सद्गुरु

ഇന്ത്യയില്‍ ഓരോ ദിവസവും ഓരോ ആഘോഷമാണ്. ഈ നാടിന്‍റെ സവിശേഷതയാണത്. തുടര്‍ച്ചയായ ആഘോഷങ്ങളുടെ സംസ്ക്കാരം. നിലമുഴുവാന്‍ ഒരു ദിവസം. അതും ഒരു ആഘോഷം. അതിനടുത്ത ദിവസം കളപറിയ്ക്കല്‍ ഉത്സവമായി. പിന്നെ വിളവെടുപ്പ് എന്ന മഹാ ഉത്സവം ജനങ്ങള്‍ക്കെന്നും ഉത്സവക്കാലം. ഓരോ ദിവസവും ആഘോഷ നാള്‍.

എങ്ങനെയോ മനസ്സുകളിലെ ഉത്സവ വിളക്കുകള്‍ കെട്ടുപോയി. പിന്നീടു വന്നത് മാന്ദ്യത്തിന്‍റെ, ഉദാസീനതയുടെ നാളുകളായിരുന്നു. ഇന്ത്യയിലെ ജനസംഖ്യയില്‍ വലിയൊരു ഭാഗം ഗ്രാമങ്ങളില്‍ പാര്‍ക്കുന്നവരാണ്. അവരുടെ ഇടയില്‍നിന്നും ഉത്സവാരവങ്ങള്‍ പടിയിറങ്ങി പോയിരിക്കുന്നു. പ്രധാന കാരണം, തലമുറകളിലായി അവര്‍ അനുഭവിക്കുന്ന കടുത്ത ദാരിദ്ര്യം തന്നെ. അവരെ ഒരിക്കല്‍കൂടി ഉത്സാഹഭരിതരാക്കാന്‍ തീര്‍ച്ചയായും കായിക വിനോദങ്ങള്‍ക്കു സാധിക്കും.

അവനവന്‍റെ പരിമിതികളെ മറികടക്കാന്‍ മനുഷ്യനെ സഹായിക്കുന്ന ഏറ്റവും ഫലവത്തായ ഒരു മാര്‍ഗമാണ് സ്പോര്‍ട്സ്.

അവനവന്‍റെ പരിമിതികളെ മറികടക്കാന്‍ മനുഷ്യനെ സഹായിക്കുന്ന ഏറ്റവും ഫലവത്തായ ഒരു മാര്‍ഗമാണ് സ്പോര്‍ട്സ്. അത് ജീവിതത്തിലേക്ക് ആവേശവും ഉത്സാഹവും സമൃദ്ധമായി പകര്‍ന്നു നല്‍കുന്നു. ഗ്രാമീണ സമൂഹങ്ങളെ കൂടുതല്‍ ചൈതന്യവത്താകാനുള്ള ഒരു പദ്ധതി ഈശാ കേന്ദ്രം ആവിഷ്കരിച്ചിട്ടുണ്ട്. Action for Rural Rejuvenation എന്നാണ് പേര്‍ കൊടുത്തിരിക്കുന്നത്. തുടക്കത്തില്‍ കാര്യമായ ജനപിന്തുണ പദ്ധതിക്കു ലഭിക്കുകയുണ്ടായില്ല, മാത്രമല്ല കുറച്ചൊരു ചെറുത്തു നില്‍പും ഞങ്ങള്‍ക്ക് നേരിടേണ്ടിവന്നു. ജാതി മത വിഭാഗിയതകളായിരുന്നു ഒരു കാരണം. എന്നാല്‍ സ്പോര്‍ട്സുമായി ഞങ്ങള്‍ രംഗത്തെത്തിയപ്പോള്‍ അവരുടെ മനോഭാവത്തില്‍ വലിയ മാറ്റം കണ്ടു. ഇപ്പോഴത്തെ സ്ഥിതി കായികരംഗത്ത് മികവു പുലര്‍ത്തുന്നയാളാണ് ഗ്രാമത്തിലെ കഥാനായകന്‍. ജാതിമതവര്‍ഗ വ്യത്യാസങ്ങളൊന്നും ആരും പരിഗണിക്കാതായിരിക്കുന്നു.

ഇതാണ് കായിക വ്യായാമങ്ങളുടെ പ്രസക്തിയും പ്രാധാന്യവും. ഒരിക്കല്‍ അതിലേക്കിറങ്ങി കഴിഞ്ഞാല്‍ മറ്റെല്ലാം അപ്രസക്തമാവുന്നു. കളി മാത്രമാകും കാര്യം. കുലവും കുടുംബവും ആരും ശ്രദ്ധിക്കാറില്ല. നല്ല കളിക്കാരനാണോ എന്നതു മാത്രമാണ് നോട്ടം. മഹേന്ദ്രസിങ്ങ് ധോണിയുടെ ജാതിയെന്താണെന്ന് ആരെങ്കിലും അന്വേക്ഷിക്കാറുണ്ടൊ? അദ്ദേഹത്തിന്‍റെ കളി മാത്രമാണ് നമ്മുടെ ശ്രദ്ധ ആകര്‍ഷിക്കുന്നത്.

തമിഴു ഗ്രാമങ്ങളില്‍ മാറ്റത്തിന്‍റെ കാറ്റ്

സ്പോര്‍ട്സിന്‍റെ വലിയൊരു പ്രയോജനം അത് കായികശക്തിയെ വളര്‍ത്തുന്നു എന്നതാണ്. ഇന്നത്തെ ഗ്രാമവാസികള്‍ക്കിടയില്‍ അസ്ഥികളേയും മാംസപേശികളെയും ബാധിക്കുന്ന പല രോഗങ്ങളും അപാകതകളും ധാരാളമായി കണ്ടുവരുന്നു. കായിക വ്യായാമങ്ങളോടൊപ്പം യോഗാസനങ്ങളും ഞങ്ങള്‍ അവര്‍ക്ക് പരിചയപ്പടുത്തി. അതിനുശേഷം അവരുടെ ആരോഗ്യ സ്ഥിതിയില്‍ നല്ല മാറ്റങ്ങള്‍ കാണാനാവുന്നുണ്ട്. മദ്യപാനം പുകവലി തുടങ്ങിയവ കുറഞ്ഞു വരുന്നുണ്ട്. ആളുകള്‍ ആരോഗ്യ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കാണിക്കാന്‍ തുടങ്ങിയിരിക്കുന്നു. എല്ലാവര്‍ക്കും മോഹം, ഏതെങ്കിലുമൊരു സ്പോര്‍ട്സ് ടീമില്‍ അംഗമാകാന്‍.

ജാതി, മത, സമുദായ വിത്യാസങ്ങള്‍ മറന്ന് എല്ലാവരും ഇത്തരം കാര്യങ്ങളില്‍ പൂര്‍ണ്ണമനസ്സോടെ പങ്കെടുക്കുന്നു.

കളികളിലൂടെയും, കായിക വിനോദങ്ങളിലൂടെയും ഗ്രാമീണ സമൂഹങ്ങളില്‍ വരുന്നതായ മാറ്റങ്ങള്‍ തികച്ചും അതിശയകരമാണ്. ജാതി, മത, സമുദായ വിത്യാസങ്ങള്‍ മറന്ന് എല്ലാവരും ഇത്തരം കാര്യങ്ങളില്‍ പൂര്‍ണ്ണമനസ്സോടെ പങ്കെടുക്കുന്നു. സ്വന്തം പ്രായം പോലും ആരും പരിഗണിക്കുന്നില്ല. ആറേഴു വയസ്സു കഴിഞ്ഞതില്‍ പിന്നെ കളിയെപറ്റി ആലോചിക്കുക പോലും ചെയ്യാത്ത മുതിര്‍ന്ന സ്ത്രീകളും കൂടി അതില്‍ വലിയ താല്‍പര്യം കാണിക്കാന്‍ തുടങ്ങിയിരിക്കുന്നു. എഴുപതു കഴിഞ്ഞ അമ്മൂമ്മമാരും ടൂര്‍ണമെന്‍റുകളില്‍ പങ്കെടുക്കാന്‍ എത്തുന്നു. ഗ്രാമങ്ങള്‍ തമ്മിലുള്ള മത്സരക്കളികള്‍ പങ്കെടുക്കുന്നവരുടേയും കാണികളുടേയും ആവേശം മുതിര്‍ന്ന സ്ത്രീകളും ചെറുപ്പക്കാരോടൊപ്പം മത്സരിച്ചു കളിക്കുന്നു. എല്ലാം സ്പോര്‍ട്സിലെ അത്ഭുതങ്ങള്‍ തന്നെ.

ഇത് തമിഴ്ഗ്രാമങ്ങളിലെ അവിശ്വനീയമാംവിധം ഫലപ്രദമായ ഒരു പദ്ധതിയാണ്. ഇത് ഭാരതത്തിലുടനീളം പ്രചാരത്തില്‍ കൊണ്ടു വരണമെന്നാണ് നമ്മുടെ ആഗ്രഹം. മനുഷ്യമനസ്സില്‍ മത്സരബുദ്ധി വളര്‍ത്തുകയല്ല നമ്മുടെ ഉദ്ദേശ്യം..... കളിക്കളത്തിലെ ഉണര്‍വും ഉത്സാഹവും ഓരോ മനസ്സിലും നിറയണം, ജീവിതം ഒരിക്കല്‍ കൂടി ചൈതന്യപൂര്‍ണമാകണം – അതു മാത്രമാണ് ഞങ്ങളുടെ ലക്ഷ്യം. ജീവിതമെന്ന കളികളിക്കാന്‍ ഓരോ മനസ്സും തയ്യാറാവണം.