വൈകല്യങ്ങളുള്ള കുഞ്ഞുങ്ങള്‍ ക്ലേശമനുഭവിക്കുന്നുണ്ടോ?

handicapped children

सद्गुरु

നിങ്ങളുടെ മുന്‍വിധികളും വിലയിരുത്തലുകളും മാറ്റിവെച്ച് നിങ്ങളിലെ മനുഷ്യത്വത്തെ മുന്നോട്ട് കൊണ്ടുവരിക. അതാണ്‌ ക്ലേശങ്ങള്‍ ഇല്ലാതാക്കാനുള്ള മാര്‍ഗ്ഗം

ചോദ്യം : ചില കുട്ടികള്‍ ജനിക്കുന്നതേ വൈകല്യങ്ങളോടുകൂടിയാണ്. എന്താണിതിനു കാരണം? അവര്‍ കഠിനമായ ക്ലേശം അനുഭവിക്കുന്നുണ്ടാവില്ലേ?

സദ്‌ഗുരു : അവര്‍ കാര്യമായ ക്ലേശമനുഭവിക്കുന്നില്ല. കഷ്ടപ്പെടുന്നത് മുഴുവന്‍ അവരുടെ മാതാപിതാക്കന്മാരാണ്. അവര്‍ വ്യത്യസ്തമായ രീതിയില്‍ പിറക്കുന്നു എന്നത് ശരി. പക്ഷെ അവര്‍ക്ക് വൈകല്യമുണ്ട് എന്നത് നിങ്ങളുടെ ധാരണയാണ്. അവര്‍ മറ്റുള്ളവരെ പോലെയല്ല എന്നതുകൊണ്ടാണ് നിങ്ങള്‍ക്ക് അങ്ങിനെ തോന്നുന്നത്. ഇന്നത്തെ സമൂഹം പല പേരുകളില്‍ അവരെ കാണുന്നു – വികലാംഗര്‍, ഭിന്നശേഷിയുള്ളവര്‍ – എന്തു തന്നെ വിളിച്ചാലും അവര്‍ സാധാരണ കുട്ടികളില്‍ നിന്നും വ്യത്യസ്തരാണ്. മറ്റുകുട്ടികള്‍ ചെയ്യുന്ന പല കാര്യങ്ങളും അവര്‍ക്ക് ചെയ്യാനാവില്ല, എന്നാലും അതോര്‍ത്ത് അവര്‍ ദു:ഖിക്കുന്നില്ല, നമ്മളാണ് താരതമ്യം ചെയ്തു അവരെ വേദനിപ്പിക്കുന്നത്. അവരെ അവരുടെ പാട്ടിനു വിട്ടാല്‍ അവര്‍ക്കൊരു പ്രശ്നവുമില്ല . മാതാപിതാക്കന്മാര്‍ക്ക് സ്വാഭാവികമായും സങ്കടമുണ്ടാകും, അവരുടെ മക്കള്‍ മറ്റു കുട്ടികളെ പോലെയല്ലല്ലോ. “എന്റെ കുട്ടിക്ക് അതിനാവില്ല ഇതിനാവില്ല” എന്നൊക്കെ പറഞ്ഞ്‌ അവര്‍ എണ്ണിപെറുക്കും, അതിനൊന്നും ഒരര്‍ത്ഥവുമില്ല.handicapped children media

അവര്‍ കാര്യമായ ക്ലേശമനുഭവിക്കുന്നില്ല. കഷ്ടപ്പെടുന്നത് മുഴുവന്‍ അവരുടെ മാതാപിതാക്കന്മാരാണ്

ഇങ്ങനെ ഒരവസ്ഥയുമായി ചേര്‍ന്നുപോകാനാവുന്നില്ലെങ്കില്‍ എല്ലാം പ്രകൃതിക്ക് വിട്ടുകൊടുക്കാനുള്ള മനക്കരുത്തുണ്ടാകണം. എങ്കില്‍ പ്രകൃതി വേണ്ടത് ചെയ്തുകൊള്ളും. കരുത്തുള്ളതിനെ വളര്‍ത്തുക എന്നതാണ് പ്രകൃതിയുടെ രീതി. അതിനുള്ള ധൈര്യം നിങ്ങള്‍ക്കുണ്ടോ? ഇല്ല – അവര്‍ മരിച്ചാലും നിങ്ങള്‍ കരയും, ജീവിച്ചിരുന്നാലും നിങ്ങള്‍ കരയും. കുട്ടിക്ക് കുഴപ്പമൊന്നുമില്ല അവന്‍ നന്നായി വളരുന്നു. പക്ഷെ നിങ്ങളുടെ പ്രതീക്ഷക്കൊത്ത് വളരുന്നില്. അപ്പോഴും നിങ്ങള്‍ കരയും. സ്വന്തം ആഗ്രഹങ്ങള്‍ മക്കള്‍ സഫലമാക്കുന്നില്ല എന്നതും അഛനമ്മമാര്‍ക്ക് കരയാന്‍ കാരണമാണ്. അതുകൊണ്ട് അതത്ര വലിയ കാര്യമല്ല. ചിരിക്കാന്‍ പഠിക്കൂ . ജീവിതം നിങ്ങള്‍ വിചാരിക്കുന്നത് പോലെയല്ല. അതിന്റെ ഗതി വിഭിന്നമാണ് .

എന്തെങ്കിലും വൈകല്യമുള്ളതുകൊണ്ട് ആരും ക്ലേശമനുഭവിക്കുന്നില്ല. രോഗമായാലും അംഗവൈകല്യമായാലും അതിന്റെ ഫലമായുണ്ടാകുന്നത് ഒരു പ്രത്യേക തരം ശാരീരികാവസ്ഥയാണ്, കഷ്ടപ്പാടല്ല. ആലോചിക്കാതെ ഓരോന്നു ചെയ്തും പറഞ്ഞും മറ്റുള്ളവരാണ് അവരെ വിഷമിപ്പിക്കുന്നത്. നിങ്ങളുടെ ശരീരവും മനസ്സും നിങ്ങളുടെ നിയന്ത്രണത്തിലല്ല, അതാണ്‌ ക്ലേശങ്ങള്‍ക്ക്‌ കാരണമാകുന്നത്. സാഹചര്യങ്ങള്‍ മാറി മാറി വരുന്നു. ചിലപ്പോള്‍ അത് നിങ്ങളുടെ ഇഷ്ടത്തിനൊത്താകാം, മറ്റു ചിലപ്പോള്‍ ഇഷ്ടത്തിനെതിരായും. ചില സാഹചര്യങ്ങള്‍ നിങ്ങള്‍ക്ക് കൈകാര്യം ചെയ്യാനാകുന്നതാകും, ചിലപ്പോള്‍ അതിനു സാധിക്കാതേയും വരും. അത് ജീവിതത്തിന്റെ സ്വഭാവമാണ്, നമുക്കത് മാറ്റാനാവില്ല. ക്ലേശങ്ങള്‍ക്ക്‌ കാരണമാകുന്നത് സാഹചര്യങ്ങളല്ല, മനുഷ്യന്റെ മനോഭാവമാണ്. സാഹചര്യങ്ങള്‍ പ്രതികൂലമാകുമ്പോള്‍ ചിലര്‍ അലമുറയിടുന്നു, ചിലര്‍ മറികടക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നു, വേറെ ചിലര്‍ നിശബ്ദം സഹിക്കുന്നു – തീരുമാനം അവനവന്റെതാണ്.

വൈകല്യം സംഭവിച്ചിട്ടുള്ളവര്‍ ചെറിയൊരു ശതമാനം മാത്രമാണ്. അതിനെ വലിയൊരു വിഷയമായി എടുക്കേണ്ടതില്ല. എല്ലാ അംഗങ്ങളും യഥാവിധി ഉണ്ടായിട്ടും കഷ്ടപ്പെടുന്നവരുടെ കാര്യമോ? ശരീരത്തിന് ഒരു തകരാറുമില്ലാത്ത നിങ്ങളില്‍ എത്ര പേര്‍ ഇരുപത്തിനാലുമണിക്കൂറും സന്തോഷമായി ഇരിക്കുന്നുണ്ട്‌? ഉണ്ടെങ്കില്‍ തന്നെ വളരെ വളരെ ചുരുക്കം പേര്‍ മാത്രം. അങ്ങിനെയല്ല ആരും ജീവിക്കേണ്ടത്.

ക്ലേശങ്ങള്‍ക്ക്‌ കാരണമാകുന്നത് സാഹചര്യങ്ങളല്ല , മനുഷ്യന്റെ മനോഭാവമാണ്

പലരും പല മട്ടില്‍ പിറന്നു വീഴുന്നു – രണ്ടു കൈയ്യുള്ളവര്‍, ഒരു കൈയ്യുള്ളവര്‍, കൈയ്യേ ഇല്ലാത്തര്‍. വലിയ ബുദ്ധിയുള്ളവര്‍, സാമാന്യ ബുദ്ധിയുള്ളവര്‍, തീരെ ബുദ്ധിയില്ലാത്തവര്‍ – ഇതെല്ലാം പ്രകൃതിയുടെ രീതികളാണ്. അതിനെ ചൊല്ലി കരഞ്ഞിട്ടു കാര്യമില്ല. ആവും വിധം സഹായിക്കുക, അങ്ങിനെ ചെയ്യാനായാല്‍ ക്ലേശങ്ങള്‍ ഉണ്ടെങ്കില്‍ തന്നെയും വലിയൊരു പരിധി വരെ കുറയ്ക്കാനാവും. നിങ്ങളുടെ മുന്‍വിധികളും വിലയിരുത്തലുകളും മാറ്റിവെച്ച് നിങ്ങളിലെ മനുഷ്യത്വത്തെ മുന്നോട്ട് കൊണ്ടുവരിക. അതാണ്‌ ക്ലേശങ്ങള്‍ ഇല്ലാതാക്കാനുള്ള മാര്‍ഗ്ഗം.
ബന്ധപ്പെട്ട പോസ്റ്റുകള്‍


Type in below box in English and press ConvertLeave a Reply

Your email address will not be published. Required fields are marked *