सद्गुरु

മരണാനന്തര ജീവിത രഹസ്യങ്ങളെക്കുറിച്ചറിയാന്‍ താല്‍പ്പര്യം കാണിച്ച `ഹോള്‍നെസ്‌’ സാധകര്‍ക്ക്‌  സദ്‌ഗുരു മരണത്തെ എങ്ങിനെ ഭയപ്പെടാതിരിക്കാനാവും എന്ന്‍ മനസ്സിലാക്കിക്കൊടുത്തു.

അതൊരു ജൂണ്‍ മാസമായിരുന്നു. മലഞ്ചെരുവുകളില്‍ മഴ പെയ്‌തു തുടങ്ങുന്ന കാലം. വഴിയില്‍, ആശ്രമത്തിലെത്താന്‍ പതിമൂന്നു കിലമോമീറ്റര്‍ ദൂരമുള്ള സ്ഥലത്ത്‌ ഒരു ചെറിയ പാലമുണ്ട്‌, ആ സ്ഥലത്തിന്‍റെ പേര്‌ ‘ഇരുട്ടുപ്പള്ളം’. മലയില്‍ നിന്നും ഒഴുകിവരുന്ന ഒരു കാട്ടാറ്‌ നൊയ്യല്‍ ആറ്റില്‍ കലര്‍ന്ന്‍ ഒഴുകിപ്പോകുന്ന സ്ഥലത്താണ്‌ ആ പാലമുള്ളത്‌. ജഗ്ഗിയും മറ്റുള്ളവരും അവിടെ എത്തിയപ്പോള്‍ പാലത്തിന്‍റെ മുകളിലൂടെ വെള്ളം ആര്‍ത്തിരമ്പി പ്രവഹിക്കുകയായിരുന്നു. പാലത്തിന്‍റെ രണ്ടുവശത്തും മറ്റു വാഹനങ്ങള്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. ഇരുട്ട് വീഴും മുമ്പ്‌ ആശ്രമത്തിലെത്തണമല്ലോ എന്ന്‍ അനുയായികള്‍ പരസ്‌പരം പറഞ്ഞു. വെള്ളത്തിന്‍റെ ഒഴുക്ക് കുറയുന്നുണ്ടായിരുന്നില്ല. ആയിടെ കാറില്‍ ഇതേ പാലം കടക്കുവാന്‍ ശ്രമിച്ചവര്‍ വെള്ളത്തിന്‍റെ പ്രവാഹശക്തിയില്‍ ഒഴുകിപ്പോയ കാര്യം പലരും അനുസ്‌മരിച്ചു.

ജഗ്ഗി കാറില്‍ നിന്നുമിറങ്ങി ജലപ്രവാഹത്തിനുനേരെ നടന്നു. അനുയായികള്‍ പരിഭ്രാന്തരായി. ജഗ്ഗി പാലത്തിലൂടൊഴുകുന്ന ജലപ്രവാഹത്തിലേക്കിറങ്ങി. പാലത്തിന്‍റെ ഇരുവശങ്ങളിലും നിന്ന ജനങ്ങള്‍ `പോകരുത്‌.....പോകരുത്‌’ എന്ന്‍ ഉറക്കെ അഭ്യര്‍ത്ഥിച്ചു. പക്ഷേ അദ്ദേഹം വെള്ളത്തിലൂടെ രണ്ടുപ്രാവശ്യം അങ്ങോട്ടുമിങ്ങോട്ടും നടന്നു. പിന്നെ കാറില്‍ കയറി, ട്രാക്‌ടറിനെ പിറകേ വരാന്‍ ആംഗ്യം കാണിച്ചിട്ട്‌ വളരെ വേഗതയോടുകൂടി കാറോടിച്ച്‌ പാലത്തിലൂടെ കടന്ന് മറുവശത്തെത്തി, പിന്നാലെ ട്രാക്‌ടറും.

പ്ലാന്‍ ചെയ്‌തതുപോലെ 90 ദിവസം ഹോള്‍നെസ്‌ പരിപാടി താല്‍ക്കാലിക ഷെഡ്ഡില്‍ വച്ചു തുടങ്ങി. അതോടൊപ്പം തന്നെ ത്രികോണാകൃതിയില്‍ ഓഫീസു നിര്‍മിക്കാനുള്ള പണികളും തുടങ്ങി. ഈ 90 ദിവസത്തെ ഹോള്‍നെസ്‌ ക്ലാസ്‌ ജഗ്ഗിയെ യോഗാ ഗുരു എന്ന നിലയില്‍ നിന്നും സദ്‌ഗുരു എന്ന നിലയിലേക്ക്‌ ഉയര്‍ത്തി. ഊര്‍ജ്ജസ്വലത നിറഞ്ഞ ചില നിമിഷങ്ങളില്‍, ശക്തിനിലയെ മുകളിലേക്കു കൊണ്ടുചെല്ലാനായപ്പോള്‍ അനുയായികള്‍ക്ക്‌ അളവില്ലാത ആനന്ദം ഉണ്ടായി. ആ പരിശീലനം നടന്നുകൊണ്ടിരുന്ന സമയത്ത്‌ അവിടെ കൊടുങ്കാറ്റു വീശി. ഓലകൊണ്ടുള്ള മേല്‍ക്കൂര ആടിയുലഞ്ഞു. ആ സമയം, മരണാനന്തരം മനുഷ്യന്‍റെ അവസ്ഥയെക്കുറിച്ചു സംസാരിക്കുകയായിരുന്നു സദ്‌ഗുരു.

മരണത്തെക്കുറിച്ച്‌ കൂടുതല്‍ അറിയാന്‍ ശ്രമിക്കുമ്പോഴാണ്‌ മരണാനന്തരമെന്താണ്‌ എന്നന്വേഷിക്കാനുള്ള തൃഷ്‌ണ ഉണ്ടാകുന്നത്‌. അതാണ്‌ ആത്മീയപാതയിലേക്കുള്ള താക്കോലായി മാറുന്നത്‌.

“നിങ്ങളുടെ മരണം നിങ്ങള്‍ കാണാന്‍ തുടങ്ങുമ്പോള്‍ ആത്മീയ നിലയിലേക്കു നിങ്ങള്‍ കടക്കുകയാണ്‌. നമ്മില്‍ പലരും മരണം എന്ന വാക്കുപോലും ഒഴിവാക്കുന്നവരാണ്‌. അന്ത്യയാത്ര കാണാന്‍ കെല്‍പില്ലാത്തവരാണ്‌. അങ്ങനെ നോക്കാതിരുന്നതു കൊണ്ടോ, വാതിലടച്ച്‌ അകത്തിരുന്നതുകൊണ്ടോ മരണത്തെ തടയാന്‍ സാധിക്കുകയില്ല. മരണത്തെക്കുറിച്ച്‌ കൂടുതല്‍ അറിയാന്‍ ശ്രമിക്കുമ്പോഴാണ്‌ മരണാനന്തരമെന്താണ്‌ എന്നന്വേഷിക്കാനുള്ള തൃഷ്‌ണ ഉണ്ടാകുന്നത്‌. അതാണ്‌ ആത്മീയപാതയിലേക്കുള്ള താക്കോലായി മാറുന്നത്‌.” (ഈ സമയത്ത്‌ ശക്തിയായി വീശിയടിച്ചകാറ്റില്‍ ഒരു വൃക്ഷത്തിന്റെ കൊമ്പു മുറിഞ്ഞ്‌ ഒരു ഭക്തന്‍റെ മേല്‍ വീണെങ്കിലും അയാള്‍ക്ക്‌ യാതൊരുപരിക്കും പറ്റിയില്ല.) “ഇപ്പോള്‍ മരത്തിന്റെ കൊമ്പു മുറിഞ്ഞു വീണു. ചിലപ്പോള്‍ മലയും ഇടിഞ്ഞു വീണേക്കാം. താഴ്‌വരയിലിരിക്കുന്നതു കൊണ്ട്‌ അതു സംഭവിക്കില്ല എന്നു കരുതണ്ട. ഇത്തരം അത്യാഹങ്ങളൊന്നും സംഭവിച്ചില്ലെങ്കിലും പെട്ടെന്നെന്തെങ്കിലും അസുഖം വന്നു നിങ്ങള്‍ മരിച്ചുപോകാന്‍ സാധ്യതയുണ്ട്‌. ഇപ്പോള്‍, ഈ നിമിഷം, നിങ്ങളുടെ ഭാര്യ, ഭര്‍ത്താവു, കുഞ്ഞ്‌, സ്വത്തുക്കള്‍, ജോലി, നിങ്ങളുടെ ഒരായിരം ചിന്തകള്‍, നിങ്ങളുടെ അഹങ്കാരം തുടങ്ങി എല്ലാം നിങ്ങളുടെ കണ്മുന്നിലുണ്ട്‌. പക്ഷേ നാളെ ഉറക്കത്തില്‍, അല്ലെങ്കില്‍ എന്തെങ്കിലുമൊരു അപകടത്തില്‍ നിങ്ങള്‍ മരിച്ചുപോയാല്‍, നിങ്ങളുടെ ചേതനയറ്റ ശരീരം കാണാന്‍പോലും നിങ്ങളെ സ്‌നേഹിച്ചവര്‍ ഭയപ്പെട്ടേക്കും.”

മരണം എന്നാലെന്താണ്‌? മരണാനന്തരം എന്തു സംഭവിക്കുന്നു? എന്ന്‍ സദ്‌ഗുരു പലരോടും ഇളം പ്രായത്തില്‍ ചോദിച്ചിരുന്നു. അതിനുള്ള ഉത്തരം കൊടുക്കാന്‍ ആര്‍ക്കും സാധിച്ചിരുന്നില്ല. അപ്പോള്‍ മരണം എന്താണെന്നുള്ളത് സ്വയം കണ്ടു പിടിക്കണമെന്നദ്ദേഹം തീരുമാനിച്ചു. മരണത്തെ നേരിട്ടു കാണണമെന്നു തീരുമാനിച്ചു കൊണ്ട്‌ തന്‍റെ പക്കലുണ്ടായിരുന്ന കളിപ്പാട്ടങ്ങള്‍, പക്ഷികള്‍, ഓമന വളര്‍ത്തുമൃഗങ്ങള്‍, കുറച്ചു പണം എന്നിവയൊക്കെ സ്‌നേഹിതന്മാര്‍ക്കു സമ്മാനിച്ചു. അന്നു രാത്രി ഭക്ഷണം ഒഴിവാക്കിയിട്ട്‌ കുറെയേറെ ഉറക്ക ഗുളികകള്‍ വാരി വിഴുങ്ങിയിട്ട്‌ കണ്ണടച്ച്‌ മറ്റൊരു സ്ഥലത്തില്‍ എത്താനുള്ള പ്രതീക്ഷയോടെ കിടന്നു. പക്ഷേ കണ്ണു തുറന്നപ്പോള്‍ ചുറ്റും നഴ്സുമാരേയും മറ്റും കണ്ടപ്പോള്‍ ഉറക്ക ഗുളികകള്‍ കഴിച്ച്‌ മയങ്ങിക്കിടന്ന തന്നെ ബന്ധുക്കള്‍ ആശുപത്രിയിലാക്കി രക്ഷപ്പെടുത്തിയെന്ന്‍ ജഗ്ഗിക്കു മനസ്സിലായി.

“എന്തിനാ നീയിത് ചെയ്തത്? എന്തിനാണ്‌ നീ ആത്മഹത്യക്ക് ശ്രമിച്ചത്‌?” എന്ന്‍ പലരും ആവര്‍ത്തിച്ചു ചോദിച്ചു.

“ആത്മഹത്യക്കു ശ്രമിച്ചതല്ല. മരണ ശേഷം എന്തു സംഭവിക്കും എന്നറിയാന്‍ വേണ്ടി ശ്രമിച്ചതാണ്‌” എന്നു കുട്ടി പറഞ്ഞ മറുപടി കേട്ട്‌ പലരും മൂക്കത്ത് വിരല്‍ വച്ചു പോയി. അവനെ ആവോളം പരിഹസിക്കുകയും ചെയ്തു. പിന്നെ അതീവ പ്രയത്നത്തിനു ശേഷമാണ് കൂട്ടുകാര്‍ക്കു വീതം വച്ച് കൊടുത്ത ആകെയുണ്ടായിരുന്ന സ്വത്ത് കൈക്കലാക്കിയത്.

ശവശരീരങ്ങളെ ദഹിപ്പിക്കുമ്പോള്‍, കത്തുന്ന തീയില്‍ നിന്ന് പുറത്തേക്കു തെറിച്ചുവീഴുന്ന ശരീര ഭാഗങ്ങളെ എടുത്ത്‌ അഗ്നിയില്‍ നിക്ഷേപിക്കാനും അദ്ദേഹത്തിനു ധൈര്യമുണ്ടായി

<<ഹൈലൈറ്റ്>>

ആത്മഹത്യ മൂലം മരണം വരിക്കുന്നത്‌ വിഡ്ഡിത്തമാണെന്ന്‍ ജഗ്ഗിക്കു മനസ്സിലായി, എങ്കിലും മരണത്തെക്കുറിച്ചറിയാനുള്ള ശ്രമം ഉപേക്ഷിച്ചില്ല. അങ്ങനെ, യാതൊരു വ്യത്യാസവുമില്ലാതെ എല്ലാ മനുഷ്യരെയും ഒരേപോലെ സ്വീകരിക്കുന്ന പൊതുശ്‌മശാനത്തില്‍ തന്‍റെ അന്വേഷണം തുടര്‍ന്നു. പല രാത്രികള്‍ അദ്ദേഹം ശ്‌മശാനത്തില്‍ കഴിച്ചുകൂട്ടി. പലരും പ്രേതപിശാചുക്കളെയൊക്കെപ്പറ്റി പറഞ്ഞ്‌ പേടിപ്പിച്ചു ജഗ്ഗിയെ പിന്തിരിപ്പിക്കാന്‍ ചില വിഫല ശ്രമങ്ങള്‍ നടത്തി. അദ്ദേഹം ഭയപ്പെട്ടില്ല എന്നു മാത്രമല്ല ശവശരീരങ്ങളെ ദഹിപ്പിക്കുമ്പോള്‍, കത്തുന്ന തീയില്‍ നിന്ന് പുറത്തേക്കു തെറിച്ചുവീഴുന്ന ശരീര ഭാഗങ്ങളെ എടുത്ത്‌ അഗ്നിയില്‍ നിക്ഷേപിക്കാനും അദ്ദേഹത്തിനു ധൈര്യമുണ്ടായി. ശവം ദഹിപ്പിച്ചതിനു ശേഷം പെട്ടെന്നു തന്നെ തിരിച്ചു പോകുന്ന ബന്ധുക്കളെയും കൂട്ടുകാരെയും കണ്ട്‌ അദ്ദേഹം മനസ്സില്‍ പുഞ്ചിരി തൂകി. ആരുടെയൊക്കെയോ ശരീരരങ്ങള്‍ കത്തിച്ചാമ്പലാകും വരെ അദ്ദേഹം അവിടെത്തന്നെ കാത്തിരിക്കുമായിരുന്നു.