सद्गुरु

ജീവിതത്തെ സമ്പൂര്‍ണമായി അറിഞ്ഞ് അനുഭവിക്കാനുള്ള മാര്‍ഗ്ഗവും സ്വന്തം ജീവിതദൌത്യം ഓരോരുത്തരും കണ്ടെത്തേണ്ടത്‌ എങ്ങിനെയാണെന്നുള്ളതിനെക്കുറിച്ചും സദ്‌ഗുരു നിര്‍ദ്ദേശിക്കുന്നു.

സദ്‌ഗുരു : ജീവിതദൌത്യം എന്നൊന്ന് യഥാര്‍ത്ഥത്തില്‍ ഉണ്ടോ? ഇത് നിങ്ങള്‍ ശരിയായി ധരിക്കണം. ജീവിതദൌത്യം എന്നൊന്നില്ല. ജീവിതം ഒരു ദൌത്യം നിങ്ങളെ എല്പിക്കുകയാണ്. അത് ആന്തരീകമായും ബാഹ്യമായും ഉള്ളതാണ്. ജീവിതം നിങ്ങളെകൊണ്ട് ചെയ്തുതീര്‍ക്കാന്‍ ഉദ്ദേശിക്കുന്നത് എന്താണ്? അതറിഞ്ഞു പ്രതികരിക്കുമ്പോഴേ നിങ്ങളുടെ ജീവിതം പൂര്‍ണമാകുന്നുള്ളൂ, നിങ്ങള്‍ ജീവിതത്തെ പൂര്‍ണമായും മനസ്സിലാക്കുന്നുള്ളൂ.

ജീവിതം നിങ്ങളെ വിളിക്കുന്നുവെങ്കില്‍, മുഴുവന്‍ മനസ്സോടെ തന്നെ നിങ്ങള്‍ അതിനരികത്തു ചെല്ലണം

ജീവിതം നിങ്ങളെ വിളിക്കുന്നുവെങ്കില്‍, മുഴുവന്‍ മനസ്സോടെ തന്നെ നിങ്ങള്‍ അതിനരികത്തു ചെല്ലണം. അവിടെ സങ്കോചങ്ങള്‍ക്കും, കണക്കുകൂട്ടലുകള്‍ക്കുമായി സമയം കളയരുത്. നിങ്ങളുടെ ബുദ്ധി വ്യത്യസ്തമായ എന്തെങ്കിലും ചെയ്യാന്‍ നിങ്ങളെ പ്രേരിപ്പിച്ചേക്കാം. എന്നാല്‍ ഇവിടത്തെ വിഷയം സ്വന്തം സാദ്ധ്യതകളെ പൂര്‍ണമായും പ്രയോജനപ്പെടുത്തുക എന്നതാണ്. സ്വന്തം ജീവിതത്തെകുറിച്ച് സാമാന്യമായ ഒരു ധാരണ നിങ്ങള്‍ക്കുണ്ടെങ്കില്‍ എളുപ്പത്തില്‍ മനസ്സിലാക്കാനാവും, തന്റെ കഴിവുകള്‍ ഏതു വിധത്തിലുള്ളതാണെന്ന്. ഒരു പക്ഷെ ഇതുവരെ ചെയ്യാതിരുന്ന ഒരു കാര്യം, അതിലായിരിക്കാം നിങ്ങള്‍ക്ക് ഏറ്റവും മിടുക്ക്. ചിലപ്പോള്‍ നിങ്ങള്‍ക്ക് പ്രത്യേകിച്ച് തല്പര്യമില്ലാത്തൊരു ജോലി, എന്നാലും വര്‍ഷങ്ങളായി നിങ്ങള്‍ അത് തന്നെ ചെയ്തുവരുന്നു. അതിലും വിശേഷിച്ചൊരു ഭംഗിയും മേന്മയും നിങ്ങള്‍ കാണുന്നുണ്ടാകും. പൂര്‍ണമനസ്സോടുകൂടിയാണ് നിങ്ങള്‍ അത് ചെയ്യുന്നതെങ്കില്‍, നിങ്ങളുടെ അനുഭവവും അതിനനുസരിച്ച് വേറൊരു തലത്തിലാവും.

ഒന്നില്‍ മാത്രം തീവ്രതയോടെ മനസ്സ് കൊളുത്തികിടക്കുമ്പോഴാണ് പ്രശ്നങ്ങളുണ്ടാവുന്നത്. അല്ലെങ്കില്‍ ഒരു പ്രത്യേക രീതിയില്‍ മാത്രം ഉറച്ചു നില്‍ക്കുമ്പോള് , അതും കടുത്ത വാശിയോടെ. അത് ഒറ്റപ്പെടലിനു കാരണമാകുന്നു. ആരുമായും ഒന്നുമായും ചേരാതെ, തന്റേതു മാത്രമായ, തികച്ചും സങ്കുചിതമായ ഒരു ജീവിതം, തീര്‍ച്ചയായും അത് ദു:ഖത്തിലും നിരാശയിലുമാണ് അവസാനിക്കുക. എല്ലാറ്റിനെയും അറിയാനും അനുഭവിക്കാനും ആസ്വദിക്കാനുമാവണം. ഒന്നില്‍ മാത്രമായി കുരുങ്ങികിടക്കാന്‍ മനസ്സിന് അവസരം കൊടുക്കരുത്.

പഞ്ചേന്ദ്രിയങ്ങള്‍ എത്തിച്ചു തരുന്ന അനുഭവങ്ങള്‍ മനസ്സറിഞ്ഞ് ആസ്വദിക്കാം. ഒന്നില്‍ മാത്രമായി ഒട്ടിനില്‍ക്കരുത് എന്നോര്‍മ്മ വേണം. ഇത് എല്ലാറ്റിലുമുള്ള അഭിനിവേശമല്ല. എല്ലാറ്റിനോടുമുള്ള സൌമനസ്യമാണ്. അത് കാരുണ്യമോ ദയയോ അല്ല. എല്ലാറ്റിനെയും വിലയിരുത്തലുകള്‍ കൂടാതെ ഉള്‍കൊള്ളാനുള്ള മനസ്സിന്റെ സന്നദ്ധതയാണ്. മുന്‍വിധികള്‍ ഏതുമില്ലാതെ പ്രപഞ്ചവുമായി പൂര്‍ണമനസോടെ ഇഴുകിച്ചേരുക. ഓരോ അണുവിനെയും കണ്ടെത്താനും മനസ്സിലാക്കാനും ശ്രമിക്കുക. അപ്പോള്‍ താനേ അറിയാനാവും അവനവനില്‍ അന്തര്‍ലീനമായിരിക്കുന്ന അനന്തസാദ്ധ്യതകള്‍. പ്രപഞ്ചവുമായി അകമഴിഞ്ഞ ഒരു ബന്ധം സ്ഥാപിക്കുന്നതിന് നിങ്ങളോ, പൂര്‍വകാലാനുഭവങ്ങളോ, കഴിവുകളോ ഒന്നും പരിമിതികള്‍ സൃഷ്ടിക്കുന്നില്ല. പ്രപഞ്ചമാകുന്ന ഈ മഹാകലവറയിലേക്ക് നിങ്ങള്‍ക്ക് യഥേഷ്ടം കടന്നുചെല്ലാം, അവിടെയുള്ളതെല്ലാം ആവോളം അനുഭവിക്കുകയും ചെയ്യാം. പ്രകൃതിയുടെ സ്വഭാവം തന്നെ ആ മട്ടിലാണ്.

ജീവിതത്തിന്റെ ശരിയായ ക്രമം, ജീവിക്കുക , പ്രവൃത്തി ചെയ്യുക, അതിനോടൊപ്പം തന്നെ സമ്പാദിക്കുക എന്നതാണ്. എന്നാല്‍ നിങ്ങളുടെ പോക്ക് സമ്പാദിക്കുക , അതിനു വേണ്ടി പ്രവര്‍ത്തിക്കുക, അതിനുവേണ്ടി ജീവിക്കുക എന്ന ക്രമത്തിലാണ്. അത് സമ്പാദ്യത്തിന്റെ പിന്നാലെയുള്ള അവസാനമില്ലാത്ത പാച്ചില്‍ മാത്രമായിത്തീരുന്നു. സഫലമാകാത്ത ജീവിതത്തിന്റെ അടിത്തറ അതാണ്‌; നേട്ടങ്ങളുടെ പുറകെയുള്ള പാച്ചില്‍.

സഫലമാകാത്ത ജീവിതത്തിന്റെ അടിത്തറ അതാണ്‌; നേട്ടങ്ങളുടെ പുറകെയുള്ള പാച്ചില്‍.

ആവോളം സമ്പാദിക്കണം. അതാണ്‌ അധികം പേരുടെയും ആദ്യത്തെ ലക്ഷ്യം. ജീവിതത്തിന്റെ ഒരു പ്രത്യേക കാലഘട്ടത്തില്‍ നിശ്ചയമായും നിങ്ങള്‍ മോഹിച്ചിരുന്നു, “എനിക്ക് നല്ലൊരു ജീവിത പങ്കാളി വേണം, കാറും വീടും മറ്റു സൌകര്യങ്ങളും വേണം.” പിന്നീടുള്ള ചിന്ത ഇതെല്ലാം എങ്ങിനെ നേടാമെന്നായിരുന്നു. ആ ക്ഷണം തന്നെ ചുറ്റുമുള്ളവര്‍ ഉപദേശിക്കാന്‍ തുടങ്ങി, പിന്നെ വീണ്ടും മോഹം. ഡോക്ടറാവണം, എന്‍ജിനിയറാവണം, വക്കീലാവണം അങ്ങിനെ പലതും. ഒടുവില്‍ നിങ്ങളുടെ ആ മോഹവും സഫലമാകുന്നു. കുറേ നാള്‍ ആ പദവിയിലിരുന്നു കഴിഞ്ഞാല്‍, "ഞാന്‍ ഒരാളായി" എന്ന തോന്നല്‍ മുളച്ചു പൊങ്ങാന്‍ തുടങ്ങും. അപ്പോഴാണ്‌ നിങ്ങള്‍ ജീവിതത്തിന് പ്രതികൂലമായി നീങ്ങാന്‍ തുടങ്ങുന്നത്.… “സമ്പാദിക്കുക , പ്രവര്‍ത്തിക്കുക, ജീവനോടെയിരിക്കുക" എന്ന ക്രമം. ഇതിനൊരവസാനമില്ല. ഫലമോ? എന്തെല്ലാം നേടിയാലും ജീവിത സാഫല്യം നേടാനാവാത്ത ഒരു ജീവിതം !

ആദ്യം അവനവന്റെ സ്ഥാനം ഉറപ്പിക്കണം. ആഗ്രഹിച്ചത് നടന്നാലും ഇല്ലെങ്കിലും നിങ്ങളുടെ ജീവിതം നല്ലതായിരിക്കും. ജീവിതത്തോടു നിങ്ങള്‍ എത്രത്തോളം സമരസപ്പെട്ടിരിക്കുന്നു, അതിനനുസരിച്ചായിരിക്കും അതിന്റെ ഗുണമേന്മ. നിങ്ങള്‍ നേടുന്നതിന്റെ വലുപ്പ ചെറുപ്പങ്ങള്‍ നിങ്ങളുടെ കഴിവിനെയും ജീവിത സാഹചര്യങ്ങളെയും ആശ്രയിച്ചിരിക്കുന്നു. സ്വന്തം നില മനസ്സിലാക്കി അതിലുറച്ചു നില്‍ക്കാനായാല്‍ നിങ്ങളുടെ ഭാവി സ്വന്തം ഇഛക്കൊത്ത് രൂപപ്പെടുത്താന്‍ വലിയൊരു പരിധിവരെ നിങ്ങള്‍ക്കു സാധിക്കും.

https://www.publicdomainpictures.net