सद्गुरु

ഒരു വ്യക്തിക്കോ രാജ്യത്തിനോ പേര് നല്‍കുമ്പോള്‍ അതര്‍ത്ഥവത്തുള്ളതായിരിക്കണം. ഭാരതം എന്ന പേരിന് ശക്തിയുണ്ട്. ഈ ശക്തി ഓരോ രാജ്യസ്നേഹിയുടേയും മനസ്സില്‍ മാറ്റൊലികൊള്ളും. ഒരു രാഷ്ട്രത്തില്‍ വിദേശശക്തികള്‍ ആധിപത്യം ഉറപ്പിക്കുമ്പോള്‍ അവരാദ്യം ചെയ്യുന്നത് രാജ്യത്തിന്‍റെ പേരു മാറ്റുക എന്നതാണ്. ഇത് ആദിപത്യം ഉറപ്പിക്കാനുള്ള തന്ത്രമാണ്, അടിമത്തം അടിച്ചേല്‍പ്പിക്കാനുള്ള ഉപായമാണ്..

സദ്ഗുരുവും പ്രസിദ്ധ ഐ.പി.എസ് ഉദ്യോഗസ്ഥയായിരുന്ന കിരണ്‍ ബേദിയും തമ്മിലുള്ള സംഭാഷണത്തില്‍ നിന്ന് :

കിരണ്‍ ബേദി : ഒരു രാഷ്ട്രം വിജയപ്രദമാകുന്നതിന് പ്രധാനമായും വേണ്ടതെന്താണ്?

സദ്ഗുരു : ജനങ്ങളുടെ അഭിലാഷങ്ങള്‍ എല്ലായ്പ്പോഴും സംരക്ഷിച്ച് നിലനിര്‍ത്തിപ്പോരുമ്പോള്‍ മാത്രമാണ് ഒരു രാഷ്ട്രം വിജയപ്രദമാകുന്നത്. ജനങ്ങള്‍ക്ക് അവരുടെ ജീവിതം ഫലപ്രദമായി എന്നനുഭവപ്പടുകയും വേണം. അവര്‍ക്ക് അവരുടെ അഭിലാഷങ്ങള്‍ സാധൂകരിക്കാനുള്ള സാഹചര്യങ്ങള്‍ അവിടെ ലഭ്യമല്ലായെങ്കില്‍ അതൊരു രാഷ്ട്രത്തിന്‍റെ അന്ത്യമാണ്. ഒരാളുടെ അഭിലാഷങ്ങള്‍ അയാളുടെ ജീവിതകാലത്തുതന്നെ പരിപോഷിപ്പിക്കുവാന്‍ കഴിയുക എന്നത് പരമപ്രധാനമാണ്. ജനഹിതം രാഷ്ട്രഹിതമായും, രാഷ്ട്രഹിതം ജനഹിതമായും ഭവിക്കേണ്ടതിന്‍റെ ആവശ്യകതയും ഉണ്ട്.

തന്റെ പൂര്‍വികരെപ്പറ്റി അഭിമാനം തോന്നാതിരിക്കുന്ന ഒരാള്‍ എങ്ങിനെയാണ് ഒരു രാഷ്ട്രം കെട്ടിപ്പടുത്തുന്നത്?

ഉദാഹരണത്തിന് – പതിനായിരം വര്‍ഷങ്ങളിലേറെയായി നാം ലോകത്തിന്‍റെ ഇതര ഭാഗങ്ങളുമായി വ്യാപാരബന്ധങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. സിറിയയിലും അറേബ്യയുടെ പല ഭാഗങ്ങളിലും ഇന്ത്യന്‍ വ്യാപാരത്തിന്‍റെ ഗുണകരമായ കഥകള്‍ പ്രചരിച്ചിട്ടുണ്ട്. അലെപ്പൊ പട്ടണം (Aleppo City) എന്ന സുന്ദരമായ നഗരം, ഇന്ത്യന്‍ വ്യാപാരികള്‍ കൊടുത്ത നികുതികൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. ലെബണനില്‍ നാലായിരം വര്‍ഷം പഴക്കമുള്ള “ബാല്‍ബെക്ക്” (Baal Bek) എന്ന ക്ഷേത്രമുണ്ട്. ഇന്ത്യയിലെ യോഗികളും, ശില്‍പികളും, ആനകളും, ജോലിക്കാരുമെല്ലാം ചേര്‍ന്നാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചതെന്ന വസ്തുത ലബണനിലെ വിദ്യാലയങ്ങളില്‍ ഒരു പഠനവിഷയമാണ്. ഇത് വളരെ വലുപ്പമുള്ള ഒരു ക്ഷേത്രമാണ്. ഇതിന്‍റെ അടിസ്ഥാനശിലകളില്‍ ചിലതിന് മുന്നൂറു ടണ്‍ ഭാരം വരെ ഉണ്ട്. ശില്‍പഭംഗി വിളിച്ചോതുന്ന താമരപ്പൂക്കള്‍ മേല്‍ക്കൂരയുടെ തട്ടില്‍നിന്നും താഴേക്ക് തൂങ്ങിക്കിടക്കുന്നമാതിരി കൊത്തിവച്ചിരിക്കുന്നു. ലബണനില്‍ താമരപ്പൂക്കള്‍ ഇല്ലാത്തതിനാല്‍ ഇന്ത്യക്കാരാണ് ഇവ കൊത്തിവച്ചിട്ടുള്ളത് എന്ന കാര്യം സ്പഷ്ടമാണ്. ലബണനിലെ ഓരോ കുട്ടിയ്ക്കും ഇതറിയാം, എന്നാല്‍ ഭാരതത്തില്‍ ജനിച്ചു വളര്‍ന്ന ഏതെങ്കിലും ഒരു വിദ്യാര്‍ഥി ഇതിനെക്കുറിച്ചറിയുന്നുണ്ടോ?

ആയിരത്തോളം വര്‍ഷങ്ങള്‍ക്കുമുമ്പ് തമിഴ്‍ രാജാക്കന്മാര്‍ കമ്പോടിയായില്‍ പോയി അങ്കോര്‍വാത്തും (Anghor Wat) അങ്കോര്‍ തോമും (Angkor Thom) നിര്‍മ്മിച്ചു. മനുഷ്യ നിര്‍മിതങ്ങളായ ഈ മന്ദിരങ്ങളുടെ ഭംഗി കണ്ടാല്‍ നാം മനുഷ്യനാണെന്ന കാര്യത്തില്‍ നമുക്ക് തന്നെ അഭിമാനം തോന്നും. ഈ ഭൂമുഖത്തെ ഏററവും വലിപ്പമുള്ള മതപരമായ മന്ദിരമാണ് അങ്കോര്‍വാത്ത്. എന്നാല്‍ പന്ത്രണ്ടാം തരം വരെ പഠിക്കുന്ന കേരളത്തിലെ ഏതെങ്കിലും ഒരു വിദ്യാര്‍ത്ഥി ഇതിനെപ്പറ്റി ഒരുവരിയെങ്കിലും പഠിക്കുന്നുണ്ടോ?

തന്റെ പൂര്‍വികരെപ്പറ്റി അഭിമാനം തോന്നാതിരിക്കുന്ന ഒരാള്‍ എങ്ങിനെയാണ് ഒരു രാഷ്ട്രം കെട്ടിപ്പടുത്തുന്നത്? നിങ്ങള്‍ക്ക് നിങ്ങളെപ്പറ്റിത്തന്നെ അഭിമാനം തോന്നുന്നില്ലെങ്കില്‍ എന്തിനാണ് നിങ്ങളിവിടെ ജീവിക്കുന്നത്? ഇപ്പോള്‍ പാശ്ചാത്യര്‍ അവരുടെ ഉദാരമായ വിസാ പദ്ധതി ഉപയോഗിച്ച് നല്ല ജോലിക്കാരെ തെരയുന്നു. 80% ഇന്ത്യക്കാര്‍ക്കും കടല്‍കടന്ന് വിദേശത്തുപോകാനാണാഗ്രഹം. അവിടെ ജയിലിലെ തടവുകാരെപ്പോലെ പണിയെടുക്കുന്നു. എല്ലാവര്‍ക്കും വിദേശത്തുപോകണം. അതേസമയം, നാം ഭാരതീയരോ, വിവിധ കാര്യങ്ങള്‍ക്ക് വിദേശരാജ്യങ്ങളെ ആശ്രയിച്ചിരിക്കുകയുമാണ്. ഇങ്ങനെയല്ല ഒരുരാഷ്ട്രത്തെ മുന്നോട്ടു നയിക്കേണ്ടത്.

ഭാരതം (പ്രകാശം രതിക്കുന്ന ഇടം) എന്ന വാക്കിന് ശക്തിയുണ്ട്. ഈ ശക്തി ഓരോ രാജ്യസ്നേഹിയുടേയും മനസ്സില്‍ മാറ്റൊലികൊള്ളും.

കിരണ്‍ ബേദി: : നമ്മുടെ രാഷ്ട്രത്തിന്‍റെ പേര് “ഭാരതം” എന്നതുമാറ്റി “ഇന്ത്യ”യെന്നാക്കി പരിവര്‍ത്തനം ചെയ്തതില്‍ തെറ്റുപറ്റിയിട്ടുണ്ടോ?

സദ്ഗുരു : തീര്‍ച്ചയായും, വളരെ വലിയ തെറ്റാണുണ്ടായിട്ടുള്ളത്. എപ്പോഴൊക്കെ ഒരു രാഷ്ട്രത്തില്‍ വിദേശശക്തികള്‍ ആധിപത്യം ഉറപ്പിക്കുന്നുവോ, അപ്പോഴൊക്കെ അവര്‍ ആദ്യം ചെയ്യുന്നത് രാജ്യത്തിന്‍റെ പേരു മാറ്റുക എന്നതാണ്. ഇത് ആദിപത്യം ഉറപ്പിക്കാനുള്ള തന്ത്രമാണ്, അടിമത്തം അടിച്ചേല്‍പ്പിക്കാനുള്ള കുതത്രമാണ്. നിങ്ങള്‍ ആഫ്രിക്കന്‍ അമേരിക്കന്‍ ചരിത്രം പരിശോധിക്കുകയാണെങ്കില്‍, ആഫ്രിക്കന്‍ ജനതയെ അമേരിക്കയില്‍ കൊണ്ടുവന്നതിനുശേഷം അവര്‍ക്കു ചില അര്‍ത്ഥമില്ലാത്ത പേരുകള്‍ നല്‍കുകയാണ് അവരാദ്യം തന്നെ ചെയ്തത്. ഇതുതന്നെയാണ് ഇവിടെ ചില സ്ഥലപ്പേരുകള്‍ക്കുപോലും സംഭവിച്ചിരിക്കുന്നത് – തിരുവനന്തപുരം (അനന്തപത്മനാഭന്‍റെ ദേശം) “ട്രിവാന്‍ഡ്രം” ആയി. “ചെന്നൈ” എന്നത് “മദ്രാസ്” ആയി. അതുപോലെ “ഭാരതം” “ഇന്ത്യ”യായി. എന്താണിതിന്‍റെ അര്‍ത്ഥം? പ്രത്യേകിച്ച് അര്‍ത്ഥമൊന്നുമില്ല. നിങ്ങള്‍ക്ക് അര്‍ത്ഥമില്ലാത്ത പേരാണ് ലഭിക്കുന്നതെങ്കില്‍ നിങ്ങള്‍ അര്‍ത്ഥമില്ലത്തവരായി ഭവിക്കും. അര്‍ത്ഥമുള്ളവന്‍റെ മുമ്പില്‍ വിഡ്ഡികളായിത്തീരും, “എനിക്കൊരു മഹത്തായ പാരമ്പര്യമുണ്ട്, സംസ്കാരമുണ്ട്, എന്നാല്‍ നിങ്ങള്‍ക്കോ, അതൊന്നുമില്ല,” ഇതായിരിക്കും ഭാരതീയനോടുള്ള അന്യ ദേശത്തെ പൌരന്റെ സമീപനം, സംസ്കാരസമ്പന്നരായ നാം അവന്‍റെ കണ്ണില്‍, അര്‍ത്ഥമില്ലാത്ത വെറും ഒരിന്ത്യക്കാരനാകും. ഓരോരുത്തരുടേയും മനസ്സില്‍ ഒരു രാഷ്ട്രസങ്കല്‍പ്പം ഒളിഞ്ഞിരിപ്പുണ്ട്. അത് വെറുമൊരാശയം മാത്രമായി നിങ്ങളുടെ മനസ്സിന്റെ ഉള്ളില്‍ മയങ്ങിക്കിടന്നിട്ടെന്തു കാര്യം? ഈ ആശയം നിങ്ങളുടെ മനസ്സിലും ശരീരത്തിലും ഒരാവേശം ഉടലെടുക്കുന്ന രീതിയില്‍ ജ്വലിക്കണം, എങ്കിലേ ശരിയായ ഒരു രാഷ്ട്രം ഉടലെടുക്കൂ, അല്ലെങ്കില്‍ രാഷ്ട്രം കടലാസ്സില്‍മാത്രം ഒതുങ്ങും. ഇത് ഒരു യാഥാര്‍ത്ഥ്യമാണ്, ദൗര്‍ഭാഗ്യകരമായ യാഥാര്‍ഥ്യം. ബ്രിട്ടീഷുകാര്‍ 1947ല്‍ നമുക്ക് ഭൗതികസ്വാതന്ത്ര്യം നല്‍കിയപ്പോള്‍തന്നെ, നാം ഇന്ത്യയെന്ന പേരുമാറ്റി, മനസ്സില്‍ മാറ്റൊലികൊള്ളുന്ന “ഭാരതം” എന്ന പേര് നല്‍കണമായിരുന്നു.

നമ്മുടെ രാജ്യത്ത് ഒരു ചെറിയ ശതമാനം ആളുകള്‍ക്കെ ഇംഗ്ലീഷ് ശരിയായി സംസാരിക്കാനറിയൂ, ബാക്കിയുള്ളവര്‍ ഇവിടം വിട്ടുപോയി. എനിക്ക് ഇപ്പോഴത്തെ പ്രധാനമന്ത്രിയോടുള്ള ഒരെളിയ അപേക്ഷയുള്ളത്, നാം നമ്മുടെ രാഷ്ട്രത്തിന്‍റെ പേര് ഓരോ വ്യക്തിയുടേയും ഹൃദയത്തില്‍ പ്രതിധ്വനിക്കുന്ന ഒന്നായി പുനര്‍നാമകരണം ചെയ്യണമെന്നതാണ്. “ഒരു പേരിലെന്തിരിക്കുന്നു?” എന്നായിരിക്കും അഭിനവ ബൗദ്ധിക സംഘത്തിലെ ആളുകള്‍ ചോദിക്കാന്‍ സാദ്ധ്യതയുള്ള ചോദ്യം എന്നെനിക്കറിയാം. നിങ്ങള്‍ നിങ്ങളുടെ പേരുച്ചരിക്കുമ്പോള്‍ അവിടെ ശബ്ദമാണുള്ളതെന്ന് നിങ്ങള്‍ക്കറിയാം. പക്ഷെ ആ ശബ്ദത്തിന്‍റെ പൊരുള്‍ വാസ്തവത്തില്‍ മനശ്ശാസ്ത്രപരമായ മൌലികതയും സാമൂഹികപ്രസക്തിയും ഉള്ളതാണ്. ശബ്ദം ഈ വായുമണ്ഡഃലത്തില്‍ നിലനില്‍ക്കുന്നതാണ്, അതിനാല്‍ അതിന് ശക്തിയുണ്ട്. ഭാരതം (പ്രകാശം രതിക്കുന്ന ഇടം) എന്ന വാക്കിന് ശക്തിയുണ്ട്. ഈ ശക്തി ഓരോ രാജ്യസ്നേഹിയുടേയും മനസ്സില്‍ മാറ്റൊലികൊള്ളും. വ്യക്തികളുടെ ഹിതം വ്യത്യസ്തമാണെങ്കിലും, രാഷ്ട്രത്തിന് ഒരു ഏകത ദര്‍ശിക്കാന്‍ സാധിക്കണം, അല്ലാത്തവര്‍ക്ക് രാഷ്ട്രത്തിന്‍റെ ആവശ്യമില്ല.