सद्गुरु

ചോദ്യകര്‍ത്താവ്: സദ്ഗുരു, സൃഷ്ടി കുറ്റമറ്റതാണെങ്കില്‍, സ്രഷ്ടാവ് വളരെ നല്ല ജോലിയാണ് നമ്മില്‍ ചെയ്തതെങ്കില്‍, എന്തുകൊണ്ടാണ് ഈ ലോകത്തില്‍ ഇത്രയധികം കഷ്ടത ഉള്ളത്? ഇവിടെ നിലനില്ക്കണമെങ്കില്‍ ആരുടെയെങ്കിലും സഹാനുഭൂതിയെ ആശ്രയിക്കേണ്ടിവരുന്നത് എന്തുകൊണ്ടാണ്?

സദ്ഗുരു: (ചിരിക്കുന്നു) അപ്പോള്‍ എല്ലാ സൃഷ്ടിയും ഒരു കുറ്റമറ്റ ജോലിയാണെങ്കില്‍ എന്തുകൊണ്ടാണ് ഇത്രയധികം ദുരിതം? നിങ്ങള്‍ ആഗ്രഹിക്കുന്ന തരത്തില്‍ ആകാനുള്ള അവസരം നിങ്ങള്‍ക്കുതരുന്ന കുറ്റമറ്റ ജോലിയാണത്. സൃഷ്ടി, നിങ്ങള്‍ ആഗ്രഹിക്കുന്നതായിത്തീരാന്‍ ആവശ്യമായ അവസരം നിങ്ങള്‍ക്ക് തന്നില്ലായിരുന്നുവെങ്കില്‍, ഒരു സാധ്യതകളുമുണ്ടാകില്ലായിരുന്നു, അല്ലേ? അങ്ങനെയെങ്കില്‍ മോചനം എന്നൊരു കാര്യംതന്നെ ഉണ്ടാകില്ലായിരുന്നു. അപ്പോള്‍ എന്തു കൊണ്ടു ബന്ധനവും പിന്നീട് സ്വാതന്ത്ര്യവും സൃഷ്ടിക്കണം? എന്തുകൊണ്ട് നിങ്ങളെ സ്വതന്ത്രരായി മാത്രം സൃഷ്ടിച്ചുകൂടായിരുന്നു? അങ്ങനെയെങ്കില്‍, പിന്നെ സൃഷ്ടിയേ ഉണ്ടാകില്ലായിരുന്നു. സൃഷ്ടി ഉള്ളതുകൊണ്ട് മാത്രമാണ് അതിനുമപ്പുറം പോകാനുള്ള സാധ്യതയുള്ളത്.

നിങ്ങള്‍, നിങ്ങള്‍ക്കു ചുറ്റും കാണുന്ന മൃഗങ്ങളിലും, മറ്റു ജീവജാലങ്ങളിലും അധികം സാധ്യതകളില്ല. അതിജീവിക്കുക, പ്രജനനം നടത്തുക, ജീവിതം മുന്നോട്ടുകൊണ്ടുപോകുക, ഒരു ദിവസം മരിക്കുക ഈ സാധ്യതകള്‍ മാത്രമേ അവയ്ക്കുള്ളൂ. അധികം സാധ്യതകളില്ലാത്തതിനാല്‍, അധികം ദുരിതങ്ങളുമില്ല. ഈ ഗ്രഹത്തിലെ മറ്റു ജീവജാലങ്ങളൊന്നും തന്നെ മനുഷ്യരുടെയത്ര കഷ്ടപ്പെടുന്നത് നിങ്ങള്‍ കാണുന്നില്ല. അവയുടെ കഷ്ടത പൂര്‍ണമായും ശാരീരികമാണ്. അവയെ ശാരീരികമായി ഉപദ്രവിക്കുകയാണെങ്കില്‍ അവയ്ക്ക് വേദനിക്കും. വേദനയില്‍ പോലും ഒരു മനുഷ്യന്‍ അറിയുന്ന തരത്തിലുള്ള കഷ്ടത അവ അറിയുന്നില്ല.

ഒരു മനുഷ്യനെന്ന നിലയില്‍ നിങ്ങള്‍ ഈ കഷ്ടത അറിയുന്നത് സൃഷ്ടി നിങ്ങള്‍ക്ക് കഷ്ടത നല്‍കിയതുകൊണ്ടല്ല. സൃഷ്ടി നിങ്ങള്‍ക്ക് നിങ്ങളാഗ്രഹിക്കുന്നതെന്തും നിങ്ങളില്‍നിന്നുതന്നെ ഉണ്ടാക്കുവാനുള്ള സ്വാതന്ത്ര്യം മാത്രമാണ് നല്‍കിയത്. നിങ്ങള്‍ നിങ്ങളില്‍ നിന്നു തന്നെ കഷ്ടത ഉണ്ടാക്കുന്നുവെങ്കിലോ, ലോകത്തിലെ ഒരു വലിയ ജനവിഭാഗം അവരില്‍ നിന്നുതന്നെ കഷ്ടത ഉണ്ടാക്കുവാന്‍ തീരുമാനിക്കുന്നുവെങ്കിലോ, അത് അവര്‍ തിരഞ്ഞെടുത്തതാണ. ഭൗതികയാഥാര്‍ത്ഥ്യങ്ങള്‍ ചിലപ്പോള്‍ സുഖപ്രദവും മറ്റു ചിലപ്പോള്‍ സുഖപ്രദമല്ലാത്തതുമാണ്; അതങ്ങനെയാണ്. നമുക്കാവശ്യമായ സുഖസൗകര്യങ്ങള്‍ സ്വയം ഉണ്ടാക്കുവാനാവശ്യമായ ബുദ്ധി നമുക്കു ലഭിച്ചിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ അതൊരു പ്രശ്നമേയല്ല.

ഇപ്പോള്‍ മനുഷ്യര്‍ കഷ്ടപ്പെടുന്നത് അവരുടെ ബന്ധനമല്ല, അവരുടെ സ്വാതന്ത്ര്യമാണ്.

നമുക്ക് പരസ്പരം പ്രശ്നങ്ങളൊന്നുമില്ലെങ്കില്‍, ലോകത്തിലെ എല്ലാ ജനങ്ങള്‍ക്കും സുഖസൗകര്യങ്ങളുണ്ടാക്കുന്നത് ഒരു വലിയ പ്രശ്നമേയല്ല. എന്നാല്‍ നമുക്ക് ആന്തരികപ്രശ്നങ്ങളുണ്ടെന്ന നിസ്സാരകാരണത്താല്‍, നമുക്ക് അനുഗ്രഹമാകേണ്ടിയിരുന്ന ഈ സ്വാതന്ത്ര്യം മനുഷ്യരുടെമേല്‍ ഒരു ശാപമായിത്തീര്‍ന്നിരിക്കുന്നു. ഇപ്പോള്‍ മനുഷ്യര്‍ കഷ്ടപ്പെടുന്നത് അവരുടെ ബന്ധനമല്ല, അവരുടെ സ്വാതന്ത്ര്യമാണ്. നിങ്ങള്‍ നിങ്ങളുടെ ബന്ധനത്താല്‍ കഷ്ടപ്പെടുകയാണെങ്കില്‍ അതു കുഴപ്പമില്ല , എന്നാല്‍ നിങ്ങളുടെ സ്വാതന്ത്ര്യത്താല്‍ കഷ്ടപ്പെടുകയാണെങ്കില്‍ അത് ഒരു ദുരന്തമാണ്.

ഈ നിമിഷം നിങ്ങള്‍ക്കു നിങ്ങളില്‍ നിന്ന് എന്തും ഉണ്ടാക്കുവാന്‍ സാധിക്കും. നിങ്ങള്‍ക്കു നിങ്ങളില്‍ നിന്ന് സന്തോഷമോ കഷ്ടതയോ ഉണ്ടാക്കാം. ഏകദേശം തൊണ്ണൂറുശതമാനം ജനങ്ങളും അവരില്‍നിന്ന് ദുരിതമുണ്ടാക്കാന്‍ തിരഞ്ഞെടുക്കുകയാണെങ്കില്‍, എന്തുചെയ്യാന്‍ കഴിയും? അത് സൃഷ്ടിയുടെ കുറ്റമല്ല. സൃഷ്ടി നിങ്ങള്‍ക്ക് അതിനുമപ്പുറം പോകാനുള്ള സ്വാതന്ത്ര്യം മാത്രമാണ് നല്കിയിരിക്കുന്നത്. ഒരിക്കല്‍ നിങ്ങള്‍ മനുഷ്യനായി വന്നുകഴിഞ്ഞാല്‍, നിങ്ങള്‍ പിന്നൊരിക്കലും കുടുങ്ങിപ്പോകുന്നില്ല. മറ്റുള്ള ജീവജാലങ്ങള്‍ അവയുടെ സ്വന്തം ജന്മവാസനകള്‍ക്കുള്ളില്‍ അകപ്പെട്ടിരിക്കുന്നു. അതിനപ്പുറം ചിന്തിക്കുവാന്‍ അവയ്ക്ക് കഴിയില്ല.

നിങ്ങള്‍ക്ക് നിലനില്പ്പിനുള്ള ജന്മവാസനയുണ്ട്, എങ്കിലും ഈ ജന്മവാസനകള്‍ക്കപ്പുറം പോകാനുള്ള സാധ്യതയുമുണ്ട്. നിങ്ങള്‍ അതിനുമപ്പുറം പോകാന്‍ തീരുമാനിക്കുന്നില്ലെങ്കില്‍, അതിനര്‍ത്ഥം നിങ്ങളെ ഇതുവരെയും വേണ്ടത്ര കഷ്ടത സ്പര്‍ശിച്ചിട്ടില്ലെന്നാണ്. ഈ ലോകത്ത് നിര്‍ഭാഗ്യവശാല്‍ വളരെ കുറച്ച് വ്യക്തികള്‍ മാത്രമേ അവരുടെ ബുദ്ധിശക്തിയുപയോഗിച്ച് ഇന്ദ്രിയങ്ങള്‍ക്ക് അതീതമായിട്ടുള്ളൂ. അധികം ആളുകളും ജീവിതത്താല്‍ തകര്‍ക്കപ്പെടുമ്പോള്‍ മാത്രമേ ഇന്ദ്രിയങ്ങള്‍ക്കുമപ്പുറം പോകുന്നതിനെക്കുറിച്ച് ചിന്തിക്കുകയുള്ളൂ. അല്ലെങ്കില്‍ ഇല്ല.

ഇന്ത്യയില്‍ നിങ്ങള്‍ ആരോടെങ്കിലും 'ഞാന്‍ ഒരു ആശ്രമത്തിലാണ് താമസിക്കുന്നത്' എന്നുപറഞ്ഞാല്‍ അവര്‍ നിങ്ങളോട് ചോദിക്കും, 'എന്താ? എന്തുപറ്റി? നിങ്ങളുടെ ജീവിതത്തിന് എന്തു കുഴപ്പമാണ് സംഭവിച്ചത്?' എന്ന്. ശരിക്കും എന്തെങ്കിലും തകരാറ് സംഭവിച്ചാല്‍ മാത്രമെ നിങ്ങള്‍ ആശ്രമത്തില്‍ പോകുകയുള്ളൂവെന്നാണ് അവര്‍ വിശ്വസിക്കുന്നത്. എന്തുകൊണ്ടെന്നാല്‍ അധികം മനുഷ്യരുടെയും ബുദ്ധി അങ്ങനെയാണ്; അവര്‍ അവരുടെ തലച്ചോറിനെ, ഭാവിയില്‍ ഉപയോഗിക്കാമെന്നു കരുതി 'കോള്‍ഡ് സ്റ്റോറേജില്‍' വച്ചിരിക്കയാണ്. അതിനാല്‍ അവരുടെ ജീവിതത്തില്‍ സാരമായ ദുരന്തം എന്തെങ്കിലും സംഭവിക്കുമ്പോള്‍ മാത്രമെ അതിനുമപ്പുറം അവര്‍ തേടുകയുള്ളു. അതുവരെ, എന്തെങ്കിലും ദുരന്തം സംഭവിച്ചാല്‍പ്പോലും, അടുത്തതവണ കൂടുതല്‍ നല്ല ഒരു ജീവിതത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുക മാത്രമേ അവര്‍ ചെയ്യുകയുള്ളൂ.

ഇപ്പോള്‍, ആരുടെയെങ്കിലും സഹാനുഭൂതിയേയൊ ധാരണയെയോ നിങ്ങള്‍ ആശ്രയിക്കേണ്ടതില്ല. ഈ ലോകത്തിനു മുഴുവനും നിങ്ങളുടെ സഹാനുഭൂതിയുടെയും ധാരണയുടെയും കുടക്കീഴില്‍ ജീവിക്കാനാകും. ലോകം നിങ്ങളുടെ സഹാനുഭൂതിയുടെയും, ധാരണയുടെയും കീഴില്‍ ജീവിക്കുന്ന തരത്തില്‍ നിങ്ങള്‍ ഉയരുന്നതു കാണാന്‍ എനിക്ക് ആഗ്രഹമുണ്ട്. നിങ്ങള്‍ക്ക് അല്‍പമെങ്കിലും അഭിമാനമുണ്ടെങ്കില്‍ അങ്ങനെയാണ് നിങ്ങള്‍ ജീവിക്കേണ്ടത്, അങ്ങനെയല്ലേ?

ചോദ്യകര്‍ത്താവ്: സദ്ഗുരു, അങ്ങുപറഞ്ഞു, കഷ്ടത മനസ്സിന്‍റേതാണെന്നും, അതില്‍ നിന്നും മുക്തിനേടാന്‍ നമുക്കു സ്വാതന്ത്ര്യമുണ്ടെന്നും. എന്നിട്ടും ഭക്ഷണംപോലും കഴിക്കാനില്ലാത്ത മനുഷ്യരുണ്ട്. അവരുടെ കഷ്ടതയെക്കുറിച്ച് എന്തുപറയുന്നു?

സദ്ഗുരു: മനുഷ്യര്‍ക്കു കഴിക്കാന്‍ ഭക്ഷണമില്ലാത്തത് ലോകത്ത് ഭക്ഷണമില്ലാത്തതുകൊണ്ടല്ല, പക്ഷേ കഴിവുള്ളവര്‍ എല്ലാം സ്വായത്തമാക്കി വച്ചിരിക്കുന്നതുകൊണ്ടാണ്.