सद्गुरु

ധ്യാനലിംഗ അതിര്‍ത്തിക്കുള്ളില്‍ പ്രവേശന കവാടം കഴിഞ്ഞ ഉടന്‍ പരിക്രമയുടെ തുടക്കത്തില്‍ ഇടതുവശത്തായി പതഞ്‌ജലി മഹര്‍ഷിയുടെ ശില്‍പം സ്ഥാപിച്ചിട്ടുണ്ട്‌. പതിനൊന്നടി പൊക്കമുള്ള ഈ ശില്‍പം ഭൂനിരപ്പിനടിയില്‍ അഞ്ച് അടി പൊക്കത്തില്‍ ഒരു സര്‍പ്പത്തിന്‍റെ രൂപത്തിലാണു കാണപ്പെടുന്നത്‌. ആരാണ്‌ ഈ മഹര്‍ഷി?

യോഗശാസ്‌ത്രത്തിന്‍റെ പിതാവെന്നറിയപ്പെടുന്ന പതഞ്‌ജലി മഹര്‍ഷിയാണത്‌. യോഗശാസ്‌ത്രം - ഈശ്വരന്‍ നല്‍കിയ ഒരു ദാനം; അതിനെ മനുഷ്യര്‍ക്കുപകരിക്കുന്ന തരത്തില്‍ മാറ്റിയെടുത്തത്‌ പതഞ്‌ജലി മഹര്‍ഷിയാണ്‌. യോഗശാസ്‌ത്രം മാത്രമല്ല, ആയുര്‍വേദം, സംസ്‌കൃത വ്യാകരണം എന്നിവയും മനുഷ്യവര്‍ഗത്തിനു സമ്മാനിച്ചത്‌ പതഞ്‌ജലി മഹര്‍ഷിയാണ്‌. സര്‍പ്പവും മനുഷ്യനും കലര്‍ന്ന രൂപത്തില്‍ കാണപ്പെടുന്ന പതഞ്‌ജലി മഹര്‍ഷി മനുഷ്യ പരിണാമത്തിന്‍റെ പ്രതീകമാണ്‌ എന്നു കരുതാം. മാത്രമല്ല കുണ്ഡലിനി ശക്തിയുടെ പ്രതീകവും സര്‍പ്പമാണ്‌. മഹര്‍ഷിയുടെ ശിരസ്സില്‍ ഫണമുയര്‍ത്തി നില്‍ക്കുന്ന ഏഴു തലയുള്ള സര്‍പ്പരൂപം ചലിപ്പിക്കപ്പെട്ട ചക്രങ്ങള്‍ വഴി മുകളിലേക്കെത്തിയ ശക്തിനിലയെ കുറിക്കുന്നു. ഇത്‌ യോഗശാസ്‌ത്രത്തിന്‍റെ ലക്ഷ്യത്തെക്കുറിക്കുന്നു. അങ്ങനെ ഈശായുടെ യോഗ മാര്‍ഗത്തില്‍ സര്‍പ്പങ്ങള്‍ക്ക്‌ പ്രാധാന്യമുണ്ടെന്നു മാത്രമല്ല അവയ്ക്കു അര്‍ഹമായ ഔന്നത്യം നല്‍കുന്നുമുണ്ട്‌.

സര്‍പ്പവും മനുഷ്യനും കലര്‍ന്ന രൂപത്തില്‍ കാണപ്പെടുന്ന പതഞ്‌ജലി മഹര്‍ഷി മനുഷ്യ പരിണാമത്തിന്‍റെ പ്രതീകമാണ്‌ എന്നു കരുതാം. മാത്രമല്ല കുണ്ഡലിനി ശക്തിയുടെ പ്രതീകവും സര്‍പ്പമാണ്‌

ഹോള്‍നെസ്‌ പരിശീലനം നടന്നുകൊണ്ടിരുന്ന സമയത്ത്‌ ഒരു സാധകന്‍, “കുളിമുറിയില്‍ ഒരു പാമ്പ്‌, ഞങ്ങള്‍ ഭയപ്പെട്ടു പോയി” എന്ന്‍ പറഞ്ഞു.

അതുകേട്ടു ചിരിച്ച സദ്‌ഗുരു, “അവയുടെ വാസസ്ഥലത്ത്‌ അതിക്രമിച്ചു കയറിയിരിക്കുന്നത്‌ നാമാണ്‌. എന്നിട്ടവയെ കുറ്റം പറയുകയും ചെയ്യുന്നു! പാമ്പ്‌ ചുരുണ്ടുകൂടി കിടക്കുന്നത് കണ്ടാല്‍, നിങ്ങള്‍ അനങ്ങാതെ കുറേ സമയം നില്‍ക്കുക. അവ നിങ്ങളെ ഉപദ്രവിക്കാന്‍ പോകുന്നില്ല. മനുഷ്യരുടെ സാമീപ്യമുണ്ടെന്നറിഞ്ഞാല്‍ പാമ്പുകള്‍ അവിടം വിട്ടു പോകും. പാമ്പുകള്‍ മനുഷ്യരെ ഒഴിവാക്കാന്‍ നോക്കുകയേ ഉള്ളു,” എന്നു പറഞ്ഞു.

“ഭാരതത്തില്‍ 90 ശതമാനം പാമ്പുകളും വിഷമുള്ളവയല്ല. നാഗപ്പാമ്പ്‌, കെട്ടുട്ടുവരയന്‍ തുടങ്ങിയവയൊക്കെയാണ് വിഷസര്‍പ്പങ്ങള്‍. മറ്റുള്ള പാമ്പുകള്‍ കടിച്ചാല്‍ ഉറുമ്പു കടിച്ചതു പോലെ തോന്നുകയേ ഉള്ളൂ. മാത്രമല്ല ശരീരബോധം ഉപേക്ഷിച്ച്‌ പ്രപഞ്ചത്തില്‍ ലയിച്ചുചേരാന്‍ തയ്യാറെടുക്കുന്ന നിങ്ങള്‍ എന്തിനാണ്‌ പാമ്പിനെ കണ്ടു ഭയപ്പെടുന്നത്‌? ഇവിടെ ചിലര്‍ പാമ്പിനെ അടിച്ചു കൊല്ലണം എന്ന തരത്തില്‍ പോലും ചിന്തിക്കുന്നു. അങ്ങനെ ചെയ്യാന്‍ പാടില്ല, ചെയ്‌താല്‍ ആ കര്‍മ്മം ചെയ്യുന്നവര്‍ക്ക് പല വിഷമതകളും ഉണ്ടാകും,” എന്നും വളരെ ശക്തമായി സദ്‌ഗുരു പറഞ്ഞു.

പല വിഷ സര്‍പ്പങ്ങളെയും അനായാസേന പിടിക്കുന്ന സദ്‌ഗുരുവിനെ ഒരു വിഷപ്പാമ്പ്‌ ദംശിച്ചിട്ടുണ്ട്‌. ചാമുണ്ടി മലപ്പാറയില്‍ ഒരു ദിവസം സദ്‌ഗുരു ഇരിക്കുകയായിരുന്നു. അവിടെയൊരു പാറയുടെ വിടവില്‍ ഒരു പാമ്പിനെ കണ്ടു. സദ്‌ഗുരു അതിന്‍റെ വാലില്‍ പിടിച്ചു വലിച്ചു പുറത്തിട്ടു. പക്ഷേ കെട്ടുപിണഞ്ഞു കിടന്ന രണ്ടു പാമ്പുകളായിരുന്നു പുറത്തുവന്നു വീണത്‌. അതില്‍ നിന്ന് ഒരെണ്ണം നിലത്തു വീണ്‌ സദ്‌ഗുരുവിന്‍റെ പാദത്തില്‍ മൂന്നു പ്രാവശ്യം കടിക്കുകയും ചെയ്‌തു. വിഷം രക്തത്തില്‍ കലര്‍ന്നപ്പോള്‍ സദ്‌ഗുരുവിന്‌ അസഹനീയമായ വേദനയുണ്ടായി. പാമ്പുവിഷ ബാധയേറ്റ ആളിന്‍റെ രക്തത്തിന്‍റെ സാന്ദ്രത കൂടും. ഹൃദയത്തിനു രക്തം പമ്പു ചെയ്യാന്‍ സാധിക്കാതെ ആകും. അതോടെ ശ്വാസതടസ്സം നേരിടുകയും, മരണം സംഭവിക്കുകയും ചെയ്യും. ഇതിന്‌ ഏകദേശം ആറു മണിക്കൂര്‍ സമയമെടുക്കും. ശരീരത്തിന്‍റെ മുകള്‍ഭാഗത്താണ്‌ വിഷബാധ ഏറ്റതെങ്കില്‍ വളരെ പെട്ടെന്നുതന്നെ മരണം സംഭവിക്കാനിടയുണ്ട്‌. പക്ഷേ പാദങ്ങളിലോ കാലുകളിലോ കൈകളിലോ ആണു സര്‍പദംശമേറ്റതെങ്കില്‍, ആ ഭാഗത്ത്‌ കത്തികൊണ്ടു മുറിവുണ്ടാക്കി ദുഷിച്ച രക്തം പുറത്തു കളയേണ്ടതുണ്ട്.

സദ്‌ഗുരു സൈക്കിളില്‍ കയറി വേഗത്തില്‍ ആദ്യം കണ്ട വീട്ടിലേക്കു ചെന്നു. അവിടെ കണ്ട സ്‌ത്രീയോടു,"ഏഴെട്ടു ഗ്ലാസ്സ് കട്ടന്‍ ചായ തരാമോ?” എന്നു ചോദിച്ചു.

“എന്തിനാണ്‌ ഇത്രത്രയധികം കട്ടന്‍ ചായ?” എന്ന സ്‌ത്രീയുടെ ചോദ്യത്തിന്‌ വിഷബാധയേറ്റതിനെക്കുറിച്ചും, കട്ടന്‍ ചായ കുടിച്ചാല്‍ രക്തം കട്ടപിടിക്കുന്നതു കുറയുകയും വിഷത്തിന്‍റെ വീര്യം കുറയുകയും ചെയ്യും എന്നും പറഞ്ഞു.

അവര്‍ ഉടന്‍ തന്നെ ഒരു വലിയ പാത്രം നിറയെ പാല്‍ ചേര്‍ക്കാത്ത ചായ തയാറാക്കിക്കൊടുത്തു. അതു കഴിച്ചശേഷം സദ്‌ഗുരു വീട്ടിലേക്കു പോയി, ആരോടും ഒന്നും പറയാതെ സ്വന്തം മുറിയില്‍ കടന്നു. കുറെസമയം കഴിഞ്ഞ്‌ കണ്ണിമകള്‍ കനം തൂങ്ങിയതു പോലെ തോന്നിയപ്പോള്‍ ചില യോഗാഭ്യാസങ്ങള്‍ ചെയ്‌തശേഷം അല്‍പം ആഹാരം കഴിച്ചിട്ടു കിടക്കയില്‍ കിടന്ന്‍ ഉറക്കമായി. ബോധം മറയുന്നതു പോലെ അദ്ദേഹത്തിനു തോന്നി. പക്ഷെ പന്ത്രണ്ടു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ യാതൊന്നും സംഭവിക്കാത്തതുപോലെ നവോന്മേഷത്തോടുകൂടി എന്നത്തേയും പോലെ രാവിലെ എണീറ്റു. ഈ സംഭവം ഒരുദാഹരണമായി എടുക്കാന്‍ അനുയായികളോട്‌ പറഞ്ഞശേഷം അദ്ദേഹം, “പാമ്പുകളെക്കണ്ട്‌ ഭയപ്പെടേണ്ട കാര്യമില്ല. അഥവാ ഇനി കടിയേറ്റാല്‍ തന്നെ വല്ലാതങ്ങു പരിഭ്രമിക്കേണ്ട ആവശ്യമൊന്നുമില്ല” എന്ന്‍ ഉപദേശിച്ചു.

സര്‍പ്പങ്ങള്‍ സദ്‌ഗുരുവിനോട്‌ സൌഹൃദം പുലര്‍ത്തിവരുന്നു. ആശ്രമത്തിലുള്ള സദ്‌ഗുരുവിന്‍റെ വാസസ്ഥലത്തേക്ക് ഒരു നാഗസര്‍പ്പം ദിവസേന വന്നു പോകുന്നു.

“സര്‍പ്പങ്ങള്‍ ഭാരതീയ പാരമ്പര്യത്തില്‍ പ്രധാന പങ്കു വഹിക്കുമ്പോള്‍ പാശ്ചാത്യര്‍ എന്തുകൊണ്ടാണ്‌ അവയെ തിന്മയുടെ പ്രതീകമായി കാണുന്നത്‌?” എന്ന്‍ ഒരനുയായി സദ്‌ഗുരുവിനോടു ചോദിച്ചു.

ജീവന്‍ ഉണ്ടാക്കിയത്‌ ഈശ്വരനാണെന്നു സമ്മതിക്കുന്നുവെങ്കില്‍ അതു വര്‍ദ്ധിക്കുവാന്‍ സഹായിച്ചത്‌ സര്‍പ്പമാണ്‌ എന്നു സമ്മതിക്കണമല്ലോ

“പാശ്ചാത്യര്‍ സര്‍പ്പങ്ങളെ ശത്രുക്കളായി കരുതുന്നു. കാരണം പ്രപഞ്ചത്തിലെ ആദ്യത്തെ സ്‌ത്രീയായ ഹവ്വയെ തിന്മയുടെ കനിയായ ആപ്പിള്‍ കഴിക്കാന്‍ പ്രേരിപ്പിച്ചത്‌ സര്‍പ്പമാണെന്ന്‍ അവര്‍ വിശ്വസിക്കുന്നു. ആദാമിനും ഹവ്വക്കും ഇടയില്‍ ദാമ്പത്യ ജീവിതം ഉണ്ടായിരുന്നില്ല. സര്‍പ്പം ബുദ്ധിശാലിയായ ഹവ്വയെ ആപ്പിള്‍ കഴിക്കാന്‍ പ്രേരിപ്പിച്ചു. മനുഷ്യവര്‍ഗത്തിന്‌ വിത്തുപാകിയത്‌ അപ്പോഴാണ്‌. അതുകൊണ്ട്‌ ഭൂമിയില്‍ ജീവന്‍ ഉണ്ടാക്കിയത്‌ ഈശ്വരനാണെന്നു സമ്മതിക്കുന്നുവെങ്കില്‍ അതു വര്‍ദ്ധിക്കുവാന്‍ സഹായിച്ചത്‌ സര്‍പ്പമാണ്‌ എന്നു സമ്മതിക്കണമല്ലോ. ഈ രീതിയില്‍ നോക്കുമ്പോള്‍ സര്‍പ്പം ഈശ്വരന്‍റെ ദൂതനാണ്‌ എന്നു വേണം കരുതാന്‍. ജീവിതത്തിന്‍റെ അടിസ്ഥാന സ്വഭാവം മനസ്സിലാക്കാത്തവര്‍ സര്‍പ്പത്തെ ചെകുത്താന്‍റെ ആളായിട്ടു കരുതുന്നു. സര്‍പ്പത്തെ വിശുദ്ധ ജീവിയായി കരുതുന്നത്‌ ഭാരത പാരമ്പര്യമാണ്‌. അതുകൊണ്ടാണ്‌ ഭാരതത്തിലെ ക്ഷേത്രങ്ങളില്‍ സര്‍പ്പ ശില്‍പങ്ങളുള്ളത്‌. മനുഷ്യവര്‍ഗത്തിന്‍റെ പരിണാമ വളര്‍ച്ചയില്‍ സര്‍പ്പത്തിനു മുഖ്യപങ്കുണ്ട്‌. അതുകൊണ്ട്‌ പാമ്പുകളെ ചെകുത്താന്‍റെ ദൂതന്മാര്‍ എന്നു പറയുന്നത്‌ അജ്ഞാനമാണ്‌. മനുഷ്യ വംശത്തില്‍ വര്‍ദ്ധനവുണ്ടാകണമെന്ന്‍ ഈശ്വരന്‍ കരുതിയിരുന്നില്ലെങ്കില്‍ സര്‍പ്പത്തെക്കൊണ്ട്‌ ഹവ്വയെ ആപ്പിള്‍ കഴിക്കാന്‍ പ്രേരിപ്പിക്കില്ലായിരുന്നു. അങ്ങനെ, ജീവിതം തന്നെ ഈശ്വരന്‍റെ സൃഷ്‌ടിയാണെങ്കില്‍ സര്‍പ്പം ഈശ്വരന്‍റെ ദൂതനാണ്‌”

ഈഷായില്‍ സാധകര്‍ മോതിര വിരലില്‍ സര്‍പ്പത്തിന്റെ രൂപത്തിലുള്ള മോതിരം ധരിക്കാറുണ്ട്‌. ജീവശക്തിയായ കുണ്ഡലിനി ശക്തിയുടെ പ്രതീകം സര്‍പമാണെന്ന്‍ ഇതിനു മുമ്പും പറഞ്ഞിട്ടുണ്ടല്ലോ. ഇത്തരത്തിലുള്ള മോതിരം എന്തിനു ധരിക്കണം?

“ഓരോ മനുഷ്യനും സ്വന്തം ജീവിതത്തില്‍ ഉയര്‍ന്ന നിലയില്‍ എത്തണമെന്നാഗ്രഹിക്കുന്നു. ലോകത്തിന്‍റെ കിഴക്കു ഭാഗങ്ങളില്‍ ജീവിക്കുന്ന ചിലര്‍ മനുഷ്യന്‍റെ ഈ ആഗ്രഹത്തെ സര്‍പ്പത്തോടുപമിക്കുന്നു. പരമശിവന്‍റെ ശിരസ്സില്‍ ഫണമുയര്‍ത്തി നില്‍ക്കുന്ന സര്‍പ്പം ജീവശക്തി മുകളിലേക്കു സഞ്ചരിച്ച്‌ സഹസ്രഹാര ചക്രത്തെ ചലിപ്പിക്കുന്നതിന്‍റെ പ്രതീകമാണ്‌ എന്നു വിവരിച്ച സദ്‌ഗുരു മോതിര വിരലിന്‍റെ പ്രാധാന്യത്തെക്കുറിച്ചും പറഞ്ഞു,

“മോതിര വിരല്‍ പല ഞരമ്പുകളുമായി ബന്ധപ്പെട്ടിരിക്കുന്ന ഒന്നാണ്‌. മോതിര വിരലിലെ ഞരമ്പുകളെ ചില പരിശീലനങ്ങള്‍ വഴി ഉത്തേജിപ്പിക്കാന്‍ കഴിയും. മോതിര വിരലിന്‍മേല്‍ നിയന്ത്രണമുള്ള ഒരാള്‍ക്ക്‌ മറ്റൊരാളിന്‍റെ വിധി മാറ്റിയെഴുതാന്‍ പോലും സാധിക്കുമെന്ന്‍ ശാസ്‌ത്രം പറയുന്നു. മോതിര വിരലിന്‍റെ അടിഭാഗം മുതല്‍ അറ്റം വരെ പല ജന്മങ്ങളുടെ അനുഭവങ്ങള്‍ പതിഞ്ഞു കിടക്കുകയാണ്‌. ആ വിരലിന്‍റെ പല ഭാഗങ്ങളില്‍ സ്‌പര്‍ശിക്കുമ്പോള്‍ പല തരത്തിലുള്ള അനുഭവമായിരിക്കും ലഭിക്കുക. മോതിര വിരലിന്‍റെ ഓരോ മില്ലിമീറ്ററും ഓരോ തരത്തിലുള്ള വ്യത്യാസം ഉള്‍ക്കൊണ്ടതാണ്‌. മോതിര വിരല്‍ ഒരു കംപ്യൂട്ടറിന്‍റെ മൌസ്‌ പോലെയാണ്‌. അതുപയോഗിച്ച്‌ പലതും ചെയ്യാന്‍ സാധിക്കും. മോതിര വിരലില്‍ സര്‍പ്പ രൂപമുള്ള ചെമ്പുമോതിരം അണിയുമ്പോള്‍ അയാളുടെ ശരീരം നിയന്ത്രണവിധേയമാകുന്നു. ആത്മ സാധനകള്‍ക്ക്‌ അത്‌ സഹായം ചെയ്യുന്നു. ശരിയായ പരിശീലനങ്ങള്‍ക്കൊപ്പം ചെമ്പുമോതിരവും കൂടിയാകുമ്പോള്‍ മാറ്റങ്ങള്‍ക്കായുള്ള താക്കോലായിട്ടും അതു മാറുന്നു

Wikipedia Commons photocredit]