सद्गुरु

തനിക്കുവേണ്ടിയും തന്റെ ഗുരുവിനു വേണ്ടിയും ചെയ്യാവുന്ന ഏറ്റവും മഹത്തായ കാര്യങ്ങളെക്കുറിച്ച് സദ്ഗുരുവിന്റെ അഭിപ്രായം .

ചോദ്യകർത്താവ് : നമസ്കാരം , സദ്ഗുരു . ആന്തരീകമായും ബാഹ്യതലത്തിലും എങ്ങിനെ പെരുമാറിയാലാണ് നമ്മുടെ ഗുരുവിന്റെ പ്രീതി നേടുവാൻ സാധിക്കുക?

സദ്ഗുരു : നിങ്ങളുടെ ആന്തരികലോകം, അങ്ങിനെയാണ് ` നിങ്ങൾ അതിനെ വിളിക്കാൻ ഇഷ്ട്ടപ്പെടുന്നതെങ്കിൽ, നിങ്ങളുടെ ചുറ്റുമുള്ള വസ്തുക്കളുടെ ഒരു പ്രതിഫലനം മാത്രമായിരിക്കും . അവിടെയുള്ളതല്ലാതെ എന്തെങ്കിലും നിങ്ങൾ കാണുന്നുണ്ടെങ്കിൽ നിങ്ങൾ സ്വന്തം അഭിപ്രായങ്ങളും തെറ്റിദ്ധാരണകളും ഉപയോഗിച്ച് ലോകത്തെ മലിനമാക്കുകയാണ് ചെയ്യുന്നത് . കാര്യങ്ങളെ ഉള്ളതുപോലെ മാത്രം കാണുക - നിങ്ങളുടെ ഉള്ളിൽ അങ്ങിനെയായിരിക്കണം . നിങ്ങളുടെ ഉള്ളിലുള്ളതും പുറത്തുള്ളതും തമ്മിൽ തൊടരുത് അല്ലെങ്കിൽ ബാഹ്യമായ വസ്തുക്കൾ നിങ്ങളെ അശുദ്ധമാക്കും എന്ന് പറയുന്ന ചില സദാചാര സിദ്ധാന്തങ്ങൾക്ക് എതിരായിരിക്കാം ഈ അഭിപ്രായം . അത് ശരിയല്ല . നിങ്ങൾക്ക് ചുറ്റുമുള്ളത് നിങ്ങളെ കേടു വരുത്തുന്നത് നിങ്ങൾക്ക് എന്തിനെക്കുറിച്ചും അഭിപ്രായം ഉള്ളപ്പോൾ മാത്രമാണ്.

നിങ്ങൾ ഒരു വസ്തുവിനെ നല്ലതെന്നും വേറൊന്നിനെ ദുഷിച്ചത് എന്നും പറയുന്നു . നല്ലതെന്നു കരുതുന്നതിനോട് കൂടുതൽ അടുപ്പവും തോന്നുന്നു . ദുഷിച്ചതെന്നു കരുതുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ പരമാവധി ശ്രമിക്കുമ്പോൾ അത് നിങ്ങളെ ഉള്ളിൽ നിന്ന് ഭരിക്കാൻ തുടങ്ങുന്നു . ഇങ്ങനെയാകാൻ പാടില്ല . സൃഷ്ടിച്ചതെന്തിനെയും അതുപോലെ തന്നെ കാണണം ; നിങ്ങൾക്കിഷ്ടമുള്ളപോലെ കണ്ടാൽ പോരാ . സ്രഷ്ടാവിന്റെ സൃഷ്ടികളോട് ചെയ്യുന്ന ആഭാസത്തരമാകും അത് . എത്ര ഉദാത്തമായ സൃഷ്ടികളാണവ - നമുക്കതിൽ എന്ത് ചെയ്യുവാനുണ്ട് ? പറ്റുമെങ്കിൽ ആ ഔന്നത്യത്തെ ആഗീരണം ചെയ്യുക - അത്ര മാത്രം . അതുപോലും എളുപ്പമല്ല ; എന്തെന്നാൽ സൃഷ്ടി അത്ഭുതകരമാംവണ്ണം പല തലങ്ങളിലായിട്ടാണ് നടന്നിട്ടുള്ളത് . അവ വെറും വസ്തുക്കളല്ല ; ഒന്നിനുള്ളിൽ ഒന്നായി വിടരുന്ന പ്രതിഭാസങ്ങളാണ്.


സൃഷ്ടി അത്ഭുതകരമാംവണ്ണം പല തലങ്ങളിലായിട്ടാണ് നടന്നിട്ടുള്ളത് . അവ വെറും വസ്തുക്കളല്ല ; ഒന്നിനുള്ളിൽ ഒന്നായി വിടരുന്ന പ്രതിഭാസങ്ങളാണ്.

കഴിഞ്ഞു പോയതെന്നും വരാൻ പോകുന്നതെന്നും നിങ്ങൾ വിചാരിക്കുന്നതെല്ലാം ഇവിടെ തന്നെയുണ്ട് . എല്ലാ വസ്തുക്കളെയും അവയുടെ ശരിയായ രൂപത്തിൽ കാണാൻ കഴിഞ്ഞാൽ , ഈ സൃഷ്ടി മുഴുവൻ നിങ്ങളുടെയുള്ളിൽ പ്രതിഫലിച്ചാൽ , നിങ്ങൾക്കുള്ളിലുള്ളതുപോലെ തന്നെ എല്ലാത്തിനെയും ഉൾക്കൊണ്ടാൽ , നിങ്ങൾ സൃഷ്ടിയുടെ പ്രഭവകേന്ദ്രമാകും . അകത്തും പുറത്തും അങ്ങിനെയാണിരിക്കേണ്ടത് . പക്ഷെ ഈ ലോകത്തിലിരിക്കുന്നിടത്തോളം നമുക്ക് ചില കളികൾ കളിക്കേണ്ടിവരും . നമുക്കും , നമുക്ക് ചുറ്റുമുള്ളവർക്കും ഏറ്റവും പ്രയോജനപ്പെടുന്ന ഒരു കളി നമുക്ക് കളിക്കാം . സൃഷ്ടിയെ അതിന്റെ തനതായ രൂപത്തിൽ കാണുകയാണെങ്കിൽ സ്വയം ഇത്തരമൊരു കളി കളിക്കേണ്ട കാര്യമില്ല ; ഇത്തരമൊരു കളിയിൽ പങ്കെടുക്കുകയും വേണ്ട . ഏതെങ്കിലും ഒരു ഗുഹയിൽ ഒളിച്ചിരുന്നാലും കമ്പോളത്തിൽ പണിയെടുത്താലും അത് ഒരു കളി തന്നെയാണ് . ഒരു കളിയിലും പങ്കെടുക്കേണ്ട എന്നുണ്ടെങ്കിൽ ലയിച്ച് ചേർന്ന് ഇല്ലാതായി തീരുക മാത്രമേ ചെയ്യുവാൻ പറ്റുകയുള്ളു . ഇങ്ങനെ ചെയ്യുവാൻ പറ്റുന്നത് ഒരു വലിയ കാര്യമാണ് . പക്ഷെ ഈ നിലയിൽ എത്തിയിട്ടുള്ള, മനസ്സിന് തെളിച്ചത്തെ കിട്ടിയിട്ടുള്ള, എല്ലാവരും വളരെ വിലപ്പെട്ടതാണ് . അതുകൊണ്ട് അവർ നമ്മോടൊപ്പം കുറച്ചുകാലം കൂടി ഉണ്ടാകുകയാണെങ്കിൽ മറ്റുള്ളവർക്ക് കൂടുതൽ വെളിച്ചത്തെ പകരാൻ സഹായകമാകും.

നമുക്ക് സൃഷ്ടിയുടെ ഒരു ഭാഗമായി ഇവിടെ ജീവിക്കാം . അത് നല്ലൊരു കാര്യമാണ് . സൃഷ്ടിയുടെ പ്രഭവകേന്ദ്രമായിത്തീരാൻ പറ്റിയാൽ അത് അത്ഭുതകരമായ ഒരു നേട്ടമായിരിക്കും . പക്ഷെ മാനസികവിഭ്രാന്തിയുള്ള ഒരാളായിരിക്കുന്നതിൽ ഗുണമൊന്നുമില്ല .ഒരു ഭ്രാന്തനാകാനാണെങ്കിൽ നിങ്ങളുടെ 'അമ്മ കഷ്ടപ്പെട്ട് നിങ്ങളെ പ്രസവിക്കേണ്ടിയിരുന്നില്ല . ഇതിനുപകരം അവർ ഒരു ഫയൽ ഉണ്ടാക്കിയിരുന്നെങ്കിൽ ആരെങ്കിലും അത് പഠിക്കുമായിരുന്നു . ഭ്രാന്തനാകുന്നതുകൊണ്ട് യാതൊരു പ്രയോജനവും ഇല്ല . നിങ്ങളുടെ ചിന്തകളും വികാരങ്ങളും മാത്രമാണ് നിങ്ങളുടെ ജീവിതം അതിനപ്പുറം ഒന്നുമില്ല എന്നാണ് നിങ്ങൾ കരുതുന്നതെങ്കിൽ നിങ്ങളൊരു ഭ്രാന്തനാണ് . ഓജസ്സുള്ളതും , പരിപൂർണവുമായ ഒരു ജീവിതമാകണം നിങ്ങളുടേത് - അതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.

ആവശ്യങ്ങൾക്കനുസൃതമായിരിക്കും നമ്മുടെ പ്രവൃത്തികൾ . ഇന്ന് ഞാൻ എവിടെപ്പോയാലും ആളുകൾ എന്നെ കാണുന്നത് വളരെയധികം മരങ്ങൾ നട്ട ആൾ , ധാരാളം കുട്ടികൾക്ക് വിദ്യാഭ്യാസം നൽകിയ ആൾ , അനവധി ആശുപത്രികൾ തുടങ്ങിയ ആൾ എന്നിങ്ങനെയൊക്കെയാണ് . ഇതിൽക്കൂടിയൊക്കെയാണ് ഞാൻ അറിയപ്പെടുന്നത് എന്ന് മനസ്സിലാക്കുമ്പോൾ എനിക്ക് ലജ്ജ തോന്നുന്നു . ഒട്ടുമിക്ക ആളുകൾക്കും ഭക്ഷണം , വിദ്യാഭ്യാസം എന്നിവയ്ക്കുപരിയായി ഒന്നും തന്നെയില്ല.

ഈ രാജ്യവും , ലോകവും എല്ലാം തികഞ്ഞ നിലയിലാണെന്നിരിക്കട്ടെ ; എല്ലാവർക്കും ഭക്ഷണമുണ്ട് , എല്ലാവരും അഭ്യസ്ഥവിദ്യരാണ് , കാര്യങ്ങളെല്ലാം നല്ലതുപോലെ നടക്കുന്നുണ്ട് ;അപ്പോൾ ഒരു ഇഷ വിദ്യാലയം തുടങ്ങിയതുകൊണ്ടോ ഉച്ചഭക്ഷണം കൊടുത്തതു കൊണ്ടോ എന്ത് പ്രയോജനമാണ് ഉണ്ടാകുക ? ഇന്ന് കുട്ടികൾക്ക് വേണ്ടത്ര ഭക്ഷണം ഇല്ലാത്ത സമയത്ത് ഉച്ച ഭക്ഷണം കിട്ടുന്നത് ഒരു വലിയ അനുഗ്രഹമാകാം . ദാരിദ്ര്യമെന്ന ശാപം ഉള്ളതുകൊണ്ട് മാത്രമാണ് ഇതൊരു അനുഗ്രഹമായി തോന്നുന്നത് . അത് സത്യത്തിൽ ഒരു അനുഗ്രഹമല്ല . വേണ്ടത്ര ഭക്ഷണമില്ലാതെ മനുഷ്യരെ സൃഷ്ടിച്ചതുകൊണ്ട് മാത്രമാണ് ഭക്ഷണം ഒരു വലിയകാര്യമായി തോന്നുന്നത് . അത് ശരിയാണെന്ന് എനിക്ക് തോന്നുന്നില്ല . ഇത്തരം കാര്യങ്ങൾ ഇന്നും ഈ ലോകത്തിൽ ആവശ്യമുണ്ടെന്നത് നിർഭാഗ്യകരമാണ്.


പരിപൂർണ്ണമായ ജീവിതം എന്നാൽ അസാധ്യമായത് ചെയ്യുക എന്നർത്ഥമില്ല . അവനവനെത്തന്നെ പരമാവധി വളരുവാൻ അനുവദിക്കുക എന്ന് മാത്രമേ ഇതിനർത്ഥമുള്ളു . ഓരോ മനുഷ്യനും അത് ചെയ്യണം .

എല്ലാവർക്കും ഭക്ഷണവും ആവശ്യമുള്ള കാര്യങ്ങളുമുണ്ടെന്നിരിക്കട്ടെ . അപ്പോഴും ജീവിതത്തെ പരമാവധി ആസ്വദിക്കാൻ സഹായിക്കുക എന്നത് പ്രസക്തമായ ഒരു പ്രവൃത്തിയായിരിക്കും . ആത്യന്തികമായി നോക്കിയാൽ അതാണ് ജീവിതത്തിന്റെ പരമമായ ലക്‌ഷ്യം - പരമാവധി വികാസം സാധ്യമാക്കൽ . ആ ജീവി ആര് തന്നെയായിക്കൊള്ളട്ടെ - ഒരു ചെറിയ ചെടിയോ , ഒരു മരമോ , ആനയോ , ഉറുമ്പോ , പുരുഷനോ , സ്ത്രീയോ ആകട്ടെ - അവസാന ലക്‌ഷ്യം പൂർണതയുള്ള ഒരു ജീവിതമായിരിക്കണം . മാനസിക വിഭ്രാന്തിയോടുകൂടി , കുറെ ചിന്തകളും , വികാരങ്ങളും , അഭിപ്രായങ്ങളും , തെറ്റിദ്ധാരണകളും നിറഞ്ഞ മനസ്സുമായി - മരിക്കാൻ ഇടവരരുത് . പക്ഷെ അധികമാളുകളും ഇങ്ങിനെയൊക്കെത്തന്നെയാണ്.

നിങ്ങൾക്ക് ആഗ്രഹിക്കാവുന്ന ഏറ്റവും വലിയ നേട്ടം, ചിന്തകളുടെയും വികാരങ്ങളുടെയും ശ്രേണികളിലൂടെ തങ്ങളെത്തന്നെ നിർവചിക്കാൻ ശ്രമിക്കാതെ ആത്യന്തികമായതിനെ സമീപിക്കുക എന്നതാണ് . നിങ്ങൾ അത് ചെയ്താൽ ഞാൻ വിജയിച്ചു എന്നാണർത്ഥം. പരിപൂർണ്ണമായ ഒരു ജീവിതം സാധ്യമാക്കാൻ നിങ്ങളുടെ പരമാവധി ശ്രമിക്കണം . പരിപൂർണ്ണമായ ജീവിതം എന്നാൽ അസാധ്യമായത് ചെയ്യുക എന്നർത്ഥമില്ല . അവനവനെത്തന്നെ പരമാവധി വളരുവാൻ അനുവദിക്കുക എന്ന് മാത്രമേ ഇതിനർത്ഥമുള്ളു . ഓരോ മനുഷ്യനും അത് ചെയ്യണം .