ആദരവര്‍ഹിക്കുന്ന നേതാവാകണോ ?

05 – Want to be a leader who is respected

सद्गुरु

നേതൃത്വം, അല്ലെങ്കില്‍ നേതാവ്‌ എന്നു കേള്‍ക്കുമ്പോള്‍ ആദ്യം നമ്മുടെ സങ്കല്‍പത്തില്‍ തെളിയുന്നത് ഒരു രാഷ്‌ട്രീയ നേതാവിന്റേയോ, സൂട്ടും കോട്ടും ധരിച്ച്‌ ഗാംഭീര്യത്തോടെ തല ഉയര്‍ത്തി നില്‍ക്കുന്ന സ്ഥാപനമേധാവിയുടെ ചിത്രമായിരിക്കും. പക്ഷ സത്യം പറഞ്ഞാല്‍, ഒരു നേതാവിനായി പുറത്തെങ്ങും നമ്മള്‍ തെരയേണ്ടതില്ല.അവനവന്റെ മേഖലയില്‍ നമ്മളോരോരുത്തരും ഒരു നേതാവാണെന്ന വസ്തുത നാം സ്പഷ്ടമായി അറിഞ്ഞിരിക്കേണ്ടതാണ്.

സദ്‌ഗുരു : ഒട്ടുമിക്ക ആള്‍ക്കാരും നേതൃസ്‌ഥാനത്തെത്തുന്നത്‌ അവരുടെ സവിശേഷമായ മേധാശക്തികൊണ്ടോ, കാര്യപ്രാപ്‌തികൊണ്ടോ, സംഗതികള്‍ യഥാതഥം കണ്ടറിയാനുള്ള കഴിവുകൊണ്ടോ ഒന്നുമാകണമെന്നില്ല, നേതാവെന്ന പദവി പരമ്പരാഗതമായോ, യാദൃശ്ചികമായോ അവരുടെ മടിയില്‍ വന്നുവീണതാകാം. സമൂഹത്തിനാവശ്യം അങ്ങനെയുള്ള നേതാക്കന്മാരെയല്ല. ഈ നേതാക്കന്മാരുടെ മാര്‍ഗനിര്‍ദ്ദേശം കൂടാതെ തന്നെ ജനങ്ങള്‍ അവരവരുടെ കാര്യം നടത്തുന്നത്‌ നമ്മള്‍ എത്രയോ തവണ കണ്ടിരിക്കുന്നു. വിവരവും വിവേകവുമില്ലാത്ത നേതാക്കന്മാര്‍ സമൂഹത്തെ അപകടത്തിലേയ്ക്കാണ്‌ നയിയ്ക്കുക. അത്തരം നേതാക്കന്മാര്‍ ഉണ്ടാകുന്നതില്‍ ഭേദം, ജനങ്ങള്‍ സ്വയം ആ ചുമതല ഏറ്റെടുത്ത്‌ കൃത്യം നിര്‍വ്വഹിക്കുകയാണ്‌. സംഗതികള്‍ അത്രകണ്ടു ക്രമപ്രകാരമായെന്നു വരില്ല, എങ്കിലും കാര്യങ്ങള്‍ അതിന്‍റേതായ രീതിയില്‍ നടക്കുമെന്നതില്‍ സംശയമൊന്നും വേണ്ട.

യഥാര്‍ത്ഥത്തില്‍ ഒരു നേതാവു ചെയ്യുന്നതെന്താണ്‌? അറിഞ്ഞോ അറിയാതെയോ ഒരു സമൂഹത്തിന്റെ ഭാവി കയ്യിലെടുക്കുന്നു. അത്‌ വലിയൊരു ഉത്തരവാദിത്വമാണ്‌. നേതാവ്‌ എന്നു പറയുമ്പോള്‍ ഒരു രാഷ്‌ട്രത്തലവനെന്നോ, വലിയൊരു രാഷ്‌ട്രീയ പാര്‍ട്ടിയുടെ അദ്ധ്യക്ഷനെന്നോ അല്ല ഞാന്‍ ഉദ്ദേശിക്കുന്നത്‌. അച്ഛനും അമ്മയും മക്കളുമടങ്ങുന്ന കുടുംബം. ആ കുടുംബത്തിന്റെ നാഥന്‍ അതിന്റെ നേതാവാണ്‌. അവിടെയുള്ള അഞ്ചോ ആറോ പേരുടെ ഭാവി നിര്‍ണയിക്കുന്നത്‌ ആ വ്യക്തിയുടെ തീരുമാനങ്ങളാണ്‌. അത്രയും പേരുടെ സ്വാസ്ഥ്യവും സുരക്ഷയും അദ്ദേഹത്തിന്റെ ഉത്തരവാദിത്വവുമാണ്‌. അവനവനെ കൂടാതെ ഇനിയൊരാളുടെ ചുമതല കൂടി ഏല്‍ക്കാന്‍ തയ്യാറായി മുമ്പോട്ടു വരുന്ന ഏതൊരാളും സ്വയം ഒരു നേതാവുതന്നെയാണ്‌.

അവനവനെ കൂടാതെ ഇനിയൊരാളുടെ ചുമതല കൂടി ഏല്‍ക്കാന്‍ തയ്യാറായി മുമ്പോട്ടു വരുന്ന ഏതൊരാളും സ്വയം ഒരു നേതാവുതന്നെയാണ്‌.

ഒരാളുടെ അറിവുകളും കഴിവുകളും കണ്ടറിഞ്ഞ്‌ ജനങ്ങള്‍ അയാളുടെ നേതൃത്വത്തെ വിലയിരുത്തുന്നു. നല്ല നേതാക്കളും, അത്ര പോരാത്ത നേതാക്കളും ഉണ്ടാകും. എന്നാലും എന്തെങ്കിലുമൊക്കെ കഴിവുകള്‍ ഒരു നേതാവിന്‌ തീര്‍ച്ചയായുമുണ്ടാകും. ഒന്നിനും കൊള്ളരുതാത്ത ചില നേതാക്കളും ഇല്ലാതില്ല, പോയ്ക്കാലില്‍ നടന്ന്‍ അണികളെ ചൂഷണം ചെയ്‌ത്‌ സുഖജീവിതം നയിക്കുന്നവര്‍. അങ്ങനെയുള്ളവര്‍ക്ക്‌ അമേരിക്കക്കാര്‍ ഒരു പേരു കണ്ടുപിടിച്ചിട്ടുണ്ട് – ‘ഹോബോ.’ അത്‌ പറഞ്ഞപ്പോള്‍ ഒരു ഫലിതം ഓര്‍മ വരുന്നു.

ഇംഗ്ലണ്ട് സന്ദര്‍ശിക്കാന്‍ വന്ന ഒരമേരിക്കക്കാരനെ ഒരു വഴികാട്ടി പല കാഴ്‌ചകളും കാട്ടി നടക്കുകയായിരുന്നു. ഇടയില്‍ വലിയൊരു തോപ്പിനിടയിലുള്ള പഴക്കമുള്ള ഒരു ഊക്കന്‍ മാളിക ചൂണ്ടിക്കാട്ടിക്കൊണ്ടു പറഞ്ഞു, “ഈ പ്രദേശത്തെ പ്രഭുവാണ്‌ ഇവിടെ താമസിക്കുന്നത്‌.”

“പ്രഭുവൊ? എന്നു വെച്ചാല്‍?” അമേരിക്കക്കാരന്‍ പ്രഭു എന്നാല്‍ എന്താണെന്നുമനസ്സിലായില്ല. “പ്രഭു എന്നു പറഞ്ഞാല്‍…..” ഒട്ടൊന്നാലോചിച്ചുകൊണ്ട് വഴികാട്ടി വിസ്‌തരിച്ചു, “നല്ല വീട്‌, നല്ല സൌകര്യങ്ങള്‍. ഒരു പണിയുമെടുക്കാതെ സുഖമായി കഴിയാം. ശിങ്കിടിക്ക്‌ വേണ്ടത്രയാളുകള്‍. വേണ്ടതൊക്കെ മുമ്പില്‍ വന്നെത്തും. എവിടേയും മുന്‍നിരയില്‍ സ്ഥാനം.”
“മതി… മതി” അമേരിക്കക്കാരന്‌ കാര്യം പിടികിട്ടി. “ഞങ്ങളുടെ നാട്ടില്‍ ഈ തരക്കാരെ ‘ഹോബോ’ എന്നാണ്‌ പറയുക.”

അങ്ങനെയുള്ള “ഹോബോ” നേതാക്കന്മാരെയല്ല സമൂഹത്തിനാവശ്യം. ജന ങ്ങളുടെ താല്‍പര്യങ്ങള്‍ കണ്ടറിഞ്ഞ്‌ അവരോടൊപ്പം അദ്ധ്വാനിച്ച്‌ ലക്ഷ്യം നേടാന്‍ മുന്നേറുന്നവരെയാണ്‌ നമുക്കു നേതാക്കന്മാരായി വേണ്ടത്‌. ബുദ്ധിയും, കാര്യശേഷിയും, ആത്മാര്‍ത്ഥതയുമുള്ള മാന്യന്‍മാര്‍. സ്വന്തം ഭാവി മാത്രമല്ല, ഒരു സമൂഹത്തിന്റെ മുഴുവനും ഭാവി തന്റെ ചുമലില്‍ നിക്ഷിപ്‌തമായിരിക്കുന്നു എന്നവര്‍ക്കെപ്പോഴും ഓര്‍മ്മ വേണം. അത്‌ നിസ്സാരമായൊരു ഉത്തരവാദിത്വമായി കണക്കാക്കരുത്‌.

ജന ങ്ങളുടെ താല്‍പര്യങ്ങള്‍ കണ്ടറിഞ്ഞ്‌ അവരോടൊപ്പം അദ്ധ്വാനിച്ച്‌ ലക്ഷ്യം നേടാന്‍ മുന്നേറുന്നവരെയാണ്‌ നമുക്കു നേതാക്കന്മാരായി വേണ്ടത്‌.

ജനശ്രദ്ധ ആകര്‍ഷിക്കാനുള്ള കഴിവ്‌, ഒപ്പം ആജ്ഞാശക്തിയും, ഇതു രണ്ടും ഏതൊരു നേതാവിനും അവശ്യം ഉണ്ടായിരിക്കണം. ഇതു രണ്ടും നേടാന്‍ വിശേഷിച്ച്‌ ഒറ്റമൂലികളൊന്നുമില്ല. ജനം നമ്മളെ ആദരിക്കണമെങ്കില്‍ ആദ്യം വേണ്ടത് നമ്മള്‍ ജനങ്ങളോട്‌ ആദരപൂര്‍വ്വം പെരുമാറുക എന്നതാണ്‌. നമ്മുടെ പെരുമാറ്റം സ്വാഭാവികമായിരിക്കണം. വെച്ചുകെട്ടലുകള്‍ വേണ്ട. പതുക്കെ പതുക്കെ സമൂഹവും നമ്മളെ ശ്രദ്ധിക്കാന്‍ തുടങ്ങും. നേതാവിന്‌ അണികളെ തെരഞ്ഞെടുക്കാനാവില്ല. ആ അവസരം അവര്‍ക്കുള്ളതാണ്‌, അതവരുടെ അവകാശമാണ്‌. നിങ്ങളെയല്ലെങ്കില്‍ യോഗ്യനായ മറ്റൊരാളെ അവര്‍ കണ്ടെത്തും. അത്‌ ഒരു നേതാവും മറന്നുകൂട.

വീടിനുപുറത്ത് ഒരാള്‍ ഏറ്റവുമധികം സമയം ചിലവഴിക്കുന്നത്‌ ജോലിസ്ഥലത്തായിരിക്കുമല്ലൊ. ആ സമയം കഴിയുന്നവിധം, ഭംഗിയായി, ഗുണപ്രദമായി ചിലവഴിക്കാന്‍ സാധിച്ചാല്‍ എത്ര നന്നായിരിക്കും! അതിനുള്ള അവസരവും സൌകര്യവും ഓരോ ജോലിക്കാരനും ലഭിക്കേണ്ടതല്ലേ? ജോലി ചെയ്യുന്ന സ്ഥലത്ത്‌ സഹപ്രവര്‍ത്തകരുടെ ഇടയില്‍ നേതാവാകണമെന്നാണോ നിങ്ങളുടെ മോഹം? എന്നാല്‍ ആദ്യത്തെ ചുവട്‌ ആ ദിശയിലേക്കാവട്ടെ, സമാധാനമായി ജോലിയെടുക്കാന്‍ പറ്റുന്നൊരന്തരീക്ഷം, പരസ്‌പരം സഹായിക്കുകയും സഹകരിക്കുകയും ചെയ്യുന്ന സഹപ്രവര്‍ത്തര്‍, അത്തരമൊരു സംഘടനയുടെ നേതാവായി നിങ്ങളും. നേതാവിന്റെ അദ്ധ്വാനവും അര്‍പ്പണബോധവുമാണ്‌ അണികള്‍ മാതൃകയാക്കുക!

Photo credit to :  https://pixabay.com/en/figures-games-piece-play-leisure-1010678/
ബന്ധപ്പെട്ട പോസ്റ്റുകള്‍


Type in below box in English and press ConvertLeave a Reply

Your email address will not be published. Required fields are marked *