सद्गुरु

"സാരമില്ല, എന്നെ രക്ഷപ്പെടുത്താന്‍ മൂവായിരം കിലോമീറ്റര്‍ നടക്കാന്‍ നീ തയ്യാറായല്ലോ! അതുതന്നെ വളരെ നല്ലകാര്യം. എന്നെ രക്ഷപ്പെടുത്തുക എന്നത് വിട്ടുകളയുക. എന്നാല്‍ നീ ചെയ്ത പ്രവൃത്തി മഹത്തരമാണ്. അത് തുടരുക."

അമ്പേഷി: സദ്‌ഗുരോ, അങ്ങ് ഒരു വടി പ്രയോഗിച്ചപ്പോള്‍ ഒരാള്‍ കൊടുമുടിയുടെ ഉച്ചിയിലെത്തിയ ആ അവസ്ഥയില്‍ നിന്ന് ഒരാള്‍ തിരിച്ചുവരുന്നത് ഞാന്‍ കണ്ടു. അതെന്തായിരുന്നു?

സദ്‌ഗുരു: നോക്കൂ, ഇങ്ങിനെയുള്ള ഒരു അവസ്ഥയില്‍ നിങ്ങള്‍ ഉറച്ചുപോയാല്‍, അതിന്‍റെ ആസ്വാദ്യത കാരണം അതില്‍നിന്ന് പുറത്തുവന്ന് ഉയര്‍ന്ന തലങ്ങളിലെത്തിച്ചേരാന്‍ വര്‍ഷങ്ങളെടുക്കും. അത് ആസ്വാദ്യകരം മാത്രമല്ല, ശക്തവുമാണ്. ഇന്നലെ ഞാന്‍ അയാളെ തിരിച്ചു കൊണ്ടുവന്നില്ലായിരുന്നെങ്കില്‍ പിന്നെ അയാള്‍ സാധാരണ രീതിയിലാവാന്‍ ആഴ്ചകളോ, മാസങ്ങള്‍ തന്നെയോ വേണ്ടിവന്നേനെ. ഞാന്‍ വടി പ്രയോഗിച്ചപ്പോള്‍ത്തന്നെ അയാള്‍ സാധാരണ നിലയിലേക്ക് തിരിച്ചെത്തി. കഴിഞ്ഞ നാലുദിവസങ്ങള്‍ വെറും ഒരു മരക്കഷണം മാത്രമായ എന്‍റെ വടി എത്രമാത്രം ശക്തമാകുന്നു എന്ന് ആളുകള്‍ കണ്ടു. നിങ്ങള്‍ക്ക് ആ ഊര്‍ജം അനുഭവപ്പെട്ടു. ഒരു പ്രത്യേക രീതിയില്‍ അതിനെ ശാക്തീകരിച്ചതിനാല്‍ ഊര്‍ജത്തെ പ്രവഹിപ്പിക്കുന്നതിന് പകരം അത് ഊര്‍ജം വലിച്ചെടുക്കുയായിരുന്നു. യന്ത്രങ്ങളില്‍ വേഗത കുറയ്ക്കാന്‍ ഡാമ്പറുകള്‍ ഉപയോഗിക്കുന്നത് പോലെയാണത്. ധ്യാനലിംഗം ഇതിനെക്കാള്‍ പതിന്മടങ്ങു ശക്തിയുള്ളതാണ്. എന്നാല്‍ അത് ഊര്‍ജത്തെ പ്രസരിപ്പിക്കുകയാണ് ചെയ്യുന്നത്. ഈ വടിയുടെ ശക്തി എന്നെന്നേക്കും നിലനില്‍ക്കുകയില്ല, കാലം കഴിയുമ്പോള്‍ അതിന്‍റെ ശക്തി ക്ഷയിക്കും. അപ്പോള്‍ അത് റീചാര്‍ജ് ചെയ്യണം. എനിക്കതിന്‍റെ ആവശ്യമില്ല. എന്നാല്‍ ഞാന്‍ ഇല്ലാത്ത അവസരത്തില്‍ പ്രയോഗിക്കാവുന്ന ഉപകരണങ്ങള്‍ ഉണ്ടാക്കുന്നതിനെക്കുറിച്ച് ഞാന്‍ പരീക്ഷിച്ചു വരികയാണ്.

മത്സ്യേന്ദ്രനാഥിന് ഒരിക്കല്‍ ഗോരഖ്നാഥ് താനുമായി കൂടുതല്‍ അടുക്കുന്നുവോ എന്ന സംശയം തോന്നി. അദ്ദേഹം ഗോരഖ്നാഥിനെ, തന്നില്‍ നിന്ന് അകലെ, ഒരു വിദൂരസ്ഥലത്തേക്ക് പതിനാലുകൊല്ലത്തെ സാധനയ്ക്കായി അയച്ചു

അമ്പേഷി: അപ്പോള്‍ ഈ വടി, ഒരു ഡാമ്പര്‍ പോലെ പ്രവര്‍ത്തിക്കുകയാണോ?

സദ്‌ഗുരു: എവിടെയും പ്രവര്‍ത്തിക്കാനുള്ള ഗുണവിശേഷങ്ങളൊന്നും ഈ വടിക്ക് ഇല്ല. ഊര്‍ജത്തെ ഒരു പ്രത്യേക ദിശയിലേക്ക് വലിച്ചുമാറ്റാന്‍ അതിന് കഴിയുന്നു. എന്നാല്‍ ഒരു പ്രത്യേക രീതിയില്‍ പ്രയോഗിച്ചാല്‍ അത് ഉപകാരപ്രദമായിരിക്കും. അത്തരം സന്ദര്‍ഭങ്ങളില്‍ ഊര്‍ജശക്തി ഉയര്‍ത്താനും അത് സഹായകരമാവും.

അമ്പേഷി: സദ്‌ഗുരോ, ചില ആളുകള്‍ ഭാവി പ്രവചിക്കുന്നവരെ കാണാന്‍ പോവാറുണ്ട്. ചിത്തഭ്രമം പിടിപെട്ടവരെപ്പോലെ തോന്നിക്കുന്ന ഇവര്‍ അവരുടെ ഭാവിയെക്കുറിച്ച് ഇത്തരക്കാരോട് അന്വേഷിക്കും. ഇതു ശരിയാണോ?

സദ്‌ഗുരു: ഊര്‍ജസ്ഥിതി ഔന്നത്യത്തിലെത്തിയവര്‍ക്ക് മറ്റുള്ളവരെക്കാള്‍ കൂടുതല്‍ വ്യക്തതയോടെ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിയും, അതുകൊണ്ടാണ് ആളുകള്‍ അവരുടെ അടുത്തേക്ക് പോവുന്നത്. പക്ഷെ ഇതിന്‍റെ പേരില്‍ പല നാടകങ്ങളും പല ദുരുപയോഗങ്ങളും നടക്കുന്നുണ്ട്, എന്നാല്‍ ഇതിനൊക്കെ ഒരു അടിസ്ഥാനവുമുണ്ട്. ഈ സന്ദര്‍ഭത്തില്‍ ഞാന്‍ ഗോരഖ്നാഥിനെ ഓര്‍ത്തുപോവുന്നു. ഭാരതത്തില്‍ ജീവിച്ചിരുന്ന എക്കാലത്തേയും മഹായോഗികളില്‍ ഒരാളായിരുന്നു അദ്ദേഹം. മഹത്തെന്നും വന്യമെന്നും വിശേഷിക്കാവുന്ന പാതയായിരുന്നു അദ്ദേഹത്തിന്‍റേത്. കാന്‍ഫട്ട് അഥവാ ചെവിയില്‍ ദ്വാരമിട്ടവര്‍ എന്നാണ് അവര്‍ അറിയപ്പെട്ടിരുന്നത്. കാതിലെ ദ്വാരമാണ് അവരെ തിരിച്ചറിയുവാനുള്ള അടയാളം. മത്സ്യേന്ദ്രനാഥായിരുന്നു ഗോരഖ്നാഥിന്‍റെ ഗുരു. മനുഷ്യനെന്ന് വിളിക്കാമെങ്കിലും അദ്ദേഹം വളരെ ഉയര്‍ന്ന നിലയിലായിരുന്നു. മത്സ്യേന്ദ്രനാഥ് ശിവന്‍റെ അവതാരമായിരുന്നുവെന്നു വിശ്വസിക്കുന്ന പലരുമുണ്ട്. ഭീകരരെപോലെ തോന്നിപ്പിക്കുന്ന ചില ശിഷ്യന്മാരോടുകൂടി അദ്ദേഹം ഏകാന്തജീവിതം നയിച്ചിരുന്നു. ഗോരഖ്നാഥും അവരിലൊരാളായിരുന്നു.

ഗോരഖ്നാഥിനെ ചുറ്റിപ്പറ്റി പല അത്ഭുതങ്ങളും അരങ്ങേറിയിട്ടുണ്ട്. മത്സ്യേന്ദ്രനാഥിന് ഒരിക്കല്‍ ഗോരഖ്നാഥ് താനുമായി കൂടുതല്‍ അടുക്കുന്നുവോ എന്ന സംശയം തോന്നി. അദ്ദേഹം ഗോരഖ്നാഥിനെ, തന്നില്‍ നിന്ന് അകലെ, ഒരു വിദൂരസ്ഥലത്തേക്ക് പതിനാലുകൊല്ലത്തെ സാധനയ്ക്കായി അയച്ചു. അദ്ദേഹം പറഞ്ഞു, "എന്‍റടുത്തേക്ക് വരേണ്ട, എവിടെയെങ്കിലും വനത്തില്‍ പോയി സാധനകള്‍ ചെയ്തുകൊള്ളുക.” ഗുരുമുഖത്തുനിന്ന് ഇത് കേട്ടപ്പോള്‍തന്നെ ഗോരഖ്നാഥ് അവിടെനിന്നു പോയി. ഗുരുവിനെ വീണ്ടും കാണുവാനുള്ള മോഹം മനസ്സില്‍ സൂക്ഷിച്ചുകൊണ്ട് പതിനാലുകൊല്ലം കഴിഞ്ഞശേഷം അദ്ദേഹം തിരിച്ചു വന്നു. നേരെ അദ്ദേഹം ഗുരുവിന്‍റെ വാസസ്ഥലത്തെത്തി.

അതിന്‍റെ വെളിയില്‍ കാവലായി മറ്റൊരു ശിഷ്യന്‍ നില്‍പ്പുണ്ടായിരുന്നു. ആദ്യം അയാള്‍ ഗോരഖ്നാഥിനെ ഗുഹക്കുള്ളില്‍ കടക്കാന്‍ അനുവദിച്ചില്ല. “മത്സ്യേന്ദ്രനാഥ് താങ്കളെ കാണുവാന്‍ ആഗ്രഹിക്കുന്നില്ല” അയാള്‍ പറഞ്ഞു. ഇതുകേട്ട് കുപിതനായ ഗോരഖ്നാഥ് പറഞ്ഞു, “പതിനാലുകൊല്ലം ഗുരുവിനെ ഒരു നോക്കുകാണുവാന്‍ ഞാന്‍ കാത്തിരിക്കുകയായിരുന്നു. എന്നെ തടയാന്‍ നിങ്ങള്‍ ആരാണ്?” അയാളെ തള്ളിമാറ്റിക്കൊണ്ട് ഗോരഖ്നാഥ് ഗുഹക്കുള്ളില്‍ കയറി,എന്നാല്‍ അവിടെ ആരുമില്ലായിരുന്നു. വെളിയില്‍ വന്ന അദ്ദേഹം പറഞ്ഞു, “ദയവായി എന്നോട് എവിടെയാണ് അദ്ദേഹമെന്ന് പറയുക.” ഇത് നിരസിച്ച ശിഷ്യന്‍ പറഞ്ഞു, “എനിക്കത് പറയാന്‍ പറ്റില്ല, എന്നുമാത്രമല്ല അത് നിങ്ങളോട് പറയാന്‍ ഞാന്‍ ഉദ്ദേശിക്കുന്നുമില്ല. വേഗം സ്ഥലംവിട്ടോളൂ.”

ഊര്‍ജസ്ഥിതി ഔന്നത്യത്തിലെത്തിയവര്‍ക്ക് മറ്റുള്ളവരെക്കാള്‍ കൂടുതല്‍ വ്യക്തതയോടെ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിയും, അതുകൊണ്ടാണ് ആളുകള്‍ അവരുടെ അടുത്തേക്ക് പോവുന്നത്

അദ്ദേഹത്തിന്‍റെ സാധനകളുടെ ഫലമായി ഗോരഖ്നാഥിന് വളരെ സിദ്ധികള്‍ കൈവന്നിരുന്നു. അതുപയോഗിച്ച് ശിഷ്യന്‍റെ മനസ്സിലുള്ള കാര്യങ്ങള്‍ അദ്ദേഹം അറിഞ്ഞു. ഗുരു എവിടെയാണെന്ന് മനസ്സിലാക്കി അദ്ദേഹം അവിടേക്ക് പോയി. മത്സ്യേന്ദ്രനാഥ് അദ്ദേഹത്തിനെ കാത്തിരിക്കുകയായിരുന്നു. അദ്ദേഹം പറഞ്ഞു, "ഞാന്‍ നിനക്കു തന്ന എല്ലാ സാധനകളും ഇന്നു നീ ദുരുപയോഗം ചെയ്തു. സഹോദരശിഷ്യന്‍റെ മനസ്സറിയാന്‍ നീ ഇന്നിതുപയോഗിച്ചു. നീ അത് ഒരിക്കലും ചെയ്യാന്‍ പാടില്ലായിരുന്നു. അതുകൊണ്ട് പതിനാലു കൊല്ലങ്ങള്‍കൂടി കാട്ടിലേക്ക് പൊയ്ക്കൊള്ളുക." വീണ്ടും പതിനാലുകൊല്ലം അദ്ദേഹം വളരെ പ്രയാസമുള്ള ഒരു ആസനത്തില്‍ ഇരുന്ന് കാട്ടില്‍ കഴിഞ്ഞു. 'ഗോരഖ്നാഥാസന' എന്ന് ഇന്നും അറിയപ്പെടുന്ന ഈ ആസനം അങ്ങേയറ്റം കഠിനമായ ഒന്നാണ്. ഇതേനിലയില്‍ പതിനാലുകൊല്ലം കഴിഞ്ഞ ശേഷമാണ് പടിഞ്ഞാറന്‍ തീരത്തു (നിന്ന്) ഗോരഖ്നാഥ് വന്നത്.

അവിടെയായിരുന്നു അദ്ദേഹത്തിന്‍റെ ഗുരുവായ മത്സ്യേന്ദ്രനാഥ് ഉണ്ടായിരുന്നത്. അവിടുത്തെ ഒരു പര്‍വ്വതം ഇന്നും അദ്ദേഹത്തിന്‍റെ പേരിലാണ് അറിയപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം ഞാന്‍ അവിടെ പോകാന്‍ ഇടയായി. ഇന്നും അവിടെ താമസമാക്കിയ ഒരു വിഭാഗം ജനങ്ങളുണ്ട്. ഒരുനാള്‍ ഗോരഖ്നാഥ് ആസ്സാമില്‍ ആരേയോ കാണാന്‍വേണ്ടിപ്പോയ തന്‍റെ ഗുരുനാഥന്‍ തിരിച്ചെത്തിയില്ല എന്ന് മനസ്സിലാക്കി. തന്‍റെ ജ്ഞാനദൃഷ്ടിയില്‍ നോക്കിയപ്പോള്‍ ലൗകികസുഖങ്ങളില്‍ മുഴുകിയിരുന്ന ഗുരുനാഥനെയാണ് അദ്ദേഹം ദര്‍ശിച്ചത്. സ്തബ്ധനായിപ്പോയ അദ്ദേഹം “എന്‍റെ ഗുരുനാഥന് എങ്ങിനെ ഈ വിധത്തിലാവാന്‍ സാധിച്ചു?” എന്നു ചിന്തിച്ചു. പടിഞ്ഞാറന്‍ തീരത്തുനിന്ന് ഏകദേശം മൂവായിരം കിലോമീറ്റര്‍ അകലെയുള്ള ആസ്സാമിലേക്ക് കാല്‍നടയായി അദ്ദേഹം യാത്രതിരിച്ചു. അവിടെ ഒരു വേശ്യാലയത്തില്‍ രണ്ടു സ്ത്രീകളെ മടിയിലിരുത്തി ലാളിച്ചുകൊണ്ടിരുന്ന തന്‍റെ ഗുരുവിനെ അദ്ദേഹം കണ്ടു. ഗോരഖ്നാഥിന് അത് വിശ്വസിക്കാനായില്ല.

സാക്ഷാല്‍ ശിവന്‍തന്നെയായ മത്സ്യേന്ദ്രനാഥിന് ഇത് എങ്ങിനെ ചെയ്യാനാവും. അപാരമായ അദ്ദേഹത്തിന്‍റെ ശക്തി താന്‍ എത്രയോ സന്ദര്‍ഭങ്ങളില്‍ മനസ്സിലാക്കിയതാണ്. എന്നാല്‍ ആ മനുഷ്യന്‍ ഇതാ രണ്ട് വേശ്യകളുമായി രമിക്കുന്നു. തന്‍റെ രൗദ്രഭാവം കൊണ്ട് വേശ്യകളെ ഭയപ്പെടുത്തി ഓടിച്ചിട്ട് അദ്ദേഹം, "അങ്ങ് എന്‍റെ കൂടെ തീര്‍ച്ചയായും വരണം” എന്നു പറഞ്ഞു. ഇതുംപറഞ്ഞ് അദ്ദേഹം തന്‍റെ ഗുരുവിനെ അവിടെ നിന്ന് പിടിച്ചിറക്കിക്കൊണ്ടു പോന്നു. യാത്രയില്‍ വഴിയിലൊരിടത്ത് മത്സ്യേന്ദ്രനാഥ് കുളിക്കാനായി പോയി. തന്‍റെ സഞ്ചി ഗോരഖ്നാഥിനെ ഏല്‍പിച്ചിട്ട് അദ്ദേഹം പറഞ്ഞു, "ഇത് സൂക്ഷിക്കണം, വളരെ വിലപിടിപ്പുള്ള ഒരു വസ്തു അതിലുണ്ട്, നല്ല ശ്രദ്ധ വേണം."

നടന്ന് ആസ്സാമില്‍ പോവുകയോ, വേശ്യകളെ കാണുകയോ, സ്വര്‍ണ്ണക്കട്ടികള്‍ കണ്ടെടുക്കുകയോ, ഒന്നും ഉണ്ടായിട്ടില്ല. എല്ലാം മനസ്സിലെ തോന്നലുകളായിരുന്നു

നല്ല ഭാരമുളള സഞ്ചി തുറന്നുനോക്കിയപ്പോള്‍ ഗോരഖ്നാഥ് കണ്ടത് അതിനുളളില്‍ ഉണ്ടായിരുന്ന രണ്ട് വലിയ സ്വര്‍ണ്ണക്കട്ടികളാണ്. ഇതു കണ്ടപ്പോള്‍ അദ്ദേഹത്തിന്‍റെ ഹൃദയം തകര്‍ന്നുപോയി. അദ്ദേഹം ചിന്തിച്ചു, എന്‍റെ ഗുരുവിന് ഇതെന്താണ് സംഭവിച്ചിരിക്കുന്നത്? ആദ്യം വേശ്യകള്‍, ഇപ്പോള്‍ ഇതാ സ്വര്‍ണ്ണക്കട്ടികള്‍! അദ്ദേഹത്തിന് വേണമെങ്കില്‍ പാറക്കുമുകളില്‍ മൂത്രമൊഴിച്ച്, അതിനെ സ്വര്‍ണ്ണമാക്കി മാറ്റാനുള്ള സിദ്ധികള്‍ കൈയ്യിലുണ്ട്. പിന്നെ എന്തിനീ സ്വര്‍ണ്ണക്കട്ടികള്‍? സ്വര്‍ണ്ണക്കട്ടികള്‍ കാട്ടിലെറിഞ്ഞിട്ട് ഗുരുവുമായി അദ്ദേഹം യാത്ര തുടര്‍ന്നു. തന്‍റെ ഗുരു എന്നെന്നേക്കുമായി തനിക്ക് നഷ്ടപ്പെടുകയാണോ എന്ന് ചിന്തിച്ച് ഗോരഖ്നാഥിന് കഠിനമായ ദുഖം തോന്നി. എന്നാല്‍ അങ്ങിനെ സംഭവിക്കുന്നതിനു മുന്‍പ് മൂവായിരം കിലോമീറ്റര്‍ നടന്നുചെന്ന് തന്‍റെ ഗുരുനാഥനെ രക്ഷിക്കാനായതില്‍ അഭിമാനവും തോന്നി. ഈ അഹംഭാവം തോന്നിയ നിമിഷം മത്സ്യേന്ദ്രനാഥ് തന്‍റെ കൈ ഗോരഖ്നാഥിന്‍റെ തലയില്‍ വെച്ചു. അപ്പോള്‍ അദ്ദേഹത്തിന് താന്‍ ഇരുന്നിടത്തുതന്നെ ഇരിക്കുകയായിരുന്നു എന്ന തിരിച്ചറിവുണ്ടായി. നടന്ന് ആസ്സാമില്‍ പോവുകയോ, വേശ്യകളെ കാണുകയോ, സ്വര്‍ണ്ണക്കട്ടികള്‍ കണ്ടെടുക്കുകയോ, ഒന്നും ഉണ്ടായിട്ടില്ല. എല്ലാം മനസ്സിലെ തോന്നലുകളായിരുന്നു.

മാനസികമായി തളര്‍ന്നുപോയ ഗോരഖ്നാഥ് “ഞാന്‍ എന്‍റെ ഗുരുവിനെക്കുറിച്ച് ഇങ്ങിനെയെല്ലാം സങ്കല്‍പ്പിച്ചല്ലോ” എന്ന് ചിന്തിച്ച് വികാരാധീനനായി. നടന്നതും അവിടെ പോയതും അവിടെ കണ്ടതുമെല്ലാം യാഥാര്‍ത്ഥ്യം പോലെ തോന്നിച്ചു. തനിക്കു ചുറ്റും നടന്നതെല്ലാം ഗുരു മാന്ത്രിക സിദ്ധിയാല്‍ സൃഷ്ടിച്ച കാര്യങ്ങളാണ്. ഇതെല്ലാം സംഭവിച്ചത് ഗുരുവിന്‍റെ മാന്ത്രികസിദ്ധി കൊണ്ടായിരുന്നു. പൂര്‍ണ്ണമായി തകര്‍ന്നുപോയ ഗോരഖ്നാഥ് ഇങ്ങിനെ ചിന്തിച്ചു, “എന്‍റെ ഗുരുനാഥന്‍ വേശ്യകളുടെ അടുത്ത് പോയി എന്ന് ഞാന്‍ ഊഹിച്ചു. എന്‍റെ ഗുരു സ്വര്‍ണ്ണം മോഹിച്ചു എന്ന് ഞാന്‍ സങ്കല്‍പ്പിച്ചു. ഇതെല്ലാം ഞാന്‍ എന്തിനു വേണ്ടി ചെയ്തു?” ഇത്രയുമായപ്പോള്‍ മത്സ്യേന്ദ്രനാഥ് പറഞ്ഞു, "സാരമില്ല, എന്നെ രക്ഷപ്പെടുത്താന്‍ മൂവായിരം കിലോമീറ്റര്‍ നടക്കാന്‍ നീ തയ്യാറായല്ലോ! അതുതന്നെ വളരെ നല്ലകാര്യം. എന്നെ രക്ഷപ്പെടുത്തുക എന്നത് വിട്ടുകളയുക. എന്നാല്‍ നീ ചെയ്ത പ്രവൃത്തി മഹത്തരമാണ്. അത് തുടരുക."

നിങ്ങളില്‍ ചിലരിലും ഇങ്ങിനെയുള്ള ചിന്തകള്‍ ഉണ്ടാവുന്നുണ്ട്, അത് നല്ലതുതന്നെ. സ്വയം നിയമിതരായ ഒരു ഉപദേശകവൃന്ദം എന്‍റെ കൂടെയും ഉണ്ട്. ഞാന്‍ എന്ത് ചെയ്യണമെന്നും എന്ത് ചെയ്യണ്ട എന്നും അവര്‍ എന്നോട് പറയും. അതൊന്നും സാരമില്ല. അവര്‍ എല്ലായിടത്തുമുണ്ടാവും.

https://www.publicdomainpictures.net