सद्गुरु

കര്‍മം, ജ്ഞാനം, ഭക്തി, ക്രിയ, നാലും ശരിയായ സങ്കലനത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ മാത്രമേ മനസ്സിനുള്ളിലെ മാറ്റങ്ങള്‍ സംഭവിക്കു. ഒരു ഗുരുവിനു മാത്രമേ ഒരു മനുഷ്യന്‌ ഏതു രീതിയിലുള്ള യോഗ പരിശീലനമാണു വേണ്ടത്‌ എന്ന്‍ ഉപദേശിക്കാന്‍ കഴിയുകയുള്ളു.

ഒരു മനുഷ്യന്‌ ഒരു ഗുരുവിന്‍റെ ആവശ്യമെന്താണ്?

സദ്‌ഗുരു: “ഓരോ മനുഷ്യനും സ്വയം കഴിവുകള്‍ കണ്ടെത്തണമെങ്കില്‍ അതിന്‌ നാലു വഴികള്‍ ഉണ്ട്‌. ശരീരം മൂലം ലക്ഷ്യം കണ്ടെത്താന്‍ ശ്രമിക്കുന്നതിന്‌ കര്‍മ്മയോഗ എന്നു പറയുന്നു, ബുദ്ധി ഉപയോഗിച്ച്‌ ലക്ഷ്യത്തിലെത്താന്‍ ശ്രമിക്കുന്നതിന്‌ ജ്ഞാനയോഗ എന്നു പറയുന്നു, ഭക്തി മാര്‍ഗത്തിലൂടെയാണെങ്കില്‍ അതിന്‌ ഭക്തിയോഗ എന്നും, ജീവശക്തി ഉപയോഗപ്പെടുത്തി ദൈവസങ്കല്‍പത്തോടടുക്കുവാന്‍ ശ്രമിക്കുന്നതിന്‌ ക്രിയായോഗ എന്നും പറയുന്നു. ഇവ നാലും ചേര്‍ന്ന ഒരു രൂപമാണ് മനുഷ്യന്‍. പക്ഷേ ആ നാലും സമമായ സങ്കലനത്തിലാണെങ്കില്‍ മാത്രമേ മനുഷ്യന്‍റെയുള്ളില്‍ അത്ഭുതങ്ങള്‍ സംഭവിക്കുകയുള്ളു, അവനു പരമാനന്ദം അനുഭവപ്പെടാന്‍ കഴിയുകയുള്ളു.

ഇവ നാലും ചേര്‍ന്ന ഒരു രൂപമാണ് മനുഷ്യന്‍. പക്ഷേ ആ നാലും സമമായ സങ്കലനത്തിലാണെങ്കില്‍ മാത്രമേ അവനു പരമാനന്ദം അനുഭവപ്പെടാന്‍ കഴിയുകയുള്ളു

യോഗയുടെ പാരമ്പര്യത്തില്‍ ഒരു നല്ല കഥയുണ്ട്‌. ഒരിക്കല്‍ ഒരു ജ്ഞാനയോഗിയും, ഭക്തിയോഗിയും, കര്‍മയോഗിയും ക്രിയായോഗിയും ഒന്നിച്ച്‌ വനത്തിലൂടെ നടന്നു പോവുകയായിരുന്നു. ഇവര്‍ ഒന്നിച്ചു ചേരുക എന്നതു തന്നെ വലിയ കാര്യമാണ്‌. കാരണം എന്താണെന്നാല്‍ ജ്ഞാനയോഗി ബൌദ്ധികമായ യോഗയില്‍ വിശ്വസിക്കുന്നതിനാല്‍ മറ്റുള്ള യോഗ രീതികളെ അംഗീകരിക്കുകയില്ല. തര്‍ക്കശാസ്‌ത്ര അറിവുള്ള ഒരു മനുഷ്യന്‍ ചിന്തയിലൂടെ മാത്രം ജീവിക്കുന്ന മറ്റൊരു മനുഷ്യനെ ബഹുമാനിക്കാറില്ല. ഒരു ഭക്തിയോഗിയാണെങ്കിലോ പൂര്‍ണമായും സ്‌നേഹവും വികാരങ്ങളും നിറഞ്ഞ മനുഷ്യനാണ്‌. അദ്ദേഹത്തിന്‌ മറ്റു മൂന്നു യോഗ രീതികളും വെറും കാലവ്യയം മാത്രമാണ്‌. ഈശ്വരനെ ഭജിച്ചു കൊണ്ടിരുന്നാല്‍ മാത്രം മതി അത്ഭുതങ്ങള്‍ സംഭവിക്കും എന്നാണ് ഭക്തിയോഗികള്‍ പറയുന്നത്‌. `ഈ പ്രപഞ്ചത്തില്‍ അലസന്മാരാണ്‌ കൂടുതലും. അവര്‍ക്ക്‌ തത്വജ്ഞാനം ഉണ്ട്‌. പക്ഷേ അവര്‍ പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവരല്ല” എന്നാണ് കര്‍മയോഗികള്‍ അഭിപ്രായപ്പെടുന്നത്‌, ക്രിയായോഗിയാണെങ്കിലോ മറ്റെല്ലാ യോഗ രീതികളെയും പരിഹസിക്കുന്നു. ക്രിയായോഗിക്ക് ‘മനുഷ്യന് അവന്റെ ശക്തിനിലയെ മുന്നോട്ടു കൊണ്ടുപോകാനായില്ലെങ്കില്‍ ദൈവത്തിനോ അല്ലെങ്കില്‍ വേറെതെങ്കിലും ഒരു ശക്തിക്കോ അവനെ സഹായിക്കാനാകുകയില്ല.' എന്ന അഭിപ്രായമാണ്‌. അതുകൊണ്ട്‌ മേല്‍പ്പറഞ്ഞ നാലുപേരും യോജിച്ചു നില്‍ക്കുന്നത്‌ അസാദ്ധ്യമാണ്‌. പക്ഷേ അന്ന്‍ അത്‌ സാധ്യമായി.

അങ്ങനെ അവര്‍ നടന്നു പോയപ്പോള്‍ മഴ പെയ്യാന്‍ തുടങ്ങി. മഴയില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടി അവര്‍ കാനനമദ്ധ്യേ കണ്ട ചെറിയ അമ്പലം പോലെയുള്ള ഒരു സ്ഥലത്ത്‌ ചെന്നു നിന്നു. അവിടെ മുകള്‍വശത്ത്‌ ചെറിയ ഒരു മേല്‍ക്കൂരയും താഴെ മദ്ധ്യഭാഗത്തായി ഒരു ലിംഗവുമുണ്ടായിരുന്നു. നാലുപേരും ലിംഗത്തിനു ചുറ്റുമായി നിന്നു. കൊടുങ്കാറ്റും അടപിടി മഴയും, അമ്പലത്തോടു ചേര്‍ന്നുള്ള പുഴയില്‍ വെള്ളം ആര്‍ത്തലച്ചൊഴുകുന്നു. വെള്ളം പൊങ്ങി അല്‍പ സമയത്തിനകം അവരുടെ കാല്‍മുട്ടോളം ഉയരത്തില്‍ എത്തി. നാലുപേരും ഒന്നിച്ച്‌ ലിംഗത്തെ കെട്ടിപ്പിടിച്ചു നിന്നു. പെട്ടെന്ന്‍ അവര്‍ക്ക്‌ അസാധാരണമായ ഒരു അനുഭവം ഉണ്ടായി. വര്‍ഷങ്ങളോളം യോഗമാര്‍ഗത്തില്‍ സഞ്ചരിച്ചപ്പോള്‍ ലഭിക്കാത്ത അമിതമായ ആനന്ദം ആ ഒരു നിമിഷത്തില്‍ അവര്‍ക്കു കൈവന്നതായി തോന്നി. അവരെ കൂടാതെ വേറൊന്നിന്‍റെ സാന്നിദ്ധ്യം അവിടെ ഉള്ളതായി അവര്‍ക്കു നാലുപേര്‍ക്കും ഒരുപോലെ തോന്നി.

അവരുടെ കണ്‍മുന്നില്‍ തെളിഞ്ഞു വന്നു, പ്രകാശപൂരിതമായ ആ രൂപം! നിമിഷങ്ങള്‍ക്കകം അതു സാക്ഷാല്‍ ഈശ്വരന്‍ തന്നെയാണെന്ന വസ്തുത അവര്‍ തിരിച്ചറിഞ്ഞു. `ഈശ്വരാ! ഇതെങ്ങനെ സാധ്യമായി?” എന്നവര്‍ നാലുപേരും ഒന്നിച്ച്‌ ഒരേ ശബ്‌ദത്തില്‍ ചോദിച്ചു. മഹാദേവന്‍ പുഞ്ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു, “നിങ്ങള്‍ നാലുപേരും ഒന്നിച്ചു ചേരണമെന്ന്‍ ഏറെ നാളായി ഞാന്‍ ആഗ്രഹിച്ചിരുന്നു. ഇന്ന്‍ അങ്ങനെ സംഭവിച്ചതു കൊണ്ട്‌ ഞാനിവിടെ പ്രത്യക്ഷപ്പെട്ടു.”

ഓരോ മനുഷ്യനും ഓരോ യോഗ രീതിയാണ്‌ ആവശ്യമായി വരിക. ഏതു യോഗരീതിയാണ്‌ വേണ്ടത്‌ എന്നു മനസ്സിലാക്കി കൊടുക്കാന്‍ - ഗുരുവിന്‍റെ ആവശ്യം ഇവിടെയാണു പ്രസക്തമാകുന്നത്‌

ഈ കഥയില്‍ നിന്നുള്ള പാഠം എന്താണെന്നാല്‍ കര്‍മം, ജ്ഞാനം, ഭക്തി, ക്രിയ തുടങ്ങിയവ ശരിയായ സങ്കലനത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ മാത്രമേ മനസ്സിനുള്ളിലെ മാറ്റങ്ങള്‍ സംഭവിക്കുകയുള്ളു. ഒരു മനുഷ്യന്‍ എന്നത്‌ എന്താണ്, ശിരസ്സാണോ, മനസ്സാണോ, വികാരങ്ങളാണോ ശക്തിയാണോ അതോ എല്ലാം ഒന്നിച്ചു ചേര്‍ന്നതോ?

ഇത് നാലും ചേര്‍ന്ന ഒന്നാണ്‌ മനുഷ്യന്‍. ഒരാള്‍ടെ ഹൃദയം ബലവത്തായതായിരിക്കും, മറ്റൊരാള്‍ക്ക്‌ മനസ്സ്‌ ശക്തിയുള്ളതായിരിക്കും, ചിലറെ സംബന്ധിച്ചടത്തോളം അവരുടെ ബലം അവരുടെ കൈകാലുകളാണ്, ഇനിയും ചിലര്‍ക്ക്‌ അവരുടെ ശക്തിനില. അതുകൊണ്ട്‌ ഓരോ മനുഷ്യനും ഓരോ യോഗ രീതിയാണ്‌ ആവശ്യമായി വരിക. ഏതു യോഗരീതിയാണ്‌ വേണ്ടത്‌ എന്നു മനസ്സിലാക്കി കൊടുക്കാന്‍ ഗുരുതുല്യനായ ഒരു യോഗിയുടെ ആവശ്യമുണ്ട്. ഗുരുവിന്‍റെ ആവശ്യം ഇവിടെയാണു പ്രസക്തമാകുന്നത്‌. ഒരു ഗുരുവിനു മാത്രമേ ഒരു വ്യക്തിക്ക് ഏതു രീതിയിലുള്ള യോഗ പരിശീലനമാണു വേണ്ടത്‌ എന്ന്‍ ഉപദേശിക്കാന്‍ കഴിയു.