പാമ്പുകളും ആദ്ധ്യാത്മികതയും

snakes-2

सद्गुरु

പലര്‍ക്കും പാമ്പിനെ കാണുന്നതു തന്നെ കഠിനമായ ഭയത്തിന് കാരണമാണ്. വേറെ ചിലരുടെ മനസ്സില്‍ പാമ്പുകള്‍ക്ക് വിശ്വാസങ്ങളുമായും, പുരാണങ്ങളുമായും അടുത്ത ബന്ധമുണ്ട്. ഇവിടെ സദ്ഗുരു വിശദമാക്കുന്നത് ആധുനിക യോഗശാസ്ത്രത്തിന്‍റെ പിതാവായ പതഞ്ജലിയും പാമ്പുകളുമായുള്ള ബന്ധവും, അദ്ധ്യാത്മിക പാരമ്പര്യത്തില്‍ പാമ്പുകള്‍ക്കുള്ള സ്ഥാനവുമാണ്.

ചോദ്യം :നമസ്കാരം സദ്ഗുരു. പതഞ്ജലി മഹര്‍ഷിയുടെ ഉദ്ഭവത്തെ കുറിച്ച് അറിഞ്ഞാല്‍ കൊള്ളാമെന്നുണ്ട്. അദ്ദേഹത്തിന്‍റെ രൂപഘടന, പാമ്പുകളുമായുള്ള ബന്ധം. ഇതെല്ലാം വിശദമായി പറഞ്ഞു തന്നാല്‍ നന്നായിരിക്കും

സദ്ഗുരു : ചില പ്രത്യേകം ഊര്‍ജങ്ങളോട് വളരെ പെട്ടെന്ന് പ്രതികരിക്കുന്ന ഒരു ജീവിയാണ് പാമ്പ്. പ്രത്യേകം ചില ശക്തികള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞാല്‍ അവിടേക്ക് ആദ്യം ആകര്‍ഷിക്കപ്പെടുക പാമ്പുകളാണ്.

പതഞ്ജലിയുടെ അര്‍ദ്ധശരീരം പാമ്പിന്‍റേതായാണ് ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്. ഇതൊരു പ്രതീകമാണ്.

പതഞ്ജലിയുടെ അര്‍ദ്ധശരീരം പാമ്പിന്‍റേതായാണ് ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്. ഇതൊരു പ്രതീകമാണ്. സര്‍പ്പം കുണ്ഡലിനിയുടെ പ്രതീകമാണ്. നിങ്ങളില്‍ അന്തര്‍ലീനമായിരിക്കുന്ന മൗലികമായ ആ ശക്തിതന്നെയാണ് പതഞ്ജലി. അത് തീവ്രമായി അനുഭവിക്കാന്‍ അവസരമുണ്ടായ മഹാത്മാക്കള്‍ തങ്ങളുടെ സ്നേഹാദരങ്ങള്‍ പ്രകടിപ്പിക്കാനായി ആ ഊര്‍ജത്തിന് ഇങ്ങനെയൊരു രൂപം വിഭാവനം ചെയ്തു. തലക്കും ഉടലിനും സര്‍പ്പാകൃതി നല്കി. പതഞ്ജലി ജീവന്‍ എന്ന പ്രതിഭാസവുമായി അത്രയ്ക്കും ഇഴചേര്‍ന്നു കിടക്കുന്നു. അവര്‍ പറയുന്നത് പ്രാണശക്തി തന്നെയാണ് അത് എന്നാണ്. മനുഷ്യന്‍റെ മൂല ശക്തി. എന്തായാലും അദ്ദേഹത്തിന്‍റെ പകുതിഭാഗമെങ്കിലും അതാണ്. മനുഷ്യനെ ഭൗതീകമായ അതിര്‍വരമ്പുകള്‍ക്ക് അപ്പുറത്തേക്കുയര്‍ത്തുന്ന ആ ശക്തി തന്നെയാണത്. രണ്ടും വ്യത്യസ്തമായുള്ളതല്ല. പരമമായ ഉണര്‍വിന്‍റെ മേഖലയിലേക്ക് നിങ്ങളെ ഉയര്‍ത്തുന്ന ഊര്‍ജമാണത്. അതുകൊണ്ടാണ് പതഞ്ജലിയെ പകുതി സര്‍പ്പമായി അവര്‍ സങ്കല്പിച്ചത്. അവിടുത്തെ നിജസ്ഥിതിക്കുള്ള അംഗീകാരമാണ് അത്. മൗലീകമായ ആ ശക്തിയുടെ സത്യം താന്‍ മനസ്സിലാക്കിയിരിക്കുന്നു എന്ന് ഇതിലൂടെ വെളിപ്പെടുത്തുകയാണ് നമ്മുടെ പൂര്‍വീകര്‍. അത് ബാഹ്യമായ ഒരു ശക്തിയല്ല. അവനവന്‍റെ തന്നെ ഉള്ളിലുള്ള ഊര്‍ജമാണ്. അതുകൊണ്ടാണ് പതഞ്ജലി നിങ്ങളുടെ ജീവിതവുമായി ആഴത്തില്‍ ബന്ധപ്പെട്ടിരിക്കുന്നു എന്നു പറയുന്നത്.

സര്‍പ്പഭയം അടിസ്ഥാനമില്ലാത്തതാണ്

ഞാന്‍ എവിടെ ചെന്നാലും പാമ്പുകള്‍ എന്നെ വിട്ടൊഴിയുകയില്ല. ജനങ്ങളെ അത് പറഞ്ഞു മനസ്സിലാക്കുക പ്രയാസമാണ്. കാരണം, അവരുടെ മനസ്സില്‍ അകാരണമായ ഒരു ഭയം കടന്നുകൂടിയിരിക്കുന്നു. നിങ്ങളറിയുന്ന എത്രപേര്‍ പാമ്പുകടിയേറ്റ് മരിച്ചിട്ടുണ്ട്? ഒരുപക്ഷെ ആരുമുണ്ടാവില്ല. പിന്നെ, എന്തിനാണ് ഇങ്ങനെ ഭയപ്പെടുന്നത്? അതിലും എത്രയോ പേര്‍ മോട്ടോറപകടങ്ങളില്‍ മരിച്ചിട്ടുണ്ട്? എന്നിട്ടും ഒരു ഭയവും കൂടാതെ നിങ്ങള്‍ കാറിലും ബസ്സിലും കയറി യാത്രചെയ്യുന്നില്ലേ? പാമ്പുകളോടുള്ള ഈ ഭയം, വാസ്തവത്തില്‍ അകാരണമാണ്. അതിനുള്ള പ്രധാന കാരണം പാമ്പുകളുടെ കാര്യത്തില്‍ നിങ്ങള്‍ക്കുള്ള അറിവില്ലായ്മയാണ്. അത് കൂടുന്തോറും ഭയവും കൂടുന്നു. പാമ്പുകളെ കുറിച്ച് ശരിയായി മനസ്സിലാക്കി കഴിഞ്ഞാല്‍, ഈ ഭയവും ഇല്ലാതാകും.

അപൂര്‍വം ചില പാമ്പുകളൊഴിച്ചാല്‍ മറ്റെല്ലാം നിരുപദ്രവകാരികളാണ്. അവര്‍ക്ക് മനുഷ്യനെ ഭയമാണ്.

അപൂര്‍വം ചില പാമ്പുകളൊഴിച്ചാല്‍ മറ്റെല്ലാം നിരുപദ്രവകാരികളാണ്. അവര്‍ക്ക് മനുഷ്യനെ ഭയമാണ്. നിങ്ങളെ കണ്ടാലുടനെ ഒഴിഞ്ഞു പോകും.

ഞാന്‍ ഒരു കൃഷിസ്ഥലത്തു താമസിച്ചിരുന്ന കാലം. അവിടെ ഇരുപതോളം പാമ്പുകളുണ്ടായിരുന്നു. കൂട്ടത്തില്‍ വളരെ വലുപ്പമുള്ള ചിലതും. കൂടുതല്‍ അണലിയും മൂര്‍ഖനമുമായിരുന്നു. അവിടെയെല്ലായിടത്തും അവയെ കാണാം. ഞാന്‍ താമസിച്ചിരുന്നത് 12/14 അടി വിസ്തീര്‍ണ്ണമനുള്ള ഒരു മുറിയിലായിരുന്നു. രാത്രിയായാല്‍ അവ എന്‍റെ പുതപ്പിനുള്ളിലേക്ക് നുഴഞ്ഞുകയറും. എവിടെയൊക്കെയാണ് പാമ്പുകളുണ്ടാവുക എന്നു പറയാനാവില്ല. ഞാന്‍ പെട്ടെന്ന് അനങ്ങിയാല്‍ അവയും ഒപ്പം അനങ്ങും. അങ്ങനെയാണ് ഞാന്‍ ഒരേനിലയില്‍ അനങ്ങാതെ കിന്നുറങ്ങുക ശീലമാക്കിയത്. അഥവാ അനങ്ങിയാല്‍ത്തന്നേയും അത് ബോധപൂര്‍വമായിരിക്കും. തൊട്ടടുത്ത് ഒരാളുണ്ടാവും എന്ന് എനിക്കറിയാം. വളരെ സൂക്ഷിച്ചാണ് ഞാന്‍ തിരിഞ്ഞു കിടക്കുക. അല്ലാതെ പെട്ടെന്നെഴുനേല്ക്കാന്‍ ശ്രമിച്ചാല്‍, ഒരുപക്ഷെ ഒരിക്കലും എഴുന്നേല്‍ക്കാനായില്ല എന്നുവരാം.

പാമ്പുകളെ ഒരു പ്രത്യേക രീതിയല്‍ നിങ്ങള്‍ക്കു കൈയ്യിലെടുക്കാം. ഭയക്കേണ്ടതില്ല. ലോകത്തില്‍ ഈ ഒരു ജീവിയെ മാത്രമേ ഇങ്ങനെ സുരക്ഷിതമായി കൈകാര്യം ചെയ്യാനാവു. ഒരു സങ്കോചവും എതിര്‍പ്പും കൂടാതെ അത് നിങ്ങളുടെ കൈകളിലേക്ക് ഇഴഞ്ഞുകയറും. ഒരു ഉപദ്രവവും ചെയ്യില്ല. എന്നാല്‍ നിങ്ങളുടെ ചിന്തകളുടെ ഗതി മാറിയാല്‍ അത് നിങ്ങളെ കൊത്തിയന്നു വരാം. നിങ്ങള്‍ ശാന്തനും സ്വസ്ഥനുമാണെങ്കില്‍ ഒരു പ്രശ്നവുമുണ്ടാകാതെ അത് നിങ്ങളുടെ അരികില്‍ പറ്റികൂടും. എന്നാല്‍ നിങ്ങളുടെ മനസ്സ് പ്രക്ഷുബ്ധമാണെങ്കില്‍ അതിന് അടങ്ങിയിരിക്കാനാവില്ല. നിങ്ങളുടെ ക്ഷോഭത്തെ ചോര്‍ത്തിക്കളയാന്‍ ശ്രമിക്കും.

ഇന്ത്യയിലെ പാമ്പുകളില്‍ ഏറേയും വിഷമില്ലാത്തതാണ്. ഭൂമിയിലെ ഏറ്റവും മനോഹരമായ ജീവികളിലൊന്നാണ് പാമ്പ്. പലതിനും വിഷപ്പല്ലുകളേയില്ല. അവക്ക് അറക്കവാള്‍ പോലെ കാണപ്പെടുന്ന ഉറപ്പുകുറഞ്ഞ എല്ലുകളാണ് വായിലുള്ളത്. അതുകൊണ്ട് ഒരടക്ക കടിക്കാന്‍ പോലും സാധിക്കില്ല. പാമ്പുകളെ ഭയക്കുന്നത് അസംബന്ധമാണ്. അപൂര്‍വം ചിലതിനൊഴിച്ച് മറ്റൊന്നിനും നിങ്ങളെ അപായപ്പെടുത്താനാവില്ല. അവക്ക് മനുഷ്യരെ പേടിയാണ്. അതുപോലെ നിങ്ങള്‍ക്കും അവയെ ഭയമാണ്. രണ്ടുകൂട്ടരും തമ്മില്‍ കണ്ടാല്‍ ശങ്കയോടെ മാറിപ്പോകുന്നു. അതിന്‍റെയൊന്നും ആവശ്യമില്ല. നിങ്ങളുടെ ഭയം അസ്ഥാനത്താണ് എന്നേ ഞാന്‍ പറയു.

പാമ്പുകളും ആദ്ധ്യാത്മികതയും

പല ചികിത്സാ സ്ഥാപനങ്ങളിലും അവരുടെ ചിഹ്നമായി പ്രദര്‍ശിപ്പിക്കുന്നത് പാമ്പുകളെയാണ്; ഒരു ദണ്ഡിന്മേല്‍ കെട്ടുപിണഞ്ഞു കിടക്കുന്ന രണ്ടു പാമ്പുകള്‍. ഈ ചിഹ്നം യോഗപാരമ്പര്യത്തിലുമുണ്ട്. രണ്ടു പാമ്പുകള്‍ ആറ് വ്യത്യസ്ത സ്ഥാനങ്ങളിലായി കൂട്ടിമുട്ടുന്നു. അതിന്‍റെ മുകളിലായി ഇഡയുടേയും പിംഗളയുടേയും ചിഹ്നം. രണ്ടും സുഷുമ്നയിലൂടെ കടന്നുപകുന്നു.

ജീവനെ കുറിച്ച് പ്രതികൂല ചിന്തവെച്ചു പുലര്‍ത്തുന്നവര്‍ മാത്രമേ, പാമ്പുകളെ ചെകുത്താന്‍റെ ഭൂതന്‍മാരായി കാണുന്നു. ജീവനെ കുറിച്ച് ശുഭചിന്തവെച്ചു പുലര്‍ത്തുന്നവരുടെ മനസ്സില്‍ പാമ്പുകള്‍ എപ്പോഴും ദൈവീകമായ സാന്നിദ്ധ്യമാണ്.

ഭാരതീയമായ അദ്ധ്യാത്മിക പാരമ്പര്യത്തില്‍, പാമ്പുകള്‍ക്ക് പ്രതീകാത്മകമായി വളരെ വലിയൊരു സ്ഥാനമുണ്ട്. അത് വളരെ പുരാതനവുമാണ്.

ഭാരതീയമായ അദ്ധ്യാത്മിക പാരമ്പര്യത്തില്‍, പാമ്പുകള്‍ക്ക് പ്രതീകാത്മകമായി വളരെ വലിയൊരു സ്ഥാനമുണ്ട്. അത് വളരെ പുരാതനവുമാണ്. ഈ സമ്പ്രദായം ലോകത്തിന്‍റെ പലഭാഗങ്ങളിലും കണ്ടുവരുന്നതാണ്. ചില പ്രത്യേകമായ ശക്തിവിശേഷങ്ങളും, ധ്യാനാത്മകതയും പാമ്പുകളെ കാര്യമായി ആകര്‍ഷിക്കുന്നു. ഇത് മനുഷ്യന്‍ മനസ്സിലാക്കിയ സമൂഹങ്ങളിലെല്ലാം, അവന്‍ അദ്ധ്യാത്മികതയില്‍ പാമ്പുകള്‍ക്ക് സാരമായ ഒരു സ്ഥാനം സങ്കല്പിച്ചു കൊടുത്തു. അതിനിടയില്‍ ചില പണ്ഡിതന്‍മാരും പുരോഹിതന്‍മാരും ദോഷകരമായ പല പ്രചാരണങ്ങളും നടത്തുകയും ചെയ്തു. അതിനുമുണ്ട് സാരമായ കാലപ്പഴക്കം.

ക്രൈസ്തവമതത്തിലെ കാര്യം നോക്കാം. ഹൗവയെ വിലക്കപ്പെട്ട കനി തിന്നാന്‍ പ്രേരിപ്പിച്ചത് സര്‍പ്പമാണെന്ന് അവര്‍ ആരോപിക്കുന്നു. അതുകൊണ്ടാണത്രെ ലോകത്തില്‍ പല കുഴപ്പങ്ങളും സംഭവിച്ചത്. അത് ആശ്രയിച്ചിരിക്കുന്നത് ഏതു വശത്തുനിന്നാണ് നിങ്ങള്‍ നോക്കുന്നത് എന്നതിനെ അനുസരിച്ചായിരിക്കാം. ജ്ഞാനത്തിന്‍റെ കനി തിന്നാന്‍ സര്‍പ്പം ഹൗവായെ പ്രേരിപ്പിച്ചു. അതുതന്നെയാണ് നിങ്ങള്‍ നിങ്ങളുടെ കുട്ടികളേയും പ്രേരിപ്പിച്ചുകൊണ്ടിരിക്കുന്നത്. അവരെ നിര്‍ബന്ധിച്ച് നിങ്ങള്‍ സ്കൂളിലേക്കയക്കുന്നു. പാമ്പും ചെയ്തത് അതുതന്നെ. അതുകൊണ്ടാണ് ലോകത്തില്‍ സൃഷ്ടി നടക്കുന്നത്. അങ്ങനെയാണല്ലൊ സൃഷ്ടിയുടെ ആരംഭം കഥയില്‍ പറഞ്ഞിട്ടുള്ളത്. അതിലെന്താണ് തെറ്റ്? മണ്ടന്‍മാരായ ഇണകളുടെ ഉള്ളിലേക്ക് സര്‍പ്പം ഇത്തിരിവെട്ടം കാണിച്ചു. അതുവരെ തങ്ങള്‍ എന്താണ് ചെയ്യേണ്ടത് എന്ന് രണ്ടുപേര്‍ക്കും ബോധമില്ലായിരുന്നു. അവര്‍ക്ക് ഒന്നിനെ കുറിച്ചും ഒരു വിവരവുമുണ്ടായിരുന്നില്ല. സര്‍പ്പം ആദാമിനും ഹൗവ്വായ്ക്കും അറിവു പകര്‍ന്നു കൊടുത്തു. അങ്ങനെയാണ് നിങ്ങളും ഞാനുമൊക്കെ ഈ ഭൂമിയില്‍ ഉണ്ടായത് എന്നാണ് കഥയില്‍ പറയുന്നത്.

വാസ്തവത്തില്‍ ഭൂമിയില്‍ ജീവജാലങ്ങളുണ്ടാവാന്‍ കാരണം പാമ്പുകളാണ്. അങ്ങനെവരുമ്പോള്‍ എങ്ങനെയാണ് നമ്മള്‍ പാമ്പിനെ കാണുക? പിശാചിന്‍റെ പ്രതിനിധിയായോ അതോ ദൈവത്തിന്‍റെ പ്രതിനിധിയയൊ? അല്പമെങ്കിലും ബോധമുള്ളവര്‍ അല്ലേങ്കില്‍ ജീവനെപ്രതി കുറച്ചെങ്കിലും ആദരവുള്ളവര്‍ സര്‍പ്പത്തെ ദൈവത്തിന്‍റെ പ്രതിനിധിയായാണ് കാണുക. ജീവന്‍ അനാവശ്യമായ എന്തോ ഒന്നാണെന്ന ചിന്ത വെച്ചു പുലര്‍ത്തുന്നവര്‍ മാത്രമേ സര്‍പ്പത്തെ ചെകുത്താന്‍റെ ദൂതനായി കാണു.
ബന്ധപ്പെട്ട പോസ്റ്റുകള്‍


Type in below box in English and press ConvertLeave a Reply

Your email address will not be published. Required fields are marked *