സദ്ഗുരു: നിങ്ങളെ ഈര്‍ഷ്യ പിടിപ്പിക്കുന്നവരെ എങ്ങനെ സ്‌നേഹിക്കും?? അവരെ സ്‌നേഹിക്കുന്നതായി നടിക്കരുത്; അവര്‍ നിങ്ങളെ ശുണ്ഠിപിടിപ്പിക്കുകയാണെന്ന് മനസ്സിലാക്കുക മാത്രം മതി. എന്തിനാണ് അവര്‍ നിങ്ങളെ ശുണ്ഠിപിടിപ്പിക്കുന്നത്? അവര്‍ നിങ്ങള്‍ പ്രതീക്ഷിക്കുന്ന വിധത്തിലോ, ആഗ്രഹിക്കുന്ന വിധത്തിലോ അല്ലാത്തതുകൊണ്ടു മാത്രമാണ്.

പക്ഷെ അതേ ശ്വാസത്തില്‍ തന്നെ നിങ്ങള്‍ ദൈവവിശ്വാസിയാണെന്നു സ്വയം അവകാശപ്പെടുകയും ചെയ്യുന്നു. നിങ്ങള്‍ ദൈവത്തില്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍, നിങ്ങളെ അലോസരപ്പെടുത്തുന്ന ആളും ദൈവത്തിന്‍റെ സൃഷ്ടി തന്നെയാണ്. മാത്രമല്ല നിങ്ങളെ ശരിക്കും അലോസരപ്പെടുത്താന്‍ മാത്രം വിദഗ്ധനാണയാള്‍, അല്ലേ? അതിനാല്‍ നിങ്ങള്‍ സ്വയം കബളിപ്പിക്കപ്പെടരുത്. ഒന്നു മനസ്സിലാക്കൂ, എന്താണ് ശരി എന്താണ് തെറ്റ് എന്ന് നിങ്ങള്‍ മുന്‍കൂട്ടി നിശ്ചയിച്ചു വച്ചിരിക്കുന്നതാണ് നിങ്ങള്‍ക്ക് ഈര്‍ഷ്യ തോന്നാന്‍ കാരണം. നിങ്ങള്‍ കാണുന്ന രീതിയാണ് ശരിയായതെന്ന് നിങ്ങള്‍ തീരുമാനിച്ചു.

ആളുകള്‍ നിങ്ങളില്‍ നിന്നു വ്യത്യസ്തരാണെങ്കില്‍, അവര്‍ ആദ്യം നിങ്ങളെ ഈര്‍ഷ്യ പിടിപ്പിക്കും. അപ്പോള്‍ നിങ്ങള്‍ക്ക് ദേഷ്യം വരും, നിങ്ങളവരെ വെറുക്കും, നിങ്ങള്‍ക്ക് അവരെ കൊല്ലണമെന്നു തോന്നും. ഇതൊക്കെ സ്വാഭാവിക പ്രക്രിയകള്‍ തന്നെ. ലോകത്തിലെല്ലാവരും നിങ്ങളെപ്പോലെ ആയിരിക്കണമെന്നു പ്രതീക്ഷിക്കുന്നതുകൊണ്ടുമാത്രമാണ് ഇങ്ങനെ സംഭവിക്കുന്നത്. ലോകത്തിലെ എല്ലാവരും നിങ്ങളെപ്പോലെ ആയിരുന്നെങ്കില്‍, നിങ്ങള്‍ക്ക് ഇവിടെ ഇരിക്കാന്‍ കഴിയുമായിരുന്നോ? നിങ്ങളുടെ വീട്ടില്‍ത്തന്നെ നിങ്ങളെപ്പോലെ മറ്റൊരാള്‍ കൂടി ഉണ്ടെങ്കില്‍, നിങ്ങള്‍ക്ക് അവിടെ ജീവിക്കാന്‍ കഴിയുമോ? അതു സാധ്യമാണോ? ലോകത്തിലോരോരുത്തരും എങ്ങനെയാണോ, അങ്ങനെതന്നെ ആയിരിക്കുന്നതാണ് വളരെ നല്ലത്.

നിങ്ങള്‍ ദൈവത്തില്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍, നിങ്ങളെ അലോസരപ്പെടുത്തുന്ന ആളും ദൈവത്തിന്‍റെ സൃഷ്ടി തന്നെയാണ്.

ഈ ജനക്കൂട്ടത്തില്‍നിന്നും ഏതെങ്കിലും ഒരു മനുഷ്യനെ നിങ്ങള്‍ പ്രത്യേകമെടുത്താല്‍ അയാള്‍ തികച്ചും അതുല്യനായിരിക്കും, അല്ലേ? ഇപ്പോള്‍ നിങ്ങളുടെ തൊട്ടടുത്തിരിക്കുന്നയാളെ നോക്കിയാല്‍ അയാളെപ്പോലെ ഈ ഭൂമിയില്‍ മറ്റൊരു ജീവി ഇല്ല എന്നു കാണാം. ഇതിനു മുമ്പും ഇത്തരത്തിലൊരു മനുഷ്യജീവി ഉണ്ടായിട്ടില്ല; ഇനി ഭാവിയില്‍ അത്തരത്തില്‍ ഒരാള്‍ ഉണ്ടാകുകയുമില്ല. അത് തികച്ചും അതുല്യനായ ഒരു മനുഷ്യജീവിയാണ്.

ഇങ്ങനെ ഒരാള്‍ മാത്രമേ ഉള്ളൂ എന്നും, ഇത് വിലമതിക്കാനാവാത്ത ഒന്നാണെന്നും നിങ്ങള്‍ തിരിച്ചറിഞ്ഞാല്‍, അയാള്‍ക്കെങ്ങനെ നിങ്ങളെ ശുണ്ഠിപിടിപ്പിക്കാന്‍ കഴിയും? ഇങ്ങനെ അതുല്യനായ ഒരു മനുഷ്യന്‍റെ അടുത്ത് നിങ്ങള്‍ ഇരിക്കുന്നു എന്നതും ഒരു വലിയ അത്ഭുതമല്ലേ? ഇതു നിങ്ങള്‍ മനസ്സിലാക്കിയാല്‍, പിന്നെ എവിടെയാണ് അസ്വസ്ഥതയുടെ പ്രശ്‌നം? നിങ്ങള്‍ അന്ധനാണ്; അതിനാലാണ് അസ്വസ്ഥനാകുന്നത്. നിങ്ങള്‍ ജീവിതത്തോടുതന്നെ അന്ധതയിലാണ്. നിങ്ങള്‍ കണ്ണുതുറന്ന് ജീവിതത്തെ ഇനിയും നോക്കിയിട്ടില്ല. അല്ലെങ്കില്‍, മറ്റുള്ളവര്‍ക്കു നിങ്ങളെ അസ്വസ്ഥനാക്കാന്‍ കഴിയുന്നതെങ്ങനെ?