सद्गुरु

ചോദ്യകര്‍ത്താവ് : പ്രിയപ്പെട്ട സദ്‌ഗുരു, ഞാന്‍ വിവാഹമോചനം നേടിയിട്ടുണ്ട്‌;
ആറു വയസ്സുള്ള ഒരു മകനുമുണ്ട്‌. ‘എന്‍റെ ജീവിതത്തില്‍ സ്‌നേഹം ഇല്ല, എന്നെ സ്നേഹിക്കാന്‍ ആരും ഇല്ല’ എന്ന തോന്നല്‍ എനിയ്ക്ക്‌ വല്ലാതെയുണ്ട്‌, അതു കൊണ്ടുതന്നെ ഒരു പുനര്‍വിവാഹം ആവശ്യമാണ്‌ എന്ന തോന്നലും. എന്റെ മകന്‍ വീട്ടില്‍ അച്ഛന്റെ സാന്നിദ്ധ്യമില്ലാത്തതിനെ ചോദ്യം ചെയ്‌തുകൊണ്ടേയിരിക്കുന്നു.”

സദ്ഗുരുവിനോട് ഒരു അമേരിക്കന്‍ വനിതയുടെ ചോദ്യമായിരുന്നു ഇത്,
"എന്‍റെ ജീവിതത്തില്‍ സ്‌നേഹം ഇല്ല, എന്നെ സ്നേഹിക്കാന്‍ ആരും ഇല്ല’ എന്ന തോന്നല്‍ എനിയ്ക്ക്‌ വല്ലാതെയുണ്ട്‌, എന്തു ചെയ്യണമെന്ന്‍ അറിയുന്നില്ല. ദയവായി സഹായിക്കൂ. ചില സമയങ്ങളില്‍ എനിയ്ക്കുള്ളില്‍, യഥാര്‍ത്ഥത്തില്‍ ഒരു ശ്യൂന്യത ഉള്ളതായി തോന്നുന്നു.”

ഒരു കുട്ടിയും നിങ്ങളുടെ ഗര്‍ഭപാത്രത്തില്‍ മുട്ടിവിളിച്ച്‌ ‘എന്നെ പ്രസവിക്കൂ’’ എന്ന്‍ നിങ്ങളോടു കെഞ്ചുന്നില്ല.

സദ്ഗുരു : നമ്മുക്കാദ്യം പൊതുവായി കുട്ടികളുടെ കാര്യം തന്നെ എടുക്കാം ഇന്നത്തെ കാലത്ത്‌, ഒരു കുട്ടി എന്നത്‌ വിവാഹശേഷം മാത്രം സംഭവിക്കുന്ന ഒരു സ്ഥിതിവിശേഷമല്ല. ഒരു കാലത്ത്‌ അതങ്ങനെയായിരുന്നു. വിവാഹം കഴിച്ചു കഴിഞ്ഞാല്‍ വര്‍ഷം തോറും കുട്ടികള്‍ വന്നുകൊണ്ടേയിരിക്കുമായിരുന്നു. പക്ഷേ ഇന്നതൊക്കെ മാറിമറിഞ്ഞു. ഒരു കുട്ടി വെറുതെ അങ്ങ്‌ ഉണ്ടാകുന്നതല്ല, ജനനം എന്ന് പറയുന്നത് പൊതുവേ ആസൂത്രിതമാണ്‌. ഒരു കാര്യം കണിശ്ശമായും മനസ്സിലാക്കേണ്ടതുണ്ട്, അതായത് ഒരു കുട്ടിയുണ്ടായാല്‍ നിങ്ങള്‍ക്കത്‌ ഇരുപതു വര്‍ഷത്തോളം നീണ്ടു നില്‍ക്കുന്ന ഒരു പദ്ധതിയാണ്‌. നിങ്ങളുടെ കുട്ടിക്ക്‌ വളരെ പ്രാപ്‌തിയുണ്ടെങ്കില്‍, അതൊരു പതിനഞ്ച്, പതിനാറു വര്‍ഷത്തെ പദ്ധതിയായി കുറയ്ക്കാമെന്ന് മാത്രം. അതുകൊണ്ട്‌ ഒരു കുട്ടിയെ വേണമെന്ന്‍ നിങ്ങള്‍ തീരുമാനിക്കുമ്പോള്‍, ചുരുങ്ങിയത്‌ പതിനഞ്ചു വര്‍ഷം നീണ്ടു നില്‍ക്കുന്ന ഒരു പദ്ധതിക്ക്‌ തയ്യായായിരിക്കണം. അത്തരം ഒരു പ്രതിബദ്ധതയില്ലെങ്കില്‍ ഇതിനായി ഇറങ്ങി പുറപ്പെടരുത്‌. അതിന്റെ യാതൊരു ആവശ്യവുമില്ല. കാരണം; ഒരു കുട്ടിയും നിങ്ങളുടെ ഗര്‍ഭപാത്രത്തില്‍ മുട്ടിവിളിച്ച്‌ ‘എന്നെ പ്രസവിക്കൂ’’ എന്ന്‍ നിങ്ങളോടു കെഞ്ചുന്നില്ല. അതുകൊണ്ടുതന്നെ ഒരു കുട്ടിക്ക്‌ നല്ല രീതിയില്‍ വളരുവാനുള്ള പിന്തുണ നല്‍കാനാവുമോ ഇല്ലയോ എന്ന്‍ നിങ്ങള്‍ക്കുറപ്പില്ലെങ്കില്‍, കുട്ടിക്ക്‌ ജന്മം നല്‍കുക എന്ന അതിസാഹസത്തിന്‌ മുതിരാതിരിക്കുന്നതാണ് യുക്തി.

"കുട്ടിക്ക്‌ ജന്മം നല്‍കിയ ആളുമായുള്ള ബന്‌ധം നല്ല രീതിയില്‍ ആയില്ല, മറ്റൊരു പുരുഷനെ കൊണ്ടു വന്നാല്‍ എല്ലാം ശരിയാകും,” എന്നു ചിന്തിക്കുന്നത്‌ വളരെ അപകടം പിടിച്ച ഒരു ആശയമാണ്‌.

ഇനി അടുത്ത പ്രശ്നം - ഒരു വിവാഹം ചെയ്‌താല്‍ കുട്ടിയുടെ കാര്യങ്ങള്‍ ശരിയാകും എന്ന്‍ കരുതുന്നത്‌ തെറ്റായ ഒരു ആശയമാണ്‌. പുനര്‍വിവാഹം ചെയ്യുന്നതിലൂടെ കുട്ടിയുടെ കാര്യങ്ങള്‍ ശരിയാകില്ല എന്നല്ല ഞാന്‍ പറയുന്നത്‌. അത്‌ ഒരു പക്ഷേ ശരിയായേക്കാം, പക്ഷേ "കുട്ടിക്ക്‌ ജന്മം നല്‍കിയ ആളുമായുള്ള ബന്‌ധം നല്ല രീതിയില്‍ ആയില്ല, മറ്റൊരു പുരുഷനെ കൊണ്ടു വന്നാല്‍ എല്ലാം ശരിയാകും,” എന്നു ചിന്തിക്കുന്നത്‌ വളരെ അപകടം പിടിച്ച ഒരു ആശയമാണ്‌.

അങ്ങനെ ചിന്തിച്ചാല്‍ അതിന്റെ വിജയസാധ്യത മിക്കവാറും പത്ത്‌ ശതമാനം മാത്രം ആവാനേ സാധ്യതയുള്ളൂ. തൊണ്ണൂറു ശതമാനവും അത്‌ പരിഹാരത്തേക്കാളേറെ പ്രശ്‌നങ്ങളാവും സൃഷ്‌ടിക്കുക. വിവാഹബന്‌ധം വേര്‍പ്പെടുത്തിയതിനെ ഞാന്‍ ചോദ്യം ചെയ്യുകയല്ല, അതു നിങ്ങളുടെ ഇഷ്‌ടം. പക്ഷേ, വിവാഹമോചനം തിരഞ്ഞെടുക്കുകയാണെങ്കില്‍, എല്ലാ അര്‍ത്ഥത്തിലും കുട്ടിയുടെ ഒരു പരിപൂര്‍ണ്ണ രക്ഷിതാവാകാന്‍ നിങ്ങള്‍ പ്രാപ്‌തയാകേണ്ടതുണ്ട്‌. നിങ്ങള്‍ മറ്റു ചിലത്‌ ആഗ്രഹിക്കുന്നതു കാരണം, കുട്ടിയും നിങ്ങളോടൊപ്പം അതുപോലെ ആഗ്രഹിക്കുന്നു. നിങ്ങളുടെ കൂടെയില്ലാത്ത ഒരാളെ, കൊണ്ടുവരാന്‍ പറ്റാത്ത ഒരാളെ, ആഗ്രഹിക്കും വിധം എത്തിച്ചേരുന്ന നിസ്സഹായാവസ്ഥയില്‍ കുട്ടികളെ വളര്‍ത്തരുത്‌.

നിങ്ങളുടെ മകന്‍ ഒരു എട്ടു വയസ്സുകാരനാണെന്നു പറഞ്ഞു. ഈ എട്ടു വയസ്സുകാരന്‍ എത്ര സമയം നിങ്ങളോടൊപ്പം ചിലവിടാന്‍ ആഗ്രഹിക്കുന്നു? ഒട്ടും തന്നെയില്ല, അതല്ലേ അതിന്റെ ശരി. അവന്‍ തന്റെതായ കാര്യങ്ങളില്‍ വ്യാപൃതനാണ്‌. അവനെ സദാസമയം നിങ്ങളുടെ പിന്നില്‍ തൂങ്ങുന്ന ഒരു നിസ്സഹായ ജീവിയാക്കി തീര്‍ത്തിട്ടില്ലെങ്കില്‍, അവന്‍ അവന്റെതായ കൃത്യനിര്‍വ്വണങ്ങള്‍ നടത്തേണ്ട രീതിയില്‍ നടത്തുന്നുണ്ടാകും. അതാണ്‌ ജീവിതത്തിന്റെ പ്രകൃതം, കുട്ടികള്‍ക്ക്‌ അവരുടെതായ കാര്യങ്ങള്‍ ചെയ്യാനറിയാം. അവര്‍ കുഴപ്പങ്ങളില്‍ ചെന്ന്‍ ചാടുന്നില്ലെന്ന്‍ ഉറപ്പു വരുത്താന്‍ മാത്രം അവരുടെ പുറത്ത്‌ ഒരു കണ്ണുണ്ടായാല്‍ മതി. അവര്‍ എല്ലാ കാര്യങ്ങളും നിങ്ങളോടൊപ്പം ചെയ്യേണ്ടതില്ല.

അതുകൊണ്ട്‌ പുനര്‍വിവാഹം ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അത്‌ നിങ്ങളുടെ കാര്യം. നിങ്ങളാണ്‌ അത്‌ തിരഞ്ഞെടുക്കേണ്ടത്‌. അത്‌ മകന്റെ ആവശ്യമായി പ്രദര്‍ശിപ്പിക്കേണ്ടതില്ല. അവന്‌ ‘നിങ്ങളേയോ, അച്ഛനെയോ’ പ്രത്യേകിച്ച്‌ ആവശ്യമില്ല എന്ന രീതിയിലാണ്‌ അവനെ വളര്‍ത്തി വലുതാക്കേണ്ടത്. അവന്‍ സ്വയമേവ വളരെ നല്ല അവസ്ഥയിലാണ്‌. അവന്‌ നിങ്ങളുടെ കരുതലോടെയുള്ള ശ്രദ്ധയും, പിന്തുണയും മാത്രമേ ആവശ്യമുള്ളു, മറ്റൊന്നും വേണ്ട. നിങ്ങള്‍ എന്തു തന്നെ ചെയ്‌താലും അതിന്‌ ഒരു അനന്തരഫലം ഉണ്ടാകും. നിങ്ങള്‍ വിവാഹം കഴിച്ചില്ലെങ്കില്‍ ഒരു തരത്തിലുള്ള അനന്തരഫലം ഉണ്ടാകും, പുനര്‍വിവാഹം ചെയ്‌താല്‍ മറ്റൊരു തരത്തിലുള്ള അനന്തരഫലം – ഒരു വിവാഹത്തിന്റെ പരിണാമാഫലം നിങ്ങള്‍ അനുഭവിച്ചു കഴിഞ്ഞു, അതുകൊണ്ട്‌ ഒരു പുനര്‍ വിവാഹം നിങ്ങള്‍ക്ക്‌ കൂടുതല്‍ നന്നായി കൈകാര്യം ചെയ്യാന്‍ കഴിഞ്ഞേക്കും, നമുക്കതു മുന്‍കൂട്ടി പ്രവചിക്കാനാവില്ല. പക്ഷേ രണ്ടിനും അവയുടെ അനന്തരഫലങ്ങള്‍ ഉണ്ടാകും, ആ അനന്തരഫലങ്ങള്‍ സുഖകരമായിക്കൊള്ളണമെന്നില്ല. അതെങ്ങനെയാകും എന്നത്‌ അവയെ നിങ്ങള്‍ക്കെങ്ങനെ ഉള്‍ക്കൊള്ളാനാവും എന്നതിനെ ആശ്രയിച്ചിരിക്കും. ആ അനന്തരഫലത്തിനെ ആഹ്‌ളാദപൂര്‍വ്വം വഹിക്കുകയാണെങ്കില്‍ ഇത്‌ ഒരു സ്‌നേഹമസൃണമായ പ്രയത്നമായിരിക്കും. അല്ലെങ്കില്‍ ഇത്‌ ഒരു പ്രയ്‌തനം മാത്രമായിരിക്കും.

Photo credit to : https://upload.wikimedia.org/wikipedia/commons/3/3d/Wedding_rings.jpg