सद्गुरु

നദികളുടെ ജീവചൈതന്യം വര്‍ദ്ധിപ്പിക്കാനായി സദ്ഗുരു ആവിഷ്‌ക്കരിച്ച പദ്ധതിയുടെ രൂപരേഖയില്‍ നിന്നും ചില പ്രസക്തഭാഗങ്ങളാണ് ഇവിടെ കൊടുത്തിരിക്കുന്നത് - മൂന്നാം ഭാഗത്തില്‍ കരടു പദ്ധതിയുടെ അടിസ്ഥാന തത്വങ്ങള്‍ ആണ് പങ്കു വെക്കുന്നത്.

തലമുറകളായുള്ള നമ്മുടെ അനുഭവങ്ങളുടേയും, നിരീക്ഷണങ്ങളുടേയും ഫലമായിട്ടാണ് മനുഷ്യനും നദികളുമായുള്ള ബന്ധത്തിന്‍റെ ആഴവും ഉറപ്പും നമ്മള്‍ മനസ്സിലാക്കിയത്. ഈ ബന്ധത്തിനെ അടിസ്ഥാനമാക്കിയിട്ടാണ് നമ്മുടെ സംസ്‌കാര രൂപംകൊണ്ടിട്ടുള്ളതും, വളര്‍ന്നു പുഷ്ടി പ്രാപിച്ചിട്ടുള്ളതും, അതുകൊണ്ടുതന്നെ നമ്മുടെ കണ്ണില്‍ നദികള്‍ ജീവത്സ്യരൂപങ്ങളാണ്. എന്നാല്‍ തലമുറകളായി നമ്മുടെ ശീലമായികഴിഞ്ഞിട്ടുള്ള നദികളെ പ്രതിയുള്ള ഭക്ത്യാദരങ്ങള്‍ക്ക് ഇന്ന് സാരമായ കോട്ടം സംഭവിച്ചിരിക്കുന്നു. ഇന്ന് നദീതീരത്തുവെച്ച് ശ്രദ്ധാ വിശ്വാസങ്ങളോടെ പിതൃകര്‍മ്മങ്ങള്‍ ചെയ്യുന്നു. അതേ നദിയിലേക്ക് ഒരു വീണ്ടു വിചാരവും കൂടാതെ മലിനജലം ഒഴുക്കിവിടുകയും ചെയ്യുന്നു. നമ്മുടെ പൂര്‍വ്വികന്‍മാര്‍ നദികളോടു കാണിച്ചിരുന്ന ഭക്തിയും ബഹുമാനവും നന്മകളും കൈവിട്ടുകളഞ്ഞിരിക്കുന്നു എന്നതിന്‍റെ പ്രകടമായ തെളിവാണിത്.

നമ്മുടെ നാട്ടിലെ നദികള്‍ മരിച്ചുകൊണ്ടിരിക്കുകയാണ്. അപായകരമാം വിധം മിക്കവാറും നദികള്‍ ശോഷിച്ചിരിക്കുന്നു. അടുത്ത പത്തിരുപതു വര്‍ഷങ്ങള്‍ക്കുള്ളില്‍ സദാ ഒഴുകിക്കൊണ്ടിരുന്ന പുഴകള്‍ മഴക്കാലത്തുമാത്രം ഒഴുകുന്നവയായിത്തീരും. ഇപ്പോള്‍ വേണ്ടത്ര ശ്രദ്ധ ഈ കാര്യത്തില്‍ പതിപ്പിച്ചില്ല എങ്കില്‍ ഒരു മഹാദുരന്തത്തേയായിരിക്കും ജനങ്ങള്‍ നേരിടേണ്ടി വരിക. അതിന്‍റെ ദോഷങ്ങള്‍ സങ്കല്പാതീതമായിരിക്കും. ഈ നാട്ടിലെ 130 കോടി പേര്‍ക്ക് കുടിവെള്ളം മുട്ടും. എന്നതു തന്നെയാകും ഏറ്റവും വലിയ വിപത്ത്.
ഒരിക്കല്‍ കൂടി പഴയ പ്രഭാവത്തോടെ നദികള്‍ ഒഴുകണമെങ്കില്‍, നമ്മള്‍ ഓരോരുത്തരും നദികളുടെ നാശത്തിനുള്ള കാരണങ്ങള്‍ മനസ്സിലാക്കിയിരിക്കണം. അവയുടെ പരിഹാരത്തിനായി സത്വര നടപടികള്‍ കൈകൊള്ളുകയും വേണം. കാടുകളില്‍നിന്നാണ് നമ്മുടെ നദികള്‍ രൂപംകൊള്ളുന്നത്. അതുകൊണ്ട് ആദ്യം ചെയ്യേണ്ടത് വനങ്ങളെ പുനരുജ്ജീവിപ്പിക്കുകയാണ്.

അതിനുവേണ്ടിയാണ് "റാലി ഫോര്‍ റിവേര്‍സ്" എന്ന ഈ പ്രചാരണം സദ്ഗുരു തുടങ്ങിവെച്ചത്. പൊതുജനങ്ങളുടെ ശ്രദ്ധ ഈ വിഷയത്തിലേക്കു തിരിക്കുകയാണ് ഈ യാത്രകൊണ്ട് സദ്ഗുരു ലക്ഷ്യമാക്കുന്നത്. ജനങ്ങളില്‍ ശരിയായ അവബോധം സൃഷ്ടിക്കുക. സത്വരനടപടികള്‍ക്ക് അവരെ സന്നദ്ധരാക്കുക. അത് ഒരു കൂട്ടായ പ്രവര്‍ത്തനമായിരിക്കണം.... നിരന്തരം തുടര്‍ന്നുപോകുന്ന ഒരു പ്രയത്‌നമായിരിക്കണം. നമ്മുടെ ചുറ്റുപാടുകള്‍ക്കോ, ഏതെങ്കിലും തരത്തിലുള്ള ബന്ധങ്ങള്‍ക്കൊ ഇതില്‍ പ്രസക്തിയില്ല. ഇരുപതോ ഇരുപത്തിയഞ്ചോ കൊല്ലം നീണ്ടുനില്‍ക്കുന്ന ഒരു മഹായജ്ഞമാണ് ഇത്. ഇന്നു നമ്മള്‍ അതിനു ശ്രമിച്ചില്ലെങ്കില്‍ ഭാവിയില്‍ നമുക്ക് ഇതേലക്ഷ്യം നേടാന്‍ പലമടങ്ങ് കൂടുതലായി അദ്ധ്വാനിക്കേണ്ടിവരും. രാജ്യത്തിലെ മുഴുവന്‍ രാഷ്ട്രീയ നേതാക്കളും ഈ അടിയന്തിരാവസ്ഥ യഥാവിധി മനസ്സിലാക്കിയിരിക്കുന്നു. നമ്മുടെ പതിനാറു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും പാര്‍ട്ടി ഭിന്നതകള്‍ മറന്ന് ഈ സംരംഭത്തില്‍ പങ്കാളികളാകാന്‍ സന്നദ്ധരായി കഴിഞ്ഞിരിക്കുന്നു.....'' നദികളെ രക്ഷിക്കുക.....'' എത്രയും തിടുക്കത്തില്‍ ചെയ്യേണ്ട ഒരു ജോലിതന്നെയാണ് ഇതെന്ന് ഏവര്‍ക്കും ബോദ്ധ്യപ്പെട്ടിട്ടുണ്ട്.

നദികളുടെ ജീവന്‍ വീണ്ടെടുക്കുന്നതിന് നിര്‍ദേശിക്കപ്പെട്ടിട്ടുള്ള പരിഹാരങ്ങള്‍ പലതുണ്ട്. അതില്‍ ഏറ്റവും മൗലികമായിട്ടുള്ളത് പുഴയുടെ രണ്ടോരങ്ങളിലും വൃക്ഷങ്ങള്‍ വളര്‍ത്തിയെടുക്കുക എന്നതാണ്.

നദികളുടെ ജീവന്‍ വീണ്ടെടുക്കുന്നതിന് നിര്‍ദേശിക്കപ്പെട്ടിട്ടുള്ള പരിഹാരങ്ങള്‍ പലതുണ്ട്. അതില്‍ ഏറ്റവും മൗലികമായിട്ടുള്ളത് പുഴയുടെ രണ്ടോരങ്ങളിലും വൃക്ഷങ്ങള്‍ വളര്‍ത്തിയെടുക്കുക എന്നതാണ്. പുഴയൊഴുകുന്ന വഴിയത്രയും രണ്ടു വശങ്ങളിലും വൃക്ഷത്തോപ്പുകള്‍ ഉണ്ടാക്കുക. ഇതിനായി പുഴയോരങ്ങളിലെ പൊതുസ്ഥലങ്ങള്‍ മുഴുവനും വിനിയോഗിക്കണം. ആ ഭൂമിയത്രയും വനങ്ങളായിമാറ്റണം, അതാതു പ്രദേശങ്ങളിലും, ചുറ്റുപാടുകളിലും സമൃദ്ധമായി വളരുന്ന വൃക്ഷങ്ങളാണ് നട്ടുവളര്‍ത്തേണ്ടത്. കൃഷിഭൂമികളില്‍ പലതലങ്ങളില്‍ വൃക്ഷങ്ങളുമായി ബന്ധപ്പെട്ടിട്ടുള്ള കൃഷി നടപ്പിലാക്കണം. നദിയുടെ ഇരുകരങ്ങളിലും ഓരോ കിലോമീറ്റര്‍ സ്ഥലത്തെങ്കിലും ഇത്തരം കൃഷി നിര്‍ബന്ധമാക്കണം. ഈ പരിഹാരത്തിന്‍റെ സാങ്കേതികമായ ഉറപ്പ് പല മേഖലകളിലേയും വിദഗ്ദ്ധന്‍മാര്‍ സമ്മതിച്ചു കഴിഞ്ഞിട്ടുള്ളതാണ്. നയരൂപീകരണം, ഭൂഗര്‍ഭജലത്തിന്റേയും ഉപരിതല ജലത്തിന്റേയും വകുപ്പ്, വനം വകുപ്പ്, പ്രകൃതിവിഭവങ്ങളുടെ സംരക്ഷണം, മണ്ണിനെക്കുറിച്ചുള്ള ശാസ്ത്രീയപഠനം, പുഷ്പ ഫലവൃക്ഷ കൃഷി, മൈക്രോ ജലസേചനം, മൃഗസംരക്ഷണ വകുപ്പ്, കാര്‍ഷികോല്‍പ്പന്ന സംഘടനകള്‍, കാര്‍ഷികോല്പന്ന വ്യാപാരം, ഉയര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍മാര്‍, പദ്ധതികള്‍ക്ക് സാമ്പത്തിക സഹായം നല്കുന്ന വകുപ്പ്, സാമൂഹ്യശാസ്ത്രജ്ഞന്മാര്‍, കര്‍ഷക നേതാക്കന്മാര്‍, ആരോഗ്യ- പോഷകാഹാര വിദഗ്ദ്ധന്‍മാര്‍, ഭക്ഷ്യ സുരക്ഷാവകുപ്പ്, സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിട്ടി അങ്ങനെ എല്ലാവരും ഈ പദ്ധതിയുമായി യോജിച്ചു പ്രവര്‍ത്തിക്കാന്‍ തയ്യാറാണ്. വൃക്ഷങ്ങള്‍ നദീതീരങ്ങളില്‍ നട്ടുപിടിപ്പിക്കുന്നത് നദീസംരംക്ഷണത്തിനെ ഗണ്യമായി സഹായിക്കുമെന്ന് അവരും വിശ്വസിക്കുന്നു. അതിന്‍റെ സാദ്ധ്യതയെകുറിച്ചൊ ഫലപ്രാപ്തിയെ ക്കുറിച്ചോ അവര്‍ക്ക് ലവലേശം സന്ദേഹമില്ല.

ഈ നിര്‍ദേശങ്ങള്‍ നടപ്പില്‍ വരുത്താന്‍ ആവശ്യമുള്ളത് താഴെപറയുന്ന സംഗതികളാണ്. ഈ പ്രശ്‌നത്തിന്‍റെ ഗൗരവാവസ്ഥ സാമാന്യ ജനങ്ങളെ ബോദ്ധ്യപ്പെടുത്തണം. നദികളുടെ പരിപോഷണത്തിനുതകുന്ന വിധത്തില്‍ കേന്ദ്രത്തിലും സംസ്ഥാനത്തിലും നയങ്ങളില്‍ മാറ്റം വരുത്തുകയും, പുതിയവ രൂപീകരിക്കുകയും വേണം. ആ നയങ്ങള്‍ കൃത്യമായ നടപടികളായി പ്രയോഗത്തില്‍ കൊണ്ടു വരണം. സാങ്കേതികമായും പ്രായോഗികമായും നദികളെ എങ്ങനെ വീണ്ടും ജീവസുറ്റതാക്കാമെന്ന് വിശദമായി പ്രതിപാദിക്കുന്ന പുസ്തകങ്ങളുണ്ട്. അടിസ്ഥാന തത്വങ്ങളെ ആധാരമാക്കി പ്രായോഗികനടപടികള്‍ എങ്ങനെ ചിട്ടപ്പെടുത്താമെന്ന് അവ നിര്‍ദേശിക്കുന്നു.

പുസ്തകത്തില്‍ നാലദ്ധ്യായങ്ങളുണ്ട്. ഓരോന്നദ്ധ്യായത്തിലും അനുബന്ധമായി പല വിദഗ്ദ്ധന്‍മാരുടേയും നിരീക്ഷണങ്ങളും, നിര്‍ദേശങ്ങളും ചേര്‍ത്തിട്ടുണ്ട്. വൃക്ഷങ്ങള്‍ വളര്‍ത്തുന്നതില്‍ ഞങ്ങള്‍ക്കുള്ള നേരനുഭവങ്ങളും അതുവഴി കൃഷിക്കാരുടെ നിത്യജീവിതം മെച്ചപ്പെടുത്താന്‍ കഴിഞ്ഞതും അതില്‍ വിവരിച്ചിട്ടുണ്ട്. അതിനുപുറമേ ഒട്ടനവധി വിദഗ്ദ്ധന്‍മാരുടെ സംഭാവനകളും ഈ പുസ്തകത്തെ സമ്പന്നമാക്കുന്നു.

1-ാം അദ്ധ്യായം :- എന്നാണ് യഥാര്‍ത്ഥപ്രശ്‌നം? അതിന്‍റെ മൂലകാരണങ്ങള്‍ എന്തെല്ലാമാണ്?

2. കണ്ടെത്തിയ പരിഹാരങ്ങള്‍ക്ക് എത്രത്തോളം സാങ്കേതിക ഭദ്രതയുണ്ട്? പ്രശ്‌നങ്ങള്‍ക്കു യോജിച്ച പരിഹാരം തന്നെയാണോ? ഉദാഹരണം: വൃക്ഷത്തോപ്പുകള്‍ ഉണ്ടാക്കലും ഫലപ്രദമായി ജലസേചനവും.

3.കൃഷിഭൂമിയിലും, പൊതുസ്ഥലങ്ങളിലും വൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കാന്‍ വേണ്ട വിശദമായ സാങ്കേതിക- സാമ്പത്തിക പദ്ധതി. അതിന് പിന്‍താങ്ങാനാവശ്യമായ നയ രൂപീകരണം. ഈ പദ്ധതിയില്‍ ഭാഗഭാക്കാകുന്നവര്‍ എങ്ങനെ അതുമായി ഒന്നുപോകണം. എന്നതിനുള്ള നിര്‍ദേശങ്ങള്‍.

4.സാങ്കേതികമായും സാമ്പത്തികമായുമുള്ള പരിഹാര മാര്‍ഗ്ഗങ്ങള്‍ ഏതുവിധം നടപ്പിലാക്കാം. മലിനീകരണത്തേയും പദ്ധതി ദുരുപയോഗത്തേയും എങ്ങനെ തടയാം.