മാനസിക സമ്മര്‍ദ്ദവും യോഗയും

maanasikasammardhavum yogayum

सद्गुरु

ഉയര്‍ന്ന ലക്ഷ്യങ്ങളില്‍ എത്തിച്ചേരാനുള്ള വ്യഗ്രത, പ്രതീക്ഷകള്‍ക്കൊത്ത്‌ ഉയരാനുള്ള തത്രപ്പാട്‌, ഇതൊക്കെയാണ്‌ പ്രധാനമായി ഉന്നതലത്തിലിരിക്കുന്നവരുടെ ഇടയിലുള്ള മാനസിക പിരിമുറുക്കങ്ങള്‍ക്ക്‌ കാരണമാവുന്നത്‌.

ചോദ്യം : വ്യാവസായസംരംഭകരായാലും, ഉന്നതോദ്യോഗസ്ഥന്‍മാരായാലും തനിക്ക്‌ സമാനമായവരുമായി ഒത്തുചേര്‍ന്നു നില്‍ക്കുമ്പോള്‍, ബന്ധങ്ങള്‍ നിലനിര്‍ത്തിപ്പോരുക എന്നത് വലിയൊരു പ്രശ്‌നം തന്നെയാണ്‌. പലപ്പോഴും പല സംരംഭങ്ങളും തുടങ്ങുന്നത്‌, കുടുംബത്തിലുള്ളവരുടേയോ അടുത്ത സുഹൃത്തുക്കളുടേയോ സഹായത്തോടുകൂടിയായിരിയ്ക്കും. വ്യവസായമെന്തായാലും പ്രാരംഭദശയില്‍ പലവിധ പ്രശ്‌നങ്ങളും, മാനസിക സമ്മര്‍ദ്ദങ്ങളും നേരിടേണ്ടി വരും; വിശേഷിച്ചും അത്‌ വിജയകരമായാണ്‌ മുന്നോട്ട്‌ പോകുന്നതെങ്കില്‍. എല്ലാവരുടേയും കണ്ണുകള്‍ – നാട്ടുകാരുടെ, വീട്ടുകാരുടെ, എന്തിന്‌ മാദ്ധ്യമങ്ങള്‍ടെ കൂടി – അവരുടെ മേല്‍ പതിഞ്ഞിരിയ്ക്കും. ഒരു സമൂഹത്തിന്റെ മുഴുവന്‍ പ്രതീക്ഷ ഒരു ഭാരമായി ഒരാളുടെ ചുമലില്‍ വന്നടിഞ്ഞാല്‍ എന്താവും അവസ്ഥ?

വ്യവസായമെന്തായാലും പ്രാരംഭദശയില്‍ പലവിധ പ്രശ്‌നങ്ങളും, മാനസിക സമ്മര്‍ദ്ദങ്ങളും നേരിടേണ്ടി വരും; വിശേഷിച്ചും അത്‌ വിജയകരമായാണ്‌ മുന്നോട്ട്‌ പോകുന്നതെങ്കില്‍.

ഒരു വശത്ത്‌ സാമൂഹ്യബന്ധങ്ങള്‍ വേണ്ട വിധത്തില്‍ നിലനിര്‍ത്താനുള്ള ബാധ്യത, മറുവശത്ത്‌ സ്വന്തം ബിസിനസ്സ്‌ വിജയകരമായി മുന്നോട്ടു കൊണ്ടു പോകണം എന്നതിലുള്ള ആകാംക്ഷ. അതിന്റെയിടയില്‍ കിടന്നു നട്ടം തിരിയുന്നവര്‍ക്ക്‌ അങ്ങേയ്ക്കു നല്‍കാനുള്ള സന്ദേശമെന്താണ്‌?

സദ്‌ഗുരു : ഒരു വ്യവസായ സംരംഭകന്‍ എന്നാല്‍ എന്താണ്‌? അതാണ്‌ ആദ്യമായി മനസ്സിലാക്കേണ്ടത്‌. സംരംഭകന്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്‌ തനിക്കിഷ്‌ടമുള്ള വഴി താന്‍ തന്നെ തിരഞ്ഞെടുത്ത്‌ മുന്നോട്ടു പോകാന്‍ തീരുമാനിച്ചവന്‍ എന്നാണ്‌. സ്വന്തം ജീവിതം സ്വന്തം താല്‍പര്യങ്ങള്‍ക്കൊത്ത്‌ രൂപപ്പെടുത്തുവാന്‍ സാധിക്കുക – അതു തന്നെ വലിയൊരു നേട്ടമാണ്, ആനന്ദവും സംതൃപ്തിയും പ്രദാനം ചെയ്യുന്നതാണ്‌. എന്നാല്‍ സംഭവിക്കുന്നതെന്താണ്‌? വഴിയിലെപ്പോഴോ താന്‍ ചെയ്യുന്നത്‌ തന്റെ ഇഷ്‌ടത്തിനൊത്ത ജോലിയാണെന്ന പരമാര്‍ത്ഥം അയാള്‍ മറന്നു പോകുന്നു. സ്വയമറിയാതെതന്നെ അയാള്‍ മറ്റുള്ളവരുടെ പ്രതീക്ഷകള്‍ക്കൊത്ത്‌ ഉയരങ്ങള്‍ കൈയടക്കുന്നതില്‍ സംതൃപ്തി നേടുന്നു. അത്‌ ശരിയായ പ്രവണതയല്ല.

ഒരു സംരംഭകന്‍ ചെയ്യുന്നത്‌ അവനവന്റെ താല്‍പര്യത്തിനനുസരിച്ച്‌ തെരഞ്ഞെടുത്ത ജോലിയായിരിക്കും. അതില്‍ ഇതര താത്പര്യങ്ങള്‍ക്ക് കടന്നുകൂടാനുള്ള അവസരം നല്‍കരുത്. അവനവന്റെ തൃപ്തിക്കു മാത്രം മുന്‍തൂക്കം കൊടുത്താല്‍ മതി. നേട്ടങ്ങളുണ്ടാകുന്നത്‌ മാത്രമാണ്‌ വിജയം എന്നു ധരിക്കരുത്‌. സ്വന്തം ബുദ്ധിയും സാമര്‍ത്ഥ്യവും നേരാംവണ്ണം പ്രയോജനപ്പെടുത്തി, അവനവ്റെ ജോലിയില്‍ ആത്മാര്‍ത്ഥമായി മുഴുകാനുള്ള അവസരം ലഭിക്കുന്നുണ്ടോ? ചെയ്യുന്ന ജോലി കൊണ്ട്‌ മനസ്സിന്‌ സംതൃപ്‌തിയും സമാധാനവും കൈവരുന്നുണ്ടോ? വിജയം എന്നു പറഞ്ഞാല്‍, ഇതെല്ലാം ഉള്‍പ്പെടുന്നതാണെന്ന ഓര്‍മ്മ വേണം.

പൂര്‍ണമായും ആത്മാവിഷ്‌കാരം നടത്താനുള്ള അവസരം ഒരാള്‍ക്ക്‌ ലഭ്യമാണ്‌ എങ്കില്‍, അയാള്‍ നിശ്ചയമായും ആ മേഖലയില്‍ വിജയം കൈവരിച്ചിരിക്കും. മറ്റു മേഖലകളിലുള്ളവരുമായി താരതമ്യപ്പെടുത്തുമ്പോള്‍ സ്വന്തം നേട്ടങ്ങള്‍ നിസ്സാരമെന്നു തോന്നിയേക്കാം. അതോര്‍ത്ത്‌ നിരാശപ്പെടേണ്ടതില്ല. അവനവന്‍ തെരഞ്ഞെടുത്ത മേഖലയില്‍ തൃപ്തികരമായി എന്തെങ്കിലും ചെയ്യുവാന്‍ കഴിഞ്ഞിട്ടുണ്ടോ? ഉണ്ട് എന്നാണുത്തരമെങ്കില്‍, നിങ്ങളും വിജയം കൈവരിച്ചിരിയ്ക്കുന്നു.

സമന്‍മാരോടൊപ്പം തോളുരുമ്മി നില്‍ക്കാനാവുന്നില്ല, വീട്ടുകാരുടെ പ്രതീക്ഷയ്ക്കൊത്ത്‌ ഉയരങ്ങളിലെത്താന്‍ ആവുന്നില്ല, മാദ്ധ്യമ ശ്രദ്ധ പിടിച്ചു പറ്റാനാവുന്നില്ല ഇങ്ങനെയുള്ള സിദ്ധാന്തങ്ങളൊക്കെ തൂത്തുവാരിക്കളയുക. അവനവന്റെ യോഗ്യതകള്‍ പൂര്‍ണമായും പുറത്തുകൊണ്ടുവരാനുള്ള അവസരം ലഭിക്കുന്നുണ്ടോ; താന്‍ തെരഞ്ഞെടുത്ത മേഖല തനിക്കു വേണ്ടത്ര ആത്മസംതൃപ്‌തി നല്‍കുന്നുണ്ടോ, ഇതു രണ്ടുമാണ്‌ സത്യത്തില്‍ വിജയത്തിന്റെ മാനദണ്ഡമായി കണക്കാക്കേണ്ടത്‌. ഇങ്ങനെയുള്ളവരുടെ കാര്യത്തില്‍, കിട്ടുന്ന കൂലിയേക്കാള്‍ പ്രധാനം, ചെയ്യുന്ന ജോലിയ്ക്കാണ്‌, അതില്‍നിന്നും ലഭിക്കുന്ന സന്തോഷവും സംതൃപ്‌തിയുമാണ്‌. ഈ വസ്‌തുത അവനവനെത്തന്നെ പറഞ്ഞു ബോദ്ധ്യപ്പെടുത്തണം. ആ വിഷയത്തിലാണ്‌ പലരും പിന്നോക്കമാവുന്നത്‌.

ഒരു ബിസിനസ്സ്‌ കൊണ്ടുനടത്തുക എന്നുപറഞ്ഞാല്‍, പലതരം മനുഷ്യരെ, പലതരം മനസ്സുകളെ, വേണ്ട വിധത്തില്‍ ഏകോപിപ്പിച്ചു കൊണ്ടുപോവുക എന്നു കൂടി അര്‍ത്ഥമുണ്ട്‌. സ്വന്തം മനസ്സിനെ ബോദ്ധ്യപ്പെടുത്താന്‍ കഴിയാത്ത ആള്‍ അന്യ മനസ്സുകളെ എങ്ങനെയാണ്‌ സ്വാധീനിക്കുക? അവനവന്റെ മനസ്സ്‌ സ്വന്തം കൈപ്പിടിയിലാണെങ്കില്‍, ബാഹ്യമായ സമ്മര്‍ദ്ദങ്ങള്‍ക്ക്‌ അവിടേയ്ക്കു ഉന്തിക്കയറാനാകുമൊ? ഒരു ജോലിയേയും ഒരു എടുക്കാച്ചുമടായി കാണേണ്ടതില്ല. അഥവാ അങ്ങനെ തോന്നുന്നുവെങ്കില്‍, അതിനു കാരണം ബാഹ്യമായ സമ്മര്‍ദ്ദങ്ങളല്ല, അവനവന്റെ മനസ്സിന്റെ കഴിവുകേടാണ്‌.

യോഗശാസ്‌ത്രത്തില്‍ മാനസികമായ സമ്മര്‍ദ്ദങ്ങള്‍ കുറയ്ക്കാനും, അതിനെ ശരിയായ ദിശയിലേയ്ക്കു നയിയ്ക്കാനും, നിയന്ത്രിയ്ക്കാനും മറ്റുമുള്ള ഒട്ടനവധി പദ്ധതികളുണ്ട്‌.

യോഗശാസ്‌ത്രത്തില്‍ മാനസികമായ സമ്മര്‍ദ്ദങ്ങള്‍ കുറയ്ക്കാനും, അതിനെ ശരിയായ ദിശയിലേയ്ക്കു നയിയ്ക്കാനും, നിയന്ത്രിയ്ക്കാനും മറ്റുമുള്ള ഒട്ടനവധി പദ്ധതികളുണ്ട്‌. സമൂഹത്തിലായാലും, ജോലിസ്ഥലത്തായാലും, സ്വന്തം കുടുംബത്തിലായാലും നല്ല ബന്ധങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടു പോകാനുള്ള താക്കോലും യോഗശാസ്‌ത്രത്തിന്റെ പക്കലുണ്ട്‌. സ്വന്തം മനസ്സുമായി സൌഹൃദം സ്‌ഥാപിക്കാനുള്ള വഴിയും യോഗ പഠിപ്പിച്ചുതരും… പ്രയോജനപ്പെടുത്തൂ.
ബന്ധപ്പെട്ട പോസ്റ്റുകള്‍


Type in below box in English and press Convert