सद्गुरु

ഓരോ ഗുരുവിനും അവനവന്റേതായ രീതികള്‍ ഉണ്ടായിരുന്നു. അതുകൊണ്ടവര്‍ക്ക് സമൂഹത്തില്‍ നിന്നും വ്യത്യസ്തമായ എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നു. ഒരു ലക്ഷ്യത്തിലെത്താന്‍ വഴികള്‍ പലതുണ്ട് എന്ന് എന്തുകൊണ്ടോ ജനം മനസിലാക്കുന്നില്ല

സദ്‌ഗുരു: : ഓരോ ശിഷ്യനെയും മുന്നോട്ട് നയിക്കാന്‍ ഓരോ ഗുരുവിന്റെ മനസ്സിലുമുണ്ട് തനതായ ഒരു തന്ത്രം. യോഗികളുടെ പാരമ്പര്യത്തില്‍ ആത്മസാക്ഷാത്കാരം സിദ്ധിച്ച ആചാര്യന്മാര്‍ ആയിരക്കണക്കിനുണ്ട്. ലോകത്തിലെവിടെയും, ഒരു പാരമ്പര്യത്തിലും, ഒരു സംസ്കാരത്തിലും ഇത്രയധികം ജീവന്മുക്തന്മാരെ കാണാനാവുകയില്ല. മനുഷ്യനെ പരമമായ ആ പദത്തിലെത്തിക്കാനുതകുന്ന ആചാരാനുഷ്ടാനങ്ങളും സമ്പ്രദായങ്ങളും പല രീതിയില്‍ ആവിഷ്കരിക്കപ്പെട്ടിട്ടുണ്ട്. ഓരോ ആചാര്യനും അദ്ദേഹത്തിന്റേതായ സവിശേഷരീതി കണ്ടെത്തിയിരിക്കുന്നു. തന്റെ കൂട്ടത്തിലുള്ളവര്‍ക്ക് എളുപ്പത്തില്‍ മാര്‍ഗനിര്‍ദ്ദേശം നല്‍കുവാനും, അവരുടെ ആദ്ധ്യാത്മീക യാത്ര സുഗമവും സഫലവുമാക്കാനും വേണ്ടി പലപല പദ്ധതികള്‍ അവരോരുത്തരും രൂപപ്പെടുത്തിയിട്ടുണ്ട്.

യോഗയുടെ അടിസ്ഥാന ലക്ഷ്യം "ഞാന്‍" ആരാണ് എന്ന് മനസിലാക്കുകയാണ്. അസാധാരണം എന്ന് തോന്നാവുന്ന പല രീതികളിലൂടെ ഓരോ ആചാര്യനും അത് തങ്ങളുടെ ശിഷ്യന്മാര്‍ക്ക് ബോദ്ധ്യപ്പെടുത്തി കൊടുത്തു

യോഗയുടെ അടിസ്ഥാന ലക്ഷ്യം "ഞാന്‍" ആരാണ് എന്ന് മനസിലാക്കുകയാണ്. അസാധാരണം എന്ന് തോന്നാവുന്ന പല രീതികളിലൂടെ ഓരോ ആചാര്യനും അത് തങ്ങളുടെ ശിഷ്യന്മാര്‍ക്ക് ബോദ്ധ്യപ്പെടുത്തി കൊടുത്തു. ഓരോ ഗുരുവിനും അവനവന്റേതായ രീതികള്‍ ഉണ്ടായിരുന്നു. അതുകൊണ്ട് ഓരോ ഗുരുവിനും സമൂഹത്തില്‍ നിന്നും വ്യത്യസ്തമായ എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നു. നൂറു കൊല്ലം മുമ്പ് ഒരു ഗുരു ഒരു പ്രത്യേക സമ്പ്രദായത്തില്‍ തന്റെ ശിഷ്യന്മാരെ പഠിപ്പിച്ചു. പിന്നീട് ഒരു നൂറു കൊല്ലം കഴിഞ്ഞു പുതിയ ഒരു ഗുരു പുതിയ രീതികളുമായി സമീപിക്കുന്നു. പഴയതോ പുതിയതോ സ്വീകരിക്കേണ്ടത് എന്ന കാര്യത്തില്‍ ജനങ്ങള്‍ക്ക്‌ ന്യായമായും സംശയമുണ്ടാകും. ഒരാളെ തള്ളേണ്ടതായും മറ്റേയാളെ കൊള്ളേണ്ടതായും വരുന്നത് സ്വാഭാവീകം. ഒരു ലക്ഷ്യത്തിലെത്താന്‍ വഴികള്‍ പലതുണ്ട് എന്ന് എന്തുകൊണ്ടോ അവര്‍ മനസിലാക്കുന്നില്ല!

ഋഭുവും നിധാഗനും :- സന്ദര്‍ഭവശാല്‍ ഞങ്ങളുടെ പരമ്പരയില്‍ പെട്ട ഋഭു എന്ന മഹായോഗിയുടെ കഥ ഓര്‍മ്മ വരുന്നു. ഋഭു മഹര്‍ഷി എന്ന പേരിലാണ് അദ്ദേഹം പ്രസിദ്ധനായിരിക്കുന്നത്. അദ്ദേഹത്തിന് തനി താന്തോന്നിയായ ഒരു ശിഷ്യനുണ്ടായിരുന്നു. പേര് നിധാഗന്‍. മറ്റു ശിഷ്യന്മാരെ പോലെ ശ്രദ്ധയും നിഷ്ഠയും അവനുണ്ടായിരുന്നില്ല. എന്നാലും ഗുരുവിനു പ്രത്യേകിച്ചൊരു വാത്സല്യം അവനോടുണ്ടായിരുന്നു. ആ കാര്യത്തില്‍ മറ്റു ശിഷ്യന്മാര്‍ക്ക് അല്പം നീരസം ഉണ്ടായിരുന്നു. “നിധാഗന് ഒട്ടും ശ്രദ്ധയോ നിഷ്ഠയോ ഇല്ല. എന്നിട്ടും ഗുരുവിന് എന്തുകൊണ്ടാണ് അവനോടിത്ര വാത്സല്യം? നമ്മളോടൊന്നും അദ്ദേഹം അത്രയും സ്നേഹം കാണിക്കുന്നില്ലല്ലോ?”

ഇതുപോലെയൊക്കെ പലപ്പോഴും സംഭവിക്കാറുണ്ട് . ഗുരു കാണുന്നത് ഇപ്പോഴത്തെ ശിഷ്യനെയല്ല. ഭാവിയില്‍ അവന്‍ ആരായിത്തീരുമെന്നു അദ്ദേഹത്തിന് കൃത്യമായി അറിയാം. ആ പ്രഭാവത്തെ പ്രതിയാണ് ഇപ്പോഴത്തെ ആദരവ് എന്ന് മറ്റു ശിഷ്യന്മാര്‍ എങ്ങിനെ മനസിലാക്കാന്‍! ഇതുവരെ ചെയ്തതൊന്നും അദ്ദേഹത്തിന്റെ കണ്ണില്‍ സാരമുള്ളതായിരുന്നില്ല. എന്നാല്‍ ഭാവിയില്‍ അവന്‍ എന്താകും എന്നതിലാണ് അദ്ദേഹത്തിന്റെ ശ്രദ്ധ മുഴുവനായും പതിഞ്ഞിരുന്നത്‌.

ഒരു ദിവസം നിധാഗന്‍ ആശ്രമം വിട്ട് എങ്ങോ പോയി. പലതവണ ഗുരു ശിഷ്യനെ കാണാന്‍ ചെന്നു. എന്നാല്‍ ശിഷ്യന്‍ തീരെ താല്പര്യം കാണിച്ചില്ല . എന്നിട്ടും ആളറിയാതെ ചെന്ന് അദ്ദേഹം അവനെ അനുഗ്രഹിച്ചു. വേണ്ട മാര്‍ഗനിര്‍ദ്ദേശം നല്‍കി. ഒരു ദിവസം ഒരു നാട്ടിന്‍പുറത്തുകാരന്റെ വേഷത്തില്‍ ഋഭു മഹര്‍ഷി നിധാഗനെ കാണാന്‍ ചെന്നു. ആ സമയത്ത് രാജാവും പരിവാരങ്ങളും ആ വഴി കടന്നുപോകുന്നുണ്ടായിരുന്നു. നിധാഗന്‍ വളരെ ശ്രദ്ധയോടെ അത് നോക്കി നില്‍ക്കുന്നത് മഹര്‍ഷി കണ്ടു. മഹര്‍ഷി അവന്റെ അരികില്‍ ചെന്ന് ചോദിച്ചു , “ഇത്ര ശ്രദ്ധയോടെ എന്താണ് നീ നോക്കിനില്‍ക്കുന്നത്?”

നാട്ടിന്‍പുറത്തുകാരന്റെ വേഷത്തില്‍ വന്ന ഗുരുവിനെ നിധാഗന്‍ തിരിച്ചറിഞ്ഞില്ല.

“എല്ലാവരും നോക്കിനില്‍ക്കുന്നത് ഞാനും നോക്കിനില്‍ക്കുന്നു …" ഉള്ളിലെ നീരസം ഒതുക്കി ഗൌരവത്തില്‍ അവന്‍ പറഞ്ഞു. “രാജാവിന്റെ ഘോഷയാത്ര താനും കാണുന്നില്ലേ?”

“ഇവിടെ എവിടെയാണ് രാജാവ്?” ഗുരു ചോദിച്ചു

“കാണുന്നില്ലേ? ആനപ്പുറത്തിരിക്കുന്നത്, അതാണ്‌ രാജാവ്!”

“എന്നാലും... രാജാവെവിടെ?”

നിധാഗാന് ശരിക്കും ക്ഷമ കെട്ടു . “ഇത്ര മണ്ടനാണോ നിങ്ങള്‍… ആ മൃഗത്തിന്റെ മുകളില്‍ ഇരിക്കുന്നത് രാജാവ്… താഴെയുള്ള മൃഗം ആന."

“മുകളില്‍ ... താഴെ എന്നൊക്കെ പറയുന്നത് എന്താണ്? എനിക്ക് തീരെ മനസ്സിലാകുന്നില്ല.”

നിധാഗന് അത്ഭുതം തോന്നി . ഇങ്ങനെയുമുണ്ടാകുമോ വിഡ്ഢികള്‍ ?

“എടോ മണ്ടച്ചാരേ … തനിക്കൊരു വിവരവുമില്ലെന്ന് മനസ്സിലായി. കേള്‍ക്കുന്നതും കാണുന്നതും ഒന്നും തന്റെ തലയില്‍ കയറുന്നില്ല... കാര്യമായി എന്തെങ്കിലും ചെയ്തേ പറ്റൂ.”

നിധാഗന്‍ ഗുരുവിനെ ബലമായി താഴെ ഇരുത്തി. എന്നിട്ടവന്‍ അദ്ദേഹത്തിന്റെ ചുമലിലും കയറിനിന്നു. “ഇപ്പോള്‍ മനസ്സിലായോ? ഞാന്‍ മുകളില്‍ നീ താഴെ. ഞാന്‍ രാജാവ്, നീ ആനയും.”

“മുഴുവന്‍ മനസ്സിലായെന്നു പറയാന്‍ വയ്യ" ഋഭു മഹര്‍ഷി പറഞ്ഞു. “മനുഷ്യനെന്താണ്, ആന എന്താണ് എന്ന് മനസ്സിലായി. മുകളും താഴെയും എന്താണെന്നും മനസ്സിലായി. പക്ഷെ താങ്കള്‍ പറഞ്ഞ ഞാന്... നീ... ഒരു പിടിയും കിട്ടുന്നില്ലല്ലോ!”

ഏറ്റവും അടിസ്ഥാനപരമായ രണ്ടു ചോദ്യങ്ങള്‍. ഞാന്‍ ആരാണ്? നീ ആരാണ്? അത് അറിയാത്തിടത്തോളം കാലം അറിവ് എന്നത് അപൂര്‍ണമല്ലേ?

ആ നിമിഷമാണ് പെട്ടെന്ന് നിധാഗന് ബോധമുണര്‍ന്നത്‌. ഏറ്റവും അടിസ്ഥാനപരമായ രണ്ടു ചോദ്യങ്ങള്‍. ഞാന്‍ ആരാണ്? നീ ആരാണ്? അതിനുള്ള ശരിയായ ഉത്തരം തനിക്കുമറിയില്ലല്ലോ. അത് അറിയാത്തിടത്തോളം കാലം അറിവ് എന്നത് അപൂര്‍ണമല്ലേ? നിധാഗന്‍ ക്ഷണത്തില്‍ തിരിച്ചറിഞ്ഞു; മുമ്പില്‍ നില്‍ക്കുന്ന ആ നാട്ടിന്‍പുറത്തുകാരന്‍ തന്റെ ഗുരുവായ ഋഭു മഹര്‍ഷിയാണ്.അദ്ദേഹം ഗുരുവിന്റെ കാല്‍ക്കല്‍ വീണു, അതോടെ ആത്മസാക്ഷാത്കാരവും നേടി. ഓരോ ഗുരുവിനുമുണ്ട് തന്റേതുമാത്രമായ ഒരു രീതി ചിലരുടേത് വളരെ സൂക്ഷ്മമാണ്, ചിലരുടേത് വളരെ നാടകീയവും. വഴികള്‍ പലതാകാം, എന്നാല്‍ ലക്ഷ്യം എപ്പോഴും ഒന്നുതന്നെ .

https://upload.wikimedia.org/wikipedia/commons/d/de/India%3B_Rajasthan,_Mewar,_Udaipur%3B_Attributed_to_Ghasi_-_Maharana