सद्गुरु

ഗര്‍ഭധാരണം ആകസ്‌മികമായി സംഭവിക്കേണ്ട ഒരു കാര്യമല്ല. പരസ്‌പര സ്‌നേഹമോ, ധാരണയോ, വിശ്വാസമോ കൂടാതെ അത്‌ സംഭവിച്ചുകൂട. ഏറ്റവും പ്രസന്നമായൊരു ചുറ്റുപാടില്‍ നിറഞ്ഞ സന്തോഷത്തോടെ ബോധപൂര്‍വമായാണ്‌ അത്‌ നടക്കേണ്ടത്‌.

സദ്‌ഗുരു : ഇന്ന്‍ ലോകം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയൊരു പ്രശ്‌നം ദിനംപ്രതി വര്‍ദ്ധിച്ചുവരുന്ന നിയന്ത്രണാതീതമായ ജനസംഖ്യയാണ്‌. ലോകം മുഴുവനുംതന്നെ അതിന്റെ ദുരന്തഫലങ്ങള്‍ വിധത്തിലും തരത്തിലും അനുഭവിച്ചുകൊണ്ടിരിക്കുകയാണ്‌. പ്രത്യുല്‍പാദനം എന്നത്‌ നിങ്ങളേയും നിങ്ങളുടെ കുടുമ്പത്തെയും മാത്രം ബാധിക്കുന്ന ഒരു വിഷയമല്ല. പുതിയ ഒരു തലമുറയെയാണ്‌ നിങ്ങള്‍ ആ പ്രക്രിയയിലൂടെ സൃഷ്‌ടിക്കുന്നത്‌. അത്‌ ഭാരിച്ച ഒരു ചുമതലയാണെന്നു തോന്നുന്നില്ലേ? ഇരുപത്തിയഞ്ചു കൊല്ലം കഴിഞ്ഞാല്‍ ഈ ലോകത്തിന്റെ അവസ്ഥ എന്തായിരിയ്ക്കും? അത്‌ നിര്‍ണയിക്കുന്നത്‌ ഇന്ന്‍ പിറന്നുവീഴുന്ന കുഞ്ഞുങ്ങളാണ്‌. അതുകൊണ്ട് ജാഗ്രത പുലര്‍ത്തുക. ഗര്‍ഭധാരണം ആകസ്‌മികമായി സംഭവിക്കേണ്ട ഒരു കാര്യമല്ല. പരസ്‌പര സ്‌നേഹമോ, ധാരണയോ, വിശ്വാസമോ കൂടാതെ അത്‌ സംഭവിച്ചുകൂട. ഏറ്റവും പ്രസന്നമായൊരു ചുറ്റുപാടില്‍ നിറഞ്ഞ സന്തോഷത്തോടെ ബോധപൂര്‍വമായാണ്‌ അത്‌ നടക്കേണ്ടത്‌.

ഇരുപത്തിയഞ്ചു കൊല്ലം കഴിഞ്ഞാല്‍ ഈ ലോകത്തിന്റെ അവസ്ഥ എന്തായിരിയ്ക്കും? അത്‌ നിര്‍ണയിക്കുന്നത്‌ ഇന്ന്‍ പിറന്നുവീഴുന്ന കുഞ്ഞുങ്ങളാണ്‌.

ഒരു കുഞ്ഞിനെ വളര്‍ത്തിക്കൊണ്ടുവരാന്‍ തീരുമാനിക്കുന്നവര്‍ ഓര്‍ക്കുക, ഇത്‌ ഇരുപതുവര്‍ഷത്തോളം നീണ്ടു നില്‍ക്കുന്ന വലിയൊരു പദ്ധതിയാണ്‌. ഇന്നത്തെ സാഹചര്യങ്ങള്‍ പഴയകാലത്തേതില്‍ നിന്നും വളരെയധികം മാറിയിരിക്കുന്നു. ഇന്ന്‍ എപ്പോഴാണ്‌ ഒരു കുഞ്ഞിനു ജന്മം നല്‍കേണ്ടതെന്ന്‍ നിങ്ങള്‍ക്കു തീരുമാനിക്കാനാവും. പഴയകാലത്ത്‌ കുട്ടികള്‍ അങ്ങനെയങ്ങ് പിറക്കുകയായിരുന്നു. ഗര്‍ഭധാരണം വേണ്ടെന്നു വെയ്ക്കാനോ, നീട്ടി വെയ്ക്കാനോ വേണ്ട സംവിധാനങ്ങളുണ്ടായിരുന്നില്ല. ഇന്ന്‍ സ്ഥിതി മാറിയിരിക്കുന്നു. അച്ഛനമ്മമാര്‍ക്ക്‌ ആലോചിയ്ക്കാനും തീരുമാനങ്ങളെടുക്കാനും വേണ്ടത്ര സൌകര്യമുണ്ട്‌. ആദ്യം തീരുമാനിയ്ക്കേണ്ടത്‌ ഇരുപതു വര്‍ഷത്തെ കാലദൈര്‍ഘ്യമുള്ള ഈ പദ്ധതി ഏറ്റെടുക്കാന്‍ നിങ്ങള്‍ തയ്യാറാണോ എന്നതാണ്‌. മക്കള്‍ പ്രതീക്ഷക്കൊത്തവണ്ണം വളരുകയാണെങ്കില്‍ ഇരുപതു കൊല്ലം എന്നു സാമാന്യമായി പറയാം. അല്ല എങ്കിലോ ഒരു ആയുഷ്‌കാലത്തേക്കു മുഴുവനുമുള്ള ചുമതലയാകും.

ഇരുപതുകൊല്ലം എന്നാണെങ്കില്‍, ആ കാലയളവു മുഴുവന്‍ നിങ്ങളുടെ മനസ്സു പൂര്‍ണമായും കുട്ടികളുടെ വളര്‍ച്ചയിലും പരിചരണത്തിലുമായിരിയ്ക്കണം. നിസ്സാരമായ ഒരു ചുമതലയായി അതിനെ കാണരുത്‌. കാലം ചെല്ലവേ നമ്മുടെ വിചാരവികാരങ്ങള്‍ക്കും താല്‍പര്യങ്ങള്‍ക്കും വ്യത്യാസമുണ്ടാവുക സ്വാഭാവികമാണ്‌. കലഹങ്ങളും, സംഘര്‍ഷങ്ങളും, പ്രയാസങ്ങളും തീര്‍ച്ചയായും ഉണ്ടാകും. അടുത്തടുത്തു പെരുമാറുന്ന രണ്ടു വ്യക്തികള്‍ക്കിടയില്‍ കുറച്ചുകാലം കഴിയുമ്പോള്‍ ഇങ്ങനെ പലതും സംഭവിക്കുക സാധാരണമാണ്‌. ഇടയില്‍ എന്തൊക്കെ സംഭവിച്ചാലും ആ ഇരുപതുവര്‍ഷ പദ്ധതിക്ക്‌ ഒരു കോട്ടവും തട്ടാതെ നോക്കേണ്ടത്‌ അച്ഛനമ്മമാരുടെ ഒന്നാമത്തെ ചുമതലയാണ്‌. ആ ഉത്തരവാദിത്വം രണ്ടുപേരും പൂര്‍ണ്ണമനസ്സോടെ നിര്‍വഹിക്കുകയും വേണം.

കുഞ്ഞുണ്ടാകണം എന്ന്‍ തീരുമാനിക്കുന്നതിന്‌ മുമ്പ്‌ മേല്‍പ്പറഞ്ഞ ഉത്തരവാദിത്വം ഏറ്റെടുക്കാനുള്ള പക്വതയും, ക്ഷമയും, അര്‍പ്പണബോധവും തങ്ങള്‍ക്കുണ്ടോ എന്ന്‍ രണ്ടുപേരും ഒരാത്മപരിശോധന നടത്തേണ്ടതാണ്‌.

കുഞ്ഞുണ്ടാകണം എന്ന്‍ തീരുമാനിക്കുന്നതിന്‌ മുമ്പ്‌ മേല്‍പ്പറഞ്ഞ ഉത്തരവാദിത്വം ഏറ്റെടുക്കാനുള്ള പക്വതയും, ക്ഷമയും, അര്‍പ്പണബോധവും തങ്ങള്‍ക്കുണ്ടോ എന്ന്‍ രണ്ടുപേരും ഒരാത്മപരിശോധന നടത്തേണ്ടതാണ്‌. ഇതൊന്നുമില്ലെങ്കില്‍ കുഞ്ഞുങ്ങള്‍ വേണ്ട എന്നു തീരുമാനിക്കുന്നതായിരിക്കും ഉത്തമം. നിങ്ങള്‍ ഇനിയും മുതിര്‍ന്നിട്ടില്ല, പക്വതയോടെ ചിന്തിയ്ക്കാനുള്ള കഴിവില്ല, എന്നു വേണമെങ്കിലും കലഹിച്ചു പിരിയുമെന്ന സ്ഥിതി, ആര്‍ക്കും വീടുവിട്ടിറങ്ങിപ്പോകാന്‍ നിസ്സാരമായ പ്രശ്‌നങ്ങള്‍ മതി എന്നതായിരിക്കുന്നു ഇന്നത്തെ രീതി. ഈ വകുപ്പിലാണ്‌ നിങ്ങള്‍ പെടുന്നതെങ്കില്‍, അതിനര്‍ത്ഥം മാനസികമായി നിങ്ങളിപ്പോഴും ഒരു കുട്ടിയാണെന്നാണ്‌. ഇനിയൊരു കുഞ്ഞിന്റെകൂടി ഉത്തരവാദിത്വമേക്കാന്‍ തക്കവണ്ണം നിങ്ങള്‍ വളര്‍ന്നിട്ടില്ല. ഒരു കുഞ്ഞിനോട്‌ ഇനിയൊരു കുഞ്ഞിന്റെ ഭാരമേറ്റെടുക്കാന്‍ പറയുന്നത്‌ ന്യായമാണോ? കുട്ടികള്‍ വേണ്ട എന്ന തീരുമാനമെടുക്കുന്നതില്‍ ഒരു തെറ്റുമില്ല.

അല്ലെങ്കിലേ ഭൂമി ഉള്ള ഭാരം പേറാനാവാതെ ക്ലേശിക്കുകയാണ്‌.