2017 ജൂൺ മാസത്തിൽ "റാലി ഫോർ റിവേഴ്‌സ്" എന്ന പരിപാടിയെ കുറിച്ച് സംസാരിക്കുവാൻ സദ്ഗുരു ഇന്ത്യയുടെ ബോർഡർ സെക്യൂരിറ്റി ഫോഴ്‌സിന്‍റെ തലവനുമായി ഒരു കൂടിക്കാഴ്ച നടത്തിയിരുന്നു. ആ സമയത്ത് റാലിയെക്കുറിച്ചല്ലാതെ ബി.എസ്.എഫ്. ജവാൻമാരുടെ സ്വാസ്ഥ്യത്തെക്കുറിച്ചും വളരെ പ്രധാനപ്പെട്ട ചർച്ചകൾ അവർ നടത്തുകയുണ്ടായി. അതിനെ തുടർന്നാണ് ഈ സൈനികരുടെ ചില പ്രശ്നങ്ങൾ - ഉടനടി പരിഹാരം കാണേണ്ടതും, ദീർഘകാലാടിസ്ഥാനത്തിൽ പരിഹാരം കാണേണ്ടതുമായ ചില പ്രശ്നങ്ങൾ - പരിഹരിക്കുവാൻ ഇഷ യോഗ എങ്ങിനെ ഉപയോഗിക്കാമെന്നതിലേക്കു ചർച്ചകൾ എത്തിയത്. അങ്ങിനെ രണ്ടാഴ്ച ദൈർഘ്യമുള്ള ഒരു ഹഠയോഗ പരിപാടി, ബി എസ് എഫ് സൈനികർക്കായി കോയമ്പത്തൂരിലെ ഇഷ യോഗ സെന്‍ററിൽ ആസൂത്രണം ചെയ്ത് നടപ്പാക്കി.

യോഗ സെന്‍ററിൽ താമസിച്ചു കൊണ്ടുള്ള തീവ്രമായ ഈ പരിപാടിയിൽ ബി.എസ്.എഫ്. സൈനികരെ പുരാതനവും അതീവ ശക്തിയുള്ളതുമായ ഹഠയോഗം പരിശീലിപ്പിച്ചു. അതിൽ ഈശാ ഉപ-യോഗ, അംഗമർദ്ദന, സൂര്യ ക്രിയ എന്നിവയും ഉൾപ്പെടുത്തിയിരുന്നു. ഈ പരിശീലനത്തിൽ പങ്കെടുത്തവരെ ശാംഭവി മഹാമുദ്ര ക്രിയയും പരിശീലിപ്പിച്ചു.

ഓഫീസർമാരും, കീഴുദ്യോഗസ്ഥന്മാരും, കോൺസ്റ്റബിള്‍മാരും അടക്കം തൊണ്ണൂറ്റി ഒൻപതു പേരാണ് പരിപാടിയിൽ പങ്കെടുത്തത്. അവരിൽ പലർക്കും ബി.എസ്.എഫിനകത്ത് അതിർത്തി കാക്കുന്നവർക്കും അവരുടെ കുടുംബങ്ങൾക്കും പ്രയോജനപ്പെടുവാൻ തക്ക വിധത്തിൽ ഈശാ ഹഠയോഗ ക്രിയയുടെ പ്രാരംഭ പരിപാടികൾ നടത്തുവാനുള്ള പരിശീലനവും, അധികാര പത്രവും ലഭിച്ചു. ഇതിൽ പങ്കെടുക്കുവാൻ വന്നവർ രാജ്യത്തെമ്പാടുമുള്ള ബി.എസ്.എഫ് ബറ്റാലിയനുകളിൽ നിന്നും വന്നവരായിരുന്നു. രാജസ്ഥാൻ, ഗുജറാത്ത്, ത്രിപുര, ജമ്മു ആൻഡ് കാശ്മീർ, പശ്ചിമ ബംഗാൾ എന്നു തുടങ്ങിയ അതിർത്തി പ്രദേശങ്ങളിൽ നിന്നുമാണ് അവർ വന്നത്.

ഇതിൽ പങ്കെടുത്തവരോട് പരിശീലനം നടക്കുന്നതിനിടയിലും, പരിപാടിയുടെ അവസാനത്തിലും അവരുടെ ഇവിടത്തെ പരിശീലന കാലത്തെ അനുഭവങ്ങൾ പങ്കുവെക്കുവാൻ ആവശ്യപ്പെട്ടപ്പോൾ, അവരുടെ വാക്കുകളിലെ അത്ഭുതവും, സത്യസന്ധതയും വർണ്ണനാതീതമായിരുന്നു. വളരെ കുറച്ചു ദിവസങ്ങൾ മാത്രമേ അവർ ആശ്രമത്തിൽ താമസിച്ചുള്ളൂ എങ്കിലും അതുകൊണ്ട് തന്നെ അവരുടെ ഉള്ളിൽ ആഴത്തിലുള്ള മാറ്റങ്ങളാണ് സംഭവിച്ചതെന്ന് അവരിൽ പലരും പറയുകയുണ്ടായി. അവരിൽ ഒരാൾ കൈകൂപ്പി നമസ്കാരം പറയുന്നതിനെകുറിച്ചാണ് പറഞ്ഞത്. ആദ്യം അയാൾക്ക് കൈ കൂപ്പുവാൻ പ്രയാസമായിരുന്നു; അത് അയാളുടെ അന്തസ്സിനെ ബാധിക്കുന്നു എന്ന തോന്നൽ അയാൾക്ക് ഉണ്ടായിരുന്നു. പക്ഷെ ദിവസങ്ങൾ കടന്നു പോകുകയും ആശ്രമത്തിലെ സംസ്കാരം പരിചിതമാകുകയും ചെയ്തതോടു കൂടി ഈ വിനീതമായ ആംഗ്യം പോലും അയാളുടെ ജീവിതത്തിൽ സാരമായ അർത്ഥവും ഗഹനമായ ആന്തരാർത്ഥവും പ്രദാനം ചെയ്തു എന്ന് അദ്ദേഹം പറഞ്ഞു.

പരിശീലന ക്ലാസ്സുകൾ വര്‍ണ്ണാഭമാക്കിയ ചില സന്ദർഭങ്ങളും, പരിപാടിയിൽ പങ്കെടുത്തവരുടെ ചില അനുഭവങ്ങളും താഴെ കൊടുക്കുന്നു.

പരിശീലന പരിപാടി നടക്കുന്ന സമയത്ത് മൂക്കടപ്പുണ്ടായിരുന്ന സൈനികരോട് ക്രിയ ചെയ്യുന്നതിന് മുൻപ് കുറച്ചു നേരം വ്യായാമത്തിനായി ഓടുവാൻ (ജോഗ് ചെയ്യുവാൻ ) ആവശ്യപ്പെട്ടു. അവർ എഴുന്നേറ്റു നിന്ന് എല്ലാവരും ഒന്നിച്ച് ജോഗ് ചെയ്യുവാൻ തുടങ്ങി. ക്ലാസ്സ്‌ നടക്കുന്ന മുറിയുടെ വിവിധ ഭാഗങ്ങളിൽ നിന്നാണ് ഇവർ വന്നത്. എന്നാൽ അവരെല്ലാം ഒരു വരിയായി നിന്ന്; ഒരേ സമയത് ജോഗ് ചെയ്യുവാൻ തുടങ്ങി; ഒരേ ശക്തിയോടെ ജോഗ് ചെയ്ത് ഒരേ സമയത്ത് അവസാനിപ്പിക്കുകയും ചെയ്‌തു!

സ്വയം വിളമ്പിയിട്ടുള്ള ഭക്ഷണരീതി സ്വീകാര്യമല്ല.

20171231_SUN_0012-e

പരിശീലനം തുടങ്ങിയിട്ട് നാലു ദിവസം പിന്നിട്ടിരുന്നു. അതുവരെ സന്നദ്ധ പ്രവർത്തകർ പരിശീലനത്തിന് വന്നിട്ടുള്ളവർക്കു ഭക്ഷണം വിളമ്പി കൊടുക്കുകയാണ് ചെയ്തിരുന്നത്; അതാണ് ആശ്രമത്തിൽ സാധാരണ പിന്തുടരുന്ന സമ്പ്രദായം. അന്ന് ചോളാ ട്രോഫി ഫൈനലിന് ശേഷം സ്വയം വിളമ്പി എടുക്കുവാനുള്ള രീതിയിൽ (ബുഫേ ) ആണ് രാത്രി ഭക്ഷണം ഒരുക്കിയത്. സന്നദ്ധ പ്രവർത്തകര്‍ കളി കാണുവാൻ പോയിരുന്നതു കൊണ്ടാണ് അപ്രകാരം ചെയ്തത്. ഇരുന്നു ഭക്ഷണം കഴിക്കുവാൻ ഉള്ള സംവിധാനം ആദ്യമായിട്ടാണ് ഇല്ലാതിരുന്നത്. അത്ര സുഖകരമായി തോന്നാതിരുന്ന സൈനികർ ചോദിച്ചു," സന്നദ്ധ പ്രവർത്തകർ ഇന്ന് കുറവാണോ?" ഉണ്ടായിരുന്ന സന്നദ്ധ പ്രവർത്തകർക്കു എന്ത് മറുപടി നൽകണമെന്ന് അറിയില്ലായിരുന്നു. പക്ഷെ വേറെ ഒന്നും ചോദിക്കാതെ അവരിൽ ചിലർ എഴുന്നേറ്റു, ഭക്ഷണം വച്ചിരിക്കുന്ന ബക്കറ്റുകൾ കൈയിലെടുത്തു; മറ്റുള്ളവർക്ക് വിളമ്പിക്കൊടുത്തു. പരിശീലന പരിപാടി തീരുന്നതു വരെ അവർ തന്നെ ഊഴമനുസരിച്ചു വിളമ്പുവാൻ തുടങ്ങി. സ്നേഹത്തോടു കൂടി വിളമ്പിക്കൊടുക്കുന്ന രീതി അവർക്കു അത്രമാത്രം ഇഷ്ടമായിരുന്നു!

ചോളാ ട്രോഫി ഫൈനലിൽ അവരെയും പങ്കെടിപ്പിക്കുന്നതിൽ സദ്ഗുരുവിന്‍റെ പങ്ക്‌.

പരിശീലത്തിനു വന്നവരുമായി സദ്ഗുരു കുറെ സമയം ചിലവഴിച്ചു. അവരിൽ അധികമാളുകൾക്കും അതിനു ശേഷമാണ് ഈ പരിശീലനത്തിൽ പ്രത്യേക താല്‍പര്യം ഉണ്ടായത്. ഈ യോഗത്തിനു ശേഷം സൈനികരിൽ കുറെ പേര്‍ ഈശാ ചോളാ ട്രോഫി ഫൈനൽ കാണുവാൻ വന്നു; അവരുടെ ചെവിയിൽ സദ്ഗുരു അനുഗ്രഹിച്ചു നൽകിയ പൂവുകൾ അപ്പോഴും കാണാമായിരുന്നു. !

ഫൈനൽ മത്സരത്തിനു ശേഷം ഈ സൈകരിൽ ചിലർ ജയിച്ച ടീമുമായി കളിക്കുവാൻ മുന്നോട്ടു വന്നു. അവർക്കു വോളി ബോള്‍ കളിക്കുവാൻ ഒരു തരത്തിലുള്ള പരിശീലനവും ഇല്ലാതിരുന്നിട്ടും അവർ അതിനു തയ്യാറായത് അവരുടെ സ്വഭാവത്തിലുള്ള കളിക്കാരന്‍റെ ഉത്സാഹത്തിന്‍റെ ഉത്തമമായ ഉദാഹരണമായിരുന്നു. എന്തായാലും രണ്ടു ടീമിലെയും കളിക്കാർ തുല്യ ശക്തികളാകുവാൻ വേണ്ടി സദ്ഗുരു ജയിച്ച ടീമിലെ ചില കളിക്കാർക്ക് പകരം ബ്രഹ്മചാരികളെ കളിക്കാൻ ഇറക്കുകയും ചെയ്‌തു. കാഴ്ചക്കാർക്ക് ഇത് ഒരു രസകരമായ അനുഭവമായിരുന്നു.

ഈശാ ഹോം സ്‌കൂളിലേക്ക് ഒരു സന്ദർശനം

20171231_SUN_0284-e

ഈ സൈനികരുടെ ബഹുമാനാര്‍ത്ഥം ഈശാ ഹോം സ്‌കൂൾ അവരെ പകുതി ദിവസത്തേക്ക് സ്‌കൂളിൽ സന്ദർശനം നടത്തുവാൻ ക്ഷണിച്ചു. കലാപരിപാടികളുടെ ഭാഗമായി ചെറിയ കുട്ടികൾ ദേശഭക്തി ഗാനങ്ങൾ ആലപിച്ചു. അവയിൽ ഒന്നിലെ വരികൾ ഇങ്ങിനെയായിരുന്നു; " ഞാൻ ഒരു ചെറിയ യാത്രികനാണ്, ഒരു ചെറിയ സൈനികനാണ്" പാട്ടു കേട്ട ഒരു സൈനികൻ കണ്ണുനീർ പൊഴിക്കുവാൻ തുടങ്ങി. ഈ കൊച്ചു കുട്ടികൾ സൈനികരായ തങ്ങളെ എത്രമാത്രം ബഹുമാനിക്കുന്നു എന്ന് കണ്ടപ്പോഴുണ്ടായ വികാരത്തിന്‍റെ ഫലമായിട്ടാണ് കണ്ണുനീർ പൊഴിച്ചത് എന്നായിരുന്നു അദ്ദേഹം പിന്നീട് പറഞ്ഞത്. കൂടാതെ താൻ എട്ടു മാസമായി കണ്ടിട്ടില്ലാത്ത തന്‍റെ ഒരു വയസ്സ് മാത്രം പ്രായമുള്ള മോളെയും അദ്ദേഹം അപ്പോൾ ഓർത്തുപോയിരുന്നു. 20171231_SUN_0313-e

പരിശീലന പരിപാടിയിൽ പങ്കെടുത്ത സൈനികർ പ്രത്യേകമായി എടുത്തു പറഞ്ഞ വേറൊരു കാര്യം ആശ്രമത്തിലെ സന്നദ്ധസേവകരുടെ പ്രവർത്തനത്തെ കുറിച്ചായിരുന്നു. അവരുടെ എളിമയും ആത്മാര്‍ത്ഥതയുമാണ് അവരെ അധികം ആകർഷിച്ചത്. അവരിലെ ഒരു ഉയർന്ന ഉദ്യോഗസ്ഥൻ പറഞ്ഞത് ഉത്തരവാദിത്വത്തെക്കുറിച്ചായിരുന്നു. സൈന്യത്തിൽ ഉത്തരവുകൾ പാലിക്കുന്നത് വളരെ പ്രധാനപ്പെട്ട കാര്യമായതിനാൽ, ഉത്തരവ് കൊടുക്കുന്ന ആളിനായിരിക്കും അതിന്‍റെ മുഴുവൻ ഉത്തരവാദിത്വവും. ഇത് താഴെയുള്ള ഓഫീസർമാരിൽ അച്ചടക്കം പരിപാലിക്കുന്നതിൽ പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ടെന്നാണ് അവർക്കിടയിലെ ഉയർന്ന ഉദ്യോഗസ്ഥൻ പറഞ്ഞത്. ഈശായിലെ സമ്പ്രദായം ഇതിൽ നിന്നും വളരെ വ്യത്യസ്തമാണെന്നാണ് അദ്ദേഹം മനസ്സിലാക്കിയത്. ആരും ഉത്തരവുകൾ നൽകുന്നില്ല. ചില സന്ദർഭങ്ങളിൽ സൗമ്യമായി ഒരു ആവശ്യം ഉന്നയിക്കുക മാത്രം ചെയ്യും. എല്ലാവരും സ്വയം പ്രവർത്തിച്ചു കൊണ്ടിരിക്കും. ഓരോരുത്തരും തന്‍റെ പ്രവൃത്തികൾക്ക് ഉത്തരവാദപ്പെട്ടിരിക്കുകയും ചെയ്യുന്നു. കാര്യങ്ങളെല്ലാം നല്ലതുപോലെ നടപ്പാകുന്നുണ്ട്; ആരും ആരുടെയും പിന്നാലെ നടന്നു ഒന്നും ചെയ്യിപ്പിക്കുന്നില്ല. ഈ അന്തരീക്ഷത്തിൽ കുറച്ചു ദിവസം കഴിഞ്ഞ തന്‍റെ ഉദ്യോഗസ്ഥർക്കിടയിൽ ഒരു മാറ്റം കാണുന്നുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്; അവരാരും ഉത്തരവുകൾ ലഭിക്കാൻ കാത്തു നിൽക്കുന്നില്ല. അവർ സ്വയം മുന്നോട്ടു വന്നു പ്രവർത്തിക്കുവാൻ തയ്യാറായിരുന്നു.

മറ്റു സൈനിക വിഭാഗങ്ങൾക്കുള്ളതുപോലെ ബി.എസ്.എഫ്. സൈനികർക്കു സൈനിക സേവനത്തിൽ നിന്നും ഇളവ് കിട്ടുകയില്ല. അതായത് ഏതെങ്കിലും സൈനിക താവളത്തിൽ സാധാരണ ഓഫീസ് ജോലികൾ ചെയ്യുവാനുള്ള അവസരം കിട്ടുകയില്ല. ഇത് അധികമാളുകൾക്കും അറിയാത്ത ഒരു സംഗതിയാണ്. വർഷത്തിൽ ഒരു മാസത്തോളം കിട്ടുന്ന അവധികാലം അവർ കുടുംബത്തോടൊപ്പം ചിലവഴിക്കും. ബി.എസ്.എഫ് ഇൽ ചേർന്ന് ഏകദേശം മുപ്പത്തി അഞ്ചു വർഷത്തെ സേവനത്തിനു ശേഷം വിരമിക്കുന്നത് വരെ അവർ രാജ്യത്തിന്‍റെ അതിർത്തി പ്രദേശങ്ങളിൽ ജോലി നോക്കണം. ഏതു നേരവും ശ്രദ്ധയോടെ, ചുറുചുറുക്കോടെ നിൽക്കണം. അവർ പണിയെടുക്കുന്നത് കഠിനമായ കാലാവസ്ഥകളിലാണ്. അതിർത്തി സംരക്ഷണത്തിന് പുറമെ അവർ അതിർത്തിയിൽ താമസിക്കുന്ന സാധാരണ ജനങ്ങളോടും ഇടപഴകേണ്ടിയിരിക്കുന്നു. ഇത്തരം ജോലികൾ അവർക്കു വലിയ ശാരീരിക, മാനസിക, വൈകാരിക സമ്മർദങ്ങളാണ് സമ്മാനിക്കുന്നത്.

അവർ ഈശായിൽ നിന്നും പഠിച്ച യോഗയും, ധ്യാനവും അവർക്കു ഒരു വലിയ വരം തന്നെയായിരിക്കുമെന്നാണ് അവരുടെ ഉയർന്ന ഉദ്യോഗസ്ഥൻ പറഞ്ഞത്. ഇവ സ്വയം സംരക്ഷിക്കാനുള്ള ഏറ്റവും ഫലപ്രദമായ ഉപകരണങ്ങളാകുമെന്നും അവർക്കു അതുമൂലം കൂടുതൽ നന്നായി പ്രവർത്തിക്കുവാൻ സാധിക്കുമെന്നുമാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. സദാ സമയവും അത്യന്തം സമ്മർദത്തിൽ പണിയെടുക്കേണ്ടി വരുന്ന അവർക്കു ഈ പരിശീലനം മൂലം ലഭിച്ച മനഃശാന്തി ശരിയായ തീരുമാനങ്ങൾ എടുക്കുവാൻ സഹായകമാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ ഗുണങ്ങളെ കുറിച്ച് സംസാരിക്കുന്നതിനിടയിൽ, തങ്ങൾക്കാവശ്യമുള്ള കാര്യങ്ങൾ മനസ്സിലാക്കി അതിനുള്ള ഏറ്റവും നല്ല പരിശീലനം കൊടുത്ത സദ്ഗുരുവിനെ പ്രശംസിക്കുവാനും അവരുടെ നന്ദി അറിയിക്കുവാനും അവർ ഒട്ടും മടിച്ചില്ല.

ഈ പരിശീലന പരിപാടി വിജയകരമായി പൂർത്തിയാക്കിയതിനു ശേഷം ഇതുപോലെ രണ്ട് പരിപാടികൾ കൂടി ബി.എസ്.എഫ് സൈനികർക്കു വേണ്ടി 2018 ൽ തന്നെ നടത്തുവാനുള്ള ശ്രമങ്ങൾക്ക് തുടക്കമായിട്ടുണ്ട്. അതോടൊപ്പം തിരഞ്ഞെടുത്ത ഉദ്യോഗസ്ഥർക്ക് കൂടുതൽ ഉയർന്ന പരിശീലനം നൽകുവാനുള്ള പരിപാടിയും ആസൂത്രണം ചെയ്യുന്നുണ്ട്.

ഇവിടെ പരിശീലനം നേടിയ ചിലർ വീണ്ടും ഉയർന്ന പരിശീലനത്തിനും, നവീകരണ പരിപാടികൾക്കുമായി ഇവിടെ വരുമെങ്കിലും ഇവരെല്ലാം തന്നെ കുടുംബസമേതം ഇവിടെ വരുവാനുള്ള ആഗ്രഹം അറിയിച്ചിട്ടുണ്ട്. ഈശാ യോഗയുടെ ഉദാത്തമായ അനുഭവം തങ്ങളുടെ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ലഭിക്കുവാനായി അവരെ വരും കാലങ്ങളിൽ ഇവിടെ നടക്കുന്ന പരിശീലന പരിപാടികളിൽ പങ്കെടുക്കുവാൻ അയക്കുമെന്നും അവർ അറിയിച്ചിട്ടുണ്ട്.