सद्गुरु

സന്യാസിമാര്‍ രാഷ്ട്രീയത്തിലിറങ്ങണമോ വേണ്ടയോ എന്നുള്ളത് കാലത്തിനനുസരിച്ച് തിരുമാനിക്കേണ്ടതാണ്. ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍, നമ്മുടെ രാജ്യത്തെ ജനങ്ങളുടെ ഭാവി അനിശ്ചിതത്വത്തിലാകുന്ന സമയങ്ങളില്‍, മാറിനില്‍ക്കാന്‍ കഴിയില്ല എന്ന് വന്നേക്കും.

സദ്‌ഗുരു : നമ്മളുടേത് ഒരു ജനാധിപത്യ രാഷ്ട്രമല്ലേ? ജനാധിപത്യം കണക്കുകളുടെ കലയാണ്. ആത്യന്തികമായി എണ്ണത്തിനാണ് പ്രധാന്യം. ഗുണമേന്മയോ, ബൗദ്ധിക നിലവാരമോ, കഴിവോ ഒന്നുമല്ല, എണ്ണമാണ് അധികാരം നേടിത്തരുന്നതെന്ന് വന്നാല്‍, എണ്ണത്തിന് വേണ്ടി ആളുകള്‍ എന്ത് അട്ടിമറിയും നടത്തും. വര്‍ഗം, വംശം, ജാതി, മതം, എന്തും അട്ടിമറിക്കും. ഇത് മതത്തിന്‍റെയോ ജാതിയുടെയോ വ്യവഹാരമല്ല, മറിച്ച് അധികാരത്തിനു വേണ്ടിയുള്ള വ്യവഹാരമാണ്. അതിനെ മതവുമായി കൂട്ടിക്കുഴയ്ക്കരുത്. അധികാരത്തിലെത്താന്‍ വേണ്ടത് എണ്ണം മാത്രമാണ്. നിങ്ങള്‍ അതീവ ബുദ്ധിശാലിയാണെന്ന് കരുതി നിങ്ങളെ ആരും പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ ആക്കില്ല. അതിന് നിങ്ങള്‍ക്ക് എണ്ണം വേണം. അതുകൊണ്ട് സാധ്യമായ എല്ലാ വഴികളില്‍കൂടിയും അവര്‍ എണ്ണം തികയ്ക്കാന്‍ നോക്കുന്നു.

ഉണ്ണി ബാലകൃഷ്ണന്‍ : ഇപ്പോള്‍ മിക്ക സന്യാസിമാരും ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ ആശയങ്ങള്‍ക്കാണ് പ്രചാരം നല്‍കുന്നത്. ചിലര്‍ സജീവമായി പ്രവര്‍ത്തിക്കുക പോലും ചെയ്യുന്നുണ്ട്.

സദ്‌ഗുരു : മിക്ക സന്യാസിമാരും അങ്ങിനെയാണ് എന്നു പറയുന്നത് അവാസ്തവമാണ്. ടെലിവിഷനില്‍ മുറയ്ക്ക് വരുന്ന ഒന്നോ രണ്ടോ പേരെക്കുറിച്ചാണോ താങ്കള്‍ പറയുന്നത്? അവര്‍ സന്യാസിമാരാണെന്നാണോ താങ്കള്‍ കരുതുന്നത്? ഏതാനും ചിലരുടെ പേരുകള്‍ താങ്കള്‍ക്ക് പറയാന്‍ കഴിഞ്ഞേക്കും. അവര്‍ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളാണ്. അവര്‍ ഇട്ടിരിക്കുന്ന ആ വേഷത്തിന്‍റെ പേരിലല്ലാതെ മറ്റൊരു തരത്തില്‍ തിരഞ്ഞെടുക്കപ്പെടുമായിരുന്നില്ല എന്ന് അവര്‍ക്കുതന്നെ നന്നായി അറിയാം.

അവര്‍ ഇട്ടിരിക്കുന്ന ആ വേഷത്തിന്‍റെ പേരിലല്ലാതെ മറ്റൊരു തരത്തില്‍ തിരഞ്ഞെടുക്കപ്പെടുമായിരുന്നില്ല എന്ന് അവര്‍ക്കുതന്നെ നന്നായി അറിയാം.

ഉണ്ണി ബാലകൃഷ്ണന്‍ : സന്യാസിമാര്‍ രാഷ്ട്രിയത്തില്‍നിന്ന് മാറി നില്‍ക്കണമെന്ന് താങ്കള്‍ കരുതുന്നുണ്ടോ?

സദ്‌ഗുരു : അത് കാലത്തിനനുസരിച്ച് തിരുമാനിക്കേണ്ടതാണ്. സ്വാഭാവികമായത് മാത്രം നടക്കുന്ന കാലത്ത് തിര്‍ച്ചയായും സന്യാസിമാര്‍ രാഷ്ട്രിയത്തില്‍ നിന്നു അകന്നു നില്‍ക്കണം, പക്ഷേ, പ്രത്യേക സന്ദര്‍ഭങ്ങളില്‍, നമ്മുടെ രാജ്യത്തെ ജനങ്ങളുടെ ഭാവി അനിശ്ചിതത്വത്തിലാകുന്ന സമയങ്ങളില്‍, മാറിനില്‍ക്കാന്‍ കഴിയാതെ വന്നേക്കും. എന്തെങ്കിലും ചെയ്യേണ്ടതായി വരും.

ചിലര്‍ ആ യൂണിഫോം ധരിക്കാറുണ്ടെന്ന് മാത്രം, പക്ഷേ, അടിസ്ഥാനപരമായി അവര്‍ രാഷ്ട്രീയക്കാരാണ്.

ഉണ്ണി ബാലകൃഷ്ണന്‍ : ഇപ്പോള്‍ മാധ്യമങ്ങളിലും മറ്റും പരക്കെ ഉയരുന്ന ഒരു ചോദ്യമുണ്ട്, എന്തിനാണ് സന്യാസിമാര്‍ രാഷ്ട്രിയത്തില്‍ ഇറങ്ങുന്നതെന്ന്.

സദ്‌ഗുരു : സന്യാസിയാണെങ്കിലും നിങ്ങള്‍ നികുതിയടക്കണം, വണ്ടി ഓടിക്കണമെങ്കില്‍ ലൈസന്‍സ് വേണം. എല്ലാ നിയമങ്ങളും നിങ്ങള്‍ക്കും ബാധകമാണ്. അങ്ങനെയാണെങ്കില്‍ പിന്നെ മറ്റെല്ലാവര്‍ക്കുമുളള മൗലികാവകാശം എന്തിനാണ് സന്യാസിമാര്‍ക്ക് നിഷേധിക്കുന്നത്? ഇത്തരം ചര്‍ച്ചകള്‍ അര്‍ത്ഥശൂന്യമാണ്. രാഷ്ട്രീയത്തിലിറങ്ങാന്‍ എനിക്ക് താല്‍പര്യമില്ല, മറ്റാരെങ്കിലും രാഷ്ട്രീയത്തിലിറങ്ങാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍, അയാളും ഈ രാജ്യത്തിലെ ഒരു പൗരനല്ലേ? സന്യാസിമാരെ ഏതെങ്കിലും നിയമങ്ങളില്‍ നിന്ന് ഇളവ് ചെയ്തിട്ടുണ്ടോ? പണ്ട് ഈ രാജ്യത്ത് സന്യാസിമാര്‍ കപ്പം കെട്ടേണ്ടിയിരുന്നില്ല, നികുതിയടയ്ക്കേണ്ടിയിരുന്നില്ല, ഒരു കാര്യത്തിനും ലൈസന്‍സ് വേണ്ടിയിരുന്നില്ല. അയാള്‍ സ്വതന്ത്രനായിരുന്നു. അതുകൊണ്ട് ജീവിതത്തിന്‍റെ ചില മേഖലകളിലേക്ക് കടക്കുന്നതിന് അയാള്‍ക്ക് വിലക്കുണ്ടായിരുന്നു. പക്ഷേ, ഇന്നവരും എല്ലാ നിയമങ്ങളും അനുസരിക്കണം. അപ്പോള്‍ പിന്നെ, മറ്റേതൊരു പൗരനെപോലെ എല്ലാ അവകാശങ്ങളും അവര്‍ക്കുമില്ലേ?

ഉണ്ണി ബാലകൃഷ്ണന്‍ : അതൊരു നല്ല യുക്തിയാണ്, പക്ഷേ, സന്യാസിമാര്‍ വെറുപ്പിന്‍റെ രാഷ്ട്രീയം കളിക്കാനിറങ്ങിയാലോ?

സദ്‌ഗുരു : വെറുപ്പിന്‍റെ രാഷ്ട്രീയം... എന്തര്‍ത്ഥത്തിലാണ് താങ്കളത് പറയുന്നതെന്ന് എനിക്കറിയില്ല. ഞാന്‍ നേരത്തെ പറഞ്ഞതുപോലെ, അങ്ങിനെ ചെയ്യുന്ന ചിലര്‍ ആ യൂണിഫോം ധരിക്കാറുണ്ടെന്ന് മാത്രം, പക്ഷേ, അടിസ്ഥാനപരമായി അവര്‍ രാഷ്ട്രീയക്കാരാണ്. തിരഞ്ഞെടുക്കപ്പെടാനുള്ള ഒരേയൊരു വഴിയായി ആ വേഷത്തെ അവര്‍ കാണുന്നു. അത്തരക്കാര്‍ അത് ചെയ്യും. സന്യാസിയോ മറ്റാരെങ്കിലുമോ വെറുപ്പിന്‍റെ രാഷ്ട്രീയം പ്രചരിപ്പിക്കുണ്ടെങ്കില്‍, നമ്മുടെ നാട്ടില്‍ നിയമമുണ്ടല്ലോ? അത് പ്രയോഗിക്കണം. എന്തിനാണ് വെറുതെ അതൊരു വലിയ തര്‍ക്ക വിഷയമാക്കുന്നത്?