सद्गुरु

മഴയെന്ന ആനന്ദകരമായ അനുഭവത്തെക്കുറിച്ച് സദ്ഗുരു നമ്മോടു പങ്കുവെക്കുന്നു.

മഴപെയ്യാന്‍ തുടങ്ങുമ്പോഴേക്കും എല്ലാവരും തിടുക്കത്തില്‍ അകത്തേക്കോടും. അതെന്തിനാണെന്ന് എനിക്കിതുവരെ മനസ്സിലായിട്ടില്ല. ആളുകളെ സൃഷ്ടിച്ചിരിക്കുന്നത് ഉപ്പുകൊണ്ടാണൊ, അതോ പഞ്ചാസാരകൊണ്ടൊ? മഴ കൊണ്ടാല്‍ അവര്‍ ആകെ അലിഞ്ഞുപൊകുമൊ? പ്രത്യേകിച്ചൊരു പരിപാടിയില്‍ പങ്കെടുക്കുകയൊ,പൊതുസ്ഥലത്ത് നില്‍ക്കുകയൊ ആണെങ്കില്‍ ഞാനും കുറച്ചൊന്ന് ഓടിപ്പോകാറുണ്ട്, കാരണം നനഞ്ഞു കുതിര്‍ന്നു നില്‍ക്കാന്‍ എനിക്കിഷ്ടമില്ല. കുട്ടിയായിരുന്നപ്പോള്‍ ഓര്‍മ്മയുണ്ട് – മഴ തുടങ്ങുമ്പോഴേക്കും മുതിര്‍ന്നവര്‍ ഒച്ചയിടും. "ഓടിക്കോ....ഓടിക്കോ.” തീ പിടിച്ച മട്ടിലാണ് അവര്‍ ഒച്ചവെക്കുക. വിശാലമായ ഒരു വളപ്പിനു നടുവിലായിരുന്നു ഞങ്ങളുടെ വീട്. മൈസൂറിലെ മഴക്കാലം ജലസമൃദ്ധമാണ്. കോരിച്ചൊരിയുന്ന മഴ. എന്നാലും ഞാന്‍ ആ മഴയത്തുതന്നെ നില്‍ക്കും,

വേനലിന്‍റെ അവസാനം ആദ്യമായി പെയ്യുന്ന മഴ, എന്നെ സംബന്ധിച്ചിടത്തോളം വളരെ ആനന്ദദായകമായിരുന്നു. മഴത്തുള്ളികള്‍ ദേഹത്തില്‍ വീണു ചിതറുമ്പോള്‍ ഞാന്‍ സന്തോഷത്തോടെ ആര്‍ത്തു വിളിക്കും. അതിനുശേഷം ജീവിതത്തില്‍ പ്ര്യേകമായൊരനുഭവം ഉണ്ടായതിനുശേഷം എന്‍റെ ആ ആനന്ദത്തിന് ആഴം കൂടി. മുമ്പും എനിക്ക് മഴ ഇഷ്ടമായിരുന്നു. പറഞ്ഞറിയിക്കാനാവാത്ത രീതിയില്‍ അതെന്നെ സന്തോഷഭരിതനാക്കിയിരുന്നു. കുറെ കഴിഞ്ഞപ്പോള്‍ മഴ നനഞ്ഞു നില്‍ക്കുക വലിയൊരാനന്ദാനുഭൂതിയായി. ഞങ്ങളുടെ വീട്ടില്‍ ഒരു നടുമുറ്റമുണ്ട്. അതുകൊണ്ട് പുറത്തിറങ്ങാതെതന്നെ മഴയില്‍ അടിമുടി കുതിര്‍ന്നു നില്‍ക്കാന്‍ എനിക്ക് സൗകര്യമുണ്ടായിരുന്നു.
നിങ്ങളുടെ ശരീരത്തിലെ 72% വും ജലമാണ് ഒരു നിലക്കു നോക്കിയാല്‍ ഓരോരുത്തരും ഓരോ വെള്ളക്കുപ്പിയാണ്. ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ ജലാശയം അവനവന്‍റെ ശരീരം തന്നെയാണ്. ഈ ആശയം സ്വയം ജലമയമാണ് തിരിച്ചറിയാറായാല്‍ നിങ്ങള്‍ ജീവിതത്തില്‍ ഏറ്റവും ആസ്വദിക്കുക മഴയെയായിരിക്കും. പ്രകൃതിയുമായി മഴ നിങ്ങളെ അടുപ്പിച്ചു നിര്‍ത്തും. "ഞാന്‍ തന്നെയാണല്ലോ എന്‍റെ മേല്‍ മഴയായി പെയ്യുന്നത്" എന്ന തോന്നലുളവാകും. മഴയെ തന്നില്‍നിന്ന് അന്യമായൊന്നായി കാണുകയില്ല. എന്നെ സംബന്ധിച്ചിടത്തോളം മഴ ശക്തമായ ഒരു അദ്ധ്യാത്മിക അനുഭവമാണ്. അതെപ്പോഴും അങ്ങനെത്തന്നെയായിരുന്നു മഴയില്‍ ആകെ കുതിര്‍ന്നു നില്‍ക്കുമ്പോള്‍ തോന്നും, താനും ഈ പ്രകൃതിയും ഒന്നുതന്നെയാണെന്ന്. പഞ്ചഭൂതങ്ങളുടെയും സാന്നിദ്ധ്യം മനസ്സു തൊട്ടറിയുന്നു.
ഈശ വിദ്യാലയം ആരംഭിച്ചകാലം അത് മഴക്കാലമായിരുന്നു. വലിയ കാറ്റും പേമാരിയും, അതില്‍നിന്നും കുട്ടികളെ എങ്ങനെ രക്ഷിക്കും എന്നായിരുന്നു അദ്ധ്യാപകരുടെ ഉത്കണ്ഠ. "കുട്ടികളേയും കൊണ്ട് അരുവിക്കരയിലേക്കു പൊകൂ” ഞാന്‍ പറഞ്ഞു, “അവിടെനിന്നു മഴ നനഞ്ഞ് ശരിയായ അനുഭവം അവര്‍ ഉള്‍ക്കൊള്ളട്ടെ. മഴ എന്താണെന്നറിയട്ടെ.”


എന്നെ സംബന്ധിച്ചിടത്തോളം മഴ ശക്തമായ ഒരു അദ്ധ്യാത്മിക അനുഭവമാണ്. അതെപ്പോഴും അങ്ങനെത്തന്നെയായിരുന്നു മഴയില്‍ ആകെ കുതിര്‍ന്നു നില്‍ക്കുമ്പോള്‍ തോന്നും, താനും ഈ പ്രകൃതിയും ഒന്നുതന്നെയാണെന്ന്. പഞ്ചഭൂതങ്ങളുടെയും സാന്നിദ്ധ്യം മനസ്സു തൊട്ടറിയുന്നു.

മഴയില്‍ ആകെ നനയുമ്പോഴേ മഴയുടെ സുഖമറിയാനാവൂ. അകത്ത് നനയാതിരുന്ന് കാണുന്ന മഴയല്ല അത്. ക്ഷേത്രങ്ങളില്‍ പ്രവേശിക്കും മുമ്പേ കുളത്തില്‍ മുങ്ങിക്കുളിക്കണം – ഭാരതത്തില്‍ പണ്ടേ പതിവുള്ള ഒരാചാരമാണിത്. ക്ഷേത്രക്കുളങ്ങള്‍ പലതും ഇന്ന് നാമാവശേഷമായിരിക്കുന്നു. ദൈവീകതയെ അറിയാനും ഉള്‍ക്കൊള്ളാനും നനഞ്ഞ ഉടലിന് (ശരീരത്തിന്‌) കൂടുതലായൊരു ശക്തിയുണ്ട്. അതില്‍നിന്നാവണം ഈ ആചാരം പ്രചാരത്തില്‍ വന്നത്. അതിനാണ് ക്ഷേത്രങ്ങള്‍ക്കു സമീപം തീര്‍ത്ഥക്കുളങ്ങള്‍ നിര്‍മിച്ചിട്ടുള്ളത്. ഒരു പ്രത്യേക ശക്തിയും ചൈതന്യവും അങ്ങനെയുള്ള കുളങ്ങളിലെ വെള്ളത്തിനുണ്ട്.

ധ്യാനലിംഗം പരിശുദ്ധമായൊരു സ്ഥാനമാണ്. അത് വായുവാണ്. വളരെ സൂക്ഷ്മമായി മാത്രമേ അതിനെ അറിയാനാവു. സാധാരണ ജനങ്ങള്‍ക്ക് മനസ്സിലാക്കാന്‍ വെള്ളമാണ് എളുപ്പം. പലര്‍ക്കും ധ്യാനലിംഗം തീവ്രമായ ഒരനുഭൂതിയാണ്. മറ്റുള്ളവര്‍ അതിന്‍റെ ചുറ്റുമിരുന്ന് വെറുതെ നോക്കുന്നു, എന്താണ് സംഭവിക്കുന്നതെന്ന് അവര്‍ അറിയുന്നില്ല. ആ അനുഭവം വേണ്ട രീതിയില്‍ ഉള്‍ക്കൊള്ളാനും അവര്‍ക്ക് കഴിയുന്നില്ല. അതുകൊണ്ടാണ് ഞങ്ങള്‍ തീര്‍ത്ഥക്കുളങ്ങളും പണികഴിപ്പിച്ചത്. ആദ്യം ജലം എന്ന അനുഭവം, അതിനുശേഷം വായു എന്ന അനുഭവം. ധ്യാനലിംഗത്തിനു മുമ്പായുള്ള ഒരു മുന്നൊരുക്കമായാണ് ഞങ്ങള്‍ തീര്‍ത്ഥക്കുളം വിഭാവനം ചെയ്തത്. എന്നാല്‍ ഇപ്പോഴത്തെ സ്ഥിതി ജനങ്ങള്‍ക്കു പ്രിയം ജലത്തോടാണ്, രണ്ടാംസ്ഥാനമേ ധ്യാനലിംഗത്തിനുള്ളൂ.

മഴക്കാലം ആകാവുന്നിടത്തോളം പ്രയോജനപ്പടുത്തു. പ്രകൃതിയില്‍ പഞ്ചഭൂതങ്ങളുമായി ബന്ധം സ്ഥാപിക്കു. അവയുടെ മായാജാലം അനുഭവിച്ചറിയൂ. ഭൗതീകമായ ഈ നിലനില്‍പിന് അപ്പുറത്തുള്ളതെന്താണെന്ന് നേരില്‍ മനസ്സിലാക്കൂ. ആ അതിര്‍വരമ്പുകള്‍ കടക്കാന്‍ ശ്രമിക്കൂ. ശരീരവാസനകളെ പിന്‍തള്ളി മുന്നോട്ടു പോകാനുള്ള ഒരവസരമാണിത്. പ്രപഞ്ചത്തിന്‍റെ ആലിംഗനത്തിലമരൂ. ആദിമ സൃഷ്ടി ചൈത്യന്യത്തിന്‍റെ സ്നേഹ വാത്സല്യങ്ങള്‍ നുകരൂ. കോരിച്ചൊരിയുന്ന മഴയില്‍ സ്വയം അലിഞ്ഞുചേരുമ്പോഴത്തെ ആനന്ദനിര്‍വൃതി ആസ്വദിക്കൂ.
"മഴ മതി, ഇനി വേണ്ട" എന്ന് ഒരിക്കലും പറയരുത്.

വര്‍ഷം

 

ചുവന്ന മണ്ണും ചൊരിയുന്ന മഴയും
രണ്ടു കമിതാക്കളെ പോലെ തമ്മില്‍ ചേരുന്നു
വികാരത്തിന്‍റെ ഉډന്ന ജ്വാലകള്‍ പുകയായ് തീരുന്നു
മനസ്സില്‍ ഒരേയൊരു വിചാരം, ഞാന്‍ ഇല്ലാതാവണം
അവനെ അറിഞ്ഞ് അവനില്‍ ഒന്നായി ചേരണം
സ്വയം ഇല്ലാതായി അപരനായി അര്‍പ്പിക്കപ്പെടാനുള്ള ഈ ദാഹം
നശ്വരമായ രണ്ടു പണയ വസ്തുക്കളായി വീണ്ടും ചേര്‍ത്തുവെക്കാനായി
അനശ്വരമായ ഏതു കൈകളാണ് അവരെ പിരിച്ചു നിര്‍ത്തിയത്.
ചുകന്ന മണ്ണും ചൊരിയുന്ന മഴയും തമ്മില്‍ ചേര്‍ന്നത്
കുഴഞ്ഞ ചേറായി മാറി കിടക്കാനല്ല
ജീവികള്‍ക്കു ജീവന്‍ നല്‍കി പോഷിപ്പിക്കാന്‍ വേണ്ടിയാണ്
മണ്‍മറഞ്ഞവരെ മണ്ണിനോടു ചേര്‍ത്തു നിര്‍ത്താന്‍ വേണ്ടിയാണ്
മരമായി, പൂവായി, ഫലമായിത്തീരാന്‍ വേണ്ടിയാണ്
ആകാശവും ഭൂമിയും പരസ്പരം ചുംബിച്ച് ഇണചേരുമ്പോള്‍
ഈ ഭൂമി ജീവസമൃദ്ധമാവുന്നു.
ജീവന്‍റെ ആ നിറവാണ് ഈശ്വരന്‍ ആഘോഷമാക്കുന്നത്.
ഒരുപാടു സ്നേഹത്തോടെ....അനുഗ്രഹങ്ങളോടെ