सद्गुरु

സദ്ഗുരു: ഗര്‍ഭധാരണം സംഭവിച്ചതിനു ശേഷം മനുഷ്യ ശരീരം ആദ്യമായി കാണപ്പെടുന്നത്, നന്നേ ചെറിയ ഒരു ഉരുണ്ട മാംസപിണ്ഡമായിട്ടാണ്. ആ ചെറിയ മാംസപിണ്ഡമാണ് ഇന്നു കാണുന്ന മനുഷ്യ ശരീരമായി താനേ രൂപം പ്രാപിച്ചിട്ടുള്ളത്.

ഈ രൂപാന്തരത്തിന് അതിനെ സഹായിച്ചിട്ടുള്ളത് ശരീരത്തിനകത്തുള്ള പ്രത്യേകമായ ഒരു സംവിധാനമാണ് അതാണ് പ്രാണമയ കോശം. ശരീരത്തില്‍ ആദ്യം രൂപപ്പെടുന്നത് പ്രാണമയകോശമാണ്. അതിനുശേഷമാണ് ഉടല്‍ രൂപം കൊള്ളുന്നത്. പ്രാണമയകോശത്തെ പൊതിഞ്ഞു കൊണ്ടാണ് ഇത് വളരുന്നത്. ഊര്‍ജശരീര (പ്രാണമയകോശം) ത്തിന് എന്തെങ്കിലും അപാകതകളുണ്ടെങ്കില്‍ അത് ഭൗതിക ശരീരത്തിലും പ്രകടമായിരിക്കും. ഗര്‍ഭിണികള്‍ ക്ഷേത്രദര്‍ശനം നടത്തുന്നതും, ആചാര്യന്മാരെ കണ്ട് അനുഗ്രഹം വാങ്ങുന്നതും ഇന്ത്യയിലെ വളരെ പഴയ ഒരാചാരമാണ്. ഇതെല്ലാം ഊര്‍ജ ശരീരത്തിന്‍റെ കുറവുകള്‍ തീര്‍ക്കാനും, അതിന് വേണ്ടത്ര ചൈതന്യം നല്‍കാനും സഹായിക്കുന്നു എന്നാണ് പരക്കെയുള്ള വിശ്വാസം. ഗര്‍ഭിണിയുടെ ഊര്‍ജ്ജ ശരീരം പ്രബലവും പ്രസന്നവുമാണെങ്കില്‍ അവള്‍ പ്രസവിക്കുന്ന കുഞ്ഞും ഊര്‍ജ്ജസ്വലനും ഉന്മേഷവാനുമായിരിക്കും.

ഗര്‍ഭിണിയുടെ ഊര്‍ജ്ജ ശരീരം പ്രബലവും പ്രസന്നവുമാണെങ്കില്‍ അവള്‍ പ്രസവിക്കുന്ന കുഞ്ഞും ഊര്‍ജ്ജസ്വലനും ഉന്മേഷവാനുമായിരിക്കും.

മൂലാധാരം എന്ന ആധാരം

മൂലാധാര ചക്രമാണ് ഊര്‍ജ്ജ ശരീരത്തിന് ആധാരമായിരിക്കുന്നത്. സാധാരണയായി എല്ലാവരും മൂലാധാരത്തെ ഏറ്റവും താഴെയുള്ള ചക്രമായി കണക്കാക്കുന്നു. അതുകൊണ്ടുതന്നെ അതിന്‍റെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധയും ചെലുത്തുന്നില്ല. ‘അടിത്തറയാണ്, അതിനെ അവഗണിക്കാം’ എന്നു വിചാരിക്കുന്നവര്‍ ജീവിക്കുന്നത് കേവലം മൂഢസ്വര്‍ഗ്ഗത്തിലാണ്. ഏതു കാര്യത്തിലും അടിത്തറയാണ് ഏറ്റവും പ്രധാനപ്പെട്ടത്. അതുപോലെ മനുഷ്യ ശരീരത്തിലും ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നത് മൂലാധാരമാണ്. യോഗചെയ്യുമ്പോഴും ഏറ്റവുമധികം ശ്രദ്ധ പതിയേണ്ടത് മൂലാധാരത്തിലാണ്. ഇതിന്‍റെ പ്രവര്‍ത്തനം സ്ഥിരവും ദൃഢവുമാക്കാന്‍ കഴിഞ്ഞാല്‍ ബാക്കിയുള്ളതെല്ലാം പ്രായേണ എളുപ്പമാണ്. അടിത്തറക്കു ശക്തിയില്ലെങ്കില്‍ കെട്ടിടത്തെ ഉറപ്പിച്ചു നിര്‍ത്താനാവില്ലല്ലൊ. മനുഷ്യ ശരീരത്തിന്‍റെ കഥയും ഇതുതന്നെയാണ്. അതിനെ ഒരുവിധം ഭദ്രമായി ഉലച്ചില്‍ കൂടാതെ പിടിച്ചു നിര്‍ത്തുക പ്രയാസമുള്ള കാര്യമാണ്. എന്നാല്‍ മൂലാധാരം ശക്തമാണെങ്കില്‍ ആ വ്യക്തിക്ക് ഭയപ്പെടേണ്ടതില്ല. ജീവിതമായാലും മരണമായാലും അത് സമ്യക്കായിരിക്കും. കാരണം അടിത്തറക്ക് ഉറപ്പുണ്ട് എന്നുള്ളതു തന്നെ. ഉറപ്പുള്ള അടിത്തറക്കു മീതെ എന്തും നമുക്ക് കെട്ടിപ്പടുക്കാം, ഭയപ്പെടേണ്ടതില്ല. അടിത്തറ ദുര്‍ബലമെങ്കില്‍ ആശങ്കകള്‍ക്ക് ഒഴിവുമുണ്ടാവില്ല. കെട്ടിടം എപ്പോള്‍ വേണമെങ്കിലും തകര്‍ന്നു വീണേക്കും എന്ന ഭയം.

അനുഭവങ്ങള്‍ ആപത്തായേക്കും

ഈശ്വരാനുഗ്രഹത്തിന് നിര്‍ബാധം ഒഴുകിയെത്താന്‍ ശരിയായൊരു ചാലുണ്ടായിരിക്കണം, അതാണ് കുറ്റമറ്റ ശരീരം. ഈശ്വരകൃപ ഒന്നായി പ്രവഹിക്കാന്‍ തുടങ്ങുമ്പോള്‍ അത് താങ്ങാനുള്ള ശക്തി ശരീരത്തിനുണ്ടാകണം. ഇല്ല എങ്കില്‍ എല്ലാ വൃഥാവിലാവും. പലര്‍ക്കും അസാധാരണമായ അനുഭവങ്ങള്‍ ഉണ്ടാകണമെന്ന് ആഗ്രഹമുണ്ട്, എന്നാല്‍ അതിനനുസരിച്ച് സ്വന്തം ശരീരത്തെ പാകപ്പെടുത്താന്‍ അവര്‍ മനസ്സു വെക്കുന്നില്ല. അതിന്‍റെ ഫലമായി അവരുടെ ശരീരശേഷി ക്ഷയിക്കുന്നു, മനസ്സിന്‍റെ സമനിലയും നഷ്ടപ്പെടുന്നു. മൂലാധാരത്തിന്‍റെ ദൃഢത ഉറപ്പു വരുത്തണം. അതിനുശേഷം നിങ്ങള്‍ക്ക് അനുഭവങ്ങളുടെ ഏതു മാനങ്ങളിലേക്കും ഭയാശങ്കകള്‍ കൂടാതെ പ്രവേശിക്കാം.

യോഗയില്‍ ഒരാളും അനുഭവങ്ങളുടെ പുറമെ പായുന്നില്ല. ഏത് അനുഭവവും ഉള്‍ക്കൊള്ളാന്‍ സ്വയം തയ്യാറെടുപ്പു നടത്തുകയാണ് ചെയ്യുന്നത്.

യോഗയില്‍ ഒരാളും അനുഭവങ്ങളുടെ പുറമെ പായുന്നില്ല. ഏത് അനുഭവവും ഉള്‍ക്കൊള്ളാന്‍ സ്വയം തയ്യാറെടുപ്പു നടത്തുകയാണ് ചെയ്യുന്നത്. സപ്തര്‍ഷികളും ഇതുതന്നെയാണ് ചെയ്തത്. ഓര്‍മ്മയുണ്ടല്ലോ. ആദിയോഗിയുടെ ഏറ്റവും ആദ്യത്തെ ഏഴു ശിഷ്യന്മാരാണവര്‍. അവര്‍ ഗുരുവിനോട് ഒന്നും ആവശ്യപ്പെട്ടില്ല. ഗുരുവിന്‍റെ ഉപദേശങ്ങള്‍ ഉള്‍ക്കൊള്ളാനാവും വിധം തങ്ങളെത്തന്നെ വീണ്ടും വീണ്ടും പാകപ്പെടുത്തുകയാണ് ചെയ്തത്. അത് കണ്ടറിഞ്ഞ ആദിയോഗി മനസ്സറിഞ്ഞ് എല്ലാ വിദ്യകളും അവര്‍ക്ക് നിര്‍ലോപം പകര്‍ന്നു കൊടുക്കുകയും ചെയ്തു. ഒന്നൊഴിയാതെ എല്ലാ അറിവുകളും ഹൃദിസ്ഥമാക്കാന്‍ അവര്‍ക്കും സാധിച്ചു. എന്നാല്‍ ഇന്നത്തെ സ്ഥിതിയോ? എല്ലാവരും തിരക്കിലാണ്. ഒന്നോ രണ്ടോദിവസം എണ്ണി കൈയ്യില്‍ പിടിച്ച് അവര്‍ ഗുരു സമക്ഷമെത്തുന്നു, "എനിക്ക് ജ്ഞാനമുപദേശിച്ചാലും സദ്ഗുരോ .പെട്ടെന്നുവേണം. തീരെ സമയമില്ല”.

യോഗശാസ്ത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് മൂലാധാരചക്രത്തിലാണ്. അടുത്ത കാലത്തായി കണ്ടുവരുന്ന ഒരു പ്രവണതയാണ്, മൂലാധാരത്തെ അവഗണിച്ച് ഉന്നത ചക്രങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന രീതി. യോഗ, നിത്യാഭ്യാസമാക്കാത്ത ചില പണ്ഡിതന്മാരുടെ പ്രചാരണമാണ് ഇതിന് പുറകിലുള്ളത്. പുസ്തകവായനയിലൂടെ യോഗ പഠിക്കുന്നവരുടെ മനസ്സില്‍ ഈ ഉയര്‍ന്ന/താഴ്ന്ന ചക്ര വിചാരം ആശയക്കുഴപ്പം സൃഷ്ടിക്കുന്നു. ശരിയായ രീതി അതല്ലതന്നെ. ഏതാനും വര്‍ഷം മുമ്പ്, ഞാന്‍ രണ്ടോ മൂന്നോ ദിവസം നീണ്ടു നില്‍ക്കുന്ന ഹടയോഗ ശിബിരങ്ങള്‍ നടത്താറുണ്ടായിരുന്നു. കേവലം ആസനങ്ങള്‍ ചെയ്തുകൊണ്ടുതന്നെ ആളുകള്‍ കരയുകയും ചിരിക്കുകയും ചെയ്യുമായിരുന്നു. മിക്കവാറും യോഗികള്‍ ഏതാനും ആസനങ്ങള്‍ മാത്രമാണ് അഭ്യസിപ്പിക്കുക. അതുകൊണ്ടുതന്നെ ശിഷ്യന്മാര്‍ക്ക് സ്വത്വത്തിന്‍റെ ചില പരിമിതികള്‍ ലംഘിക്കാന്‍ സാധിക്കുന്നു. "ഞാന്‍ ആരാണ്” എന്ന ബോധം നഷ്ടപ്പെടുന്നു.. അതാണ് ഹടയോഗ. ഹടയോഗ എന്നത് സമമായ നിലയാണ്. അതിന് വിവേകം, സ്ഥിരബുദ്ധി എന്നൊന്നും അര്‍ത്ഥമില്ല. അല്ലെങ്കിലും ജീവിതം എപ്പോഴും സന്തോഷം കൊണ്ടും ഉന്മേഷം കൊണ്ടും നിറവാര്‍ന്നതായിരിക്കണമെങ്കില്‍, അതിനെ മതിമറന്ന് ആവോളം ആസ്വദിക്കണമെങ്കില്‍, മനസ്സിന് അല്‍പമൊരു ഉന്മത്താവസ്ഥ ഉണ്ടായിരിക്കണം. എന്നാല്‍ ആ ഉന്മത്താവസ്ഥ ബോധപൂര്‍വം വരുത്തിതീര്‍ക്കുന്നതാണെങ്കില്‍, അതപകടമാകരമായിരിക്കും.

സമനിലയെപറ്റി സംസാരിക്കുമ്പോള്‍ ഇവിടെ ഉദ്ദേശിക്കുന്നത് ബുദ്ധി, വിവേകം ഇത്യാദികളെയല്ല, സ്ഥിരബുദ്ധിക്കും, ഉന്മത്താവസ്ഥയ്ക്കും ഇടക്കുള്ള ഒരിടം. തല്‍ക്കാലത്തേക്ക് നിങ്ങള്‍ അവിടെ ചുവടുറപ്പിക്കുന്നു. അസാധാരണവും, സാഹസികവുമായ അനുഭവങ്ങള്‍ക്ക് പാത്രമാവുന്നു. വലിയ ധൈര്യം നല്‍കുന്നതാണ് ചെറിയൊരു ഭ്രാന്ത്, പക്ഷെ അതിന്‍റെ കടിഞ്ഞാന്‍ സ്വന്തം കൈയ്യിലിരിക്കണം. അഴിച്ചു വിട്ടാല്‍ ചിലപ്പോള്‍ എല്ലാം നഷ്ടപ്പെട്ടെന്നു വരും. മാനസികമായ സ്ഥിരത വളരെ നല്ല കാര്യമാണ്. എന്നാല്‍ അത് അങ്ങേ അറ്റമായാല്‍ "ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും" എന്ന സ്ഥിതിയാവും. പുതിയ അനുഭവങ്ങള്‍ കണ്ടെത്താനൊ ആസ്വദിക്കുവാനോ സാധിക്കുകയില്ല. മൂലാധാരത്തിന്‍റെ സ്ഥിരത, ദൃഢത അതാണ് ആദ്യമുണ്ടാക്കേണ്ടത്. അതിനുശേഷം മാത്രം ഏതു സാഹസത്തിനും തുനിയാം. ഒരു കുഴപ്പവും സംഭവിക്കുകയില്ല.