ഭൗതികമായി എല്ലാ സൃഷ്ടികള്‍ക്കും രണ്ട് ധ്രുവങ്ങള്‍ ഉണ്ട്. നല്ലതും ചീത്തയും, സ്ത്രൈണതയും പൗരുഷവും, ശിവനും ശക്തിയും, സ്ത്രീയും പുരുഷനും എന്നിങ്ങനെ. എപ്പോള്‍ നാമിതിനെ വിഭിന്നമായി കാണാന്‍ തുടങ്ങുന്നുവോ അപ്പോള്‍ ഉയര്‍ന്നതേത് താഴ്ന്നതേത് എന്നുള്ള നിര്‍ണ്ണയങ്ങള്‍ കടന്നു വരും. ഇങ്ങനെ നിര്‍ണ്ണയിക്കുന്നതിനിടയില്‍ പല സംഭ്രാന്തികളും, വൃത്തികേടുകളും, ചൂഷണങ്ങളും നടന്നിട്ടുണ്ട്. ഓരോരുത്തരിലും ഉള്ള സ്ത്രൈണതയുടേയും പൗരുഷത്തിന്‍റേയും അളവനുസരിച്ച് സ്ത്രീത്വം, പൗരുഷം എന്നിവ പ്രത്യക്ഷമാവുന്നു. നിങ്ങള്‍ ഇവിടെ ഒരു സ്ത്രീയായി ഇരിക്കുന്നു, എന്നാല്‍ അതിനര്‍ത്ഥം നിങ്ങളുടെ അച്ഛന്‍റെ ഗുണങ്ങള്‍ നിങ്ങള്‍ക്കില്ല എന്നാണോ? ഇതേ പോലെ തന്നെയാണ് പുരുഷനും അവന്‍റെ അമ്മയും തമ്മിലുള്ള ബന്ധത്തിന്‍റെ കാര്യവും. നിങ്ങളുടെ ഉള്ളിലെ ഈ സത്യം മനസ്സിലാക്കി തന്‍റെയുള്ളിലെ സമതുലിതാവസ്ഥ കണ്ടെത്തിയാല്‍ നിങ്ങള്‍ക്ക് സ്ഥിരതയാര്‍ജിച്ച മനുഷ്യനാകുവാന്‍ കഴിയും. നിങ്ങള്‍ പൗരുഷത്തെ മാത്രം പരിപോഷിപ്പിച്ചാല്‍ വളരെ പരുക്കമായ പാരുഷ്യമാവും നിങ്ങളില്‍ പ്രകടമാവുക. അതേ സമയം നിങ്ങള്‍ സ്ത്രൈണതയെ മാത്രം പരിപോഷിപ്പിച്ചാല്‍ വൈകാരികമായതും ആലങ്കാരികമായതുമായ ഒരു പരിവേഷമാകും നിങ്ങള്‍ക്ക് ഉണ്ടാവുക.

നമ്മുടെ ജീവിതം ശോഭനമാവണമെങ്കില്‍ സ്ത്രീകള്‍ക്ക് സമൂഹത്തില്‍ മാന്യമായ സ്ഥാനം ഉണ്ടാവണം.

സ്ത്രീകള്‍ക്ക് പല അവസരങ്ങളിലും മാനവകുലത്തിന്‍റെ പൂക്കളടെ പരിവേഷമാണ് ഉള്ളത്. വേരില്ലെങ്കില്‍ ഒരുവൃക്ഷത്തിന് നിലനില്‍പ്പില്ല എന്നത് പോലെ തന്നെ പൂക്കളില്ലെങ്കില്‍ ജീവിതത്തിന് പൂര്‍ണ്ണതയുമില്ല. സ്ത്രൈണതയുടെ ഭാവങ്ങളായ പാട്ട്, കല, സൗന്ദര്യബോധം എന്നിവ ധനശാസ്ത്രം, സയന്‍സ്, സാങ്കേതികവിദ്യ എന്നിവക്കൊപ്പം പ്രാധാന്യമുള്ള ഒരു സംസ്കാരമാണ് നമുക്ക് ആവശ്യം. ഇന്നത്തെ കാലത്ത് സ്ത്രീകള്‍ പുരുഷനെപ്പോലെയാവാനാണ് എപ്പോഴും പ്രയത്നിച്ചു കൊണ്ടിരിക്കുന്നത്. കാരണം അവരെ സംബന്ധിച്ചിടത്തോളം ജീവിതത്തില്‍ വിജയിച്ചു എന്ന തോന്നലുണ്ടാവുന്നത് പുരുഷനെപ്പോലെയാവുമ്പോഴാണ്. പക്ഷേ നമ്മുടെ ജീവിതം ശോഭനമാവണമെങ്കില്‍ സ്ത്രീകള്‍ക്ക് സമൂഹത്തില്‍ മാന്യമായ സ്ഥാനം ഉണ്ടാവണം. നമുക്ക് ഉപയോഗപ്രദമായ ഏതൊന്നിനുമൊപ്പം പ്രാധാന്യം സൗന്ദര്യത്തിനുമുണ്ട് എന്നത് നാം മനസ്സിലാക്കേണ്ട അടിസ്ഥാനപരമായ ഒരു സംഗതിയാണ്. നാം നമുക്ക് ഉപയോഗപ്രദമായതിനെക്കുറിച്ച് മാത്രം ചിന്തിച്ചാല്‍ നാം പൂക്കളെ പൂര്‍ണ്ണമായും ഉപേക്ഷിച്ച് പച്ചക്കറികള്‍ മാത്രം കൃഷി ചെയ്യാന്‍ തുടങ്ങും. അപ്പോള്‍ ജീവിതം അര്‍ത്ഥശൂന്യമായി തീരും.

പ്രാചീനകാലത്ത് തന്നെ ഇന്ത്യയില്‍ സ്ത്രീ പുരുഷ സമത്വം ഉണ്ടായിരുന്നതാണ്. പക്ഷേ വിദേശികള്‍ പടയോട്ടം നടത്തി നമ്മുടെ നാടിന്‍റെ ഭരണം പിടിച്ചടക്കിയപ്പോളുണ്ടായ നൂറ്റാണ്ടുകളോളമുള്ള വൈദേശികാധിപത്യം കാരണം നമുക്ക് നമ്മുടെ നാടിന്‍റെ യഥാര്‍ഥ സംസ്കാരം നഷ്ടപ്പെട്ടു. വിദേശ ആധിപത്യം നിലനിന്ന കാലത്ത് നാടുവാണ ഭരണാധികാരികള്‍ നമ്മുടെ ഭാര്യമാരേയും പെണ്‍മക്കളേയും കണ്ണ് വെക്കാന്‍ തുടങ്ങിയപ്പോള്‍ നാം അവരുടെ സുരക്ഷയെ കരുതി അവരെ വീടുകളില്‍ തളച്ചിടാന്‍ തുടങ്ങി. ഇത് അന്നത്തെ പരിസ്ഥിതിയില്‍ അവരുടെ സുരക്ഷയെ കരുതി മാത്രമായിരുന്നു. പക്ഷേ പിന്നീട് വിദേശാധിപത്യം അവസാനിച്ച് ഇന്ത്യ സ്വതന്ത്രമായപ്പോഴും സ്ത്രീസുരക്ഷ എന്നത് ഒരു സ്ഥിരം ഏര്‍പ്പാടാക്കി സ്ത്രീകളെ വീടുകളില്‍ തളച്ചിടാന്‍ തുടങ്ങി. ഇപ്പോള്‍ സ്ഥിതി മാറി. ഇതിനര്‍ത്ഥം നമ്മള്‍ പാശ്ചാത്യസംസ്കാരം പിന്തുടരണമെന്നോ സ്ത്രീകളെ വെറും പാവകളാക്കി വെക്കണമെന്നോ അല്ല. ചപലതയും സാങ്കല്പികതയും എപ്പോഴും സ്ത്രൈണമായി തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്. പക്ഷേ സ്ത്രൈണതയെക്കുറിച്ച് ആഴത്തില്‍ പഠിക്കുമ്പോള്‍ അത് ശരിയല്ല എന്ന് നമുക്ക് മനസ്സിലാവും.

ഒരു സമൂഹത്തിന്‍റെ പുരോഗതിക്ക് സ്ത്രൈണതയും പൗരുഷവും തുലനഭാവത്തില്‍ ആയിരിക്കേണ്ടതുണ്ട്.

ഒരു സമൂഹത്തിന്‍റെ പുരോഗതിക്ക് സ്ത്രൈണതയും പൗരുഷവും തുലനഭാവത്തില്‍ ആയിരിക്കേണ്ടതുണ്ട്. ഒരു വൃക്ഷം പുഷ്പിക്കാതിരുന്നാല്‍, അത് സ്വാഭാവികമായും വിഷാദത്തിലേക്ക് നയിക്കും എന്നത് പോലെ സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യമില്ലാത്ത ഒരു സമൂഹം വിഷാദം ബാധിച്ച സമൂഹമായി തീരുന്നു. പൂര്‍ണ്ണമായും പാരുഷ്യം അടക്കി വാഴുമ്പോള്‍ അന്ധകാരത്തിലും വിഷാദത്തിലും ആണ് നാം എത്തിച്ചേരുക. ലോകത്തിലാകമാനം നോക്കുമ്പോള്‍ പ്രത്യേകിച്ച് പാശ്ചാത്യരാജ്യങ്ങളില്‍ വിഷാദരോഗം വളരെ കൂടിയിരിക്കുകയാണ്. ആയതിന്‍റെ ഒരു തുടക്കം ഇന്ത്യയിലും കണ്ടു തുടങ്ങിയിരിക്കുന്നു. നിങ്ങളിലുള്ള സ്ത്രൈണഭാവം എപ്പോഴും ഉദ്ദീപിതമായിരിക്കുകയാണെങ്കില്‍ നിസ്സാര കാര്യങ്ങളില്‍ പോലും നിങ്ങള്‍ക്ക് സൗന്ദര്യം ദര്‍ശിക്കാന്‍ കഴിയും. അതേ സമയം നിങ്ങള്‍ സ്ത്രൈണത പൂര്‍ണ്ണമായും ഉപേക്ഷിക്കുമ്പോള്‍ പുറമെ നിങ്ങള്‍ എല്ലാ നിലയിലും പൂര്‍ണ്ണമായി തോന്നുമെങ്കിലും യഥാര്‍ത്ഥത്തില്‍ നിങ്ങള്‍ക്ക് ജീവിതത്തില്‍ യാതൊരു നേട്ടവും ഉണ്ടാവാന്‍ പോകുന്നില്ല. ഏറ്റവും കഴിവുള്ളവനും സമര്‍ത്ഥനും മറ്റുള്ളവരേക്കാള്‍ മികച്ചവനും ആയിരിക്കാന്‍ വേണ്ടിയുള്ള ഒരു ശ്രമം സമൂഹത്തില്‍ എല്ലാവര്‍ക്കുമുണ്ട്. അത് എപ്പോഴും പൗരുഷത്തിന് പ്രാധാന്യം കൊടുക്കുന്ന ഒരു അവസ്ഥയിലേക്കാണ് നയിക്കുന്നത്. ഒരു സമൂഹം പൗരുഷത്തിന് പ്രാധാന്യം ഉള്ള ഒന്നായി തീരുമ്പോള്‍ ധനപരമായ ഉയര്‍ച്ച ഉണ്ടാവുന്നുണ്ട്. എന്നാല്‍ മനുഷ്യന്‍ ധനസമ്പാദനത്തിന് വേണ്ടിയുള്ള ഒരു വെറും ഉപകരണം മാത്രമായി പോകുന്നു. യഥാര്‍ത്ഥത്തില്‍ ധനം മനുഷ്യന്‍റെ ആത്യന്തികമായ നന്മക്ക് വേണ്ടിയുള്ളതാണ്. ഇന്നത്തെ കാലത്ത് മനുഷ്യന്‍ പണം ഉണ്ടാക്കാന്‍ ഉള്ള ഒരു ഉപകരണം മാത്രമായി തീരുകയും തല്‍ഫലമായി കുട്ടികളുടെ വിദ്യാഭ്യാസ സമ്പ്രദായം തന്നെ അവരെ ധനസമ്പാദനത്തിന് പ്രാപ്തരാക്കാന്‍ ഉള്ള ഉപകരണങ്ങളാക്കി തീര്‍ക്കുന്ന തരത്തിലാണ് ആസൂത്രണം ചെയ്യപ്പെട്ടിരിക്കുന്നത്. ഇത്തരത്തില്‍ അവരുടെ ജനനം മുതല്‍ മരണം വരെ ജനങ്ങള്‍ നിലവിലുള്ള അവസ്ഥയില്‍ നിന്ന് അല്പം മെച്ചപ്പെട്ട അവസ്ഥയിലേക്ക് എത്താന്‍ നിരന്തരം പരിശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ഫലമോ, സമൂഹം പൂര്‍ണ്ണമായും പുരുഷാധിപത്യത്തിലേക്ക് നീങ്ങുന്നു.

ഇന്ന് ഈ അവസ്ഥക്ക് ഒരു മാറ്റം ഉണ്ടാവേണ്ടത് തീര്‍ത്തും അനിവാര്യമായ കാര്യമാണ്. ഇന്ന് എല്ലായിടത്തും ധനമാണ് മനുഷ്യന്‍റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകം. ആയതിനാല്‍ ഒരു മാന്യമായ സാമ്പത്തിക വ്യവസ്ഥിതി ഉണ്ടാകുവാന്‍ സ്ത്രീകള്‍ക്ക് വളരെയധികം പ്രവര്‍ത്തിക്കാനുണ്ട്. ഒരു യുദ്ധക്കെടുതിയാല്‍ ഉണ്ടാവുന്നതിനേക്കാള്‍ നാശങ്ങള്‍ മനുഷ്യന്‍റെ ധനാര്‍ത്തിയാല്‍ ഉള്ള പ്രവര്‍ത്തികളാല്‍ ഉണ്ടാവുന്നുണ്ട്. ഇത്രയും ധാര്‍ഷ്ട്യം നിറഞ്ഞ പൗരുഷഭാവത്തിന് ഒരു മൃദുലത കൈവരുത്തേണ്ടത് ഇന്നത്തെ സമൂഹത്തിന് അവശ്യം വേണ്ട ഒരു കാര്യമാണ്.

ഭരണനിര്‍വ്വാഹകസമിതികള്‍, കച്ചവടനേതൃത്വം, എന്നീ മേഖലകളില്‍ സ്ത്രീകള്‍ കടന്നു വരണം. എങ്കിലേ സ്ത്രീകളിലെ പൗരുഷം പുഷ്ടിപ്പെടുകയുള്ളൂ. അത് പോലെ തന്നെ പുരുഷന്മാര്‍ ആവശ്യമായ സന്ദര്‍ഭങ്ങളില്‍ അവരിലുള്ള സ്ത്രൈണഭാവം പ്രകടിപ്പിക്കുന്നതില്‍ വിമുഖത ഇല്ലാത്തവരായി തീരുകയും വേണം. ഇത്തരത്തിലുള്ള ഒരു സന്തുലിതാവസ്ഥ നമ്മുടെ സമൂഹത്തിന്‍റെ പുരോഗതിക്ക് അത്യന്താപേക്ഷിതമാണ്. ഇത്തരത്തിലുള്ള ഒരു സന്തുലിതാവസ്ഥ സൃഷ്ടിച്ചാല്‍ മാത്രമേ ഒരു സമൂഹത്തിന് പൂര്‍ണ്ണമായ പുരോഗതി കൈവരിക്കാന്‍ സാധിക്കുകയുള്ളൂ. പൗരുഷത്തിന്‍റെ ആധിപത്യം വന്നാല്‍ അതിന് നാം വലിയ വില കൊടുക്കേണ്ടി വരും. മറിച്ച് സ്ത്രൈണഭാവത്തിന്‍റെ ആധിപത്യം ആണെങ്കിലും ഇത് തന്നെ അവസ്ഥ. ഇത് രണ്ടിന്‍റെയും സന്തുലിതാവസ്ഥ ഉണ്ടായാല്‍ മാത്രമെ സമൂഹത്തിന്‍റെ ആത്യന്തികമായ നന്മക്ക് പ്രയോജനപ്പെടുകയുള്ളൂ. ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാകണമെങ്കില്‍ നമ്മുടെ ഭൗതികാവസ്ഥക്ക് അതീതമായ ഒരു വ്യക്തിത്വ വികാസമുണ്ടാവണം.

ഭരണനിര്‍വ്വാഹകസമിതികള്‍, കച്ചവടനേതൃത്വം, എന്നീ മേഖലകളില്‍ സ്ത്രീകള്‍ കടന്നു വരണം. എങ്കിലേ സ്ത്രീകളിലെ പൗരുഷം പുഷ്ടിപ്പെടുകയുള്ളൂ. അത് പോലെ തന്നെ പുരുഷന്മാര്‍ ആവശ്യമായ സന്ദര്‍ഭങ്ങളില്‍ അവരിലുള്ള സ്ത്രൈണഭാവം പ്രകടിപ്പിക്കുന്നതില്‍ വിമുഖത ഇല്ലാത്തവരായി തീരുകയും വേണം.

നിത്യജീവിതത്തില്‍ എല്ലായ്പ്പോഴും മനുഷ്യനെ സ്ത്രീ, പുരുഷന്‍ എന്ന നിലയില്‍ വിവേചനപരമായി കാണേണ്ട ആവശ്യമില്ല. മനുഷ്യനെ ജനനേന്ദ്രിയത്തിന്‍റെ അടിസ്ഥാനത്തില്‍ വിവേചനപരമായി കാണേണ്ട. മനുഷ്യനെ ജനനേന്ദ്രിയത്തിന്‍റെ അടിസ്ഥാനത്തില്‍ തരം തിരിക്കുന്നത് നിലനില്‍പ്പിന്‍റെ അടിസ്ഥാനപരമായ ഒരു കാര്യമാണ്.

നിങ്ങളുടെ ഭൗതികതയില്‍ നിന്ന് മറ്റൊരു മാനത്തിലേക്ക് നീങ്ങുന്നത് അനുഭവവേദ്യമാകുന്ന ഒരവസ്ഥയാണ് ആത്മീയത. നിങ്ങള്‍ക്ക് അത്തരത്തിലുള്ള ഒരു മാനം അനുഭവപ്പെടുമ്പോള്‍ പിന്നെ നിങ്ങളുടെ ഭൗതികതക്ക് എന്ത് പ്രാധാന്യമാണ് ഉണ്ടാവുക? അപ്പോള്‍ നിങ്ങള്‍ ഒരു സ്ത്രീയാണോ പുരുഷനാണോ എന്നത് ഒരു വിഷയമേ ആകുന്നില്ല.

ജീവിതത്തില്‍ ചില കാര്യങ്ങളില്‍ മാത്രമാണ് സ്ത്രീ, പുരുഷന്‍ എന്ന നിലയിലുള്ള തരം തിരിവ് വേണ്ടിവരുന്നത്. അതിലപ്പുറം ജീവിതത്തിന്‍റെ ഒരു മേഖലകളിലും ഈ തരം തിരിവിന്‍റെ ആവശ്യമില്ല. എപ്പോഴും സ്ത്രീ, പുരുഷന്‍ എന്ന നിലയില്‍ തരം തിരിക്കുമ്പോള്‍ അത് ഒരിക്കലും സ്ത്രീകളുടെ നന്മക്ക് ഉതകുകയില്ല. ഒരു സമൂഹത്തിന്‍റെ ആത്യന്തികമായ നന്മ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുമ്പോള്‍ നാം ഒരിക്കലും ഒരു സ്ത്രീയാണോ പുരുഷനാണോ എന്നുള്ള കാര്യം ശ്രദ്ധിക്കേണ്ടതില്ല. മറിച്ച് തരം തിരിവ് നിര്‍ബന്ധമാണെങ്കില്‍ മനുഷ്യനെ അവന്‍റെ കഴിവിന്‍റെ അടിസ്ഥാനത്തില്‍ മികവ് പുലര്‍ത്തുന്നവനും മികവ് കുറഞ്ഞവനും എന്ന നിലയില്‍ തരം തിരിക്കാന്‍ ശ്രമിക്കുക. അപ്പോള്‍ പലരും പല തരത്തിലുള്ള അഭിപ്രായ രൂപീകരണങ്ങളും നടത്തും. തല്‍ഫലമായി പക്ഷപാതപരമായ ഒരു തരം തിരിവ് ആണ് ഉണ്ടാവുക.

ഈ ഭുമിയിലെ എല്ലാ ജീവജാലങ്ങളെയും ഒന്നായി കാണാന്‍ കഴിയുന്നില്ലെങ്കില്‍, ചുരുങ്ങിയത് മനുഷ്യരെ എല്ലാം ഒരു ജാതിയായി കണ്ട്, അതിനനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുക.

ഈ ഭുമിയിലെ എല്ലാ ജീവജാലങ്ങളെയും ഒന്നായി കാണാന്‍ കഴിയുന്നില്ലെങ്കില്‍, ചുരുങ്ങിയത് മനുഷ്യരെ എല്ലാം ഒരു ജാതിയായി കണ്ട്, അതിനനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുക. എല്ലാത്തിനും മേലോട്ട് നോക്കുക കീഴോട്ടു നോക്കുക എന്നത് ബാലിശമാണ്. മനുഷ്യമനസ്സില്‍ മുന്‍വിധി ഉണ്ടാകുന്നതു, അവര്‍ക്ക് പല തരത്തിലുള്ള ശിക്ഷണം ലഭിക്കുന്നതു കൊണ്ടാണ്. നമുക്ക് എന്തെങ്കിലും ആവശ്യം വരുമ്പോള്‍ മുകളിലോട്ടു നോക്കുക, കീഴെ നോക്കുക എന്ന ഒരാവശ്യമേ ഇല്ല. ആദിയോഗിയായ ശിവന്‍ പാര്‍വതിയെ തന്‍റെ ഒരു ഭാഗമായി സ്വീകരിച്ച കഥ നിങ്ങള്‍ക്ക് അറിയാമോ? അദ്ദേഹം പകുതി പുരുഷനും പകുതി സ്ത്രീയുമായി അര്‍ദ്ധനാരീശ്വരനായാണ് നില കൊള്ളുന്നത്‌. അദ്ദേഹം സര്‍വ്വം തികഞ്ഞ പുരുഷന്‍ ആകുന്നത്‌ അദ്ദേഹത്തിന്‍റെ ഒരു പാതി സ്ത്രീ ആയതു കൊണ്ടാണ്. നിങ്ങള്‍ ഒരു പുരുഷന്‍ ആയതു കൊണ്ട് നിങ്ങളിലെ സ്ത്രൈണ ഭാവം നശിപ്പിക്കണം എന്നല്ല. അത് പോലെ തന്നെ തിരിച്ചും. ജീവിതത്തിന്‍റെ അപാരമായ സാധ്യതകള്‍ അനുഭവവേദ്യമാകണമെങ്കില്‍ സ്ത്രൈണഭാവവും പൗരുഷഭാവവും സന്തുലിതാവസ്ഥയില്‍ കൊണ്ടു പോകേണ്ടതുണ്ട്. ഇത് ഹഠയോഗ പരിശീലനത്തില്‍ വ്യക്തമായി പറയുന്നുണ്ട്. ‘ഹ’ എന്നത് സൂര്യനും ‘ത’ എന്നത് ചന്ദ്രനും ആണ്. ഹഠയോഗ പരിശീലിക്കുന്നത് ശരീരത്തിന്‍റെ സന്തുലിതമായ ജ്യാമിതീയിലെത്തുന്നതിനു വേണ്ടിയാണു. അപ്പോള്‍ മാത്രമേ ജീവിതത്തില്‍ നമുക്ക് കൂടുതല്‍ വിജയം ഉണ്ടാവുകയുള്ളൂ. സ്ത്രൈണ ഭാവമായാലും പൗരുഷ ഭാവമായാലും ഏതെങ്കിലും ഒന്ന് ആധിപത്യം പുലര്‍ത്തുമ്പോള്‍ അത് വളരെ മോശമായ അവസ്ഥയിലേക്കാണ് ഒരു വ്യക്തിയെ കൊണ്ടു ചെന്നെത്തിക്കുക. സ്ത്രീത്വം ശക്തി പ്രാപിക്കണമെങ്കില്‍ മനുഷ്യ കുലത്തിനു എപ്പോഴും ഒരു സന്തുലിതാവസ്ഥ പ്രാപ്തമാകണം. സമൂഹത്തില്‍ സ്പര്‍ദ്ധ ഉണ്ടാകുമ്പോള്‍ പുരുഷാധിപത്യം ഉണ്ടാകുന്നു. ഒരു സന്തുലിത സമൂഹത്തില്‍ മാത്രമേ സ്ത്രീകള്‍ക്ക് അവരുടെ കഴിവുകള്‍ വളര്‍ത്തിയെടുക്കാന്‍ സാധിക്കുകയുള്ളൂ. വളരെ കുറച്ചു സ്ഥലങ്ങളില്‍ മാത്രമേ സ്ത്രീകള്‍ക്ക് അവരുടെ മുഴുവന്‍ കഴിവുകളും പ്രകടിപ്പിക്കാന്‍ അവസരമുള്ളൂ. സ്ത്രീക്കും പുരുഷനും എല്ലാ മേഖലകളിലും തുല്യ രീതികളില്‍ പണിയെടുക്കുന്നതിനു സാധ്യമായ രീതിയില്‍ ഇന്ന് സാങ്കേതികവിദ്യ വളര്‍ന്നിട്ടുണ്ട്. അതു പോലെ തന്നെ ആത്മീയമായും മാനസികമായും സ്ത്രീക്കും പുരുഷനൊപ്പം തുല്യ നിലയില്‍ പങ്കെടുക്കാനുള്ള അവസരം ലഭ്യമാകണം. അപ്പോള്‍ മാത്രമാണ് മാനവരാശി വികസനത്തിന്‍റെ കൊടുമുടിയില്‍ എത്തുക.