മുസഫര്‍ അലി : ശ്രേഷ്ടരായ മനുഷ്യരെ എങ്ങനെയാണ് നമ്മള്‍ മനസ്സിലാക്കുക? മനുഷ്യ വംശത്തെ ഒരുമിച്ചു കൊണ്ടു വരുന്നതിലും, കലാപരമായും, ഒരു മനുഷ്യനെന്ന നിലയിലും ചില ജീവിതങ്ങള്‍ വളരെ പ്രധാനപ്പെട്ടതാണ്. റൂമി, ഖുസ്‌റൊ, കബീര്‍ എന്നിവരുടെ ജീവിതങ്ങള്‍ നമ്മള്‍ എടുത്ത് ആഘോഷിക്കേണ്ടതുണ്ട് എന്നു തോനന്നുന്നു. ഒരു പക്ഷേ അത് ആന്തരികമായൊരു പ്രകാശത്തിന്‍റെ സ്രോതസ്സുമാകാം.

സദ്ഗുരു : ശ്രേഷ്ഠ ജീവിതമെന്ന് പറയുമ്പോള്‍ മറ്റുള്ളവര്‍ക്ക് മാതൃകയാക്കാവുന്ന ഒന്ന് എന്നാണല്ലൊ അര്‍ത്ഥം. എന്നാല്‍ റൂമി, കബീര്‍,മുതലായവരെ നമ്മള്‍ അനുകരിക്കുകയല്ല, ആസ്വദിക്കുകയാണ് വേണ്ടത്. പൂങ്കാവനത്തിലെ പൂക്കളാണവര്‍. പൂന്തോപ്പില്‍ ചെന്ന് പൂവാകാന്‍ നോക്കിയാല്‍ കഷ്ടപ്പെടും. പൂക്കളെക്കണ്ട് ആസ്വദിക്കുകയാവാം! ആത്മജ്ഞാനത്തിന്‍റെ അനേകം പൂക്കള്‍ ലോകത്തുടനീളം വിടര്‍ന്നത് നല്ലതു തന്നെ.

ഇന്നും മിക്ക ഗ്രാമങ്ങളിലും നഗരങ്ങളിലും അത്തരം പൂക്കള്‍ എവിടെയൊക്കെയോ ഉണ്ടാവും. നാലാള്‍ അിറയുന്നിടത്തല്ല എന്നേയുള്ളൂ. ചിലര്‍ക്ക് സാമൂഹ്യമായ അംഗീകാരം ലഭിക്കും ചിലര്‍ക്ക് ലഭിച്ചില്ലെന്നുവരും - അതൊക്കെ വെറും സാമൂഹികവും ചരിത്ര പരവുമായ വിഷയങ്ങള്‍ മാത്രം, പക്ഷേ അവരുടെ അന്വേഷണ വിഷയം -ആത്മജ്ഞാനം - ഇല്ലാതായിട്ടില്ല., ഒരിക്കലും ഇല്ലാതാവുകയും ഇല്ല. എവിടെയെങ്കിലും ഏതെങ്കിലും വിധത്തില്‍ അത് പ്രകടമാവും. കബീറിനെ ഒരു മാതൃകയാക്കുന്നതിന് പകരം കബീറിന്‍റെ ആന്തരികമായ അനുഭവങ്ങളെ കുറിച്ച് അിറയാന്‍ ശ്രമിക്കുകയാവും നല്ലത്. ആനുഭവങ്ങളാണല്ലൊ അദ്ദേഹത്തെ ആനന്ദ പ്രവാഹത്തിന്‍റെ ഒരു ഉറവയാക്കി മാറ്റിയത്.

ബാഹ്യമായ കഴിവുകളുടെ കാര്യമെടുത്താല്‍, നമ്മളൊക്കെ തന്നെ വ്യത്യസ്തമായ കഴിവുകള്‍ക്ക് ഉടമകളാണ്. നിങ്ങള്‍ക്ക് ചെയ്യാന്‍ സാധിക്കുന്നത്, എനിക്കു സാധിക്കില്ല. ഞാന്‍ ചെയ്യുന്നത് നിങ്ങള്‍ക്കും. എന്നാല്‍ ആന്തരികമായ സാധ്യതകളുടെ കാര്യത്തില്‍ നമ്മളൊക്കെ തുല്യരാണ്. പിന്നെന്തു കൊണ്ടാണ് ആത്മജ്ഞാനം ഒരാളില്‍ ഉണര്‍ന്നത്, മറ്റെയാളില്‍ ഉണരാത്തത് എന്നൊക്കെ ചോദിച്ചാല്‍, അതില്‍ ഒരാള്‍ മാത്രമാണ് ആ സാധ്യതയിലേക്ക് നന്നായി ശ്രദ്ധ ചെലുത്തിയത് എന്നു തന്നെയാണ് ഉത്തരം.

കൃഷ്ണന്‍, ആദിയോഗി ശിവന്‍, കബീര്‍, റൂമി, ഇവരൊക്കെ എന്തായിരുന്നോ, നമ്മളും അതിന് ക്ഷമതയുള്ളവരാണ്. പക്ഷേ അവര്‍ എഴുതിയ അതേ കവിത, നൃത്തം, ഗണിതം എന്നിവ കാഴ്ചവെക്കാന്‍ നമുക്കാവുമോ? ഒരു പക്ഷേ ആവില്ല. എന്നാല്‍ അവര്‍ക്കൊക്കെ ഉണ്ടായ ആന്തരികാനുഭവങ്ങള്‍ നമുക്കും സ്വായത്തമാക്കാവുന്നതാണ്. ആ അനുഭവം കബീറിലേക്ക് ഒഴുകിയപ്പോള്‍, അന്ന് അദ്ധേഹം ജീവിച്ചിരുന്ന സാമൂഹ്യ ജീവിതാന്തരീക്ഷത്തിനെ ആശ്രയിച്ചുള്ള കവിതകളായി മാറി. അതേ അനുഭവം, ഇന്ന് മറ്റൊരാളില്‍ സംഭവിച്ചാല്‍ അവര്‍ ചിലപ്പോള്‍ പുതുമയാര്‍ന്ന മറ്റെന്തെങ്കിലുമാവും പ്രകടമാക്കുക.

അത് കവിത തന്നെയാവണമെന്നില്ല. കവിതയും, നൃത്തവും, സംഗീതവും, ഗണിതവുമൊക്കെയായി പ്രകടമാവുന്ന ആന്തരികാനുഭവങ്ങളാണ് അവര്‍ അതിന്‍റെ ഫലമായി നടത്തിയ ആവിഷ്കരണങ്ങളെക്കാള്‍ പ്രധാനം. പലരിലും അത് പല വിധത്തില്‍ പ്രകടമാവുന്നൂ എന്നേയുള്ളൂ, ചിലപ്പോള്‍ നല്ലതു വല്ലതും കണ്ടാല്‍ അതൊരു ചലച്ചിത്രമാക്കണമെന്നു തോന്നും. അതേ ദൃശ്യം കാണുന്നത് ഞാനാണെങ്കില്‍, മറ്റുള്ളവര്‍ക്കു കൂടി അത് അനുഭവവേദ്യമാക്കുന്ന ഒരു സാധനാ ക്രമം എങ്ങനെ രൂപീകരിക്കാം എന്നാവും ആലോചിക്കുക.

അതുകൊണ്ട്, ക്രിയാത്മക ഊര്‍ജ്ജം മനുഷ്യരിലൂടെ പ്രകമാകുന്ന വിധം വ്യത്യസ്തമായിരിക്കും, ആ വ്യത്യാസം തന്നെയാണ് അതിന്‍റെ സൗന്ദര്യവും. എന്നാല്‍ ആ പ്രകടനത്തിനായി ആന്തരികതയില്‍ സംഭവിക്കുന്ന അനുഭവങ്ങളെ അറിയാന്‍ എല്ലാവരും അര്‍ഹരാണ്. അതിനാവശ്യമായ ശ്രദ്ധയും നിഷ്ഠയും നല്‍കാത്തതിനാലാണ് അത് സംഭവിക്കാത്തത്. ഓരോ തലമുറയ്ക്കും അത് അനുഭവിച്ചറിയാനുളള നിരന്തരമായ പരിശ്രമങ്ങള്‍ ആവശ്യമാണ്. ഇന്നലെകളിലെ കഥകളില്‍ മാത്രം മയങ്ങിക്കിടക്കാതെ പ്രായോഗികമായ പരിശ്രമങ്ങള്‍ തന്നെ വേണം. തീര്‍ച്ചയായും വിടപറഞ്ഞ മിസ്റ്റിക്കുകളെ നമ്മള്‍ പ്രണമിക്കുകയും അവരുടെ ജീവിതത്തെ ആഘോഷിക്കുകയും വേണം. എന്നാല്‍ അതൊക്കെയും, നമുക്കും അത് സാധ്യമാണെന്ന ഓര്‍മ്മപ്പെടുത്തലുകള്‍ മാത്രമാണ്.

അവര്‍ അനുഭവതലത്തില്‍ സാക്ഷാത്കരിച്ചത്, നമുക്കിവിടെ അനുഭവിച്ചറിയാന്‍ സാധ്യമല്ലെങ്കില്‍ അത് അപ്രസക്തവും അതിവേഗം വിസ്മരിക്കപ്പെടുന്നതുമാകും. അതു കൊണ്ടു തന്നെ നിലനില്‍ക്കുവാനായി, ഓരോ തലമുറയിലും ആന്തരികമായ അനുഭവ ജ്ഞാനമുള്ള ഒരായിരം പേരെങ്കിലും ഉണ്ടാവണം. എങ്കിലേ ആ പാരമ്പര്യം സജീവമായി നിലനില്‍ക്കൂ. ആത്മ സാക്ഷാത്ക്കാരത്തിന്‍റെ ആ അനുഭവത്തെ ജനങ്ങളിലെത്തിക്കുവാനായി, കേവലം എഴുതപ്പെട്ടതും പറയപ്പെട്ടതുമായ മഹത് ചരിതങ്ങളുടെ ആവര്‍ത്തനം മാത്രം മതിയാവില്ല. ആ വഴിയ്ക്കുള്ള സാധനാ നിഷ്ഠയിലൂടെ അവര്‍ അറിഞ്ഞ ആത്മസത്തയിലേക്കുള്ള അന്വേഷണമാണ് വേണ്ടത്. അല്ലാതെ അക്ഷരങ്ങളിലുള്ള അന്വേഷണമല്ല.

മുസഫര്‍ അലി : മിസ്റ്റിക്കുകളുടെ കവിതകള്‍ ആഘോഷിക്കാന്‍ വേണ്ടി എന്‍റെ ജീവിതം തന്നെ മാറ്റി വയ്ക്കാന്‍ നിശ്ചയിച്ചിരിക്കുകയാണ് ഞാന്‍. ഇവരിലെല്ലാം പൊതുവായി ഞാന്‍ കാണുന്നത് ആന്തരികമായ ജ്വലനമാണ്. ആളുകളുടെ ഹൃദയത്തില്‍ പ്രവേശിക്കാവും വിധം പരിശുദ്ധമായ കവിതകളാണ് എന്‍റെ അന്വേഷണവിഷയം. പക്ഷേ അങ്ങനെ ഉള്ളതൊന്നും കാണുന്നില്ല. ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ആന്തരികമായ ആ കവിത അണഞ്ഞിരിക്കുന്നു., അതുകൊണ്ടു തന്നെ അവരുടെ ഹൃദയത്തില്‍ പ്രവേശിക്കാവുന്ന തരം കവിതകള്‍ രചിക്കാന്‍ മിസ്റ്റിക്കുകള്‍ക്കും സാധിക്കുന്നില്ല. സാമൂഹ്യ ശോഷണത്തിന്‍റെ ഗുരുതരമായൊരു ലക്ഷണമാണത്. ഒരു പക്ഷേ താങ്കളുടെ ആത്മീയ വിവേകത്തിലൂടെ അതിനെ സംബോധന ചെയ്യാന്‍ സാധിച്ചേക്കും! സമൂഹത്തിന്‍റെ പോക്ക് അത്രയ്ക്ക് അപകടകരമായ തരത്തിലാണ്.. കവിതകള്‍ എന്നെ സംബന്ധിച്ച് ദിവ്യമായൊരു കലയാണ്, കലകളുടെ മാതാവാണത്. ലോകവും സമൂഹവും പ്രതിഫലിക്കുന്ന കല. കവിതയെ വിലയ്ക്ക് വാങ്ങാനാവില്ല. ആന്തരികമായ ജ്വലനത്തില്‍ നിന്നുത്ഭവിക്കണം അത്. കവിത നമ്മെ വാസ്തു കലയിലേക്കും കരകൗശല വിദ്യകളിലേക്കും സംഗിതത്തിലേക്കും, നൃത്തത്തിലേക്കും മറ്റനേകം വിഷയങ്ങളിലേക്കും നയിക്കുന്നു. പക്ഷേ ആന്തരികമായ ജ്വലനമില്ലെങ്കില്‍ നൃത്തം നൃത്തമാവില്ല. സംഗീതം സംഗീതമല്ലാതാവുന്നു.

സദ്ഗുരു : ഗദ്യത്തെ അപേക്ഷിച്ച് പദ്യങ്ങള്‍, കവിതകള്‍ പ്രസക്തമാവുന്നത് എന്തുകൊണ്ടെന്നറിയാമോ ? കാരണം മനുഷ്യാനുഭവങ്ങളുടെ നല്ലൊരു പങ്കും യുക്തിപരമായ വിശദീകരണങ്ങളില്‍ ഉള്‍ക്കൊള്ളിക്കാനാവില്ല. സ്‌കൂള്‍ കോളേജ്, തലങ്ങളില്‍ പഠിക്കുമ്പോള്‍ ഒരു തവളയെ കീറി മുറിച്ച്, ഹൃദയം പരിശോധിച്ചാല്‍ ഗദ്യരൂപത്തില്‍ നിങ്ങള്‍ക്ക് അതിനെക്കുറിച്ച് ഒരു തീസീസ് എഴുതാം. നേരെ മറിച്ച് ഒരാള്‍ നിങ്ങളുടെ ഹൃദയം കവര്‍ന്നെന്ന് വിചാരിക്കുക. അതിനെക്കുറിച്ചൊരു ഗദ്യം എഴുതിയാല്‍ 'അറു ബോറനായിരിക്കും' സാധനം. കാരണം പ്രേമമെന്നത് യുക്തിക്ക് വഴങ്ങുന്ന കാര്യമല്ല. യുക്തിക്ക് അതീതമായ അനുഭവതലങ്ങളെ സ്പര്‍ശിക്കുന്നവര്‍ക്ക് കവിതയുടെ മാര്‍ഗ്ഗത്തിലേക്കു തന്നെ മടങ്ങാതെ വയ്യ അതീന്ദ്രിയാനുഭവങ്ങളെ പ്രകടിപ്പിക്കാന്‍ അതു മാത്രമാണൊരു വഴി.

കവിതയിലൂടെ മാത്രമേ പ്രണയം അര്‍ത്ഥവത്തായി പൂവണിയുകയുള്ളൂ. ഇന്ദ്രിയാതീതമായ വിഷയങ്ങള്‍ക്ക് കാവ്യഭാഷയിലൂടെ സ്വയം പ്രതിഫലിക്കാനാവുന്നു. എല്ലാ മിസ്റ്റിക്കുകളും ഒരു ഘട്ടമെത്തുമ്പോള്‍ കാവ്യരചനയിലേക്ക് തിരിയുന്നുണ്ട്. അല്ലാതെ ഗദ്യമെങ്ങനെ എഴുതാന്‍? കവിത മിസ്റ്റിക്കുകള്‍ക്ക് ഒരു ആര്‍ഭാടമല്ല. അനിവാര്യതയാണ്! അതല്ലാതെ ആന്തരികാനുഭവങ്ങളെ അക്ഷരങ്ങളിലേക്കു പകര്‍ത്താന്‍ മറ്റു മാര്‍ഗ്ഗമില്ല.

മുസഫര്‍ അലി : കവിത ആന്തരികസത്തയുടേയും സത്താണ്. മനുഷ്യ ഹൃദയങ്ങളിലേക്ക് അനായാസേന പ്രവഹിക്കുവാനുള്ളൊരു താളം അതിനുണ്ട്. ഏതൊന്നിലേക്കും പ്രവേശിക്കുവാന്‍ ഒരു താളമില്ലാതെ പറ്റില്ല. സദ്ഗുരു : കവിതയുള്ളതുകൊണ്ടല്ല മനുഷ്യനില്‍ താളം വരുന്നത്. നമ്മളില്‍ ഒരു താളലയം ഉളളതുകൊണ്ടാണ് കവിതകളും സംഗീതവുമെല്ലാം ഒരു താളലയ വിന്യാസത്തില്‍ നമ്മളില്‍ ഉണരുന്നത്.