सद्गुरु

പൂഷ്പങ്ങള്‍ നിങ്ങളെ സന്തോഷിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് ഒരിക്കലും സങ്കല്‍പിക്കരുത്. സന്തോഷമായിരിക്കുക എന്നത് അവയുടെ സഹജമായ പ്രകൃതമാണ്.

ചോദ്യകര്‍ത്താവ്: ഞാന്‍ ധാരാളം പ്രാവശ്യം മറ്റുള്ളവരില്‍നിന്നും കേട്ടിട്ടുണ്ട്, "എല്ലാവരെയും സന്തോഷിപ്പിക്കാന്‍ കഴിയുക" എന്നത് നടക്കുന്ന കാര്യമല്ലെന്ന്. അതുകൊണ്ട് ഈ നിമിഷം മുതല്‍ എനിക്കുവേണ്ടിയും എന്‍റെ സന്തോഷത്തിനുവേണ്ടിയും ജീവിക്കാന്‍ ഞാനാഗ്രഹിക്കുന്നു. ഇത് ഒരു സ്വാര്‍ത്ഥമായ മാര്‍ഗ്ഗമാണോ? ഏതെങ്കിലും വിധത്തില്‍ ഇത് നീതീകരിക്കാനാകുമോ?

സദ്‌ഗുരു:  "ഇപ്പോള്‍,  ഈ ലോകവും അതിലുള്ള മനുഷ്യരും പോയിത്തുലയട്ടെ, ഞാന്‍ എന്നെതന്നെ സന്തോഷിപ്പിക്കാന്‍ പോകുന്നു." എന്നു പറയുമ്പോള്‍, അതിനു പുറകില്‍ നിങ്ങള്‍ നിങ്ങളെത്തന്നെ സന്തോഷിപ്പിക്കാന്‍ ശ്രമിക്കുന്നു എന്ന ഒരു ധ്വനിയുണ്ട്. അതെന്താണ് അര്‍ത്ഥമാക്കുന്നത് ? നിങ്ങള്‍ സ്വതവേ സന്തുഷ്ടനല്ല, അതായത്, സ്വന്തം പ്രകൃതമനുസരിച്ച് നിങ്ങള്‍ സന്തുഷ്ടനല്ല എന്നതാണ്, അല്ലേ?

നിങ്ങളായി ഈ ലോകത്തില്‍ ആരെയും സന്തോഷിപ്പിക്കേണ്ടതില്ല. നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ സന്തുഷ്ടനാണെങ്കില്‍, മറ്റെല്ലാവരും നിങ്ങളാല്‍, നിങ്ങളുടെ സംസര്‍ഗത്താല്‍ സന്തുഷ്ടരായി തീരും. ഒരു പൂച്ചെടിയില്‍ സുന്ദരമായ ഒരു പുഷ്പത്തെ കാണുന്നു, അതിന് നിങ്ങളെ സന്തോഷിപ്പിക്കുന്നതിലൊന്നും താല്‍പര്യമില്ല. എന്നാല്‍ അതിനെ നോക്കുമ്പോള്‍ എന്തോ... നിങ്ങളുടെ മനസ്സില്‍ സന്തോഷം നിറയുന്നു, അല്ലേ?

നിങ്ങള്‍ ചെടിയില്‍ ഒരു സുന്ദരമായ പുഷ്പത്തെ കാണുന്നു, അതിന് നിങ്ങളെ സന്തോഷിപ്പിക്കുന്നതിലൊന്നും താല്‍പര്യമില്ല. എന്നാല്‍ അതിനെ നോക്കുമ്പോള്‍ നിങ്ങള്‍ക്കു വളരെ സന്തോഷം തോന്നുന്നു, അല്ലേ?

പടിഞ്ഞാറ് സൂര്യന്‍ അസ്തമിച്ചുകൊണ്ടിരിക്കുന്നു, ആകാശത്ത് മനോഹരമായ നിറക്കൂട്ടുകളുടെ വര്‍ണ്ണച്ചാര്‍ത്ത്. നിങ്ങള്‍ക്കു തോന്നുന്നുണ്ടോ ആകാശം നിങ്ങളെ സന്തോഷിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന്? അങ്ങനെയിരിക്കുന്നത് അതിന്‍റെ പ്രകൃതമാണെന്നെയുള്ളൂ, എന്നാല്‍ അതിനെ നോക്കി നിങ്ങള്‍ സന്തുഷ്ടരാകുന്നു. എന്തെങ്കിലും ഒന്ന് ഭംഗിയുള്ളതായിത്തീര്‍ന്നാല്‍, അത് നിങ്ങളെ സന്തുഷ്ടരാക്കാന്‍ ശ്രമിക്കുകയല്ല. പക്ഷേ അതിനെ കണ്‍കുളിര്‍ക്കെ കാണുമ്പോള്‍ നിങ്ങളുടെ മനസ്സില്‍ സന്തോഷം, സംതൃപ്തി...

നിങ്ങള്‍ സ്വയം അവനവനെ അതുപോലെ ആക്കി എടുക്കണം. ആരെയും സന്തോഷിപ്പിക്കേണ്ടതില്ല, നിങ്ങളുടെ ഉള്ളില്‍ നിറയുന്ന സന്തോഷം ആര്‍ക്കെങ്കിലും വേണ്ടിയുള്ളതും അല്ല. നിങ്ങളുടെ ജീവിതം എങ്ങിനെയായിരിക്കണം എന്നാണു നിങ്ങളുടെ ആഗ്രഹം - സന്തുഷ്ടമായിരിക്കണം എന്നോ അതോ അസന്തുഷ്ടമായിരിക്കണം എന്നോ? നിങ്ങള്‍ സന്തുഷ്ടരായിരിക്കണം എന്നാഗ്രഹിക്കുന്നത് മറ്റാര്‍ക്കെങ്കിലും വേണ്ടിയല്ല, നിങ്ങള്‍ക്ക് വേണ്ടി തന്നെയാണ്. നിങ്ങള്‍ ശാരീരികമായി സന്തുഷ്ടരാകുമ്പോള്‍, നമ്മള്‍ അതിനെ ആരോഗ്യം, ആനന്ദം എന്നു പറയുന്നു. മനസ്സ് സന്തുഷ്ടമാകുമ്പോള്‍, നമ്മള്‍ അതിനെ സമാധാനം, സന്തോഷം എന്നു പറയുന്നു. വികാരങ്ങളാല്‍ സന്തുഷ്ടരാകുമ്പോള്‍, നമ്മള്‍ അതിനെ സ്നേഹം, അനുകമ്പ എന്നു പറയുന്നു. നിങ്ങളുടെ ഊര്‍ജ്ജത്തിന്‍റെ തലത്തില്‍ നിങ്ങള്‍ സന്തുഷ്ടരായാല്‍ നമ്മള്‍ അതിനെ പരമാനന്ദം, നിര്‍വൃതി എന്നു പറയുന്നു. ഇത്തരത്തിലുള്ള സന്തോഷം തന്നെയല്ലെ നിങ്ങള്‍ക്ക് വേണ്ടതും.

ഞാന്‍ സാധാരണ മനുഷ്യര്‍ ഉപയോഗിക്കുന്ന വാക്കുകള്‍ പറഞ്ഞുവെന്നേയുള്ളു, നിങ്ങള്‍ക്കതിനെ ശാന്തിയെന്നോ, സന്തോഷമെന്നോ അല്ലെങ്കില്‍ പരമാനന്ദമെന്നോ ഒക്കെ വിളിക്കാം. എന്തുതന്നെ വിളിച്ചാലും, അടിസ്ഥാനപരമായി അത് വെറും സന്തോഷം മാത്രമാണ്, അല്ലേ? പല തലങ്ങളില്‍ ഉള്ള സന്തോഷം. അതുകൊണ്ട് പരമാവധി സന്തോഷം നിങ്ങളുടെ ശരീരത്തിലും, മനസ്സിലും, വികാരങ്ങളിലും, ഊര്‍ജ്ജത്തിലും നിങ്ങള്‍ക്കു കൊണ്ടുവരണമെന്നുണ്ടോ? അങ്ങിനെയാണെങ്കില്‍ നമുക്കതിലേക്കൊന്നു നോക്കേണ്ടിയിരിക്കുന്നു.

നിങ്ങളെത്തന്നെ എങ്ങനെ തീര്‍ത്തും സന്തോഷമുള്ളതാക്കാനാകും? നിങ്ങള്‍ തീര്‍ത്തും സന്തോഷവാനായാല്‍, നിങ്ങള്‍ ഈ ലോകവുമായി നിങ്ങളുടെ കഴിവിന്‍റെ പരമാവധി ഇടപെടും. അത്രയേ നമുക്ക് ചെയ്യാന്‍ കഴിയൂ. അത്രമാത്രമേ നമുക്ക് ചെയ്യാന്‍ കഴിയൂ, അല്ലേ? നിങ്ങള്‍ രണ്ടുകാലില്‍ നിന്നാലും, തലകീഴായി നിന്നാലും, നിങ്ങളാലാവുന്നതു മാത്രമേ നിങ്ങള്‍ക്ക് കൈകാര്യം ചെയ്യാന്‍ സാധിക്കൂ. എന്നാല്‍ നിങ്ങള്‍ അത്യന്തം സന്തോഷവാനാണെങ്കില്‍, കൂടുതല്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യേണ്ടതായി വരില്ല.

നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ സന്തോഷവാനാണെങ്കില്‍, നിങ്ങളുടെ എല്ലാ ആവശ്യങ്ങളും മറ്റുള്ളവര്‍ നിറവേറ്റികൊള്ളും. ഞാന്‍ ലോകം മുഴുവന്‍ ചുറ്റുന്നത് ഒരു രൂപയോ, ഒരു പൗണ്ടോ, ഒരു ഡോളറോ എന്‍റെ പോക്കറ്റില്‍ ഇല്ലാതെയാണ്. ഞാന്‍ എവിടെ ചെന്നാലും, എല്ലാവരും എന്‍റെ കാര്യങ്ങള്‍ നന്നായി നോക്കി നടത്തുന്നുണ്ട്. എന്തുകൊണ്ടാണ് ഇവരങ്ങനെ ചെയ്യുന്നത്? അവര്‍ ഇന്നെനിക്ക് ഒരു പൗണ്ട് തരുന്നതുകൊണ്ട് ഞാനവര്‍ക്ക് ഒരു പത്തുലക്ഷം ഉണ്ടാക്കാനായി സഹായിക്കാനൊന്നും പോകുന്നില്ല. അതിനുള്ള കാരണം ഇതാണ് - നിങ്ങള്‍ അങ്ങേയറ്റം സന്തോഷമുള്ളവരുടെ കൂടെയായിരിക്കുമ്പോള്‍, നിങ്ങള്‍ ശ്രമിക്കാതെ തന്നെ നിങ്ങളും സന്തോഷവാനാകും. ആ സന്തോഷം തന്നെയാണ് എല്ലാവരും തേടുന്നതും... അതായത്, അവരുടെയുള്ളിലും സന്തോഷം നിറയുക, അവര്‍ക്കുചുറ്റുമുള്ളവരും സന്തോഷമായിരിക്കുക എന്നത്.

അതുകൊണ്ട് നിങ്ങള്‍ മറ്റാരെയും സന്തോഷിപ്പിക്കേണ്ടതില്ല. പൂക്കള്‍ നിങ്ങളെ സന്തോഷിപ്പിക്കാന്‍ ശ്രമിക്കുന്നില്ല, അവയുടെ പ്രകൃതം അങ്ങിനെയാണ്. അതുകൊണ്ടാണ് അവയെ നമ്മള്‍ പലയിടങ്ങളിലും ഒരു കാഴ്ചവസ്തു എന്നതുപോലെ വച്ചിരിക്കുന്നത്. അവ ഹൃദ്യമല്ലായിരുന്നുവെങ്കില്‍, അവയെ നമ്മള്‍ മുറ്റത്തെ ചെടികളായി നിരത്തി വക്കുകയും, പറിച്ചെടുത്ത പൂക്കളെ പൂക്കൊട്ടയില്‍ ഭംഗിയായി അലങ്കരിച്ചു വക്കുകയുമായിരുന്നില്ല.

അവ ഹൃദ്യമല്ലായിരുന്നുവെങ്കില്‍, അവയെ നമ്മള്‍ മുറ്റത്തെ ചെടികളായി നിരത്തി വക്കുകയും, പറിച്ചെടുത്ത പൂക്കളെ പൂക്കൊട്ടയില്‍ ഭംഗിയായി അലങ്കരിച്ചു വക്കുകയുമായിരുന്നില്ല.

പൂക്കള്‍ നിങ്ങളെയോ മറ്റാരെയെങ്കിലുമോ സന്തോഷിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന് ഒരിക്കലും സങ്കല്‍പിക്കരുത്. അവ നിങ്ങളെ ശ്രദ്ധിക്കുന്നേയില്ല. ഹൃദ്യമായിരിക്കുക എന്നത് അവയുടെ സഹജമായ പ്രകൃതമാണ്. അതുപോലെ തന്നെയാണ് നിങ്ങളുടെ സ്ഥിതിയും. നിങ്ങള്‍ സന്തുഷ്ടനാണെങ്കില്‍, എല്ലാവരും നിങ്ങളുടെ സാമീപ്യം ആഗ്രഹിക്കും. നിങ്ങള്‍ അവരുമായി ഇടപാടുകള്‍ നടത്തണമെന്നില്ല, അവരുമായി ഹൃദ്യമായിരിക്കണമെന്നില്ല, ആരോടും നിങ്ങള്‍ മധുരമായി പെരുമാറണമെന്നില്ല. നിങ്ങള്‍ തികച്ചും സന്തുഷ്ടനാണെങ്കില്‍, പിന്നെ നിങ്ങള്‍ എങ്ങനെയായിരുന്നാലും, അതവര്‍ക്ക് സംതൃപ്തി നല്‍കും.

http://www.publicdomainpictures.net/pictures/160000/velka/hintergrund-tapete-1455720725zmH.jpg