सद्गुरु

ജീവനോടെ ഇരിക്കുന്ന ഈ ദിവസങ്ങളെ പൂര്‍ണ്ണതയോടെ ജീവിക്കുക. സ്നേഹവും സന്തോഷവും അനുഭവിക്കാന്‍ പഠിക്കുക. അടുത്ത ഞായറാഴ്ച എന്തു ചെയ്യണമെന്നുപോലും നിങ്ങള്‍ ഇനിയും പ്ലാന്‍ ചെയ്തിട്ടില്ല. മരണത്തിനുശേഷം എന്തു ചെയ്യണമെന്ന് ഇപ്പോഴെന്തിനു പ്ലാന്‍ ചെയ്യുന്നു?

എന്നെ കാണാന്‍ വേണ്ടി ഒരു സംവിധാന സഹായി വന്നിരുന്നു. "എനിക്കുള്ള കഴിവിന്‍റെ കാല്‍ഭാഗംപോലും എന്‍റെ ഡയറക്ടര്‍ക്ക് ഇല്ല. എന്നാല്‍ അദ്ദേഹത്തിന്‍റെ കീഴില്‍ എനിക്ക് ജോലി ചെയ്യേണ്ടി വരുന്നു. ഈ സ്ഥിതി എന്നാണ് മാറുക?" എന്ന് വിഷമത്തോടുകൂടി ചോദിച്ചു. നിങ്ങളില്‍ പലര്‍ക്കും നിങ്ങളുടെ ബോസിനെപ്പറ്റി ഇങ്ങനെയൊരു മുറുമുറുപ്പ് ഉണ്ടായിരിക്കും. ഒരാള്‍ നിങ്ങളുടെ മേലധികാരിയായി ഇരിക്കുകയാണെങ്കില്‍ നിങ്ങളെക്കാളും ഏതോ ഒരു വിധത്തില്‍ അയാള്‍ കൂടുതല്‍ കഴിവുള്ളവനായിരിക്കണം. അതു സാമര്‍ത്ഥ്യമായിരിക്കാം, ധനമായിരിക്കാം, സ്വാധീനമായിരിക്കാം, കൈക്കൂലി കൊടുത്തു പദവി നേടിയെടുത്ത കഴിവായിരിക്കാം. എന്തായാലും ആ കഴിവ് നിങ്ങളുടെ പക്കല്‍ ഇല്ലല്ലോ അല്ലേ? നിങ്ങളെക്കാളും ഉയര്‍ന്ന പദവിയില്‍ ഇരിക്കുന്നതുകൊണ്ടുമാത്രം അയാള്‍ പറയുന്നതെല്ലാം ശരിയാണെന്നു പറയാന്‍ പറ്റില്ല. അതേ സമയം അദ്ദേഹത്തിന്‍റെ പദവിയില്‍ നിങ്ങള്‍ ഇരുന്നാല്‍ എല്ലാ കാര്യങ്ങളും ശരിയായി ചെയ്യും എന്നു പറയുവാനും പറ്റില്ല.

ഒരു കഥയാണ് ഓര്‍മ്മ വരുന്നത്. ഒരിക്കല്‍ പോപ്പ് അമേരിക്കയിലേക്ക് സന്ദര്‍ശനത്തിനെത്തി. അപ്പോള്‍ അദ്ദേഹത്തെ സ്വീകരിച്ചു കൊണ്ടുപോകാന്‍ വളരെ വില കൂടിയ ആഡംബര വാഹനം കൊണ്ടു വരപ്പെട്ടു. പോപ്പ് അതുവരെ അങ്ങനെയുള്ള ഒരു വാഹനത്തില്‍ യാത്ര ചെയ്തിട്ടില്ലായിരുന്നു. ദേശീയപാതയില്‍ എത്തിയപ്പോള്‍ പോപ്പിന് ആ വാഹനം ഓടിക്കണമെന്ന് ഒരാഗ്രഹം ഉണ്ടായി. ആദ്യം മടിച്ചെങ്കിലും പോപ്പ് ആവശ്യപ്പെട്ടതു കാരണം നിരസിക്കാന്‍ പറ്റാതെ ഡ്രൈവര്‍ സമ്മതിച്ചു. പോപ്പ് കാറോടിക്കാന്‍ തുടങ്ങി. വളരെ സന്തോഷത്തോടുകൂടി വേഗതയില്‍ ഓടിക്കാന്‍ തുടങ്ങി. ദേശീയ പാതയില്‍ അനുവദനീയമായതില്‍ കൂടുതല്‍ വേഗതയില്‍ ഓടുന്ന വാഹനത്തെ കണ്ട് പോലീസ് വാഹനങ്ങള്‍ പിന്തുടര്‍ന്നു. പോപ്പ് ഓടിച്ച വാഹനത്തെ മറികടന്നു നിന്നു.
അന്വേഷിക്കാനെത്തിയ പോലീസ് അധികാരി ഡ്രൈവിംഗ് സീറ്റിലിരുന്ന പോപ്പിനെ കണ്ട് അല്‍പം മാറി നിന്ന് മേലധികാരിക്കു ഫോണ്‍ ചെയ്ത് പറഞ്ഞു. "സര്‍ ഒരു ഓവര്‍ സ്പീഡ് കേസ് ഉണ്ട്. എന്നാല്‍ കാറിലിരിക്കുന്ന യാത്രക്കാരനെ കേസില്‍ ബുക്ക് ചെയ്യാന്‍ പേടി തോന്നുന്നു."

"എന്തുകൊണ്ട്. അദ്ദേഹം കെന്നഡി കുടുംബത്തില്‍ ഉള്ള ആളാണോ?" മേലധികാരി ചോദിച്ചു.

"അല്ല സാര്‍"

"ക്ലിന്‍റന്‍റെ ബന്ധുവാണോ?"

"അല്ല സാര്‍"

"പിന്നെ ജോര്‍ജ് ബുഷിന്‍റെ പരിചയക്കാരനാണോ?"

"അല്ല സാര്‍. പുറകിലത്തെ സീറ്റില്‍ ഇരിക്കുന്ന വി.ഐ.പി. ആരാണെന്ന് മനസ്സിലാകുന്നില്ല. എന്നാല്‍ അദ്ദേഹം പോപ്പിനെ സ്വന്തം ഡ്രൈവര്‍ ആക്കി വച്ചിരിക്കുകയാണ്."

ആര് ഏതു കസേരയില്‍ ഇരിക്കുന്നു എന്നതിനെ അനുസരിച്ച് സമൂഹത്തില്‍ അയാളുടെ അന്തസ്സ് രൂപപ്പെടുന്നു

ഇങ്ങനെ, ആര് ഏതു കസേരയില്‍ ഇരിക്കുന്നു എന്നതിനെ അനുസരിച്ച് സമൂഹത്തില്‍ അയാളുടെ അന്തസ്സ് രൂപപ്പെടുന്നു. കഴിവില്ലാത്ത ഒരാള്‍ യാദൃശ്ചികമായി അവിടെ എത്തിച്ചേര്‍ന്നതാണെങ്കില്‍ അധികകാലം അവിടെ ഇരിക്കാന്‍ പറ്റില്ല. അതുകൊണ്ട് നിങ്ങളതു കാര്യമാക്കേണ്ട ആവശ്യമില്ല.
നിങ്ങളൊരു സ്റ്റെനോഗ്രാഫര്‍ ആണെന്നു കരുതുക. "എന്‍റെ ബോസിന് ടൈപ്പ്റൈറ്റ??ല്‍ ഏതക്ഷരം എവിടെയിരിക്കുന്നു എന്നുപോലും അറിയില്ല. എന്‍റെ തലയിലെഴുത്ത്, അയാളുടെ കീഴില്‍ എനിക്കു ജോലി ചെയ്യേണ്ടി വരുന്നു" എന്നു നിങ്ങള്‍ മുറുമുറുക്കാന്‍ പാടുണ്ടോ? തൊഴിലാളികള്‍ ചെയ്യുന്ന ഓരോ പണിയിലും ഒരു സൂപ്പര്‍വൈസര്‍ സമര്‍ത്ഥനാണെന്നു വരില്ല, എന്നാല്‍ എല്ലാ തൊഴിലാലികളുടെയും കഴിവു പുറത്തുകൊണ്ടു വരാനുള്ള കഴിവ് അയാള്‍ക്കുണ്ടാകും. നിങ്ങളുടെ ചില കഴിവുകള്‍ നിങ്ങളുടെ ബോസിന് ഇല്ലായിരിക്കും, എന്നാല്‍ എല്ലാവരേയും നിയന്ത്രിച്ചുകൊണ്ടുപോകാനുള്ള കഴിവ് നിങ്ങള്‍ക്കുണ്ടോ?sincere-work

ഉണ്ടെങ്കില്‍ നിങ്ങളുടെ വളര്‍ച്ചയെ ആര്‍ക്കും തടസ്സപ്പെടുത്താനാവില്ല. ഈ കമ്പനിയില്‍ അല്ലെങ്കില്‍ മറ്റൊരു കമ്പനിയില്‍ നിങ്ങള്‍ക്ക് വലിയ പദവി കാത്തിരിക്കുന്നുണ്ടാകും. അതുകൊണ്ടു നിങ്ങളുടെ മുകളില്‍ ആരാണെങ്കിലും പിറുപിറുക്കല്‍ നിറുത്തുക, ആത്മാര്‍ത്ഥതയോടെ നിങ്ങളുടെ കഴിവിനനുസരിച്ച് പ്രവര്‍ത്തിക്കുക. നിങ്ങളില്ലാതെ നിങ്ങളുടെ ബോസിന് ഓഫീസ് നടത്താന്‍ പറ്റില്ല, നിങ്ങളുടെ കമ്പനിയിലും നിങ്ങള്‍ അത്യാവശ്യമുള്ള ഒരാളാണ് എന്നുള്ള സ്ഥിതി വരട്ടെ. അപ്പോള്‍ അധികാരം നിങ്ങളുടെ കൈയ്യില്‍ സ്വയം വന്നു ചേരും.

നിങ്ങളുടെ ബോസിനേക്കാളും നിങ്ങള്‍ വളരെ നന്നായി പ്രവര്‍ത്തിയെടുക്കുന്നു എന്ന് കമ്പനിയുടെ ഭരണകര്‍ത്താവിനു മനസ്സിലായാല്‍, പിന്നെ അയാളെ അവിടെനിന്നും മാറ്റിയിട്ട് നിങ്ങളെ ആ പദവിയില്‍ ഇരുത്തുകയില്ലേ? അതല്ലാതെ അയാളെപ്പറ്റി മനസ്സില്‍ എപ്പോഴും പിറുപിറുത്തുകൊണ്ടിരുന്നാല്‍ നിങ്ങള്‍ക്ക് ആത്മാര്‍ത്ഥമായി പണിയെടുക്കാന്‍ പറ്റില്ല.

മരണം എന്നത് ഒരു ഫുള്‍സ്റ്റോപ്പ് അല്ല. അതിനുശേഷവും ജീവിതം തുടരുന്നു എന്നു വിശ്വസിച്ചാല്‍ മാത്രമേ നിങ്ങള്‍ക്കു സമാധാനമായി കഴിയാന്‍ പറ്റുകയുള്ളൂ

മരണത്തിനു ശേഷവും ജീവിതമുണ്ടോ? മരിച്ചവരോടു സംസാരിക്കാന്‍ എന്തെങ്കിലും പ്രത്യേക വിദ്യ അഭ്യസിക്കേണ്ടതുണ്ടോ?

അവസാനമില്ലാത്ത ജീവിതം കിട്ടുകയില്ലേ എന്ന ആശങ്കയില്‍ നിന്നാണ് ഇങ്ങനെയുള്ള ചോദ്യം ഉയരുന്നത്. മരണം എന്നത് ഒരു ഫുള്‍സ്റ്റോപ്പ് അല്ല. അതിനുശേഷവും ജീവിതം തുടരുന്നു എന്നു വിശ്വസിച്ചാല്‍ മാത്രമേ നിങ്ങള്‍ക്കു സമാധാനമായി കഴിയാന്‍ പറ്റുകയുള്ളൂ. അറുപത്, അല്ലെങ്കില്‍ എഴുപത് വര്‍ഷങ്ങള്‍ ജീവിച്ചു കഴിഞ്ഞപ്പോള്‍ തന്നെ നിങ്ങള്‍ക്ക് മതി മതി എന്നു തോന്നുന്നു.

മരണത്തിനു ശേഷവും ജീവിതം വലിച്ചുനീട്ടിക്കൊണ്ടു പോകണം എന്നു എന്തിനാണ് ആഗ്രഹിക്കുന്നത്? ആദ്യമായി, ജീവനോടെ ഇരിക്കുന്ന ഈ ദിവസങ്ങളെ പൂര്‍ണ്ണതയോടെ ജീവിക്കുക. സ്നേഹവും സന്തോഷവും അനുഭവിക്കാന്‍ പഠിക്കുക. അടുത്ത ഞായറാഴ്ച എന്തു ചെയ്യണമെന്നുപോലും നിങ്ങള്‍ ഇനിയും പ്ലാന്‍ ചെയ്തിട്ടില്ല. മരണത്തിനുശേഷം എന്തു ചെയ്യണമെന്ന് ഇപ്പോഴെന്തിനു പ്ലാന്‍ ചെയ്യുന്നു? അതിനെപ്പറ്റി എന്തിന് ഇപ്പോഴേ ചിന്തിക്കുന്നു? ആദ്യമായി ഇന്നു നിങ്ങളോടൊപ്പം ഉള്ളവരോട് സൗഹൃദവും അടുപ്പവും കാണിക്കുക, അതല്ലാതെ മരിച്ചവരോടു സംസാരിച്ചിട്ട് എന്തു ചെയ്യാനാണ്? അങ്ങനെ ചെയ്യണോ, ഇങ്ങനെ ചെയ്യണോ എന്നു നിങ്ങള്‍ ചോദിക്കുമായിരിക്കും, അതല്ലേയുള്ളൂ? നിങ്ങളുടെ ചുമതലകളെ മരിച്ചുപോയവരുടെ ചുമലില്‍ കയറ്റിവയ്ക്കുന്നത് മോശമായ കാര്യമല്ലേ? പാവം അവരെ സമാധാനമായിരിക്കാന്‍ അനുവദിക്കുക.

https://www.publicdomainpictures.net