ഷകൃഷിയിലേക്കു ശ്രദ്ധ തിരിക്കണം. ഈ മാറ്റം നമ്മുടെ കര്‍ഷകരെ സാമ്പത്തികമായി കൂടുതല്‍ ലാഭം നേടാന്‍ സഹായിക്കും. അവരുടെ ആദായം മൂന്നു മടങ്ങെങ്കിലും വര്‍ദ്ധിക്കും.

പല മേഖലകളില്‍ നൈപുണ്യവും, അനുഭവസമ്പത്തും നേടിയിട്ടുള്ള വിദഗ്ദ്ധന്മാരുമായി ചര്‍ച്ച ചെയ്തതിന്‍റെ ഫലമായി രൂപീകരിച്ചിട്ടുള്ളതാണ് ഈ പരിഹാരമാര്‍ഗങ്ങളൊക്കെയും- ഒപ്പം, ഇതില്‍ പങ്കാളികളാവുന്ന ഏവരുടേയും താല്പര്യവും പരിഗണിച്ചിട്ടുണ്ട്.

ഈ പദ്ധതിയിലെ നിര്‍ദേശങ്ങള്‍, സാമ്പത്തിക നയത്തിന്‍റെ ഭാഗമാക്കണം എന്നാണ് ശിപാര്‍ശ ചെയ്യപ്പെടുന്നത്. അതിന് പരിസ്ഥിതി സംരക്ഷണത്തില്‍ വലിയ ഗുണം ചെയ്യാന്‍ സാധിക്കും. പല മേഖലകളില്‍ നൈപുണ്യവും, അനുഭവസമ്പത്തും നേടിയിട്ടുള്ള വിദഗ്ദ്ധന്മാരുമായി ചര്‍ച്ച ചെയ്തതിന്‍റെ ഫലമായി രൂപീകരിച്ചിട്ടുള്ളതാണ് ഈ പരിഹാരമാര്‍ഗങ്ങളൊക്കെയും- ഒപ്പം, ഇതില്‍ പങ്കാളികളാവുന്ന ഏവരുടേയും താല്പര്യവും പരിഗണിച്ചിട്ടുണ്ട്. ആദ്യത്തെ പങ്കുകാരി മറ്റാരുമല്ല. നദിതന്നെയാണ്, രണ്ടാമത്തേത് ആരുടെ ജീവനാണൊ നദിയാല്‍ പോഷിപ്പിക്കപ്പെടുന്നത്.... മൂന്നാമത്തെ ഘടകം കൃഷിക്കാരനാണ്. നാലാമത്തേത് ജനസമൂഹവും. അവസാനത്തെ പങ്കുകാര്‍ സംസ്ഥാന - കേന്ദ്രസര്‍ക്കാരുകളാണ്. ഈ പദ്ധതി കാലതാമസമില്ലാതെ നടപ്പിലാക്കണം. പോരാ.... നിര്‍ബന്ധിത നിയമമാക്കുകതന്നെ വേണ്ട. അതാണ് നമ്മുടെ പ്രധാന ലക്ഷ്യം. കൂടുതല്‍ വിശദീകരണം ആവശ്യമുള്ള പക്ഷം അതിനായി നിയോഗിച്ചിട്ടുള്ള ശാസ്ത്രജ്ഞന്‍മാരുടെ സംഘത്തെ സമീപിക്കും. ഞാനും അതിനു തയ്യാറായി എപ്പോഴുമുണ്ടാകും.

സഹസ്രാബ്ദങ്ങളായി ഈ നദികള്‍ നമ്മെ പുണര്‍ന്നുകൊണ്ടും, പരിപോഷിപ്പിച്ചുകൊണ്ടും ഒഴുകിക്കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ അത് നമ്മള്‍ തിരിച്ചു ചെയ്യേണ്ട സമയമായിരിക്കുന്നു. അവയെ നമുക്ക് നെഞ്ചോടുചേര്‍ക്കാം.... കൂടുതല്‍ ജീവസ്സുറ്റവയാക്കാം... ഞങ്ങളുടെ നിര്‍ദേശങ്ങള്‍ ബന്ധപ്പെട്ടവര്‍ ഗൗരവത്തോടെ കാണുമെന്നും, അവ പ്രാബല്യത്തില്‍ വരുത്താനാവശ്യമായ നിയമപരവും, ഭരണപരവുമായ നടപടികള്‍ സ്വീകരിക്കുമെന്നും ഞങ്ങള്‍ വിശ്വസിക്കുന്നു.... ഇത് ഞങ്ങളുടെ വിനീതമായ ഒരു പ്രതീക്ഷയാണ്?